വിരുന്നിന്റെ വേദിയിൽ കണ്ട സുൽത്താനായിരുന്നില്ല, ഡി.ലിറ്റ് ബിരുദം സ്വീകരിക്കാൻ രാജ് ഭവൻ ഹാളിലേക്കെത്തിയ സുൽത്താൻ. അവിടെയദ്ദേഹം അറിവിന്റെ ഔന്നത്യങ്ങളിലുള്ള സുൽത്താനായി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ അംഗവസ്ത്രമണിഞ്ഞ് ആഗതനായ അദ്ദേഹത്തെ കണ്ടപ്പോഴാണ് സുൽത്താനും വന്നല്ലോ... എന്ന വരികൾ ശരിക്കും ചേരുന്നതായി തോന്നിയത്. ഡി.ലിറ്റ് ബിരുദദാന ചടങ്ങിന്റെ ചിട്ടവട്ടങ്ങളെല്ലാം സ്‌കൂൾ കുട്ടിയുടെ എളിമയോടെ അനുസരിച്ച ഷാർജ ഭരണാധികാരി ബിരുദം സ്വീകരിച്ചു നടത്തിയ പ്രസംഗത്തിലും സ്വന്തം കുലീന വ്യക്തിത്വം അടയാളപ്പെടുത്തിവെച്ചു.
വന്നു കണ്ടു കീഴടക്കി എന്ന ക്ലീഷെയല്ലാതെ മറ്റെന്ത് പറഞ്ഞാലും ഷാർജ ഭരണാധികാരിയും ,യു.എ.ഇ സുപ്രിം കൗൺസിൽ അംഗവുമായ ഡോ. ഷേയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമിയുടെ കേരള സന്ദർശന വിജയം അടയാളപ്പെടില്ല. വന്നുപെട്ട എല്ലാ ഇടങ്ങളും അദ്ദേഹം തന്റെ തനത് വ്യക്തിത്വം കൊണ്ട് കീഴടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഓരോ നോക്കും വാക്കും വേറിട്ടുനിന്നു. കഥകളിയും, തിരുവാതിരകളിയും, മോഹനിയാട്ടവും, ഒപ്പനയും ,മാർഗ്ഗം കളിയുമൊക്കെ കാണുന്ന സുൽത്താനെ കോവളം ലീല റാവിസിന്റെ വിശിഷ്ട വേദിയിൽ തൊട്ടടുത്തിരുന്നു വീക്ഷിച്ചപ്പോൾ ഒരു കാര്യം ബോധ്യപ്പെട്ടിരുന്നു- അദ്ദേഹം സദസിൽ വെറുതെയങ്ങ് ഇരിക്കുകയല്ല ഈ കലകളൊക്കെ അതിന്റെ ആത്മാവിലിറങ്ങി ആസ്വദിക്കുകയാണെന്ന്. ഇടക്കിടെ ഓരോ കലാചലനങ്ങളും കാണുമ്പോൾ തൊട്ടടുത്തിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് സംശയനിവൃത്തി വരുത്തുന്ന സുൽത്താനെ അതിശയത്തോടെയാണ് കണ്ടത്. അറബ് ധൈഷണികതയുടെ തിളക്കം പ്രസരിപ്പിച്ചു കൊണ്ടിരുന്ന സുൽത്താൻ എല്ലാ ധാരണകളും ധാരണ പിശകുകളും കളങ്കമില്ലാത്ത കർമ്മങ്ങളിലൂടെ തിരുത്തുകയായിരുന്നു. വേദികളിൽ നിന്ന് വേദികളിലേക്ക് മാറിയ സുൽത്താൻ അവിടെയെല്ലാം തന്റെ ഔന്നത്യം ഉയർത്തിപ്പിടിച്ചു. വായനയുടെയും എഴുത്തിന്റെയും ലോകത്ത് ജീവിക്കുന്ന ഈ എൺപതുകാരന് അങ്ങിനെയല്ലാതെ കഴിയുമായിരുന്നില്ല. ചരിത്രകാരൻ കൂടിയായ അദ്ദേഹം, നോവലിസ്റ്റുമാണ്. മഹാനായ ഒ.വി വിജയന്റെ സഹോദരി ഒ.