Sorry, you need to enable JavaScript to visit this website.

പാഠം ഒന്ന് ലിൻസയുടെ ജീവിതം

ലിൻസയുടെ കുടുംബം. 
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റ് 

''ദുരന്തത്തെ ശക്തിയുടെ ഉറവിടമായി ഉപയോഗപ്പെടുത്തണം. ഏതു തരം ബുദ്ധിമുട്ടുകൾ ഉണ്ടായാലും അത് വേദനാജനകമായ അനുഭവമാണ്. നമ്മുടെ പ്രതീക്ഷ നഷ്ടപ്പെടുകയാണെങ്കിൽ അതാണ് യഥാർത്ഥ ദുരന്തം'' -ദലൈലാമ

കുറച്ചുകാലം മുൻപു വരെ സ്‌കൂളിലെ തൂപ്പുകാരിയായിരുന്നു ആർ.ജെ. ലിൻസ. ഇന്ന് അതേ സ്‌കൂളിലെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഇംഗ്ലീഷ് അധ്യാപികയും. ദിവസവും ക്ലാസ് മുറികൾ വൃത്തിയാക്കിയിരുന്ന ചേച്ചിയെ ഇന്ന് ടീച്ചറേ എന്ന് സ്‌നേഹത്തോടെ വിളിക്കുകയാണ് കുട്ടികൾ. അതിശയിപ്പിക്കുന്ന ജീവിത കഥയാണ് കാഞ്ഞങ്ങാട് ഇക്ബാൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ ലിൻസയുടേത്. തൂപ്പുകാരിയുടെ ജോലിയിൽനിന്ന് അതേ വിദ്യാലയത്തിലെ അധ്യാപികയായി മാറിയ ലിൻസയുടെ ജീവിതം എല്ലാവർക്കും മാതൃകയാണ്. പഠിക്കാനുള്ള മനസ്സുണ്ടെങ്കിൽ ആഗ്രഹിച്ച ജോലിയിലെത്താമെന്ന് തെളിയിച്ചിരിക്കുക കൂടിയാണ് ഈ അധ്യാപിക.

 


ഇക്ബാൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ സംസ്‌കൃതം അധ്യാപകനായിരുന്ന കെ.കെ. രാജന്റെ മകളാണ് ലിൻസ. അച്ഛന്റെ ആകസ്മിക മരണത്തോടെ ജീവിതം വഴിമുട്ടിയപ്പോഴാണ് ബിരുദ പഠനം പാതിയിൽ ഉപേക്ഷിച്ച് അമ്മക്കും അനുജനും തുണയാകാൻ ലിൻസ തൂപ്പുകാരിയുടെ താൽക്കാലിക ജോലി സ്വീകരിച്ചത്. സ്‌കൂളിലെ സ്ഥിരം തൂപ്പുകാരി ദീർഘകാല അവധിയിൽ പോയപ്പോഴാണ് പ്രധാനാധ്യാപിക ഈ ജോലി ലിൻസക്ക് നൽകിയത്. ബിരുദ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചപ്പോഴും ആ മനസ്സു നിറയെ അധ്യാപനമായിരുന്നു. ആ സ്വപ്ന സാഫല്യത്തിനായി കഠിനാധ്വാനം ചെയ്യാൻ അവൾക്ക് മടിയില്ലായിരുന്നു. രാവിലെയും വൈകിട്ടും ക്ലാസ് മുറികൾ വൃത്തിയാക്കുന്നതിന്റെ ഇടവേളകളിൽ ലിൻസ പഠനം തുടർന്നു. പ്രധാനാധ്യാപികയായിരുന്ന പ്രവീണ ടീച്ചറായിരുന്നു ലിൻസക്ക് പിന്തുണ നൽകി ഒപ്പം നിന്നത്. ജോലി ചെയ്തുകൊണ്ടു തന്നെ ലിൻസ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. ഇക്കാലത്തു തന്നെയായിരുന്നു ലിൻസയുടെ ജോലി നഷ്ടമായത്.

