Sorry, you need to enable JavaScript to visit this website.
Wednesday , July   15, 2020
Wednesday , July   15, 2020

കുത്തിത്തിരിപ്പിനും കോംപ്ലിമെന്റ് 

വടക്കേ മലബാറിലെ ധാരാളം സ്വകാര്യ ബസുകളിൽ പറശിനി മുത്തപ്പൻ ഈ വാഹനത്തിന്റെ ഐശ്വര്യം എന്നെഴുതിയ ബോർഡുകൾ കാണാറുണ്ട്. ഇതു പോലൊരു ബോർഡ് പ്രതിപക്ഷം ഈ ഭരണത്തിന്റെ ഐശ്വര്യം എന്നെഴുതി കേരള മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടർക്കും അവരുടെ വസതികളിൽ തൂക്കാവുന്നതാണ്. അമ്മാതിരി ഉപകാരമല്ലേ ചെന്നിത്തലയും കൂട്ടരും ചെയ്തുകൊണ്ടിരിക്കുന്നത്. പല സമരങ്ങളും ചീറ്റിേേപ്പായപ്പോഴാണ് ഗൾഫിലെ പ്രവാസികളെ കേരള സർക്കാർ പരിഗണിക്കുന്നില്ലെന്ന വിഷയം കിട്ടിയത്. അപ്പോഴതാ പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നു. ഞങ്ങൾ ചെയ്യുന്നത് നിങ്ങൾക്ക് കുത്തിത്തിരിപ്പാണെങ്കിൽ അത് തുടരുക തന്നെ ചെയ്യുമെന്ന്. രമേശ് പ്രസംഗിക്കുന്നതും കണ്ടു. എന്താണ് ഈ സർക്കാർ ഇങ്ങനെ? ഇടുക്കിയിലെ ഉസ്മാനെ ദ്രോഹിക്കുന്നത് നിർത്തിക്കൂടേയെന്നും അദ്ദേഹം സമരം ഉദ്ഘാടനം ചെയ്യവേ ചോദിച്ചു. ഖത്തറിലോ കുവൈത്തിലോ ഉള്ളതെന്ന് ഉറപ്പില്ലാത്ത ഉസ്മാൻ ഒന്ന് അടങ്ങിയതേയുള്ളൂ. അപ്പോഴതാ പുതിയ ഉസ്മാൻ വരുന്നു. അതേ ദിവസം കണ്ണൂർ വിമാനത്താവളത്തിലെത്തിയ പ്രവാസികളെ ഒഴിപ്പിച്ചെടുത്ത വിമാനത്തിലെ മലപ്പുറം ജില്ലക്കാരനായ ഒരു യാത്രക്കാരനിൽ നിന്ന് കള്ളക്കടത്ത് സ്വർണം പിടിക്കുന്നു. അതും ഒരു ഉസ്മാൻ. ഇവനൊക്കെ ഏത് ആർത്തിപ്പണ്ടാരമാണെന്ന് ചോദിക്കാൻ ആരുമില്ലേ ഇവിടെ?  ലോകമെങ്ങും മനുഷ്യ ജീവിതം ആശങ്കയിൽ നിൽക്കേയാണ് ഓന്റെ ഒരു ദ്രാവക രൂപത്തിലെ കടത്ത്. ഇതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ കണ്ട ട്രോളാണ് ഭയങ്കരം. സ്മഗ്‌ളറെ പരിശോധിച്ച കസ്റ്റംസ് ഓഫീസർ കുതിരാൻ തുരങ്കത്തെ ഓർത്തു പോയത്രേ. 

