Sorry, you need to enable JavaScript to visit this website.
Wednesday , August   12, 2020
Wednesday , August   12, 2020

'ഒത്തുകളി' അന്വേഷണം ശ്രീലങ്ക അവസാനിപ്പിച്ചതെന്തിന്?

കൊളംബൊ - 2011 ലെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഒത്തുകളിയാണെന്ന മുന്‍ സ്‌പോര്‍ട്‌സ് മന്ത്രിയുടെ ആരോപണത്തിന്റെ മറ പിടിച്ച് ശ്രീലങ്കന്‍ പോലീസ് തുടങ്ങിയ അന്വേഷണം ദിവസങ്ങള്‍ക്കകം നിര്‍ത്തിയത് കൗതുകമായി.  ആരോപണത്തിന് മതിയായ തെളിവില്ലെന്ന് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് പ്രഖ്യാപിച്ചു. ഫൈനലില്‍ ഇന്ത്യയോടുള്ള ശ്രീലങ്കയുടെ തോല്‍വിയില്‍ സംശയിക്കത്തക്ക ഒന്നുമില്ലെന്ന് ഐ.സി.സിയും പ്രഖ്യാപിച്ചു. ആരോപണത്തിന്റെ കോപ്പി ഐ.സി.സിക്ക് അയച്ചുവെന്നാണ് ശ്രീലങ്കയില്‍ നിന്നുള്ള റിപ്പോര്‍ട്ടെങ്കിലും അത് സ്ഥിരീകരിക്കാനോ സ്വന്തം അന്വേഷണം പ്രഖ്യാപിക്കാനോ ഐ.സി.സി തയാറായില്ല.
അന്നത്തെ ചീഫ് സെലക്ടര്‍ അരവിന്ദ ഡിസില്‍വ, നായകന്‍ കുമാര്‍ സംഗക്കാര, ഓപണര്‍ ഉപുല്‍ തരംഗ തുടങ്ങിയവരെ അഞ്ചു മണിക്കൂറിലേറെ വീതം പോലീസ് ചോദ്യം ചെയ്തിരുന്നു. സംഗക്കാരയെ പത്തു മണിക്കൂറാണ് ചോദ്യം ചെയ്തത്. അന്നത്തെ വൈസ് ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയെ ഇന്നലെ ചോദ്യം ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു. ലോക ക്രിക്കറ്റില്‍ തന്നെ ആദരണീയരായ കളിക്കാരെ ചോദ്യം ചെയ്യുന്നതിനെതിരെ ശ്രീലങ്കയില്‍ പ്രതിഷേധം തുടങ്ങിയിരുന്നു.
കളിക്കാരുടെ മറുപടിയില്‍ തൃപ്തരാണെന്നും അന്വേഷണം അവസാനിപ്പിച്ചതായും പോലീസ് അറിയിച്ചു. ഫൈനലില്‍ ശ്രീലങ്കന്‍ ടീമില്‍ നാലു മാറ്റം വരുത്തിയതിനെച്ചൊല്ലിയായിരുന്നു സംശയം. അതിന് കളിക്കാര്‍ തൃപ്തികരമായ വിശദീകരണം നല്‍കിയെന്നും കള്ളക്കളിയുടെ യാതൊരു സൂചനയും കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു.
ഫൈനലില്‍ ടീമില്‍ നാലു മാറ്റമാണ് ശ്രീലങ്ക വരുത്തിയത്. ഓഫ്‌സ്പിന്നര്‍ മുത്തയ്യ മുരളീധരനും ഓള്‍റൗണ്ടര്‍ ആഞ്ചലൊ മാത്യൂസിനും പരിക്കേറ്റതിനെതത്തുടര്‍ന്നായിരുന്നു ഇത്. മതിയായ ഫിറ്റ്‌നസ് ഇല്ലാതെ മുരളീധരന്‍ ഫൈനല്‍ കളിച്ചു. ബൗളിംഗിലും ബാറ്റിംഗിലും വിശ്വസ്തനായ മാത്യൂസിന് പിന്മാറേണ്ടി വന്നത് ടീമിന്റെ സന്തുലനം തെറ്റിക്കുകയും കൂടുതല്‍ മാറ്റങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.