കാരണം അഞ്ചു വർഷത്തെ ലീവ് വേക്കൻസിയിലായിരുന്നു ലിൻസ ജോലി ചെയ്തിരുന്നത്. പകരക്കാരി ജോലിക്കെത്തിയതോടെ ലിൻസയുടെ ജോലി മുടങ്ങി. ജോലി നഷ്ടമായെങ്കിലും വെറുതെയിരിക്കാൻ അവരുടെ മനസ്സ് അനുവദിച്ചില്ല. ഇംഗ്ലീഷിൽ ബി.എഡ് പൂർത്തിയാക്കി. കൂടാതെ ലൈബ്രറി സയൻസിൽ ബിരുദവും നേടി. ടെറ്റും സെറ്റും എഴുതിയെടുത്തു. ഏറെ വൈകാതെ തൂപ്പുകാരി വിരമിച്ചപ്പോൾ ആ ഒഴിവിലേക്ക് ലിൻസക്ക് സ്ഥിര നിയമനമായി. യോഗ്യതകളേറെയുണ്ടായിട്ടും തൂപ്പുജോലി തന്നെ വീണ്ടും ചെയ്യേണ്ടിവന്നപ്പോൾ ആ മനസ്സ് വേദനിച്ചില്ല. കാരണം തന്നിലർപ്പിതമായ ഉത്തരവാദിത്തം അവർ ഭംഗിയായി നിറവേറ്റി.
കാലമേറെ കഴിഞ്ഞില്ല. സ്‌കൂളിൽ അധ്യാപികയുടെ ഒഴിവു വന്നു. സ്‌കൂൾ അധികൃതർക്ക് മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല. പ്രൊമോഷൻ കൊടുത്ത് ലിൻസക്കു തന്നെ ആ ജോലി നൽകി. സ്‌കൂളിലെ തൂപ്പുകാരിയെ അധ്യാപികയായി കണ്ടപ്പോൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അത്ഭുതത്തേക്കാളുപരി അതൊരു പുതിയ തിരിച്ചറിവായി. യു.പി അധ്യാപികയായാണ് നിയമനം ലഭിച്ചതെങ്കിലും ലിൻസക്കിത് തന്നോടു തന്നെയുള്ള മധുരമായ പ്രതികാരമായിരുന്നു.

* * *

 