വി ഉഷ പരിഭാഷപ്പെടുത്തിയ വെള്ളക്കാരൻ ശൈഖ് എന്ന നോവൽ അദ്ദേഹത്തിന്റെതാണ്. ഇതുപോലെ എത്രയെത്ര കൃതികൾ. യു.എ.ഇ ഭരണാധികാരികൾ സംസ്‌കാരങ്ങളുടെ സംരക്ഷണത്തിനായി നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണ് ഷാർജ പുസ്തക മേള. ആ മേളയുടെ തലക്കെട്ട് 'അതിരുകളില്ലാത്ത അറിവ് ' എന്നാക്കിയത് എട്ട് കൊല്ലം മുമ്പാണ്. മലയാളം ന്യൂസ് സ്ഥാപക പത്രാധിപർ ഫാറൂഖ് ലുഖ്മാന്റെ അറബ് ലോകത്തെ പ്രശസ്തമായ കോളത്തിന്റെ പേര് അതിരുകളില്ലാത്ത ലോകം എന്നായിരുന്നു. സാർവ്വ ലൗകിക കാഴ്ചപ്പാട് ഉള്ളിൽ വഹിക്കുന്നവരുടെ ചിന്തയിൽ മാത്രം വരുന്ന വാക്കുകളും വാചകങ്ങളും.
ഗിരീഷ് പുത്തൻ ചേരിയുടെ വരികളിൽ എം.ജി ശ്രീകുമാറും സംഘവും പാടി തകർത്ത സുൽത്താന്റെ ഇമേജിൽ നിന്നൊക്കെ ഉയർന്നു പറന്ന മറ്റൊരു മഹാനായ സുൽത്താനെ കാണാനാണ് കേരളത്തിന് ഭാഗ്യം കിട്ടിയത്. സുൽത്താനും വന്നല്ലോ എന്ന പാടി പതിഞ്ഞ പാട്ടിലെ വരികൾക്ക് ഈ സുൽത്താന്മാർ കർമ്മം കൊണ്ട് തിരുത്തെഴുതി കഴിഞ്ഞതൊക്കെ പുത്തൻ ചേരിയും മറ്റും പിറക്കുന്നതിനും മുമ്പാണ്. അതൊന്നും അറിഞ്ഞിരിക്കേണ്ടത് ഇവിടെയിരുന്നെഴുതുന്നവരുടെ ബാധ്യതയല്ലെന്ന അന്ധമായ ബോധ്യം കൊണ്ടാകാം നമ്മുടെയുള്ളിൽ മലയാളത്തിന്റെ പ്രിയംകരനായ ആ പാട്ടെഴുത്തുകാരൻ ജനിപ്പിച്ചത് ...മണിമുത്തും പൊന്നിന്റെ ഉടവാളുള്ള .. സുൽത്താന്മാരെയായിരുന്നു. അറിവിന്റെ തലയെടുപ്പുള്ള ഈ സുൽത്താന്മാരെവിടെ. നമ്മുടെ മലിന മനസിലെ ...മുല്ലപ്പൂവിൻ ചേലൊത്ത, വെള്ള പഞ്ഞിക്കുപ്പായമിട്ട (ഗിരിഷ് പുത്തൻ ചേരി) കച്ചവടക്കാരായ സുൽത്താന്മാരെവിടെ.
വിരുന്നിന്റെ വേദിയിൽ കണ്ട സുൽത്താനായിരുന്നില്ല, ഡി.ലിറ്റ് ബിരുദം സ്വീകരിക്കാൻ രാജ് ഭവൻ ഹാളിലേക്കെത്തിയ സുൽത്താൻ. അവിടെയദ്ദേഹം അറിവിന്റെ ഔന്നത്യങ്ങളിലുള്ള സുൽത്താനായി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ അംഗവസ്ത്രമണിഞ്ഞ് ആഗതനായ അദ്ദേഹത്തെകണ്ടപ്പോഴാണ് സുൽത്താനും വന്നല്ലോ .. എന്ന വരികൾ ശരിക്കും ചേരുന്നതായി തോന്നിയത്. ഡി.ലിറ്റ് ബിരുദദാന ചടങ്ങിന്റെ ചിട്ടവട്ടങ്ങളെല്ലാം സ്‌കൂൾ കുട്ടിയുടെ എളിമയോടെ അനുസരിച്ച ഷാർജ ഭരണാധികാരി ബിരുദം സ്വീകരിച്ചു നടത്തിയ പ്രസംഗത്തിലും സ്വന്തം കുലീന വ്യക്തിത്വം അടയാളപ്പെടുത്തിവെച്ചു.