ചോദ്യം ചെയ്യലിന് മഹേല സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് ഓഫീസിലെത്തിയപ്പോഴാണ് പൊടുന്നനെ അന്വേഷണം നിര്‍ത്തിയതായി പോലീസ് പ്രഖ്യാപിച്ചത്. ആ ഫൈനലില്‍ സെഞ്ചുറിയടിച്ച കളിക്കാരനാണ് മഹേല.
ഇന്ത്യന്‍ വിജയം ഉറപ്പാക്കാന്‍ ഒത്തുകളി അരങ്ങേറിയതായി 2011 ല്‍ സ്‌പോര്‍ട്‌സ് മന്ത്രിയായിരുന്ന മഹിന്ദാനന്ദ അലുത്ഗമാഗെയാണ് ആരോപിച്ചത്. 14 കാര്യങ്ങളാണ് മുന്‍ മന്ത്രിയുടെ ആരോപണത്തിലുള്ളതെന്നും ഒന്നിനും തെളിവില്ലെന്നും സീനിയര്‍ പോലീസ് സൂപ്രണ്ട് ജഗത് ഫോണ്‍സീക്ക വിശദീകരിച്ചു. സനത് ജയസൂര്യയെ ഒഴിവാക്കിയതും സംശയാസ്പദമാണെന്ന് മന്ത്രി ആരോപിച്ചിരുന്നു. ജയസൂര്യയെ ടീമിലുള്‍പെടുത്താനുള്ള മന്ത്രിയുടെ ശ്രമം വിജയിച്ചിരുന്നില്ല. 2009 ല്‍ ഫോമില്ലാതെ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ജയസൂര്യ 2010 മുതല്‍ ശ്രീലങ്കക്കു കളിച്ചിരുന്നില്ല. ജയസൂര്യയെ ഒഴിവാക്കാനുള്ള കാരണത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദമായി അരവിന്ദയെ ചോദ്യം ചെയ്തിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അലുത്ഗമാഗെ ഞെട്ടിപ്പിക്കുന്ന ആരോപണം ഉന്നയിച്ചത്. തന്റെ കൈയില്‍ മതിയായ തെളിവുണ്ടെന്ന് അവകാശപ്പെട്ടെങ്കിലും ഒന്നും സമര്‍പ്പിക്കാന്‍ അദ്ദേഹത്തിനായില്ല.
ഫൈനലിനെ സംശയത്തിലാക്കുന്ന ഒരു തെളിവും ഇതുവരെ തങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിട്ടില്ലെന്നും സ്വന്തം നിലയിലുള്ള അവലോകനത്തില്‍ അന്വേഷണത്തിന് ഉപോദ്ബലകമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും ഐ.സി.സിയുടെ അഴിമതി വിരുദ്ധ യൂനിറ്റ് ജനറല്‍ മാനേജര്‍ അലക്‌സ് മാര്‍ഷല്‍ പറഞ്ഞു. മുന്‍ മന്ത്രി ആരോപണം ഉന്നയിച്ച സമയത്തു തന്നെ ഐ.സി.സി അ്‌ദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. അന്നത്തെ ലോകകപ്പ് ഒഫിഷ്യലുകളുമായും സംസാരിച്ചു. എന്നാല്‍ അദ്ദേഹം പരാതി അയച്ചതായി ആരുടെയും ശ്രദ്ധയില്‍ ഉണ്ടായിരുന്നില്ല. ഇത്തരം ആരോപണങ്ങളെ വളരെ ഗൗരവത്തോടെയാണ് ഐ.സി.സി സമീപിക്കാറെന്നും ഭാവിയില്‍ ആരെങ്കിലും തെളിവ് സമര്‍പ്പിക്കുകയാണെങ്കില്‍ ഇപ്പോഴത്തെ നിലപാട് പുനഃപരിശോധിക്കുമെന്നും മാര്‍ഷല്‍ അറിയിച്ചു.  

Latest News