Sorry, you need to enable JavaScript to visit this website.

നന്മയുടെ മഞ്ജുഭാഷിതം

മഞ്ജുമണിക്കുട്ടൻ കുടുംബത്തോടൊപ്പം

നിരവധി മനുഷ്യരുടെ കണ്ണുനീരുകൾ ആവിയായി അലിഞ്ഞു ചേർന്ന് പ്രവാസ ഭൂമികയിലെ മണൽ തരികളിൽ കാരുണ്യത്തിന്റെ തണൽ വിരിച്ചു ഈ മലയാളി വനിത. ദുരിതമനുഭവിക്കുന്ന പ്രവാസ ലോകത്തെ വീട്ടു വേലക്കാരികളുടെയും സാധാരണക്കാരുടെയും പ്രാർത്ഥനകളും സ്‌നേഹവും കൊണ്ട് തന്നെയാണ് നിരവധി അവാർഡുകൾ അവരെ തേടിയെത്തിയത്. 

പതിറ്റാണ്ടുകൾക്ക്  മുമ്പ് തുടക്കമിട്ട ഗൾഫ്് പ്രവാസം ഏറെ പ്രയോജനകരമായത് ഇന്ത്യയിലും അതിലുപരി കേരളത്തിലുമാണ്. നിരവധി സമ്പന്നരെ സൃഷ്ടിക്കാൻ പ്രവാസത്തിനായെങ്കിലും അതിന്റെ പിന്നിലുള്ള പരിശ്രമം ആരും ചർച്ച  ചെയ്യാറില്ല. ഇന്ന് അറിയപ്പെടുന്ന പ്രവാസി സമ്പന്നരിൽ പ്രമുഖരായി മലയാളികളായ യൂസഫലി, രവി പിള്ള എന്നിവർ അറിയപ്പെടുന്നു. പർവ്വങ്ങൾ താണ്ടി അവർ നേടിയെടുത്ത ത്യാഗോജ്വലമായ ജീവിത വിജയം സാമ്പത്തിക മേഖലയിൽ മലയാളികളെ ലോകത്തിന്റെ നെറുകെയിൽ എത്തിച്ചു എന്നതിൽ നമുക്ക് അഭിമാനിക്കാം.

ലോക കേരള സഭയുടെ വേദിയിൽ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ  പൂച്ചെണ്ട് നൽകി ആദരിക്കുന്നു.     