ഇവിടെയദ്ദേഹം സ്വീകരിച്ചത് പതിനേഴാമത് ഓണററി ഡോക്ടറേറ്റ്.
ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഈജിപ്ത്, ജപ്പാൻ, ദക്ഷിണ കൊറിയ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ സർവകലാശാലകൾ ഇതിനകം ഡോക്ടറേറ്റുകൾ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. സാംസ്‌കാരിക വൈജ്ഞാനിക മേഖലയിലെല്ലാം ലോകരാജ്യങ്ങളുടെ അംഗീകാരം നേടിയെടുത്ത ശൈഖ് സുൽത്താന് ഈ ആദരവ് നൽകിയവരും ശരിക്കും ആദരിക്കപ്പെടുകയായിരുന്നു. സാഹിത്യം, നാടകം, ചരിത്രം എന്ന് വേണ്ട അദ്ദേഹത്തിന്റെ കൈയ്യൊപ്പ് പതിയാത്ത വൈജ്ഞാനിക മേഖലയില്ല. രണ്ടാം ലോകയുദ്ധം കൊടുമ്പിരിക്കൊണ്ട നാൽപ്പതുകളിൽ ബ്രിട്ടീഷ് കോളനിയായിരുന്നു അദ്ദേഹത്തിന്റെ നാടായ എമിറേറ്റ്‌സും. ബാലനായിരുന്നു അന്നദ്ദേഹം. സമരബോധം രൂപപ്പെടാൻ സ്വന്തം എമിറേറ്റിന്റെ സമര ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണ പഠനങ്ങളും ധാരാളം. ഇല്ലായ്മകളുടെ ജീവിതവും നല്ല പരിചയമുണ്ട് ഈ ശൈഖിന്. അദ്ദേഹം പഠിച്ച സ്‌കൂൾ പനയോല മേഞ്ഞ സ്‌കൂളായിരുന്നു. അതെ, വല്ലപ്പോഴും പെയ്യുന്ന മരുഭൂമഴയിൽ നനയുന്ന സ്‌കൂൾ. ചോരുന്ന സ്‌കൂളിൽ പഠിക്കുമ്പോൾ അദ്ദേഹത്തിന് ഒമ്പത് വയസ് കഴിഞ്ഞിരുന്നു. കാര്യങ്ങളൊക്കെ മനസിൽ പതിയുന്ന പ്രായം. മാനവികതയുടെ പക്ഷത്ത് തന്നെ സമ്പന്ന രാജ്യ ഭരണാധികാരിയെ ഉറപ്പിച്ച് നിർത്താൻ ഈ അനുഭവങ്ങളും അദ്ദേഹത്തെ പരുവപ്പെടുത്തി.
ഇതിനെല്ലാം മധുരം പുരട്ടുന്ന മറ്റൊരു പ്രധാന കാര്യവും അദ്ദേഹം കൂടെ കൊണ്ടു നടക്കുന്നുണ്ട്. വിശുദ്ധ ഖുർആനിലുള്ള ഉള്ളിലിറങ്ങിയ അറിവാണത്. ഖുർആനെ ആത്മാവിൽ കൊണ്ടു നടക്കുന്ന ഒരു വ്യക്തി ഈ വിധം പെരുമാറ്റം കൊണ്ട് സുഗന്ധം പരത്തിയില്ലെങ്കിലാണതിശയം.
