Sorry, you need to enable JavaScript to visit this website.
Sunday , July   12, 2020
Sunday , July   12, 2020

യാത്രാനുഭവങ്ങളിലെ കഷ്ടനഷ്ടങ്ങൾ

കഥ - ലോക്ഡൗൺ മനോഗതങ്ങൾ - 5

ഞങ്ങളുടെ യാത്ര തുടർന്നു. തീരെ വൃത്തിയില്ലാത്ത ട്രെയിൻ. വാഷ് റൂം ഒക്കെ എത്രയോ ദിവസങ്ങളായി വൃത്തിയാക്കിയിട്ടെന്ന് തോന്നുന്നു. പിന്നെ വേറെ എവിടെയോ ഒരു റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ നാല് പേർ വണ്ടിയിൽ കയറി. അവർ മദ്യപിച്ചിരുന്നു. കമ്പാർട്ട്‌മെന്റിൽ കൂടുതൽ യാത്രക്കാരും നിന്നുകൊണ്ടാണ് യാത്ര ചെയ്യുന്നത്.
വണ്ടിയിൽ കയറിയവർ സ്ട്രീറ്റ് റൗഡികൾ ആണെന്ന് തോന്നുന്നു, കൂട്ടത്തിൽ അവരുടെ നേതാവായ ഗുണ്ടാത്തലവന് ഇരിക്കാൻ ഇരിപ്പിടം ഇല്ല.  അയാളുടെ ശിങ്കിടികൾ വേറെ ഇരിപ്പിടത്തിൽ ഇരിക്കുന്നവരോട് എഴുന്നേൽക്കാൻ ഹിന്ദിയിൽ പറയുന്നുണ്ട്. ആരും അവർ പറഞ്ഞത് കേൾക്കാത്ത മട്ടിൽ ഇരിക്കുകയാണ്. 


യാത്രക്കാരിൽ ഫാമിലിയും യാത്ര ചെയ്യുന്നുണ്ട്. ഗുണ്ടാത്തലവൻ യുവതിയുടെ ഭർത്താവിനോട് ഇരിപ്പിടത്തിൽ നിന്നും എണീക്കാൻ പറഞ്ഞെങ്കിലും അയാൾ കൂട്ടാക്കിയില്ല. അപ്പോൾ അതിൽ ഒരുത്തൻ യാത്രക്കാരന്റെ മുഖത്ത് അടിച്ചു. യുവതി ബഹളം വെച്ച് കരയാൻ തുടങ്ങി. മുകളിൽ ബെർത്തിൽ കിടക്കുകയായിരുന്ന ഞാൻ ഗുണ്ടാ നേതാവിനോട് എന്റെ സീറ്റിൽ ഇരുന്നുകൊള്ളാൻ  പറഞ്ഞു. 
എനിക്ക് അവിടെ കിടക്കേണ്ട. എനിക്ക് ഈ സീറ്റിൽ ആണ് ഇരിക്കേണ്ടത് എന്ന് അയാൾ ശാഠ്യത്തോടെ പറഞ്ഞു. വീണ്ടും അദ്ദേഹത്തെ അയാളും മറ്റുളളവരും കൂടി മർദിക്കാൻ ശ്രമിച്ചു. ഭാര്യ ഗുണ്ടകളുടെ കാലുപിടിച്ച് ഭർത്താവിനെ ഒന്നും ചെയ്യരുതെന്ന് കരഞ്ഞുകൊണ്ട് കേണപേക്ഷിച്ചുകൊണ്ടിരുന്നു, അവരുടെ കുട്ടിയും കരയാൻ തുടങ്ങി. ട്രെയിനിൽ ഉണ്ടായിരുന്ന ആരും ഒന്നും പ്രതികരിക്കാതെ നോക്കിയിരുന്നു. ഞങ്ങൾ അവരെ തടയാൻ ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല.
ഒടുവിൽ ഗുണ്ടാത്തലവനെ ഞങ്ങളെല്ലാവരും കൂടി നന്നായി പെരുമാറി. ഞാൻ ചെയിൻ പിടിച്ചു വലിച്ചു. പതുക്കെപ്പതുക്കെ ട്രെയിൻ നിന്നു. അടുത്തുള്ള സ്റ്റേഷനിൽ ആണ് ട്രെയിൻ നിന്നത്, ട്രെയിനിൽ ഉള്ളവരും ഞങ്ങളും എല്ലാവരും കൂടി ഗുണ്ടകളെ തടഞ്ഞുവെച്ചു. പോലീസെത്തി ഗുണ്ടകളെ കൊണ്ടുപോയി. 