പ്രവാസം തുടങ്ങിയത് മുതൽ തന്നെ സാമൂഹ്യ പ്രവർത്തനവും  ജീവകാരുണ്യ പ്രവർത്തനങ്ങളും സജീവമാണ്. അക്കാലത്തു ഇന്ന് കാണുന്ന പോലുള്ള സാങ്കേതിക സംവിധാനങ്ങൾ ഒന്നുമില്ലെങ്കിലും ആഴ്ചയിൽ ഒരിക്കലെങ്കിലും ചില പ്രത്യേക സ്ഥലങ്ങളിൽ ഒരുമിച്ചു കൂടുമായിരുന്നു. 
അവരിലൊരാൾക്ക്് ഒരു വിഷയമുണ്ടെങ്കിൽ  കൂട്ടായ ഇടപെടലിലൂടെ പ്രശ്‌ന പരിഹാരത്തിന് ശ്രമങ്ങൾ നടത്തിയിരുന്നു. മലയാളികളുടെ രക്തത്തിൽ അലിഞ്ഞു നിൽക്കുന്നതാണ്  സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങൾ.  ആരും ജനിക്കുന്നത് സാമൂഹ്യ പ്രവർത്തകരായിട്ടല്ല. അവരവരുടെ ഇടപെടലും മാനുഷിക നിലപാടുകളുമാണ് സാമൂഹ്യ പ്രവർത്തകരെ സൃഷ്ടിക്കുന്നത്. 
പ്രവാസ ലോകത്ത് സാമൂഹ്യ പ്രവർത്തന രംഗത്ത് ഇപ്പോഴും മുന്നിട്ട് നിൽക്കുന്നത് പുരുഷൻമാരാണെങ്കിലും വളരെ ചുരുക്കം സ്ത്രീകൾ മാത്രമാണ് ഈ രംഗത്തേക്ക് കടന്നു വന്നിട്ടുള്ളത്.  സൗദിയിൽ  ഈ രംഗത്ത് ആദ്യമായി മികവുള്ള പ്രവർത്തനം  കാഴ്ചവെച്ച സഫിയ അജിത്ത് ലോക മെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. കഷ്ടതയനുഭവിക്കുന്ന പ്രവാസിയുടെ ഏതു വിഷയത്തിലും ഇടപെടാൻ  ഇറങ്ങി തിരിച്ച ആരോഗ്യ മേഖലയിൽ പ്രവർത്തിച്ചിരുന്ന സഫിയ അജിത് ഒടുവിൽ അർബുദത്തിനു കീഴടങ്ങി മരണപ്പെടുകയായിരുന്നു.
സാമൂഹ്യ പ്രവർത്തന രംഗത്ത് സഫിയ അജിത്തിനൊപ്പം ചുവടു വെച്ച  മഞ്ജു മണിക്കുട്ടൻ പ്രവാസി സമൂഹത്തിൽ ഒരു പടി കൂടി മുന്നോട്ടു പോയി സാമൂഹ്യ സേവന രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു. അന്യന്റെ ദുഃഖം സംഗീതം പോലെ ആസ്വദിക്കുകയാണ് ഇവിടെ സാധാരണ വീട്ടമ്മയായ മഞ്ജു പ്രവാസി സമൂഹത്തിലെ ഇടപെടലിലൂടെ. സമൂഹത്തിലെ ഉച്ചനീചത്വങ്ങളെ അബല എന്ന് മുദ്രകുത്തിയ സ്ത്രീക്ക് അന്യമാക്കപ്പെട്ട പൊതു ഇടപെടൽ തന്റെ ധീരമായ നിലപാടുകളിലൂടെ മഞ്ജു തിരുത്തിക്കുറിച്ചു. സഫിയ അജിത് തനിക്കു പകർന്നു നൽകിയ ചങ്കൂറ്റവും നിപുണതയും ആയിരക്കണക്കിന് സ്ത്രീകൾക്കാണ് താങ്ങും തണലുമാകുന്നത്. അമ്മൂമ്മമാർ പോലും സ്‌നേഹത്തോടെ വിളിക്കുന്ന മഞ്ജു ചേച്ചിയുടെ പരിലാളന നിരാലംബരായ സ്ത്രീകൾക്ക് ആശ്വാസത്തിന്റെ തലോടലാണ്. 
പ്രവാസ ജീവിതത്തിൽ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുക എന്നത് ഒരു ചര്യയായി കാണുകയാണ് അവർ. 