മിഥുന മാസത്തിലെ പകലിൽ ഉച്ചസൂര്യൻ തിളച്ചുമറിയവേ ലിൻസ ടീച്ചർ കാഞ്ഞങ്ങാട് ചെറുവത്തൂരിനടുത്ത കാട്ടുതലയിലെ വീട്ടിൽവെച്ച് തന്റെ ജീവിത സമരത്തിന്റെ കഥ പറഞ്ഞു തുടങ്ങുകയായിരുന്നു. കിഴക്കൻ പേരാമ്പ്രയിലായിരുന്നു അച്ഛന്റെ വീട്. അമ്മ ജാനകിയാണെങ്കിൽ കൂത്താളിക്കാരിയും. അച്ഛന്റെ ജോലി ആവശ്യാർത്ഥമാണ് ഞങ്ങൾ കാഞ്ഞങ്ങാട്ട് എത്തിയത്. തുടക്കത്തിൽ വാടക വീട്ടിലായിരുന്നു താമസം. പിന്നീടാണ് കാട്ടുതലയിൽ സ്ഥലം വാങ്ങി വീടുവെച്ചത്. കുട്ടിക്കാലം തൊട്ടേ അച്ഛനായിരുന്നു മാതൃകാ പുരുഷൻ. മകളെ ഡോക്ടറാക്കണമെന്നായിരുന്നു അച്ഛന്റെ മോഹം. വിധി നിയോഗമെന്നു പറയാം. അവസാന വർഷ ബിരുദ പഠനത്തിനിടയിലാണ് ഒരു ദിവസം നെഞ്ചുവേദന വന്ന് അച്ഛൻ ഞങ്ങളെ വിട്ടുപോകുന്നത്. അച്ഛന്റെ വിയോഗത്തോടെ അമ്മയും ഞാനും അനുജനും ഒറ്റപ്പെട്ടു. അച്ഛനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന പ്രധാനാധ്യാപികയും സഹപ്രവർത്തകരും എന്നെ സ്‌കൂളിലേക്ക് ക്ഷണിച്ചു. ആശ്രിത നിയമനമായി ലഭിച്ചതാകട്ടെ, തൂപ്പുജോലി. സ്‌കൂളിലെ ക്ലാസ് മുറികളും പടിക്കെട്ടുകളുമെല്ലാം വൃത്തിയായി സൂക്ഷിക്കണം. കൂട്ടുകാരോടൊപ്പം കളിച്ചുല്ലസിച്ചുനടന്ന എനിക്ക് പക്ഷേ, ആ ജോലി ഇഷ്ടമായില്ല. തിരിച്ചുപോരാനാണ് തോന്നിയത്. എന്തു ജോലിയാണെങ്കിലും അഭിമാനത്തോടെ ഏറ്റെടുക്കണമെന്ന് ഉപദേശിച്ച് ധൈര്യം പകർന്നത് അമ്മയായിരുന്നു. അച്ഛന്റെ പെൻഷൻ ഒന്നിനും തികയുമായിരുന്നില്ല. എന്നാൽ മറ്റൊരാളുടെ ഒഴിവിൽ ജോലിയിൽ പ്രവേശിച്ചതിനാൽ ശമ്പളം ലഭിച്ചതുമില്ല. ഒടുവിൽ മാസങ്ങൾ കാത്തിരുന്നാണ് ശമ്പളം ലഭിച്ചത്. സങ്കടങ്ങൾ ആരും കാണാതെ ഒറ്റക്കിരുന്ന് കരഞ്ഞുതീർത്തു. ചെറുത്തു നിൽപിനുള്ള ഉപായമായാണ് പഠനത്തെ കൂട്ടുപിടിച്ചത്. സ്‌കൂളിലെ അച്ഛന്റെ സഹപ്രവർത്തകരും ബന്ധുക്കളുമെല്ലാം ധൈര്യം നൽകി. ബിരുദപഠനം പൂർത്തിയായപ്പോൾ വിദൂര വിദ്യാഭ്യാസത്തിലൂടെ ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എയുമെടുത്തു.
കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ ജീവനക്കാരനായ സുധീരൻ ജീവിതത്തിലേക്ക് കടന്നുവന്നതോടെയാണ് ലിൻസയുടെ ജീവിത ഗതി മാറിയൊഴുകിത്തുടങ്ങിയത്. അഞ്ചു വർഷത്തെ താൽക്കാലിക ജോലി നഷ്ടപ്പെട്ട കാലം. ബി.എഡിന് പഠിക്കാനുള്ള ഉപദേശം നൽകിയത് ഭർത്താവായിരുന്നു. ലൈബ്രറി സയൻസിൽ ബിരുദവും സമ്പാദിച്ചു. പഠനം പൂർത്തിയായപ്പോൾ കാഞ്ഞങ്ങാട്ടും പരിസരത്തുമുള്ള ഒട്ടേറെ സ്‌കൂളുകളിൽ അധ്യാപികയായി. ലിറ്റിൽ ഫ്‌ളവർ സ്‌കൂളിലും നെല്ലിത്തറ, കുമ്പള, കാസർകോട് ഗവൺമെന്റ് സ്‌കൂൾ, നിത്യാനന്ദ ഇംഗ്ലീഷ് സ്‌കൂൾ എന്നിവിടങ്ങളിലെല്ലാം അധ്യാപികയായി ജോലി നോക്കി. കൂടാതെ ക്രസന്റ് ബി.എഡ് കോളേജിൽ ലൈബ്രറി അസിസ്റ്റന്റുമായി. ഇതിനിടയിലാണ് ഇക്ബാൽ സ്‌കൂളിൽ തൂപ്പുകാരിയുടെ സ്ഥിരം ഒഴിവുണ്ടെന്ന് അറിയിക്കുന്നത്. പഴയ യൂനിഫോം വീണ്ടും പൊടിതട്ടിയെടുത്തു. യോഗ്യതയുണ്ടായിട്ടും അധ്യാപികയാകാൻ കഴിഞ്ഞില്ലല്ലോ എന്ന മോഹഭംഗം ഉള്ളിലുണ്ടായിരുന്നു. അതൊന്നും പ്രകടമാക്കാതെ തന്റെ ജോലിയിൽ മുഴുകി. സ്‌കൂളിൽനിന്നും മടങ്ങിയെത്തിയാൽ വീട്ടിൽെവച്ച് കുട്ടികൾക്ക് ഇംഗ്ലീഷ് ക്ലാസെടുക്കാനും സമയം കണ്ടെത്തി.


