Sorry, you need to enable JavaScript to visit this website.

കെ.എം മാണിയെന്ന അതിഗായകൻ’ 

ഇന്ത്യയും ചൈനയും തമ്മിലേറ്റു മുട്ടുന്ന സാഹചര്യം ഒഴിവാക്കുന്നതാണ് നല്ലത്.  ഇന്ത്യയും ചൈനയും ചേരുമ്പോൾ സൂപ്പർ പവറാവും. ലോക ജനസംഖ്യയുടെ വലിയൊരു ഭാഗം ഈ രണ്ട് രാജ്യങ്ങളിലുമാണല്ലോ കഴിയുന്നത്. പറഞ്ഞ് പിരി കയറ്റാൻ പലരുമുണ്ടാവും. യുദ്ധം ചെയ്യാൻ പറ്റിയ ഒരു സാഹചര്യവുമല്ലിത്. നമ്മുടെ ഭൂപ്രദേശം കൈയേറാൻ ആരെയും അനുവദിക്കരുത്. അന്താരാഷ്ട്ര വേദികളിലൂടെ ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കുകയെന്നതാണ് വിവേകം. ഏഷ്യാനെറ്റ് ന്യൂസ്, കൈരളി പീപ്പിൾ ചാനലുകൾ ഈ വിഷയം വിദഗ്ധരെ പങ്കെടുപ്പിച്ച് ചർച്ച ചെയ്തു. ലോകത്തിന്റെ ഫാർമസിയാണ് ഇന്ത്യ. രാജ്യത്തെ  ഔഷധ നിർമാതാക്കൾ പല രാജ്യങ്ങളിലേക്കും മരുന്ന് കയറ്റുമതി ചെയ്യുന്നു.  ഇന്ത്യയിലെ ഔഷധ നിർമാതാക്കൾക്ക് ആവശ്യമായ ചേരുവയുടെ 60 ശതമാനവും ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്നുവെന്നതാണ് വസ്തുത-ഏഷ്യാനെറ്റ് ചർച്ചയിലെ പാനലിസ്റ്റ് എടുത്തു പറഞ്ഞു. ചൈനയെ ഒരു പാഠം പഠിപ്പിക്കാനാണ് നമ്മൾ ടിക് ടോക് നിരോധിച്ചത്. ഇതിൽ വലിയ കാര്യമില്ലെന്നാണ് കൈരളി ചർച്ചയിലെ വിദഗ്ധൻ പറയുന്നത്. ചൈനയ്ക്ക് ഇത് പത്ത് കോടി ഡോളറിന്റെ ബിസിനസ് മാത്രമാണ്. അതേസമയം കുട്ടിക്കളിയെന്ന് നമ്മൾ കരുതുന്ന ടിക് ടോക് ഇന്ത്യയിൽ 2500 പേർക്ക് ജോലി നൽകുന്നു. അവരുടെ തൊഴിൽ നഷ്ടം കൊറോണ കാലത്തെ തീരാദുഃഖമായി മാറുന്നു. ഏതായാലും ദേശീയ ചാനലുകളിലെ അന്തി ചർച്ചകൾക്ക് ഒരു ഗുമ്മില്ല. പരമ്പരാഗത വൈരിയായ  പാക്കിസ്ഥാൻ ചിത്രത്തിലില്ലാത്തതിന്റെ നിരാശ സംവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ആയ വീബോയിലെ അക്കൗണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉപേക്ഷിച്ചു.  ടിക് ടോക് അടക്കമുളള 59 ചൈനീസ് ആപ്പുകൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ചൈനീസ് ആപ്പിലെ അക്കൗണ്ട് പ്രധാനമന്ത്രി ഉപേക്ഷിച്ചത്. 2015ലാണ് വീബോയിൽ പ്രധാനമന്ത്രി അക്കൗണ്ട് തുറന്നത്. ട്വിറ്ററിന് സമാനമാണ് വീബോ.
