യു.എ.ഇയുടെ പുതിയ വിമാനം 14ന് സര്‍വീസ് തുടങ്ങും

ദുബായ്- യു.എ.ഇയുടെ പുതിയ വിമാനം എയര്‍ അറേബ്യ അബുദാബി ഈ മാസം 14ന് സര്‍വീസ് ആരംഭിക്കും. ഇത്തിഹാദ് എയര്‍വേയ്‌സും എയര്‍ അറേബ്യയും സംയുക്തമായാണ് യു.എ.ഇ വ്യോമയാന ചരിത്രത്തില്‍ പുത്തന്‍ അധ്യായം വിളക്കിച്ചേര്‍ക്കുന്നത്. ഈജിപ്തിലെ അലക്‌സാണ്ട്രിയയിലേക്കും സൊഹാഗിലേക്കുമാണ് പ്രഥമ സര്‍വീസ്. അബുദാബിയില്‍നിന്ന് ആദ്യം അലക്‌സാണ്ട്രിയയിലേക്കും പിറ്റേന്ന് സൊഹാഗിലേക്കുമാണ് യാത്ര തിരിക്കുക. ഉപയോക്താക്കള്‍ക്ക് എയര്‍അറേബ്യയുടെ വെബ്‌സൈറ്റില്‍ പ്രവേശിച്ച് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.
ആഴ്ചയില്‍ ചൊവ്വ, വ്യാഴം, ശനി എന്നീ മൂന്ന് ദിവസങ്ങളിലാണ് പുതിയ വിമാനം സര്‍വീസ് നടത്തുക. അബുദാബിയില്‍നിന്ന് 15 മണിക്ക് പുറപ്പെടുന്ന വിമാനം അലക്‌സാണ്ട്രിയയില്‍ പ്രാദേശിക സമയം 16:55ന് എത്തിച്ചേരും. തിരിച്ച് 17:35ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 23:25ന് അബുദാബിയിലെത്തും.
ഈ അസാധാരണ സമയത്ത്, യു.എ.ഇ തലസ്ഥാന നഗരിയില്‍ ഏറ്റവും ചുരുങ്ങിയ ചെലവില്‍ സര്‍വീസ് ലഭ്യമാക്കുന്ന എയര്‍ അറേബ്യ അബുദാബി ലോഞ്ച് ചെയ്യാന്‍ സാധിച്ചതില്‍ അങ്ങേയറ്റം അഭിമാനമുണ്ട്- ഇത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പ് സി.ഇ.ഒ ടോണി ഡഗ്ലസ് പറഞ്ഞു. യാത്രക്കാരുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി മുഴുവന്‍ പ്രാദേശിക, അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിക്കുമെന്ന് എയര്‍അറേബ്യ അധികൃതര്‍ വ്യക്തമാക്കി.

 

Latest News