യാത്ര തുടർന്നുകൊണ്ടിരുന്നു. ഞങ്ങൾ ബോംബെയിലെത്തി. സമയം പുലർച്ചെ അഞ്ചു മണി. ഒരു ഹോട്ടലിൽ റൂം എടുത്തു. കുളിച്ച് വസ്ത്രം മാറി. രാവിലെ 9 മണിക്ക് ഇന്റർവ്യൂ നടക്കുന്ന ഓഫീസിലേക്ക് ടാക്‌സിയിൽ പോയി. ഫാറൂഖിനെ പരിചയം ഉളളതുകൊണ്ട് ഒരു ഫോർമൽ ഇന്റർവ്യൂവിൽ അവസാനിപ്പിച്ച് അവനോട് ഒന്നാം തീയതി ജോയിൻ ചെയ്യാൻ പറഞ്ഞു. 
ഞങ്ങൾ റൂമിൽ തിരിച്ചെത്തി. മൂന്നു മണിയായപ്പോൾ ഞങ്ങൾ ബോംബെയിൽ ഒന്ന് കറങ്ങാനിറങ്ങി. രാത്രി ഒരു മണിക്കുള്ള ട്രെയിനിൽ തിരിച്ചു പോരാമെന്ന്  ഞങ്ങൾ തീരുമാനിച്ചിരുന്നു. ഓൺലൈനിൽ ടിക്കറ്റെടുത്തു ഏകദേശം 11 മണിക്ക് താനെ റെയിൽവേ സ്റ്റേഷനിൽ എത്തി. കൃത്യസമയത്ത് ഞങ്ങൾ ട്രെയിനിൽ കയറി യാത്ര തുടർന്നു, തിരിച്ച് നാട്ടിലേക്ക്.  


അടുത്തിരുന്ന മലയാളി ഫാമിലി കുടകിലേക്കാണ് പോകുന്നതെന്ന്  പറഞ്ഞു. ഞങ്ങൾ എല്ലാവരും കൂടി തമാശയും ചിരിയുമായി യാത്ര തുടർന്നു.
നേരം പുലർന്നു. രാവിലെ 8 മണി. ട്രെയിനിൽ തിരക്ക് കുറവാണ്. മറ്റു സ്റ്റേഷനുകളിലൊക്കെ നിർത്തി കുറെ ആളുകൾ ഇറങ്ങിയും കയറിയും ട്രെയിൻ യാത്ര തുടർന്നുകൊണ്ടിരുന്നു. അപ്പോഴാണ് തൊട്ടടുത്തുള്ള ഒരു യാത്രക്കാരിയെ ശ്രദ്ധിച്ചത്. ബുർഖ ധരിച്ച ഒരു യാത്രക്കാരി. കൂടെ ആരുമില്ല. ഒറ്റക്കാണ് യാത്ര ചെയ്യുന്നത്. മുഖം നന്നായി മറച്ചിരിക്കുന്നു. മലയാളിയാണോയെന്നു ചോദിച്ചപ്പോൾ അല്ല എന്ന് തല കൊണ്ട് ആംഗ്യം കാണിച്ചു. സംസാരിക്കാൻ കഴിവില്ലാത്ത സ്ത്രീ ആണെന്നാണ് തോന്നുന്നതെന്ന് കൂടെയുണ്ടായിരുന്ന ഫാറൂഖ് പറഞ്ഞു.
ബുർഖ ധരിച്ച സ്ത്രീയുടെ കാലിൽ ആണുങ്ങൾ അണിയുന്ന ചെരിപ്പാണെന്ന് അപ്പോഴാണ് എന്റെ ശ്രദ്ധയിൽ പെട്ടത്. തൊട്ടടുത്തിരുന്ന സുഹൃത്തും കൺഫേം ചെയ്തു. തൊട്ടടുത്തിരുന്നവരും അത് ശരിവെച്ചു.
ഞങ്ങൾ പരസ്പരം പിറുപിറുക്കുന്നത് അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്തിനാണ് ആണുങ്ങളുടെ ചെരിപ്പ് ധരിച്ച് മുഖംമൂടി ധരിച്ച് നടക്കുന്നത്. അതിൽ എന്തോ പന്തികേട് തോന്നി. ഞങ്ങൾ അവളെ ശ്രദ്ധിക്കാൻ തീരുമാനിച്ചു. ഏതോ കള്ളനാണ്, ട്രെയിനിൽ കള്ളന്മാരുണ്ട് എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.
ഞങ്ങൾ തീരുമാനിച്ചുറപ്പിച്ചതു പ്രകാരം അവളെ വാച്ച് ചെയ്തു കൊണ്ട് യാത്ര തുടർന്നു. അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിൽക്കുന്നതിന്റെ മുൻപ് തന്നെ അവൾ ആ ഫാമിലിയുടെ അടുത്ത് വെച്ചിരുന്ന ബാഗെടുത്ത് ഓടുന്നതാണ് പിന്നെ കണ്ടത്. സത്യത്തിൽ അത് ഞങ്ങളുടെ ബാഗ് ആയിരുന്നു.


