കയ്റോ- അറബ് ലോകത്ത് ഏറ്റവും ജനസംഖ്യ കൂടിയ രാജ്യമായ ഈജിപ്തിൽ മസ്ജിദുകൾ തുറന്നു. മൂന്നു മാസത്തിലേറെ നീണ്ട ഇടവേളക്കു ശേഷമാണ് രാജ്യത്തെ പള്ളികൾ ഇന്നലെ പുലർച്ചെ സുബ്ഹി നമസ്കാരത്തിന് തുറന്നത്. രാജ്യത്തെ ആരാധനാലയങ്ങൾ തുറക്കാൻ കഴിഞ്ഞയാഴ്ച ഈജിപ്ഷ്യൻ ഗവൺമെന്റ് തീരുമാനിച്ചിരുന്നു.
മസ്ജിദുകളിൽ വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാരങ്ങളും ക്രിസ്ത്യൻ ചർച്ചുകളിൽ ഞായറാഴ്ച കുർബാനയും നടത്തുന്നതിന് അനുമതിയില്ല. വിശ്വാസികൾക്കു മുന്നിൽ വീണ്ടും തുറക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിൽ പള്ളികളും ചർച്ചുകളും അണുവിമുക്തമാക്കാനും, ശാരീരിക അകലം ഉറപ്പുവരുത്താൻ അടയാളങ്ങൾ രേഖപ്പെടുത്താനുമുള്ള ജോലികൾ തകൃതിയായി നടന്നുവരികയായിരുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം ഈജിപ്തിൽ 62,755 പേർക്ക് കൊറോണബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ 2,620 പേർ മരണപ്പെടുകയും 16,737 പേർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.