സൗദിയിലെ വിവിധ മേഖലയിലെ പ്രത്യേകിച്ചും ദമാമിലെ സ്ത്രീകൾക്ക്  രക്ഷയാവുകയാണ് മഞ്ജു മണിക്കുട്ടൻ. തൊഴിലിടങ്ങളിൽ പീഡനത്തിനിരയാവുന്നവർ, വീടകങ്ങളിലെ മർദനങ്ങൾ കാരണം ഒളിച്ചോടിയവർ, പിന്നീട് ജയിലിലടക്കപ്പെട്ടവർ, മികച്ച ജോലി സാഹചര്യങ്ങൾ വാഗ്ദാനം നൽകിയ ഏജന്റുമാരുടെ ചതിക്കുഴിയിൽ അകപ്പെട്ടവർ, ഒറ്റപ്പെടൽ കൊണ്ടും മാനസിക പിരിമുറുക്കം വന്നവരും രോഗികളുമായവർ തുടങ്ങി നിരവധിയാളുകൾക്കാണ് മഞ്ജു മുൻകൈയെടുത്ത് പ്രശ്‌ന പരിഹാരവും തീർപ്പും  കൽപിച്ച്  രക്ഷക്കായി എത്തുന്നത്. വളരെ സൗമ്യമായി സമൂഹത്തിൽ ഇടപെടുന്ന മഞ്ജുവിനെ തേടി നിരവധി അംഗീകാരങ്ങളെത്തി. 
ഗാർഹിക പീഡനത്തിനിരയായ സ്ത്രീകൾക്ക്  താങ്ങായി നിന്ന്  ലഭിക്കാനുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും അവരുടെ സ്‌പോൺസർമാരെ ഫോണിൽ ബന്ധപ്പെട്ടും നേരിൽ കണ്ടും തന്റെ ഇടപെടലിലൂടെ നേടിക്കൊടുക്കാൻ മഞ്ജുവിനു സാധിച്ചിട്ടുണ്ട്. ആയിരക്കണക്കിന് കേസുകളിൽ ആണ് ഇങ്ങനെ ഇടപെടലുകൾ നടത്തി വിജയം കണ്ടെത്തിയത്.  നിരവധി കേസുകളിൽ തിരിച്ചുള്ള അനുഭവം ഉണ്ടായതായി മഞ്ജു പറയുന്നു.  വീട്ടു വേലക്കാരികൾക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകാതിരിക്കാനുള്ള  ശ്രമങ്ങളെ പോരാടി തോൽപിക്കുക തന്നെ ചെയ്യും- മഞ്ജു നയം വ്യക്തമാക്കി. 
ഏതെങ്കിലും ഒരു കേസുമായി ഓരോ ദിവസവും ദമാമിലെ വനിതാ അഭയ കേന്ദ്രത്തിൽ എത്തുന്ന മഞ്ജുവിനെ അവിടത്തെ ഉദ്യോഗസ്ഥർ വരെ ഏറെ ബഹുമാനത്തോടെയാണ് കാണുന്നത്. മാസത്തിൽ രണ്ടു തവണയെങ്കിലും ഈ പ്രവിശ്യയിലെ പ്രമുഖ മെഡിക്കൽ സെന്ററുകളുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പുകൾ നടത്തി അന്തേവാസികളായ സ്ത്രീകളുടെ ആരോഗ്യ പരിരക്ഷയുടെ കാര്യത്തിലും ഏറെ ശ്രദ്ധാലുവാണ് ഇവർ. ദമാമിലും കോബാറിലും മറ്റു പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ പോലീസ് സ്‌റ്റേഷനുകളിലും എത്തുന്ന വിദേശ വനിതാ കേസുകളിൽ അവസാന വാക്ക് മഞ്ജുവിന്റെതായിരിക്കും. നിയമപാലകർ തന്നെ ഇവരെ വിളിച്ചുവരുത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞ് വീടുകളിലെ ചെറിയ പ്രശ്‌നങ്ങൾ ആണെങ്കിൽ രമ്യതയിലെത്തി തിരിച്ചയക്കും. ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന കേസുകളാണെങ്കിൽ പോലീസുകാർ തന്നെ വനിതാ അഭയ കേന്ദ്രങ്ങളിൽ എത്തിക്കും. പിന്നീട് മഞ്ജു സ്‌പോൺസറെ ബന്ധപ്പെടുകയും എക്‌സിറ്റ് ലഭിക്കുന്നതിന് ചർച്ചകൾക്ക് നേതൃത്വം നൽകുകയും  ചെയ്യും. ഒരു നിലക്കും സ്‌പോൺസർമാർ സഹകരിക്കുന്നില്ലെങ്കിൽ പിന്നീട് എംബസിയുമായി ഇടപെട്ടു അനുമതിപത്രം ശരിയാക്കി നിയമ നടപടിക്കു മുന്നിട്ടിറങ്ങുകയും ചെയ്യും. ഇതിനു സഹായകമായി മഞ്ജുവിന്റെ ഭർത്താവും സാമൂഹ്യ പ്രവർത്തകനുമായ മണിക്കുട്ടനും മകളും നർത്തകിയുമായ അഭിരാമിയും കൂടെ നിൽക്കുന്നു. 

