Sorry, you need to enable JavaScript to visit this website.

മരണത്തിന്റെ മാലാഖ

കഥ / ലോക്ഡൗൺ മനോഗതങ്ങൾ - 7

അവൾ ഈ സന്തോഷ വാർത്ത പറയാൻ വേണ്ടി കസിൻ ഡേവിഡിനെ വിളിച്ചു. ഡേവിഡ്  ഈ വാർത്ത കേട്ട ഷോക്കിൽ മിണ്ടാതിരുന്നു. എന്തു പറ്റി, അവൾ വീണ്ടും വീണ്ടും ചോദിച്ചു. എന്തു പറ്റി ഡേവിഡ്, നീ എന്താ ഒന്നും സംസാരിക്കാത്തത്. എന്താ നിനക്കു സന്തോഷം ഇല്ലാത്തത്? ഡേവിഡ് ഒന്നും മറുപടി പറഞ്ഞില്ല.

അവൾക്ക് എന്തോ പന്തികേട് തോന്നി. പാരന്റ്‌സിനോട് പറഞ്ഞ് അവൾ ഡേവിഡിന്റെ വീട്ടിലേക്ക് പോയി. അമ്മായിയും അമ്മാവനും കുശലം ചോദിച്ചു. അവരോട് സന്തോഷ വാർത്ത പങ്കിട്ടു. അവർക്ക് വളരെ സന്തോഷം തോന്നി. 
അവൾ ഡേവിഡിനെ കാണാൻ വേണ്ടി അവന്റെ റൂമിലേക്ക് ചെന്നു. വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു. ഒരു ഫോർമാലിറ്റിയുടെ ആവശ്യമില്ലല്ലോ എന്നു കരുതി അവൾവാതിൽ തുറന്നു. ഡേവിഡ് ആകെ അസ്വസ്ഥനായി. അവളെ കണ്ട പാടെ അവൻ ബെഡിൽ നിന്നും എണീറ്റിരുന്നു. 

അവൻ ഒന്നും സംസാരിച്ചില്ല. ദുഃഖത്തോടെ തല താഴ്ത്തിയിരുന്നു. എന്തെങ്കിലുമുണ്ടെങ്കിൽ തുറന്നു പറയാൻ പറഞ്ഞു. അവൻ ഡ്രൈവിംഗിന് പോകാമെന്ന് പറഞ്ഞപ്പോൾ അവൾ സമ്മതിച്ചു. ഡേവിഡിന് ഒരു കാർ റേസിംഗ് കമ്പനിയിലാണ് ജോലി. അവൻ ഒരു പ്രൊഫഷണൽ കാർ റേസർ ആണ്. ഡേവിഡ് അസ്വസ്ഥനായി ഡ്രൈവ് ചെയ്തുകൊണ്ടിരുന്നു.  അവൾ അവന്റെ പെണ്ണാണെന്നും അവളെ ആർക്കും വിട്ടുകൊടുക്കില്ലെന്നും ചെറുപ്പം തൊട്ടേ  മനസ്സിൽ കൊണ്ടുനടക്കുന്ന ആഗ്രഹമാണെന്നും അവൻ പറഞ്ഞു.

മേരി തുടർന്നു.  അവൾ ഒന്നും മനസ്സിലാകാതെ ഡേവിഡിന്റെ കണ്ണുകളിലേക്ക് നോക്കി. നല്ലൊരു സുഹൃത്ത് ആയാണ് ഡേവിഡിനെ കണ്ടിട്ടുള്ളതെന്നും കല്യാണം കഴിക്കുന്ന കാര്യം ഒരിക്കലും സ്വപ്‌നത്തിൽ പോലും ആലോചിച്ചില്ലെന്നും അവൾ പറഞ്ഞു. ഞാൻ ഒരാളെ മനസ്സിൽ കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് കൊല്ലങ്ങളായെന്നും അവൾ പറഞ്ഞു. അവന്റെ കണ്ണുകൾ ജ്വലിക്കുന്നുണ്ടായിരുന്നു. കൊന്നുകളയും എന്നവൻ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു.

എന്തു ചെയ്യണമെന്നറിയാതെ അവൾ ഡേവിഡിന്റെ മുഖത്തേക്ക് നോക്കിയിരുന്നു. ഡേവിഡ് കാറിന്റെ വേഗം കൂട്ടിക്കൊണ്ടിരുന്നു. അവൻ കാറിന്റെ ആക്‌സിലറേറ്ററിൽ കാലമർത്തിക്കൊണ്ടേയിരുന്നു:
അവൾ അലറി വിളിച്ചു. ഡേവിഡ്... ഡേവിഡ് സഡൻ ബ്രേക്കിട്ട് കാർ നിർത്തി. ഡേവിഡിനോട് കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി. അവളും ആൽവിനും തമ്മിലുള്ള അടുപ്പവും സ്‌നേഹബന്ധവും വർഷങ്ങൾക്കു മുമ്പേ പരിചയപ്പെട്ടതും അവനെ പറഞ്ഞു മനസ്സിലാക്കി. അവൻ ഒന്നും പറയാതെ അവളെ വീട്ടിൽ തിരിച്ചെത്തിച്ചു.