ഒടുവിൽ ആ സുദിനം വന്നെത്തി. 2018 ലാണ് ലിൻസക്ക് അച്ഛൻ പഠിപ്പിച്ച സ്‌കൂളിൽ തന്നെ അധ്യാപികയാകാനുള്ള ഉത്തരവ് വരുന്നത്. ഇതിനു വേണ്ട എല്ലാ പിന്തുണയുമായി പ്രധാനാധ്യാപികയാണ് കൂടെ നിന്നത്. കൂടാതെ അധ്യാപക ഒഴിവു വന്നപ്പോൾ ലിൻസക്ക് പ്രൊമോഷൻ നൽകാൻ സ്‌കൂൾ മാനേജറും തയാറായതോടെ അനധ്യാപിക പദവിയിൽനിന്നും അധ്യാപക പദവിയിലേയ്ക്ക് ലിൻസ നടന്നടുക്കുകയായിരുന്നു. വർഷങ്ങളോളം തൂപ്പുകാരിയായ സ്‌കൂളിൽ അധ്യാപികയായി കുട്ടികൾക്ക് മുന്നിലെത്തിയപ്പോൾ നിറഞ്ഞ കൈയടികളോടെയാണ് അവർ എതിരേറ്റത്. ഏഴാം ക്ലാസ് ബിയിൽ അധ്യാപികയായി കുട്ടികൾക്കു മുന്നിൽ നിന്നപ്പോൾ അസാധ്യമായതെന്തോ വെട്ടിപ്പിടിച്ച സംതൃപ്തിയായിരുന്നു മനസ്സു നിറയെ. നീണ്ട കാലത്തെ മോഹ സാഫല്യമായിരുന്നു അത്. ഇനി മുതൽ നിങ്ങളുടെ ടീച്ചറാണെന്നു പറഞ്ഞപ്പോൾ കുട്ടികൾക്കും അത്ഭുതം. അങ്ങനെ ലിൻസ ചേച്ചി ടീച്ചറായി. അച്ഛന്റെ വിദ്യാർത്ഥികളിൽ പലരുടെയും മക്കളെ എനിക്ക് പഠിപ്പിക്കാൻ കഴിഞ്ഞത് സുകൃതമെന്നല്ലാതെന്തു പറയാൻ... ടീച്ചർ വികാരാധീനയാവുന്നു.
യു.പി സ്‌കൂളിലാണെങ്കിലും വൈകാതെ ഹൈസ്‌കൂളിലേക്കു മാറാമെന്ന പ്രതീക്ഷയിലാണ് ടീച്ചറിപ്പോൾ. കുട്ടികൾക്ക് പഠനത്തിൽ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും പരിശീലനം നൽകാനും മുൻപന്തിയിലുണ്ട്. അതിന്റെ ഭാഗമായി സ്‌കൂളിൽ ആദ്യമായി സ്‌കൗട്ട് ആന്റ് ഗൈഡ് യൂനിറ്റ് തുടങ്ങിയത് ടീച്ചറുടെ നേതൃത്വത്തിലായിരുന്നു. ഗൈഡിന്റെ അഡ്വാൻസ് പരിശീലനം നേടിയ ലിൻസ തന്നെയാണ് കുട്ടികളുടെ ഗുരുനാഥ. ബേക്കൽ ഉപജില്ലയുടെ ഗൈഡ്‌സിന്റെ ട്രെയിനിംഗ് കൗൺസിലർ കൂടിയായ ടീച്ചർ ഗൈഡ്‌സ് വിദ്യാർത്ഥികളുടെ സഹകരണത്തോടെ ഒരു ഹ്രസ്വ ചിത്രവും ഒരുക്കിയിട്ടുണ്ട്. കരുതലിന് കനിവായ് എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ലിൻസ തന്നെയാണ്. വീഡിയോ ഒരുക്കിയപ്പോൾ ഏറെ അഭിനന്ദനങ്ങളാണ് ലഭിച്ചതെന്ന് അവർ പറയുന്നു.