നാസ് വക്കം ഉൾപ്പെടെയുള്ള കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക പ്രവർത്തകർക്കൊപ്പം.

മകൻ അഭിനവ് പ്ലസ്  വണിന്  നാട്ടിൽ പഠിക്കുന്നു.  മനുഷ്യ സ്‌നേഹത്തിന്റെ ഏറ്റവും ഉദാത്ത  പ്രത്യയശാസ്ത്രം മുറുകെ പിടിക്കുന്നത് കൊണ്ട് ഇടതുപക്ഷ സംഘടനയായ നവയുഗം സാംസ്‌ക്കാരിക വേദിയുടെ ഉപാധ്യക്ഷ കൂടിയായ മഞ്ജുവിനെ സഹായിക്കാൻ സംഘടനയുടെ ശക്തരായ പ്രവർത്തകരുടെ പിന്തുണ കൂടിയുണ്ട്.  
പ്രശ്‌നങ്ങളുമായി നൂറു കണക്കിനു സ്ത്രീകളാണ് മഞ്ജുവിനെ സമീപിക്കുന്നത്. ഒരു സ്വകാര്യവ്യക്തിയുടെ ബ്യുട്ടി പാർലറിൽ ജോലി ചെയ്യുന്ന ഇവർ പലപ്പോഴും തന്റെ  ജോലിക്ക് പോലും പ്രാമുഖ്യം നൽകാതെയാണ് നിരാലംബരായ സഹോദരിമാരുടെ വിഷയത്തിൽ ഇടപെടുന്നത്. അപ്പോഴൊക്കെ  വല്ലാത്ത ഒരു ആത്മ നിർവൃതി അനുഭവപ്പെടുന്നതായി മഞ്ജു പറഞ്ഞു. 
ഒരു സാധാരണ കുടുംബത്തിൽ ജനിച്ച തനിക്ക്  വലിയ സംമ്പാദ്യത്തിലൊന്നും താൽപര്യമില്ല. പാവങ്ങളെ സഹായിക്കാനുള്ള മനസ്സാണ് തനിക്കു ലഭിച്ച ഏറ്റവും വലിയ സമ്പാദ്യമെന്നുമാണ് ഇവർ കരുതുന്നത്. പ്രവാസത്തിന്റെ  ആകുലതക്കിടയിൽ തന്റെ പ്രശ്‌നങ്ങൾ ഒന്നുമല്ലെന്നും തന്റെ ഇടപെടലിലൂടെ ഒരാളുടെയെങ്കിലും  ജീവിതത്തിൽ  സന്തോഷം ലഭിക്കുന്നുണ്ടെങ്കിൽ അതിലും വലിയ നേട്ടമില്ലെന്നും മഞ്ജു പറഞ്ഞു. 
 ഗാർഹിക പീഡനങ്ങളിൽ പെടുന്ന സ്ത്രീകൾ  കടുത്ത മാനസിക വിഭ്രാന്തിയും അതിനെ തുടർ്ന്ന്  മാനസിക നില തെറ്റുന്നതായും കാണപ്പെടുന്നു. ഇത്തരം ആളുകളെ ദമാമിലുള്ള മാനസിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു അവർക്ക് മാസങ്ങളോളം നീളുന്ന ചികിത്സക്കൊടുവിലാണ് നാട്ടിലെക്കയക്കുന്നത്. 

കേന്ദ്ര സർക്കാരിന്റെ നാരീശക്തി പുരസ്‌കാരം  ഇന്ത്യൻ രാഷ്്ട്രപതി രാംനാഥ് കോവിന്ദിൽനിന്നും സ്വീകരിക്കുന്നു. 

ചെറിയ പ്രശ്‌നങ്ങളുള്ള ആളുകളെ തങ്ങളുടെ സ്വന്തം ജാമ്യത്തിൽ ഇറക്കി തങ്ങളുടെ കൂടെ വീട്ടിൽ തന്നെ നിറുത്തി കൂടുതൽ മാനസിക പിന്തുണ നല്കി നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്യുന്നു. കിഴക്കൻ പ്രവിശ്യയിലെ എല്ലാ സംഘടനകളുടെയും സാമൂഹ്യ പ്രവർത്തകരുടെയും ബിസിനസുകാരുടെയും പൂർണമായ സഹായം ലഭിക്കുന്നത് കൊണ്ട് തന്നെ ഇത്തരം ആളുകളുടെ സഹായത്തോടെ ടിക്കറ്റ് എടുക്കുന്നതിനും അവരെ നാട്ടിലെത്തിക്കുന്നതിനും കഴിയുന്നുണ്ട്. 
മലയാളികൾക്ക്  പുറമേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നൂറു കണക്കിന് സ്ത്രീകളെയാണ് ഇതിനോടകം നാട്ടിലെത്തിച്ചത്. കൂടാതെ പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ സ്ത്രീകളുടെ വിഷയങ്ങളിലും നിരവധി തവണ ഇടപെടാനും സാധിച്ചിട്ടുണ്ട്. 
നിരവധി മനുഷ്യരുടെ കണ്ണുനീരുകൾ ആവിയായി അലിഞ്ഞു ചേർന്ന് പ്രവാസ ഭൂമികയിലെ മണൽ തരികളിൽ കാരുണ്യത്തിന്റെ തണൽ വിരിച്ചു ഈ മലയാളി വനിത. ദുരിതമനുഭവിക്കുന്ന പ്രവാസ ലോകത്തെ വീട്ടു വേലക്കാരികളുടെയും സാധാരണക്കാരുടെയും പ്രാർത്ഥനകളും സ്‌നേഹവും കൊണ്ട് തന്നെയാണ് നിരവധി അവാർഡുകൾ അവരെ തേടിയെത്തിയത്. നൂറുകണക്കിന്  സാമൂഹിക സാംസ്‌ക്കാരിക സംഘടനകൾക്കൊപ്പം സൗദിയിലെ വിവിധ മേഖലകളിൽ നിന്നും പ്രശംസയും പിടിച്ചു പറ്റിയിട്ടുണ്ട്. ഈ കോവിഡ് മഹാമാരി പിടിപെട്ട് ലോകമെമ്പാടും വിറങ്ങലിച്ചു നിൽക്കുമ്പോഴും സൗദിയിലെ കർഫ്യുവും നിയന്ത്രണങ്ങളും എല്ലാം നില നിൽക്കുമ്പോഴും കഷ്ടപ്പെടുന്നവർക്ക്  വേണ്ടി അഹോരാത്രം ഇറങ്ങി.  