ബാഗിൽ വിലപിടിപ്പുള്ള ഒന്നുമില്ല. ഡ്രസ്സ് മാത്രമേയുള്ളൂ. ഞങ്ങൾ നാലുപേരും അവളുടെ പിറകെ ഓടി. റെയിൽവേ സ്റ്റേഷന്റെ പിറക് വശത്തൂടെ ഓടി. അവൾ തിരിഞ്ഞു നോക്കിയപ്പോഴാണ് കണ്ടത്, അപ്പോൾ ബുർഖ മാറിയിരിക്കുന്നു. അത് അവളല്ല, അവനാണ്. ഞങ്ങൾ സംശയിച്ചത് ശരിയായിരുന്നു. അയാളുടെ പിറകെ ഓടിയിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയതുകൊണ്ട് പിൻവാങ്ങി. ഞങ്ങൾ വീണ്ടും റെയിൽവേ സ്റ്റേഷനിലേക്ക് വന്നു. അപ്പോഴതാ ട്രെയിനും പോയിരിക്കുന്നു. 
റെയിൽവേ ഇൻഫർമേഷൻ സെന്ററിൽ പോയി അടുത്ത ട്രെയിൻ എപ്പോഴാണെന്ന് അറിഞ്ഞു. അടുത്ത ട്രെയിൻ ആ ഭാഗത്തേക്കുള്ളത് നാലു മണിക്കൂറിന് ശേഷമാണ്. നാലു മണിക്കൂറിന് ശേഷം ഉള്ള ട്രെയിനിന്റെ ടിക്കറ്റെടുത്ത് ഞങ്ങൾ വെയിറ്റ് ചെയ്തു. ഒരു ചെറിയ റെയിൽവേ സ്റ്റേഷൻ ആയിരുന്നു അത്. ആളും മനുഷ്യനും ഇല്ലാത്ത ഒരു റെയിൽവേ സ്റ്റേഷൻ. ഒന്നും ചെയ്യാനില്ലാതെ ചായയും കുടിച്ച് റെയിൽവേ സ്റ്റേഷന്റെ പാതയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഒന്നു രണ്ടു മണിക്കൂർ കഴിഞ്ഞു. ഞങ്ങൾ നാലു പേരും നാലു ഭാഗത്ത് ആയാണ് നിൽക്കുന്നത്. അപ്പോൾ ഫാറൂഖ് എന്റെയടുത്തേക്ക് ഓടി വന്നു പറഞ്ഞു:


അവൾ, അല്ല അവൻ അവിടെയുണ്ട്. അവൻ വീണ്ടും ബുർഖ ധരിച്ച് അതേ ചെരിപ്പിട്ട് ടോയ്‌ലറ്റിന്റെ ഭാഗത്തേക്ക് പോകുന്നു. ഞങ്ങൾ നാലുപേരും അവനെ പിന്തുടർന്നു അവനറിയാതെ ടോയ്‌ലറ്റ് ഭാഗത്തിലൂടെ ഞങ്ങൾ അവനെ പിന്തുടർന്നുകൊണ്ടിരുന്നു. രണ്ട് മിനിറ്റിനുള്ളിൽ ഒരു ട്രെയിൻ വരുന്നുണ്ട്. അനൗൺസ്‌മെന്റ് പ്ലാറ്റ്‌ഫോമിൽ നിന്ന് കേൾക്കാമായിരുന്നു. അവന്റെ ലക്ഷ്യം അടുത്ത ട്രെയിനിൽ കയറി മോഷ്ടിക്കലാണ്. ഞങ്ങൾ നാലുപേരും പിന്നിലൂടെ ചെന്ന് പിടികൂടി നന്നായി കൈകാര്യം ചെയ്തു. അവൻ കുതറി ഓടാൻ ശ്രമിച്ചെങ്കിലും ഞങ്ങൾ നാലു പേരും ഒരുമിച്ച് പിടിച്ചുവെച്ചു. സാധനം തിരിച്ചു തരാം എന്ന് പറഞ്ഞു അടുത്തുള്ള ഒരു ഹോട്ടലിലേക്ക് അവൻ ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി
ബാഗ് തിരിച്ചുതന്നു. പോലീസിനെ എൽപിക്കരുതെന്ന് അവൻ കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ അവനെ ഞങ്ങൾ വിട്ടയച്ചു. ട്രെയിൻ വന്നു. ഞങ്ങൾ യാത്ര തുടർന്നു. 
വീട്ടിൽ തിരിച്ചെത്തിയപ്പോൾ സമയം രാത്രിയായിരിക്കുന്നു. മേരി പറഞ്ഞ കാര്യം എന്താണെന്ന് അറിയാതെ ഞാൻ ആലോചനയിൽ മുഴുകി. ഞാൻ ഉറങ്ങാൻ കിടന്നു. രാത്രി ഏകദേശം മൂന്നു മണി. വീണ്ടും വെള്ളക്കുമിളകൾ മേൽപോട്ടു പൊങ്ങുന്ന ഗുളുഗുളു ശബ്ദം കേട്ട് ഞാൻ ഞെട്ടിയുണർന്നു.

Latest News