കുവൈത്ത് സിറ്റി- രാജ്യത്ത് വിദേശ തൊഴിലാളികള്‍ പെരുകുന്നതിനെതിരെയുള്ള നിലപാടിലൂടെ ശ്രദ്ധേയയായ കുവൈത്ത് എം.പി സഫ അല്ഹാശിമിന് വധഭീഷണി. വിദേശികളില്‍ നിന്നുതന്നെയാണ് തനിക്ക് ഭീഷണി ഉയരുന്നതെന്നും അവര്‍ ആരോപിച്ചു.
ഒരേ കേന്ദ്രത്തില്‍നിന്ന് തന്നെ ഒമ്പത് തവണ ഭീഷണി വന്നതായി പേര് പരാമര്‍ശിക്കാതെ സഫ അല്‍ ഹാശിമി പറഞ്ഞു. 'രാജ്യത്തെ ജനസംഖ്യാ അസന്തുലിതത്വത്തിനെതിരെ കാലങ്ങളായി സംസാരിക്കുന്നതിനാണ് ഈ ഭീഷണി. വിദേശികള്‍ക്ക് ഫീസ് ചുമത്തണമെന്ന് താന്‍ മൂന്ന് വര്‍ഷമായി ആവര്‍ത്തിക്കുകയാണ്. സ്വദേശികളെ രാജ്യത്തെ തൊഴിലിടങ്ങളില്‍ നിയമിക്കാന്‍ ഗവണ്മെന്റിന് കഴിയുന്നില്ല. ഞാന്‍ പറഞ്ഞതിന്റെ ഗൗരവം ബോധ്യപ്പെടാന്‍ കോവിഡ് വരേണ്ടി വന്നു- അല്‍ഹാശിമി പറഞ്ഞു.
നിലവില്‍ 48 ലക്ഷം വരുന്ന രാജ്യത്തെ ജനസംഖ്യയില്‍ 34 ലക്ഷം പേരും വിദേശികളാണ്. ഇതിനെതിരെ രാജ്യത്തിന്റെ പല കോണുകളില്‍നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.