 

***    ***    ***

മുല്ലപ്പള്ളി രാമചന്ദ്രൻ 1984 മുതൽ കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂരിലെ പത്രലേഖകർക്ക് അക്കാലത്ത് മുടങ്ങാതെ വരുന്ന കത്ത് സ്ഥലം എം.പിയുടേതാണ്. ജില്ലാ പേജുകളിൽ വാർത്തകളായി അവ രൂപാന്തരം പ്രാപിച്ചു. ശാരീരിക വിഷമം നേരിടുന്നവർക്ക്
പ്രധാനമന്ത്രിയുടെ ഫണ്ടിൽ നിന്ന് മുല്ലപ്പള്ളി സഹായമെത്തിച്ചു  കൊടുത്തുകൊണ്ടേയിരുന്നു. സി.പി.എം ഒരു മുസ്‌ലിം സ്ഥാനാർഥിയെ നിർത്തുന്നത് വരെ മുല്ലപ്പള്ളിയുടെ ജൈത്രയാത്ര തുടർന്നു. 
പിന്നീട് മുല്ലപ്പള്ളി കേരളത്തിന്റെ ചുവപ്പു കോട്ടയായ വടകരയുടെ എം.പിയായി. കണ്ണൂരിലും വടകരയിലും മണ്ഡല വികസനത്തിൽ അദ്ദേഹം ശ്രദ്ധിച്ചു. മലബാറിൽ ഇത്തരം എ.ംപിമാർ വളരെ കുറവാണ്. മുല്ലപ്പള്ളി അഴിമതിക്കാരനാണെന്ന് എതിരാളികൾ പോലും പറയുന്നത് കേട്ടിട്ടില്ല. ആരോഗ്യ മന്ത്രിക്ക് ചില പുതിയ പദവികൾ പ്രഖ്യാപിച്ചതിലൂടെയാണ് ഇപ്പോൾ വിവാദ നായകനായത്. റോക്ക് ഡാൻസർ വേണ്ടായിരുന്നു. ഈ വിഷയം പല ചാനലുകളിലും ചർച്ചയായി. ഏഷ്യാനെറ്റിലെ അവതാരകൻ പാനലിലെ ബി.ജെ.പി അംഗത്തോട് അതേ, മുല്ലപ്പള്ളി ഇപ്പോൾ അങ്ങനെയൊക്കെയാണെന്ന് പറയുന്നത് കണ്ടു. ഞങ്ങളാരും അറിഞ്ഞില്ല. മുല്ലപ്പള്ളി, കേന്ദ്ര മന്ത്രി വി. മുരളീധരൻ, മുഖ്യമന്ത്രി പിണറായി എന്നീ മൂന്ന് പേരുടെയും സ്വദേശം ഏതാണ്ട് 20 കിലോ മീറ്റർ ചുറ്റളവിലാണ്. കേരളത്തിൽ ഇത്രയേറെ യോഗ്യന്മാരുണ്ടായിട്ടും മഹാരാഷ്ട്രയിൽ നിന്ന് ബി.ജെ.പി നേതൃത്വം രാജ്യസഭയിലെത്തിച്ച മുരളിയെ മന്ത്രിയാക്കിയത് വെറുതെയാവില്ല. കേരളം ഇത്രയേറെ പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് ചങ്കൂറ്റത്തോടെ നയിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി. ഇതെല്ലാം ശരി, നമ്മുടെ ടെലിവിഷൻ ചാനലുകൾ റേറ്റിംഗ് ഉയർത്താനുള്ള വ്യഗ്രതയിൽ എന്തൊക്കെ വിഷയങ്ങളാണ് ചർച്ച ചെയ്തു വരുന്നത്. നടി ഷംനാ കാസിമിന്റെ വീട്ടിൽ വന്ന ആൾ മുതൽ ബി.എസ്.എൻ.എൽ മുൻ ജീവനക്കാരിയുടെ ദേഹത്തെ പടം വരപ്പ്, വാരിയൻ കുന്നത്ത് സിനിമ വേണോ, വേണ്ടയോ എന്നിത്യാദി വിഷയങ്ങളാണ് സമയം അപഹരിക്കുന്നത്.   മാതൃഭൂമി  ന്യൂസിൽ ചരിത്ര പണ്ഡിതൻ ഡോ. എം.ജി.എസ്. നാരായണൻ പറഞ്ഞതാണ് കൂട്ടത്തിൽ ശ്രദ്ധേയമായത്. നാല് സിനിമകളാണ് വരുന്നത്.  വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പോരാട്ട ചരിത്രം മലബാറിന്റെ ധീര ചരിത്രം കൂടിയാണ്. 1921 എന്ന മമ്മൂട്ടി സിനിമയിൽ ടി.ജി. രവിയിലൂടെ ചെറിയ ഒരു റോളിൽ ഒതുക്കപ്പെട്ട കഥാപാത്രമാണ് പൃഥ്വിരാജിലൂടെ ഇപ്പോൾ കേന്ദ്ര കഥാപാത്രമായി മാറാൻ പോകുന്നത്. ഐ.വി. ശശി സിനിമ വന്ന കാലത്ത് ഒരു കോലാഹലവുമുണ്ടായില്ല. പല തിയേറ്ററുകളിലും കലക്ഷൻ റെക്കോർഡ് ഭേദിച്ച സിനിമയായിരുന്നു. ഐ.വി ശശിക്ക് പുരസ്‌കാരങ്ങൾ ലഭിച്ചു. മുപ്പത് കൊല്ലം മുമ്പത്തേതിൽ നിന്ന് മലയാളി സമൂഹം എത്രമാത്രം പിറകോട്ട് നടന്നുവെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ കോലാഹലം.   
അനധികൃതമായി ആനക്കൊമ്പുകൾ കൈവശം വെച്ച കേസിൽ നടൻ മോഹൻ ലാലിനെതിരെയുള്ള പ്രോസിക്യുഷൻ നടപടികൾ പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന്  സർക്കാർ. പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിലാണ് സർക്കാർ അഭിഭാഷകൻ ഇതു സംബന്ധിച്ച അപേക്ഷ നൽകിയത്. കോടനാട് റേഞ്ചിലെ മേയ്ക്കപ്പാല സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികളാണ് പിൻവലിക്കാൻ അനുമതി തേടിയിട്ടുള്ളത്. കേസ് പിൻവലിക്കുന്നത് സംബന്ധിച്ച് ഡയറക്ടർ ഓഫ് പ്രോസിക്യൂഷനോടു സർക്കാർ നിയമോപദേശം തേടിയിരുന്നു. കേസ് കോടതിയുടെ അനുമതിയോടെ പിൻവലിക്കുന്നതിൽ എതിർപ്പില്ലന്നാണ് സർക്കാർ അപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. കേസ് പിൻവലിക്കുവാനായി മോഹൻ ലാൽ നേരത്തേ അപേക്ഷകൾ നൽകിയിരുന്നു. ഇതൊന്നും ഒരു ചാനലിലും ചർച്ചയായതുമില്ല. 

