അച്ഛന്റെ പാതയില്‍ തുടങ്ങി, അച്ഛനെ കടന്ന നേട്ടം

ഭോപ്പാല്‍ - അച്ഛന്‍ കാണിച്ചു കൊടുത്ത പാതയായിരുന്നു നിതിന്‍ മേനോന് അമ്പയറിംഗ്. കേരളത്തില്‍ വേരുകളുള്ള നിതിന്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ജനിച്ചത്. അച്ഛന്‍ നരേന്ദ്ര മേനോനും ഇന്റര്‍നാഷനല്‍ അമ്പയറായിരുന്നു. ഇപ്പോള്‍ അച്ഛനെ കടത്തിവെട്ടി ലോകത്തെ മികച്ച അമ്പയര്‍മാരുടെ ഐ.സി.സി. എലീറ്റ് പാനലില്‍ സ്ഥാനം നേടിയിരിക്കുന്നു. ഐ.സി.സി എലീറ്റ് മാച്ച് റഫറിമാരുടെ പട്ടികയില്‍ ഏതാനും വര്‍ഷമായി ഇന്ത്യന്‍ പ്രതിനിധിയായി ജവഗല്‍ ശ്രീനാഥ് ഉണ്ട്.
നിതിന്‍ 2017 ലാണ് അമ്പയറിംഗ് കരിയര്‍ ആരംഭിച്ചത്. മൂന്നു ടെസ്റ്റും 24 ഏകദിനങ്ങളും 16 ്ട്വന്റികളും ഇതുവരെ നിയന്ത്രിച്ചിട്ടുണ്ട്. 2018 ലെയും 2020 ലെയും ട്വന്റി20 ലോകകപ്പുകളിലുള്‍പ്പെടെ 10 വനിതാ ട്വന്റി20 കളിലും അമ്പയറായി.
 മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷനും ബി.സി.സി.ഐക്കും ഐ.സി.സിക്കും നിതിന്‍ നന്ദി പറഞ്ഞു. നിതിന് സ്ഥാനക്കയറ്റം കിട്ടിയതില്‍ അദ്ഭുതമില്ലെന്ന് ദീര്‍ഘകാലം ഇന്ത്യന്‍ അമ്പയര്‍മാരുടെ നിലവാരം മെച്ചപ്പെടുത്താനുള്ള ദൗത്യത്തിലേര്‍പ്പെട്ടിരുന്ന മുന്‍ ഐ.സി.സി അമ്പയര്‍ ഓഫ് ദ ഇയര്‍ സൈമണ്‍ ടോഫല്‍ അഭിപ്രായപ്പെട്ടു. നിതിന്റെ കഴിവിനെക്കുറിച്ച് നേരത്തെ തന്നെ ബോധ്യമുണ്ട്. എന്നാല്‍ ലോകോത്തര നിലവാരത്തിലെത്താന്‍ വര്‍ഷങ്ങളെടുക്കും. അമ്പയര്‍മാരെ വളര്‍ത്തിയെടുക്കാനുള്ള പദ്ധതിയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ ഇത് ബി.സി.സി.ഐക്ക് പ്രചോദനം പകരുമെന്ന് ടോഫല്‍ വിലയിരുത്തി.



 

Latest News