മോതിരം മാറുന്ന ചടങ്ങുകൾക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കുന്ന തിരക്കിലായിരുന്നു. വിളിക്കേണ്ടവരെയെല്ലാം വിളിച്ചു. ആൽവിനും അവന്റെ പാരന്റ്‌സിനും വേണ്ട ഹോട്ടൽ ബുക്കിംഗ് എല്ലാം നടത്തി. 

ആൽവിനും കുടുംബവും ഒരു ദിവസം മുമ്പ് തന്നെ ഇവിടെ എത്തി. ആൽവിന് സിറ്റി എല്ലാം കാണിച്ചുകൊടുത്തു. കോഫി കുടിച്ച ശേഷം ആൽവിനെ ഹോട്ടലിൽ ഇറക്കി വീട്ടിലേക്ക് തിരിച്ചുപോന്നു. പിറ്റേന്ന് നേരം പുലർന്നു. ചടങ്ങിന് പോകാൻ സമയമായി. ഡേവിഡും അമ്മായിയും അമ്മാവനും എല്ലാ കുടുംബക്കാരും ഇവിടെയുള്ള ഫ്രണ്ട്‌സുമെല്ലാം ഹാളിൽ എത്തിയിരിക്കുന്നു. ഞങ്ങൾ പെട്ടെന്നു തയാറായി ഹാളിലേക്ക് പോയി. മോതിരം മാറൽ ചടങ്ങ് കഴിഞ്ഞ് ദമ്പതികളെ എല്ലാവരും ആശീർവദിച്ചു.

ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ മേരിയുടെ മുഖത്തേക്ക് നോക്കി. അവൾ വിറക്കുന്നുണ്ടായിരുന്നു. കണ്ണുകൾ ചുവന്ന് പ്രകാശിക്കുന്നു. കണ്ണുകൾ ചുവന്നുകൊണ്ടേയിരിക്കുന്നു. പല്ല് കടിച്ചമർത്തിപ്പിടിച്ചിരിക്കുന്നു. എന്റെ ആധി കൂടിക്കൂടി വന്നു. പിന്നെ എന്താണ് സംഭവിച്ചെതന്നറിയാൻ...
മേരി അൽപനേരം മിണ്ടാതിരുന്നു. ശബ്ദം പുറത്തേക്ക് വരുന്നില്ലായിരുന്നു. അവർ വിതുമ്പുകയാണെന്ന് മനസ്സിലായി. 

അവർ തുടർന്നു..അങ്ങനെ എല്ലാവരും തിരിച്ചു പോയി. എന്താണ് അടുത്ത പരിപാടി എന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ ചെക്കനെയും പെണ്ണിനെയും ഡ്രോപ് ചെയ്യാമെന്നു ഡേവിഡ് പറഞ്ഞു. 

രണ്ടു പേരും ഡേവിഡിന്റെ കാറിൽ കയറി. കാർ മുന്നോട്ട് നീങ്ങി. 
വേഗം കൂടിക്കൂടി വന്നു. ഡേവിഡ് വീണ്ടും വേഗം കൂട്ടി.
അവൾക്ക് എന്തോ പേടി തോന്നി ആൽവിന്റെ കൈയിൽ അമർത്തിപ്പിടിച്ചു. അതാ, കാർ ഓവർബ്രിഡ്ജിൽ നിന്നും താഴോട്ട്. ഫ്‌ളൈ ഓവറിൽ നിന്ന് താഴോട്ട് പറക്കുന്നു. ഡേവിഡ് വിളിച്ചുപറയുന്നുണ്ടായിരുന്നു, ഞാൻ പറഞ്ഞതല്ലേ കൊന്നുകളയുമെന്ന്, ഡേവിഡ് വീണ്ടും ആവർത്തിച്ചു: ഞാൻ പറഞ്ഞതാണ് കൊന്നുകളയുമെന്ന്. കാർ താഴോട്ട് കുതിച്ചു ചാടുന്ന സമയം ഡേവിഡ് കാർ ഡോർ തുറന്ന് താഴോട്ടു ചാടുന്നത് മേരി വ്യക്തമായി കണ്ടു. കാർ വലിയ ശബ്ദത്തോടെ നിലം പതിച്ചു. പിന്നെ മേരിക്ക് ഒന്നും ഓർമയില്ല.

