അസിസ്റ്റിലും മെസ്സി, പ്രതീക്ഷ വിടാതെ ബാഴ്‌സ

ബാഴ്‌സലോണ - ലിയണല്‍ മെസ്സി ഈ സീസണിലെ സ്പാനിഷ് ലീഗില്‍ ഇരുപതാമത്തെ അസിസ്റ്റിലൂടെ ഗോളടിക്കാന്‍ സഹായിച്ചതോടെ ബാഴ്‌സലോണ കഷ്ടിച്ച് വാലദോലിദിനെ തോല്‍പിച്ചു (1-0). ആദ്യ പകുതിയില്‍ ആര്‍തുറൊ വിദാലാണ് ഏക ഗോളടിച്ചത്. റയല്‍ മഡ്രീഡിന് ഒരു പോയന്റ് പിന്നിലെത്തി നിലവിലെ ചാമ്പ്യന്മാര്‍. തിങ്കളാഴ്ച റയലിന് ഗ്രനാഡയില്‍ മത്സരമുണ്ട്.
പതിനഞ്ചാം മിനിറ്റില്‍ മെസ്സി തള്ളിക്കൊടുത്ത പന്ത് വിദാല്‍ പറത്തിയത് പോസ്റ്റിനിടിച്ചു വലയില്‍ കയറി. രണ്ടാം പകുതിയില്‍ വാലദോലിദ് തിരിച്ചടിച്ചപ്പോള്‍ ആശങ്കാകുലമായ നിമിഷങ്ങള്‍ അതിജീവിക്കേണ്ടി വന്നു ബാഴ്‌സലോണക്ക്. ഇടവേളക്കു ശേഷം രണ്ടു തവണ വാലദോലിദ് ഗോളിനടുത്തെത്തി. കികെ പെരേസിന് ലക്ഷ്യം തെറ്റി. എനിസ് ഉനാലിന്റെ ഷോട്ട് ഗോളി മാര്‍ക്ക് ആന്ദ്രെ ടെര്‍സ്‌റ്റേഗന്‍ പറന്നു തട്ടിത്തെറിപ്പിച്ചു. ഇഞ്ചുറി ടൈമില്‍ സാന്ദ്രൊ റാമിറേസിന്റെ ഗോള്‍ശ്രമവും ടെര്‍സ്‌റ്റേഗന്‍ തടുത്തു.

 

Latest News