വിധുവിന്റെ രാജിക്ക് പിന്നില്‍ സ്റ്റാന്‍ഡ് അപ് സിനിമയുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങള്‍

കൊച്ചി- സിനിമാ മേഖലയിലെ വനിതാ നടിമാരടക്കമുളളവരുടെ കൂട്ടായ്മയയായ ഡബ്ല്യു.സി.സി (വുമന്‍ ഇന്‍ സിനിമാ കലക്ടീവ്)ക്കെതിരെ രൂക്ഷ വിമര്‍ശവുമായി സംഘടനയില്‍നിന്നു രാജിവെച്ച സംവിധായിക വിധു വിന്‍സെന്റ്. സംഘടയില്‍ വരേണ്യതയാണ് നിലനില്‍ക്കുന്നതെന്ന് രാജിക്കത്തില്‍ വിധു പറയുന്നു. ഡബ്ല്യു.സി.സിയില്‍ വരേണ്യതയുണ്ട് എന്നത് സംഘടന തുടങ്ങിയ കാലം മുതലുള്ള തന്റെ നിരീക്ഷണമാണ്. ചില അംഗങ്ങള്‍ തമ്മിലെങ്കിലും അത് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഫൗണ്ടിംഗ് മെമ്പര്‍മാര്‍ക്കും മറ്റ് അംഗങ്ങള്‍ക്കുമിടയിലും ഫൗണ്ടിംഗ് മെമ്പര്‍മാര്‍ തമ്മിലുമൊക്കെ ഈ വരേണ്യത പ്രവര്‍ത്തിക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു.
വിധു വിന്‍സെന്റ് സംവിധാനം ചെയ്ത സ്റ്റാന്‍ഡ് അപ് എന്ന സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ അസ്വാരസ്യങ്ങളാണ് രാജിയിലും വിമര്‍ശനത്തിലും കലാശിച്ചിരിക്കുന്നത്. സ്റ്റാന്‍ഡ് അപ്പ് എന്ന സിനിമ ചെയ്യുന്നതിനായി സമീപിച്ച നടിയും ഡബ്യു.സി.സിയിലെ സജീവ അംഗവുമായ പാര്‍വതി മറുപടിപോലും പറയാതെ അപമാനിച്ചുവെന്ന് വിധു വിന്‍സെന്റ് പറയുന്നു. നല്‍കിയ തിരക്കഥ ആറു മാസം കൈയില്‍ വെച്ചിട്ടാണ് നോ എന്ന മറുപടി പറയാന്‍പോലും പാര്‍വതി തയാറാകാതിരുന്നത്. പലരെയും സമീപിച്ചിട്ടും പ്രോജക്ട് നടക്കാതെ വന്നപ്പോഴാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്നെ സമീപിച്ചത്. അദ്ദേഹത്തിന്റെ സഹായത്താലാണ് ഒടുവില്‍ സിനിമ യാഥാര്‍ഥ്യമായത്.
സംഘടനയില്‍പെട്ടവര്‍ തന്നെ പല സമയത്തായി പല ആവശ്യങ്ങളുമായി സമീപിക്കുന്ന ആളാണ് ഉണ്ണികൃഷ്ണന്‍. ബീനാമ്മ അടക്കമുള്ളവര്‍ ഉണ്ണികൃഷ്ണന്റെ സഹായം നിര്‍ണായകമായ പല സന്ദര്‍ഭങ്ങളിലും ഉപയോഗിച്ചിരുന്നു. സഹായങ്ങള്‍ രഹസ്യമായി ആവാം, പരസ്യമായി പാടില്ല എന്നാണോ? ദിലീപിനെ വച്ച് സിനിമ എടുത്തതിന്റെ പേരില്‍ ഉണ്ണികൃഷ്ണന്‍ ജനറല്‍ സെക്രട്ടറിയായിരിക്കുന്ന സംഘടനയില്‍നിന്ന് രാജിവക്കുകയോ അല്ലെങ്കില്‍ പ്രശ്ന പരിഹാരത്തിന് അയാളുടെ സഹായം വേണ്ടെന്ന് വെക്കുകയോ ചെയ്തിട്ടുണ്ടോ എന്നും വിധു വിന്‍സെന്റ് ചോദിക്കുന്നു.
സിദ്ദിഖ് എന്ന നടന്‍ ജയിലില്‍ പോയി പലതവണ ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. ഉയരെ എന്ന സിനിമയില്‍ പാര്‍വതി സിദ്ദിഖിനൊപ്പം അഭിനയിച്ചതിന്റെ പേരില്‍ ഡബ്ല്യു.സി.സിയിലെ അംഗങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടായോ? അക്കാര്യത്തില്‍ പാര്‍വതിയോട് ഡബ്ല്യു.സി.സിയിലെ വിശദീകരണം ആവശ്യപ്പെട്ടോ. ഡബ്ല്യു.സി.സി അംഗം രമ്യാ നമ്പീശന്റെ സഹോദരന്‍ കൊച്ചിയില്‍ തുടങ്ങിയ  സ്റ്റുഡിയോയുടെ ഉദ്ഘാടന ചിത്രം ദിലീപ് നായകനായി അഭിനയിച്ച കോടതി സമക്ഷം ബാലന്‍ വക്കീലായിരുന്നുവെന്നും സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത് ഉണ്ണികൃഷ്ണനാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

 

Latest News