***    ***    ***

ഇന്ത്യയിലെ ഭൂരിപക്ഷം പേരുടെയും പിന്തുണ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെന്ന് സർവേ ഫലം. സി വോട്ടർ നടത്തിയ സർവേയിലാണ് 73.6 ശതമാനം ജനങ്ങൾക്കും പ്രതിപക്ഷത്തേക്കാൾ വിശ്വാസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയിലാണെന്ന് വ്യക്തമാകുന്നത്. ചൈനയുമായുള്ള അതിർത്തി പ്രശ്‌നം രൂക്ഷമായി തുടരുകയും പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര സർക്കാറിനെ നിശിതമായി വിമർശിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും മോഡിക്കാണ് ജനപിന്തുണയെന്ന് സി ചാനൽ പറയുന്നു. രണ്ടാം മോഡി സർക്കാർ വരാൻ ഓവർ ടൈമിൽ ജോലി ചെയ്ത കൂട്ടരാണ്.  16.7 ശതമാനം പേർ മാത്രമാണ് കേന്ദ്രത്തിനെതിരായ പ്രതിപക്ഷ വിമർശനങ്ങളിൽ കഴമ്പുണ്ടെന്ന് വിശ്വസിക്കുന്നത്. എന്നാൽ 9.6 ശതമാനം പേർ ഇരുകൂട്ടരിലും വിശ്വാസം അർപ്പിക്കാൻ തയാറായിട്ടില്ല. ഭരണപക്ഷത്തിനോ പ്രതിപക്ഷത്തിനോ ഈ വിഷയം കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഇക്കൂട്ടർ വിശ്വസിക്കുന്നില്ല. പ്രമുഖ ദേശീയ ചാനൽ നൽകിയ ജനപിന്തുണയുടെ  കണക്കാണിത്. സി ന്യൂസ് ഇങ്ങനെ അടിച്ചു പൊളിക്കുമ്പോൾ ടൈംസ് നൗ ചാനലും മോശമാക്കിയില്ല. ഈ ചാനലിൽ 32 എന്ന് വലിയ അക്ഷരത്തിലാണ് പിന്തുണ. എതിർപ്പ് 68 ശതമാനവും. 68 ലും വലുതായ 32. ഇവരെയൊക്കെ ഗണിത ശാസ്ത്രം പഠിപ്പിച്ചതാരായിരിക്കും? 
***    ***    ***