 അതിനിടെ, ചൈനയിൽ പ്രവർത്തിക്കുന്ന നാല് യുഎസ് മാധ്യമങ്ങളോട്  ജീവനക്കാരുടെയും സാമ്പത്തിക ഇടപാടുകളുടെയും വിവരങ്ങൾ ചൈനീസ് ഭരണകൂടം ആവശ്യപ്പെട്ടിരിക്കുകയാണ്. ഏഴ്  ദിവസത്തിനകം വിവരങ്ങൾ കൈമാറണമെന്നാണ് നിർദേശം. അസോഷ്യേറ്റഡ് പ്രസ്, യുനൈറ്റഡ് പ്രസ് ഇന്റർനാഷനൽ, സിബിഎസ്, എൻപിആർ എന്നീ മാധ്യമ സ്ഥാപനങ്ങളോടാണ് ചൈന വിവരങ്ങൾ ആവശ്യപ്പെട്ടത്.  യുഎസിലെ ചൈനീസ് മാധ്യമങ്ങൾക്കെതിരെ സർക്കാർ സ്വീകരിക്കുന്ന അടിച്ചമർത്തൽ നടപടികൾക്കു മറുപടിയാണ് ഇതെന്ന് വിദേശകാര്യ വക്താവ് സാവോ ലിജിയാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇക്കഴിഞ്ഞ ജൂൺ 22ന് നാല് ചൈനീസ് മാധ്യമങ്ങളെ യുഎസ് 'ഫോറിൻ മിഷൻ' എന്ന വിഭാഗത്തിലേക്കു മാറ്റിയിരുന്നു. ഫെബ്രുവരിയിൽ അഞ്ച് സ്ഥാപനങ്ങൾക്കും സമാനമായ നടപടി നേരിടേണ്ടിവന്നു. ഈ ഒൻപത്  സ്ഥാപനങ്ങളും നിയന്ത്രിക്കുന്നത് ചൈനീസ് സർക്കാരാണെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മോർഗൻ ഓർട്ടാഗസ് പറഞ്ഞിരുന്നു.
യുഎസിലെ സ്ഥാപനങ്ങളോട് ചൈനീസ് ജീവനക്കാരെ ഒഴിവാക്കാൻ യുഎസ് സർക്കാർ ആവശ്യപ്പെട്ടപ്പോൾ ചൈനയിലെ ന്യൂയോർക്ക് ടൈംസ്, വാൾസ്ട്രീറ്റ് ജേണൽ,  വാഷിങ്ടൻ പോസ്റ്റ് എന്നീ സ്ഥാപനങ്ങളിലെ യുഎസിൽനിന്നുള്ള ജീവനക്കാരെ പുറത്താക്കി ചൈനയും തിരിച്ചടിച്ചു. വോയ്‌സ് ഓഫ് അമേരിക്ക, ടൈം മാഗസിൻ എന്നിവയോടും ചൈന വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
*** *** ***
ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകളെ ഇന്ത്യ പുറത്താക്കാൻ തീരുമാനിച്ച ദിവസം കേരളത്തിലെ യു.ഡി.എഫും ഒരു ഘടകകക്ഷിയെ ഡിലീറ്റ് ചെയ്തു. ഐക്യ ജനാധിപത്യ മുന്നണിയുടെ ശിൽപികളിലൊരാളായ കെ.എം. മാണിയുടെ പാർട്ടിയെയാണ് പുറത്താക്കിയത്. ഇപ്പോൾ ജോസ് മോനാണ് തലപ്പത്ത്. മാണി സാറിനെയാണ് പുറത്താക്കിയതെന്ന പ്രതികരണം തൽക്ഷണം മുദ്രാവാക്യങ്ങളായി മാറിയത് ദൃശ്യ മാധ്യമങ്ങളുടെ ക്യാമറകൾ ഒപ്പിയെടുത്തു. ഏതാനും മാസങ്ങൾക്കപ്പുറമാണ് പാലായിൽ മത്സരിക്കുന്നത് മാണി സാറാണെന്ന് പറഞ്ഞ് ഷുവർ സീറ്റ് നഷ്ടപ്പെടുത്തിയത്. ജോസ് മോന് ആശ്വസിക്കാൻ വകയുണ്ട്. പുറത്താക്കിയതല്ലെന്ന വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിട്ടുണ്ട്. കെ.