അവരുടെ വേദന അകറ്റുന്നതിനുള്ള ശ്രമത്തിലായിരുന്നു മഞ്ജു മണിക്കുട്ടൻ. ജോലി ഇല്ലാതെ കഷ്ടപ്പെടുന്നവർ മരുന്നിനു നിവൃത്തിയില്ലാതെ കഴിയുന്നവർ, ആശുപത്രികളിൽ എത്താൻ പോലും കഴിയാതെ ബുദ്ധി മുട്ടുന്നവർ.  ഇവർക്കെല്ലാം താങ്ങും തണലുമായി ദമാം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നോർക്ക ഹെൽപ്പ് ഡെസ്‌ക് വളന്റിയറായി  പ്രവർത്തിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് മിഷൻ വിമാന സർവ്വീസിലൂടെ നൂറു കണക്കിനാളുകൾക്ക് സൗകര്യമൊരുക്കി. ഗർഭിണികൾ, രോഗികൾ, വിസാ കാലാവധി കഴിഞ്ഞവർ എന്നിവർക്കെല്ലാം നാട്ടിലേക്ക്  മടങ്ങുന്നതിന് അവസരമൊരുക്കി. നിരവധി രോഗികൾക്ക് വീൽ ചെയറിൽ യാത്ര ചെയ്യുന്നതിനും സൗകര്യമുണ്ടാക്കി.  എംബസി രജിസ്‌ട്രേഷൻ പ്രകാരം അർഹരായവരെ  മുൻഗണനയനുസരിച്ചു നാട്ടിലെത്തിക്കാനും മഞ്ജു മണിക്കുട്ടന് സാധിച്ചു. സാമൂഹ്യ പ്രവർത്തന സേവന രംഗത്ത് നിരവധി അംഗീകാരങ്ങൾ തന്നെ തേടിയെത്തിയപ്പോഴും അഹങ്കരിക്കാനോ ആവേശം കൊള്ളാനോ നിന്നില്ല.  ഇതെല്ലം തന്റെ പ്രവർത്തനത്തിന് കൂടുതൽ ഊർജം പകരുകയായിരുന്നു. 
ഏറെ സന്തോഷിപ്പിച്ചത് ഇന്ത്യയുടെ രാഷ്്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും ലഭിച്ച നാരീ ശക്തി പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോഴാണെന്നും മഞ്ജു അനുസ്മരിച്ചു. 
തനിക്ക് മാർഗനിർദേശം  നൽകിയ വഴികാട്ടി  സഫിയ അജിത്തിന് ഇത് സമർപ്പിക്കുന്നതായും മഞ്ജു മണിക്കുട്ടൻ നിറകണ്ണുകളോടെ മലയാളം ന്യൂസുമായി പങ്കുവെച്ചു. ഇക്കഴിഞ്ഞ ലോക കേരള സഭ രണ്ടാം സമ്മേളനത്തിൽ ക്ഷണിതാവായി പങ്കെടുത്തതും വലിയ അനുഭവമായിരുന്നു.  നാരീ പുരസ്‌കാര ജേതാവെന്ന നിലയിൽ ലോക കേരള സഭയുടെ വേദിയിൽ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൂച്ചെണ്ട് നൽകി ആദരിച്ചു.  ഇതെല്ലാം കൂടുതൽ ഊർജസ്വലതയോടെ ജീവകാരുണ്യ രംഗത്തെ പ്രവർത്തനത്തിന് പ്രചോദനമാണെന്നും മഞ്ജു മണിക്കുട്ടൻ പറഞ്ഞുനിർത്തി.

Latest News