കേരള  സർക്കാറിനെ കേന്ദ്രം അഭിനന്ദിച്ച കത്തും മലയാളം ചാനലുകൾക്ക് വലിയ ആഘോഷമായി. കോംപ്ലിമെന്റ് എന്ന വാക്കിന്റെ അർഥം തേടിയുള്ള സംവാദം വിലപ്പെട്ട മണിക്കൂറുകൾ അപഹരിച്ചു. വെള്ളിയാഴ്ച ഏഷ്യാനെറ്റ് ന്യൂസിലെ ചിത്രം വിചിത്രത്തിൽ മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന ചിത്രത്തിൽ ജഗതി ശ്രീകുമാർ തന്റെ ഭാര്യക്ക് ആരാണ് കത്തെഴുതിയെന്നത് വെരിഫൈ ചെയ്യുന്ന രംഗം ഉൾപ്പെടുത്തിയത് ഉചിതമായി. 24 ന്യൂസ് ഒന്നാം സ്ഥാനത്തെത്തിയോ ഇല്ലയോ എന്നത് ചൂടേറിയ ചർച്ചാ വിഷയമാണ്. ചില പ്രായക്കാരിൽ മാത്രമാണ് പുതിയ ചാനലിന്റെ സ്വാധീനമെന്ന് എതിരാളികൾ ആശ്വസിക്കുന്നു. ഓഗ്‌മെന്റഡ് റിയാലിറ്റിയിലൂടെ പലതും കാണിക്കുന്നു. ശനിയാഴ്ച ഒരു കാറിന്റെ ലോഞ്ചിംഗായിരുന്നു. അതിന് മുമ്പ് ഒരു നാൾ തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് നാല് മണിക്കൂർ കൊണ്ട് ഡോ. അരുൺ കുമാർ യാത്ര ചെയ്ത് കാണികളെ പുളകം കൊള്ളിക്കുന്നത് കണ്ടു. തീർത്തും ജനവിരുദ്ധവും ഒരു ലക്ഷം കോടി പാഴാക്കുന്നതുമായ പദ്ധതിക്കാണ് ഫ്രീ  പബ്ലിസിറ്റി. കാസർകോട്ടെത്താൻ വിമാനത്തിൽ ഒരു മണിക്കൂർ മതിയെന്നത് ചാനലുകാർക്കറിയില്ലായിരിക്കും. പണമുള്ളവന് അതല്ലേ നല്ലത്. 24 ന്യൂസിന്റെ കണക്കിൽ 1500 രൂപയാണ് അതിവേഗമെന്ന് അവർ വിളിക്കുന്ന അർധ അതി വേഗ ട്രെയിനിലെ ചാർജ്. 24 ന്യൂസിന്റെ ഒരു ഗുണം ഇത്തരം വാർത്തകൾ സംപ്രേഷണം ചെയ്യുമ്പോൾ തന്നെ കാണികളുടെ കമന്റും സ്‌ക്രീനിൽ വലതു വശത്ത് കാണാമെന്നതാണ്. നാൽപത് കൊല്ലമായിട്ടും ആലപ്പുഴ ബൈപാസ് ഉണ്ടാക്കാനാവാത്തവരല്ലേ ഇതുണ്ടാക്കുക, ഇത് മറ്റൊരു എയർ കേരള എന്നിത്യാദി കമന്റുകളും കണ്ടു. ജനാധിപത്യ രീതിയിലുള്ള സംവാദമെന്ന നിലയ്ക്ക് തികച്ചും സ്വാഗതാർഹം. 

Latest News