എം മാണിയുടെ പാർട്ടിയെ പുറത്താക്കിയതിന്റെ അടുത്ത ദിവസമിറങ്ങിയ ദേശാഭിമാനിയിൽ പാർട്ടി സെക്രട്ടരി കോടിയേരി ലേഖനമെഴുതി. കൈരളി പീപ്പിളിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് വാർത്ത വായിച്ച ന്യൂസ് റീഡർ ഇതു സംബന്ധിച്ച ഹെഡ് ലൈൻ വായിച്ച ശേഷം ലേഖകനോട് വിശദാംശങ്ങൾ വ്യക്തമാക്കാനാവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു: കെ.എം മാണിയെ പോലൊരു അതിഗായകനോട് കാണിച്ചത് ഒട്ടും ശരിയായില്ല. പണ്ടൊക്കെ ആകാശവാണിയിൽ ന്യൂസ് റീഡറായി ജോലി ലഭിക്കണമെങ്കിൽ മലയാളം തെറ്റു കൂടാതെ ഉച്ചരിക്കാനാവുമെന്ന് അവർ ഉറപ്പു വരുത്തുമായിരുന്നു. ഇതിനായി റേഡിയോ സ്‌റ്റേഷന് പുറത്ത് നിന്നുള്ള മലയാള ഭാഷാ പണ്ഡിതരെ കൂടി പങ്കെടുപ്പിച്ചായിരിക്കും സെലക്്ഷൻ പ്രോസസ്. സ്വകാര്യ സംരംഭങ്ങൾ വന്നതോടെ അതെല്ലാം ഇല്ലാതായി. മാധ്യമങ്ങളിൽ വരുന്നതാണ് ശരിയെന്ന് കരുതുന്ന പുതിയ തലമുറയുണ്ട്. അവരെ ഓർത്തെങ്കിലും ഈ ജാതി പ്രയോഗങ്ങൾ ഒഴിവാക്കേണ്ടതാണ്.
*** *** ***
ഏഷ്യാനെറ്റ് ന്യൂസ് കേരളത്തിലെ തെരഞ്ഞെടുപ്പ് സാധ്യതകളെ കുറിച്ച് ഇപ്പോഴൊരു സർവേ നടത്തിയതെന്തിനെന്ന് അത്ഭുതപ്പെടുന്നവരാണ് കൂടുതലും. പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുന്നത് 2021 മെയ് മാസത്തിലാണല്ലോ. കേരളത്തിലെ ടെലിവിഷൻ മാധ്യമ രംഗത്തെ ലീഡറാവുമ്പോൾ ഇടക്ക് ഇങ്ങിനെ ചില  അഭ്യാസങ്ങൾ വേണ്ടിവരും. ഇന്ത്യയിലെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കാര്യം നോക്കാം. ഏപ്രിൽ മാസത്തിൽ രാജ്യത്താകെ ഒരു തരംഗം ആഞ്ഞുവീശുന്നുവെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞപ്പോൾ പലരും അത് കണ്ടില്ല. ഒടുവിൽ പുൽവാമ കൂടിയായപ്പോൾ ബി.ജെ.പിയുടെ കണക്കുകൂട്ടലുകൾക്കപ്പുറമായി തെരഞ്ഞെടുപ്പ് ഫലം. കേരളത്തിലെ പാർലമെന്റ് ഫലം 19-01 എന്ന് പ്രവചിച്ച ആരെങ്കിലുമുണ്ടായിരുന്നുവോ? ലോക്‌സഭ -നിയമസഭ തെരഞ്ഞെടുപ്പു ഫലങ്ങളെ പലപ്പോഴും സ്വാധീനിക്കുക ഏറ്റവുമൊടുവിൽ സംഭവിക്കുന്ന കാര്യങ്ങളാവും. 