സ്പീക്കർ ശ്രീരാമകൃഷ്ണൻ അദ്ദേഹത്തിന് ആദരപൂർവ്വം കൈമാറിയ പുരാരേഖകൡൽ ശൈഖ് സൈനുദ്ദീൻ മഖ്ദൂം പതിനാറാം നൂറ്റാണ്ടിൽ അറബി ഭാഷയിൽ രചിച്ച 'തുഹ്ഫത്തൂൽ മുജാഹിദീൻ', ഫത്ഹുൽ മുഈൻ എന്നീ കൃതികളും ഉൾപ്പെടുന്നു. തുഹ്ഫത്തുൽ മുജാഹിദീനിൽ ഇങ്ങനെ എഴുതുന്നുണ്ട് : കൊല്ലം മുതൽ കന്യാകുമാരി വരെയുള്ള പ്രദേശങ്ങളുടെ അധിപനായ തിരുവടിക്കാണ് (വേണാടടികൾ) മലബാറിലെ രാജാക്കന്മാരെക്കാൾ കൂടുതൽ സൈനികശക്തി. അതുകഴിഞ്ഞാൽ ഏഴിമല, ശ്രീകണ്ഠാപുരം, കണ്ണൂർ, എടക്കാട്, ധർമ്മടം മുതലായ പട്ടണങ്ങളുടെയും മറ്റ് ചില പ്രദേശങ്ങളുടെയും ഭരണാധികാരിയായ കോലത്തിരിക്കും. എന്നാൽ, അധികാരവും പ്രശസ്തിയും സാമൂതിരിക്കാണ് കൂടുതൽ. ഇതര രാജാക്കൻമാർക്കിടയിൽ നല്ല സ്വാധീനമാണ് അദ്ദേഹത്തിന്. ഇസ്‌ലാം മതത്തിന്റെ മഹത്വം കൊണ്ടാണ് സാമൂതിരിക്ക് ഇത് കൈവന്നത്. അദ്ദേഹം മുസ്‌ലിംകളോട് വിശിഷ്യാ വിദേശികളായ മുസ്‌ലിംകളോട് അങ്ങേയറ്റത്തെ സ്‌നേഹബഹുമാനം വെച്ചു പുലർത്തുന്നു (പരിഭാഷ). സാമൂതിരി രാജാവ് ചരിത്രത്തിൽ മഹാനായതെങ്ങിനെയെന്ന് ഈ ഗ്രന്ഥം പറഞ്ഞു തരികയാണ്. ശൈഖ് സുൽത്താനെപോലുള്ളവരെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുക വഴി സമകാലീന കേരള സമൂഹവും നല്ല വഴിയിലാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്ന് ചുരുക്കം. അതു കൊണ്ട് നമുക്ക് മരിച്ചു പിരിഞ്ഞുപോയ പ്രിയംകരനായ പുത്തൻ ചേരിയുടെ പാട്ടിലെ സ്വീകാര്യമായ വരി ഈ വിധം മാറ്റി എഴുതി ആവർത്തിക്കാം- ഷേയ്ഖ് സുൽത്താൻ സലാം, സലാം....
വിരുന്നു വേദിയിൽ സ്പീക്കർ പി.രാമകൃഷ്ണനിൽ നിന്ന് അറബ് മുസ്‌ലിം ലോകം കേരള സമൂഹത്തിനു നൽകിയ സംഭാവനകളുടെ ചരിത്രരേഖ ആഹ്ലാദപൂർവ്വം സ്വീകരിക്കുന്ന ഷേയ്ഖ് സുൽത്താൻ.
ചരിത്രത്തെ കണ്ണി ചേർത്ത് ശ്രീരാമകൃഷ്ണൻ
മൊയ്‌ല്യാരൂട്ടികളുടെ കൂട്ടുകാരനായി സ്പീക്കർ പി.രാമകൃഷ്ണനെ ആരോ പരിചയപ്പെടുത്തിയതോർക്കുന്നു. അതെന്തായാലും അറബ് മുസ്‌ലിം സമൂഹത്തിന്റെ ചരിത്രം ഒരു അറബ് വ്യക്തിത്വത്തിന് മുന്നിൽ സമർപ്പിക്കാൻ പൊന്നാനിയുടെ ജനപ്രതിനിധിക്ക് സൗഭാഗ്യം ലഭിച്ചിരിക്കുന്നു.