ഞാൻ ഞെട്ടലോടെയും ദുഃഖത്തോടെയും മേരിയുടെ മുഖത്തേക്ക് നോക്കി. മേരി അപ്പോൾ പൊട്ടിക്കരയുന്നുണ്ടായിരുന്നു. 

മേരി തുടർന്നു... കണ്ണുകൾ തുറന്നു അവൾ ചുറ്റും നോക്കി. അവൾ വീട്ടിൽ തന്നെയാണ്. ചുറ്റും നോക്കി. ആരെയും കാണുന്നില്ല. തൊട്ടടുത്ത കസേരയിൽ അച്ഛനുമമ്മയും ഇരിക്കുന്നുണ്ട്. പാരന്റ്‌സ് മാത്രം അടുത്തുണ്ട്, ചുണ്ടുകൾ അനക്കാൻ നോക്കി, സംസാരിക്കാൻ ശ്രമിച്ചു. സംസാരിക്കാൻ കഴിയുന്നില്ല. കൈകാലുകൾ അനക്കാൻ ശ്രമിച്ചു. അനങ്ങുന്നില്ല. കണ്ണു തുറന്നത് അമ്മ കണ്ടിരിക്കുന്നു. മോൾ കണ്ണു തുറന്നു എന്ന് അമ്മ വിതുമ്പിക്കൊണ്ട് അച്ഛനോട് പറഞ്ഞു. അമ്മ അവളുടെ അടുത്തേക്ക് ഓടി വന്നു. അപ്പോഴാണ് അവൾ ശ്രദ്ധിച്ചത്, എന്റെ കൈയിൽ എന്തൊക്കെയോ വയറുകൾ ഘടിപ്പിച്ചിരിക്കുന്നു, എല്ലാം കാണാം, കേൾക്കാം, പക്ഷേ കൈകാലുകൾ അനക്കാനും സംസാരിക്കാനും കഴിയുന്നില്ല..

ദൈവമേ എന്തുപറ്റിയെന്ന് അവൾ ആലോചിച്ചു. എല്ലാം മിന്നൽ വെളിച്ചം പോലെ മനസ്സിൽ ഓർമ വന്നു. സംഭവിച്ചതെല്ലാം ഒരു മിന്നായം പോലെ. ആൽവിൻ എവിടെ എന്ന് ചോദിക്കാൻ ശ്രമിച്ചു. പക്ഷേ ശബ്ദം പുറത്തു വന്നില്ല.

അച്ഛനും അമ്മയും ഒരേ സ്വരത്തിൽ മോളെ മോളെ എന്ന് വിളിക്കുന്നുണ്ടായിരുന്നു. അവൾക്കെല്ലാം കേൾക്കാമായിരുന്നു. പക്ഷേ ശബ്ദിക്കാൻ കഴിയുന്നില്ല. അവളുടെ കണ്ണുനീർ കണ്ട് അച്ഛനും അമ്മയും പൊട്ടിക്കരഞ്ഞു.
അച്ഛൻ അമ്മയോട് പറയുന്നത് കേൾക്കാമായിരുന്നു, അവൾക്ക് എല്ലാം കേൾക്കാം. നമ്മൾ പറയുന്നതൊക്കെ അവൾക്ക് മനസ്സിലാവുന്നുണ്ട്. അമ്മ തലയാട്ടി. ആൽവിൻ എവിടെപ്പോയി, അവന് എന്തു പറ്റി എന്നായിരുന്നു അവളുടെ മനസ്സിൽ. കൈകാലുകൾ ചലിക്കുന്നില്ല. ശബ്ദിക്കാൻ കഴിയുന്നില്ല. ചുണ്ടുകൾ അനക്കാൻ കഴിയുന്നില്ല. 
ആൽവിന് എന്തു പറ്റിക്കാണും, ആൽവിൻ എവിടെ?

മരുന്നിന്റെ സഹായത്തോടെയാണ് ജീവിച്ചിരിക്കുന്നെതന്ന് അവൾക്ക് മനസ്സിലായി. ഇടക്കിടക്ക് ഒരു നഴ്‌സ് വന്നു പോകുന്നത് കാണാം. പരിചയത്തിൽ പെട്ട ഒരു ഹോം നഴ്‌സ് ആണ്. ഒന്നും പറയാനോ ചലിപ്പിക്കാനോ വയ്യാതെ അവൾ കണ്ണീർ വാർത്തു. അമ്മയും കൂടെക്കൂടെ കണ്ണീർ തുടയ്ക്കുന്നുണ്ടായിരുന്നു.