ഏഷ്യാനെറ്റ് സർവേയിൽ മെച്ചപ്പെട്ടതെന്ന് തോന്നിയ ഒരു നിരീക്ഷണം ഇത് മാത്രമാണ്- നിപ്പാ കാലത്തും അത് കഴിഞ്ഞുളള രണ്ട് പ്രളയകാലത്തും ഇപ്പോൾ കോവിഡിനെ പ്രതിരോധിക്കുന്നതിലും മികച്ച പ്രവർത്തനമാണ് ഇടത് സർക്കാർ കാഴ്ച വെയ്ക്കുന്നത് എന്നാണ് പൊതുവേ വിലയിരുത്തപ്പെടുത്തത്. മുഖ്യമന്ത്രി എന്ന നിലയ്ക്ക് പിണറായി വിജയനും മികച്ച പ്രതിച്ഛായ സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ചരിത്രത്തിൽ ആദ്യമായി ഒരു തുടർഭരണം കേരളത്തിലുണ്ടാകും എന്നാണ് പലരും പ്രവചിക്കുന്നത്.
*** *** ***
മലയാള സിനിമാലോകത്തെ മാഫിയവൽക്കരണം  ശക്തമാണ്. കൊച്ചിയാണ് കേന്ദ്രം. 
സിനിമയ്ക്കുള്ളിലെ  മാഫിയകളെക്കുറിച്ചു ചില സംഘടനാ നേതാക്കളും താരങ്ങളും തുറന്നു പറഞ്ഞിട്ടുണ്ടെങ്കിലും കാര്യങ്ങളെല്ലാം പഴയ പടി തന്നെ. ലോക് ഡൗൺ കാലത്തു പോലും ഇതിനൊന്നും മാറ്റം സംഭവിച്ചിട്ടില്ല. സ്ത്രീകൾക്ക് ഭയപ്പെടാതെ ജോലി ചെയ്യാനുള്ള അവസരം മലയാള സിനിമയിൽ ഇനിയും അകലെയെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. കൊച്ചിയിൽ  ആക്രമണത്തിനിരയായ നടിയെ വഴിയിൽ തടഞ്ഞു തട്ടിക്കൊണ്ടുപോയെങ്കിൽ ഷംനയെ വീട്ടിലെത്തി കല്യാണ ആലോചനയുടെ മറവിൽ കുരുക്കിലാക്കാനായിരുന്നു ശ്രമം. സംഭവത്തിൽ സിനിമാലോകത്തെ പങ്കാളിത്തവും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. മൂന്നരവർഷം മുമ്പ് നടന്ന നടിയെ ആക്രമിച്ച സംഭവത്തിന്റെ വിചാരണ നടന്നു കൊണ്ടിരിക്കെയാണ് ഷംനക്കുനേരെയുള്ള ബ്ലാക്ക് മെയിൽ കേസും ഉണ്ടായിരിക്കുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. ഒന്നും മാറിയിട്ടില്ല. ആക്രമണത്തിനിരയായ നടിയെപ്പോലെ ഷംനയും മലയാളത്തിന്റെ മുഖ്യധാരാ സിനിമകളിൽനിന്ന് മാറ്റി നിർത്തപ്പെട്ട ആളാണ്. കഴിവുണ്ടായിട്ടും വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയ താരം. കാസ്റ്റ് ചെയ്ത ചിത്രങ്ങളിൽനിന്ന് പോലും ഒഴിവാക്കപ്പെട്ട കാര്യം ഷംന തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അന്യഭാഷയിലാണ് ഷംന അഭിനയിച്ചു വന്നിരുന്നത്. ഇടയ്ക്ക് മറ്റു നടിമാർ കൈയൊഴിഞ്ഞ ചട്ടക്കാരി പോലെയുള്ള റീമേക്ക് ചിത്രങ്ങളിൽ നായികാ വേഷം കിട്ടിയെന്നു മാത്രം. മലയാളത്തിലെ സൂപ്പർതാരങ്ങളുടെ ചിത്രങ്ങളിൽ സഹനടി വേഷങ്ങളാണ് കിട്ടിയിട്ടുള്ളത്. മികച്ച നർത്തകി എന്ന നിലയ്ക്ക് അവാർഡ് നിശകളിൽ മാത്രമാണ് സിനിമാക്കാർ ഷംനയെ കാണാറുള്ളത്. ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവി എന്ന ബഹുഭാഷാ ചിത്രത്തിൽ തോഴി ശശികലയായി അഭിനയിച്ചു വരവെയാണ് ഷംനയെ കുരുക്കിലാക്കാൻ ശ്രമം നടന്നത്. മാതൃഭൂമി ന്യൂസിൽ പ്രതിയുടെ ഭാര്യയുടെ അഭിമുഖം സംപ്രേഷണം ചെയ്തത് ശ്രദ്ധേയമായി. സിനിമാ നടി ഷംനയെ കെട്ടാൻ മാത്രം റേഞ്ച് തന്റെ ഭർത്താവിനില്ലെന്ന കൊച്ചിക്കാരിയുടെ പ്രയോഗം കലക്കി. ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘം തന്നെ വിളിച്ചെന്നു നടൻ ധർമജൻ ബോൾഗാട്ടി പോലീസിന് നൽകിയ മൊഴിയിൽ വെളിപ്പെടുത്തിയിരുന്നു. ലോക്ഡൗൺ സമയത്താണ് വിളിച്ചതെന്നും നടിമാരായ ഷംന കാസിമിന്റെയും മിയയുടെയും നമ്പറുകൾ ഇവർ ആവശ്യപ്പെട്ടെന്നും ധർമജൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം ഷംനയോട് പറഞ്ഞിരുന്നില്ലെന്നാണ് ധർമജൻ വ്യക്തമാക്കിയത്. സിനിമാ രംഗവുമായി ബന്ധമുള്ള ഷാജി പട്ടിക്കര നടി അനു സിത്താരയുടെ നമ്പർ ഇക്കൂട്ടർ ചോദിച്ചതായി പറയുന്നു. ഷംനയുടെ കേസിൽ പോലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നു. സ്വസ്ഥമായി കഴിയുന്ന  മറ്റു കലാകാരികളെ കൂടി ഇതിലൊക്കെ വലിച്ചിഴക്കേണ്ട കാര്യമെന്ത്? 
*** *** ***
ഗുജറാത്തിലെ വിവാദ ആൾദൈവം നിത്യാനന്ദയുടെ ആശ്രമത്തിൽ നിന്നും കാണാതായ സഹോദരിമാർ  കൈലാസത്തിലെത്തിയെന്ന് ഗുജറാത്ത് പോലീസിനെ ഉദ്ധരിച്ച് സീ ന്യൂസും ടൈംസും ചെയ്തു. ഇന്ത്യ വിട്ട നിത്യാനന്ദ കരീബിയൻ ദ്വീപ് സമൂഹത്തിലെ ട്രിനിഡാഡ് ആന്റ്  ടുബാഗോയ്ക്ക് സമീപം  കൈലാസ എന്ന പേരിൽ കഴിഞ്ഞ വർഷാവസാനം പുതിയ രാജ്യം സ്ഥാപിച്ചിരുന്നു.  2015 മുതൽ നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തിലായിരുന്നു പെൺകുട്ടികൾ. 
രണ്ടു പെൺമക്കളെയും കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയെന്നും കാണിച്ച്   2019 നവംബറിൽ ഗുജറാത്ത് ഹൈക്കോടതിയിൽ പെൺകുട്ടികളുടെ പിതാവ് ഹേബിയസ് കോർപ്പസ് ഹരജിയും ഫയൽ ചെയ്തിരുന്നു. ഇതിലൊന്നും കാര്യമില്ലെന്നും തങ്ങൾക്കവിടെ പരമാനന്ദമാണെന്നുമാണ് പെൺകുട്ടികളുടെ വീഡിയോയിലുള്ളത്. അന്താരാഷ്ട്ര വിമാന യാത്ര മുടങ്ങിക്കിടക്കുന്ന  വേളയിൽ അഹമ്മദാബാദിൽ നിന്ന് ഈ കുഞ്ഞുങ്ങളെങ്ങിനെ കൈലാസ രാജ്യത്തെത്തിയെന്ന് ചോദിക്കുന്നവരോട് കഥയിൽ ചോദ്യമില്ലെന്ന് പറയാം. കോവിഡ്-സംഘർഷ കാലത്ത് കൈലാസത്തിലേക്ക് ഒരു വിസ ലഭിക്കാൻ ആരും കൊതിച്ചു പോകും.
 

Latest News