നെഹ്‌റു കോളേജിലെ ഹെഡ് ക്ലാർക്കായ ഭർത്താവ് സുധീരന്റെയും ചെറുവത്തൂർ കുട്ടമത്ത് ഹയർ സെക്കണ്ടറി സ്‌കൂളിൽ എസ്.എസ്.എൽ.സി വിദ്യാർത്ഥിയായ മകൻ സോനിലിന്റെയും കൊവ്വൽ എയ്ഡഡ് സ്‌കൂളിലെ മൂന്നാം ക്ലാസുകാരിയായ മകൾ സംഘമിത്രയുടെയും സഹകരണം കൊണ്ടു കൂടിയാണ് ഇതെല്ലാം സാധ്യമായതെന്നും ടീച്ചർ പറയുന്നു. സഹോദരൻ ഷനത്ത് സലോൺ ദുബായിൽ കുടുംബ സമേതം കഴിയുകയാണ്.
പ്രശ്‌നങ്ങളിൽ നിന്നും ഒളിച്ചോടി ആത്മഹത്യയിൽ അഭയം കണ്ടെത്തുന്ന പുതിയ തലമുറക്ക് ലിൻസ ടീച്ചറുടെ ജീവിതം ഒരു പാഠമാണ്. കഠിനാധ്വാനവും ആത്മാർപ്പണവുമുണ്ടെങ്കിൽ എന്തിനേയും കീഴടക്കാം എന്ന ഗുണപാഠമാണ് ടീച്ചർ നമുക്കു സമ്മാനിക്കുന്നത്.
ഇതിനിടയിൽ തന്റെ ജീവിതകഥ വാർത്തകളിലൂടെ അറിഞ്ഞ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ടുവിളിച്ച് അഭിനന്ദനമറിയിച്ചത് തനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന് ടീച്ചർ പറയുന്നു. ''ഏറെ ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയിലും പൊരുതി നേടിയ വിജയം മഹത്തരമാണെന്നും മറ്റുള്ളവർക്ക് നിങ്ങൾ ഒരു പ്രചോദനമാണെന്നും'' അദ്ദേഹം പറഞ്ഞു. 
മറ്റുള്ളവരെ ഉയർച്ചയിലേക്ക് കൊണ്ടുവരേണ്ടത് ഇനി നിങ്ങളുടെ ഉത്തരവാദിത്തമാണെന്നും തിരുവനന്തപുരത്ത് വന്നാൽ കുടുംബ സമേതം രാജ്ഭവനിൽ വരണമെന്നും നേരിട്ടു കാണണമെന്നും പറഞ്ഞ് ഫോൺ നമ്പറും നൽകിയാണ് അദ്ദേഹം സംസാരം അവസാനിപ്പിച്ചത്.

Latest News