Sorry, you need to enable JavaScript to visit this website.

ലോക്ഡൗൺ: ലണ്ടൻ മലയാളികൾക്ക് സ്വാദ് പകരാൻ നാടൻ രുചിക്കൂട്ട്

നാടിന്റെ നൊസ്റ്റാൾജിയയിലേക്ക് യു.കെയിലെ മലയാളി കുടുംബങ്ങളേയും കുട്ടികളേയും വിളിച്ചുണർത്തിയ നാടൻ വിഭവങ്ങളുടെ പാചകമൽസരവും സൗഹൃദസംഗമവും ഏറെ ശ്രദ്ധേയമായി. 


ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും പരസ്പര വിനിമയത്തിനും ആശയസംവാദത്തിനും സൈബറിടത്തിൽ വിശാലമായ വേദിയൊരുക്കിയായിരുന്നു കേരളീയ നാടൻവിഭവങ്ങളിലേക്ക് പ്രവാസലോകത്തെ പുതുതലമുറയെക്കൂടി ഏറെ ആകർഷിച്ച പരിപാടി സംഘടിപ്പിച്ചത്. നാടൻ ഭക്ഷണം എങ്ങനെ ‘ഫാഷനബിൾ' ആക്കാമെന്ന് കൂടി യു.കെയുടെ വിവിധ കേന്ദ്രങ്ങളിൽ ചിതറിക്കിടക്കുന്ന മലയാളി കുടുംബങ്ങൾക്കുള്ള പാചകപാഠം കൂടിയായി കാംപ് എന്ന കൂട്ടായ്മ നടത്തിയ ഫുഡ്‌മേക്കോവർ മൽസരം. 
മലയാളി പൈതൃകം മറക്കാത്ത, വ്യത്യസ്ത രുചിക്കൂട്ടുകളിലുള്ള നാടൻ ഭക്ഷ്യവിഭവങ്ങളും പലഹാരങ്ങളും മറ്റുമാണ് മൽസരത്തിനെത്തിയത്. 


ബ്രിട്ടനിലെ ചില ഇന്ത്യൻ കുടുംബങ്ങളിലുള്ളവർക്കും ഈ മലയാളി ഭക്ഷ്യമേള ആസ്വാദ്യകരമായി. 
സംഘാടകരിൽ പ്രമുഖയായ മലപ്പുറം-പാലക്കാട് ജില്ലാതിർത്തിയായ പൂവത്താണി സ്വദേശി ഡോ. റോഷ്‌നി റിയാസ് പറഞ്ഞു: പഞ്ചനക്ഷത്ര ഭക്ഷ്യവിഭവങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി നാടൻ രുചിയുള്ള കേരളീയ ഭക്ഷ്യവിഭവങ്ങളുടെ ലാളിത്യം, സ്വാദ് എന്നിവയിൽ കേന്ദ്രീകരിച്ചായിരുന്ന മൽസരമാണ് ഞങ്ങൾ സംഘടിപ്പിച്ചത്. 


വിഭവങ്ങളുടെ വൈവിധ്യമെന്നതിലുപരി അവയുടെ ഹൃദ്യമായ രുചി, ആത്മാർഥതയും ലാളിത്യവും ചേരുവയായ കറിക്കൂട്ടുകളുടെ കലവറ എന്നിവയിൽ ഊന്നിയായിരുന്നു മൽസരം. പാചകമെന്നത് പോലെ അവയുടെ അവതരണം കൂടി ശ്രദ്ധിക്കപ്പെടുന്ന തരത്തിലായിരുന്നു ലണ്ടനും പുറത്തും നിന്നുള്ള നിരവധി മലയാളി കുടുംബങ്ങൾക്ക് മറക്കാനാവാത്ത ഈ മൽസരം. യു.കെയിൽ വളരുന്ന മലയാളി തലമുറയിലെ പുതിയ കുട്ടികളെക്കൂടി കേരളീയ ഭക്ഷ്യസംസ്‌കാരം പഠിപ്പിക്കുന്ന വിവരണവും പ്രസന്റേഷനും മൽസരത്തിന് മാറ്റ് കൂട്ടിയതായും ഡോ. റോഷ്‌നി റിയാസ് ചൂണ്ടിക്കാട്ടി.ഓൺ ലൈൻ വഴിയാണ് വിജയികളെ തെരഞ്ഞെടുത്തത്. പ്രമുഖ ബ്ലോഗർ ഷംഷീറ (റിയാദ്) വിജയികളെ പ്രഖ്യാപിച്ചു.


മോംറ്റാസ്റ്റിക് എന്ന ചാനലിലൂടെ പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരുടെ സാന്നിധ്യമറിയിച്ചിട്ടുള്ള ഷംഷീറയുടെ പ്രഖ്യാപനം നൂറിലേറെ വരുന്ന യു.കെ മലയാളി കുടുംബങ്ങളിലും ആവേശം വിതറി. പ്രമുഖ ചലച്ചിത്രപിന്നണി ഗായകൻ അഫ്‌സലിന്റെ പാട്ടുകളും ചടങ്ങിനെ സംഗീതസാന്ദ്രമാക്കി. എരിവും പുളിയും എന്ന ഇനത്തിൽ ഷാജിൻ, സെറീന ടീമാണ് ഒന്നാം സമ്മാനം കരസ്ഥമാക്കിയത്. പുട്ട്-കടല-ബീഫ് ഇനത്തിൽ ഡോ. രഹ്‌ന- ഡോ. ഹാരിസ് ടീം രണ്ടാമത്് ജേതാക്കളായി. അസീം ഷായും കുടുംബവും തയാറാക്കിയ പതാകപ്പുട്ടും ബീഫും കട്ടൻ ചായയും (ദേശസ്‌നേഹവും മലയാളത്തനിമയും) മൂന്നാം സമ്മാനത്തിനർഹമായി. ഡോ. ഫവാസ് റഹ്മാൻ, ഡോ. ഷഹീനാ ആരിഫ്, നഈം ബദിയുസ്സമാൻ, റഊഫ് ഏലച്ചോല എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

  

 

Latest News