കോളിങ് ബെൽ അടിക്കുന്ന ശബ്ദം കേൾക്കാനായി. ആരോ വന്നിരിക്കുന്നു. ആരോ പോയി വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. അച്ഛനാണോ അമ്മയാണോ എന്നറിയില്ല. അമ്മ കിച്ചണിൽ എന്തോ ഉണ്ടാക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. വാതിൽ തുറന്നടക്കുന്ന ശബ്ദം കേട്ട് ആരോ റൂമിലേക്ക് നടന്നു വരുന്നു.
ക്ലോസ് ഫ്രണ്ട് നാൻസി ആണ്. അവൾ ലണ്ടനിൽ നിന്നും വന്നതാണ്. നാൻസി അവളെ കണ്ടതും കരയാൻ തുടങ്ങി. എനിക്കും കരച്ചിൽ വന്നു. കണ്ണുകൾ നിറഞ്ഞൊഴുകി. നാൻസി അവളെ നോക്കി വിതുമ്പി. നാൻസി കരയുന്നത് കണ്ട് അമ്മയും കരഞ്ഞു. 

അമ്മ അവളോട് നടന്ന സംഭവങ്ങൾ എല്ലാം വിശദീകരിക്കുന്നത് കേൾക്കാമായിരുന്നു. അമ്മ പറഞ്ഞു, മോതിരം മാറ്റം കഴിഞ്ഞ ആൽവിനും ഡേവിഡും അവളും കൂടി ഒരു കാറിലാണ് കയറിയത്. ഡേവിഡ് ആണ് കാർ ഡ്രൈവ് ചെയ്തിരുന്നത്. ഏതോ കാർ ഓവർ സ്പീഡിൽ വന്നതുകൊണ്ട് ഡേവിഡ് കാർ വെട്ടിച്ചു.  കാർ നിയന്ത്രണം വിട്ട് ഫ്‌ളൈ ഓവറിൽ നിന്ന് താഴേക്ക് ചാടി. തൽസമയം ആൽബിൻ മരിച്ചു. അത്ഭുതകരമായി ഡേവിഡ് രക്ഷപ്പെട്ടു. അവളെ ഹോസ്പിറ്റലിൽ ഒരു മാസം കിടത്തി ഡോക്ടർമാർ കൈയൊഴിഞ്ഞു. അത് കേട്ട് അവൾ ഞെട്ടി. ആൽവിൻ മരിച്ചിരിക്കുന്നു. ആൽവിൻ കൊല്ലപ്പെട്ടിരിക്കുന്നു. ആർക്കും അറിയില്ല ഡേവിഡ് ആണ് കൊന്നതെന്ന്. ഇത് ലോകത്തോട് വിളിച്ചു പറയാൻ വേണ്ടി എന്റെ കൈകാലുകളും ചുണ്ടും അനക്കാൻ ശ്രമിച്ചു. പക്ഷേ കൈകാലുകൾ അനങ്ങുന്നില്ല. അവളുടെ ശബ്ദം പുറത്തേക്ക് വന്നില്ല. 

ആൽവിൻ കൊല്ലപ്പെട്ടിരിക്കുന്നു, ക്രൂരനായ ഡേവിഡ് രക്ഷപ്പെട്ടിരിക്കുന്നു. ഇത് ഈ ലോകത്തോട് വിളിച്ചുപറയണം. എന്നാൽ ശബ്ദം പുറത്തേക്ക് വരുന്നില്ല, കൈകാലുകൾ അനക്കാൻ പറ്റുന്നില്ല. ഇത് ആരോടെങ്കിലും പറയാൻ അവൾക്കാവുന്നില്ല. ദൈവമേ, അച്ഛനും അമ്മയും പൊട്ടിക്കരയുന്നു. നാൻസിയും പൊട്ടിക്കരയുന്നു. എങ്ങനെയാണ് ഇത് ഈ ലോകത്തോട് വിളിച്ചു പറയുക?  ദൈവമേ സംസാരിക്കാൻ പറ്റുന്നില്ലല്ലോ,
ആരോ വന്നു വിളിക്കുന്നത് പോലെ തോന്നി. ശരിയാണ്. അത് മരണത്തിന്റെ മാലാഖയാണ്. അവർ അവളെ കൊണ്ടുപോകാൻ വന്നതാണ്. നാവുകൾ ചലിക്കാൻ തുടങ്ങി:
അമ്മേ.. അവൾ വിളിച്ചു. 
അമ്മ ഓടി വന്നു. വെള്ളം.. വെള്ളം എന്ന്പറയാൻ ശ്രമിച്ചു:
അമ്മ വെള്ളത്തിനായി അടുക്കളയിലേക്കോടി. 
അമ്മ വാട്ടർ ഡിൻസ്പെൻസറിൽ നിന്നും വെള്ളം എടുത്തു ഓടി വന്നു ആ സമയം മാലാഖമാർ എന്നെ കൊണ്ടു പോയിരിക്കുന്നു.
ലോകത്തോട് എനിക്കൊന്നും ഉരിയാടാനാകാതെ.... 

 


 

Latest News