Sorry, you need to enable JavaScript to visit this website.

ആ രണ്ട് ശതമാനത്തില്‍ തൂങ്ങി അബ്ദുല്ല ജീവിതത്തിലേക്ക്, കോവിഡ് വിസ്മയങ്ങള്‍ അങ്ങനേയും

റാസല്‍ഖൈമ- ജീവിതത്തിലേക്ക് തിരികെ വരാന്‍ രണ്ട് ശതമാനം സാധ്യത മാത്രം വൈദ്യലോകം വിധിയെഴുതിയ രോഗി അത്ഭുതകരമായി കോവിഡിനെ അതിജീവിച്ചു. അഫ്ഗാന്‍ സ്വദേശി മീഖായീല്‍ അബ്ദുല്ലയാണ് പ്രവചനങ്ങളെ കാറ്റില്‍പറത്തി കൊറോണയെ മറികടന്നത്. 40 കാരനായ അബ്ദുല്ല ഷാര്‍ജയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്.
മെയ് എട്ടിനാണ് അബ്ദുല്ലയെ ഇബ്രാഹിം ഉബൈദുല്ല ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുന്നത്. ചെറിയ പനിയിലായിരുന്നു രോഗത്തിന്റെ തുടക്കം. 'രോഗം മൂര്‍ച്ഛിച്ചപ്പോള്‍ എനിക്ക് കണ്ണ് പോലും തുറക്കാന്‍ വയ്യാത്ത സ്ഥിതിയായി. മരുന്ന് കഴിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. ഒടുവില്‍ ആംബുലന്‍സ് വിളിച്ച് ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു'- അബ്ദുല്ല പറഞ്ഞു.
പരിശോധനയില്‍ ഫലം പോസിറ്റീവ് ആണെന്ന് തെളിഞ്ഞതോടെ അബ്ദുല്ലയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അതിജീവിക്കാനുള്ള സാധ്യത രണ്ട് ശതമാനം മാത്രമാണെന്നായിരുന്നു ഡോക്ടറുമാരുടെ നിഗമനം. എന്നാല്‍ ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും നല്‍കിയ ആത്മ വിശ്വാസത്തിന്റെ കരുത്തില്‍ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് 51 ദിവസങ്ങള്‍ക്ക് ശേഷം ഈ യുവാവ് ജീവിതത്തിലേക്ക് മടങ്ങിവന്നത്.
22 വര്‍ഷമായി യു.എ.ഇയില്‍ ജോലി ചെയ്തുവരികയാണ് അബ്ദുല്ല. മൂന്നും ആറും വയസ്സുള്ള രണ്ട് ആണ്മക്കളോടും ഭാര്യയോടും കൂടെയാണ് ഷാര്‍ജയില്‍ ഇദ്ദേഹം താമസിക്കുന്നത്.
അബ്ദുല്ലക്ക് കോവിഡ് ബാധിച്ചെന്ന് അറിഞ്ഞതോടെ അങ്ങേയറ്റം ദുഖിതരായ അഫ്ഗാനിലെ ബന്ധുക്കള്‍ രോഗത്തെ അതിജീവിച്ചതറിഞ്ഞതോടെ പറഞ്ഞറിയിക്കാന്‍ വയ്യാത്ത സന്തോഷത്തിലാണ്. അഫ്ഗാനിസ്ഥാന്‍ കോണ്‍സുലേറ്റ് അബ്ദുല്ലയുടെ രോഗനില നിരീക്ഷിച്ച് കൊണ്ടിരിക്കുന്നുണ്ട്.

 

Latest News