അറബ് മുസ്‌ലിം ലോകം കേരള സമൂഹത്തിനു നൽകിയ സംഭാവനകളുടെ ചരിത്രരേഖ ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രിം കൗൺസിൽ അംഗവുമായ ഡോ. ഷേയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമിക്ക് നൽകുക വഴി തന്റെ റോൾ ചരിത്രപ്പെടുത്താൻ കേരള നിയമസഭാ സ്പീക്കർക്ക് സാധിച്ചു. കുലീനത നിറഞ്ഞു തുളുമ്പുന്ന കോവളം ലീല റാവിസ് വേദിയിൽ പുരാരേഖകളടങ്ങുന്ന ആമാടപ്പെട്ടി സമർപ്പിക്കുന്നത് കണ്ടപ്പോൾ അതിലെ ഉള്ളടക്കം ഈ വിധം മഹത്തരമായിരിക്കുമെന്ന് ആർക്കും ആലോചിക്കാൻ സാധിക്കുമായിരുന്നില്ല. പതിനെട്ടാം നൂറ്റാണ്ടിലെ കാർട്ടോഗ്രാഫ്, 1911ൽ അച്ചടിച്ച ഡച്ച് ഗസറ്റ്, ദലാ ഇലുൽ ഖൈറാത്ത് കൃതിയുടെ കല്ലച്ചിൽ അടിച്ച പ്രതി, ഷെയ്ഖ് സൈനുദ്ദീൻ മഖ്ദൂമുമായി ബന്ധപ്പെട്ട അറബിക് ലിപിയിലുള്ള അറബിക് മലയാളം ഹസ്ത ലിഖിതം, 1933ലെ തലശ്ശേരി മുസ്‌ലിം ക്ലബ്ബ് രൂപീകരണ രേഖകൾ, അത്യപൂർവ്വമായ കല്ലച്ചിൽ അടിച്ച ഖുർആൻ എന്നിവയാണ് സ്പീക്കർ സമ്മാനമായി നൽകിയത്. ഇത് കൂടാതെ ഹുസൈൻ നൈനാർ രചിച്ച 'അറബ് ജ്യോഗ്രഫേഴ്‌സ് ആൻഡ് ദി നോളജ് ഓഫ് സൗത്ത് ഇന്ത്യ' എന്ന പുസ്തകവും സ്പീക്കർ സമ്മാനിച്ചു. ആ പുരാരേഖകൾ രാമകൃഷ്ണനിൽ നിന്ന് സ്വീകരിക്കുമ്പോൾ സുൽത്താന്റെ മുഖത്ത് മിന്നിമറിഞ്ഞ വികാരം ഒപ്പിയെടുക്കാൻ ഒരു കാമറക്കും സാധ്യമാകുമായിരുന്നില്ല. അത്രക്ക് ചരിത്ര കുതുകിയാണല്ലോ ഈ സുൽത്താൻ. അറേബ്യ സമ്പത്ത് കൊണ്ട് ആറാടുന്നവരുടെ നാട് മാത്രമല്ല, ചരിത്രത്തിന്റെ നിധിശേഖരങ്ങളുള്ള ഇടം കൂടിയാണ്. അത് മനസ്സിലാക്കി ആശ്ലേഷിക്കാൻ കഴിയുമ്പോഴാണ് അതൊരു നല്ല രാഷ്ട്രീയ പ്രവർത്തനമാകുന്നത്. ചരിത്ര തമസ്‌കരണത്തിന്റെ ഈ കാലത്തും രണ്ട് മഹാസംസ്‌കാരങ്ങളെയും ചരിത്രത്തെയും ചേർത്തു കെട്ടുന്ന കണ്ണിയായിരിക്കയാണിവിടെ സ്പീക്കർ ശ്രീരാമ കൃഷ്ണൻ. രണ്ട് നാടുകൾ തമ്മിൽ പതിനഞ്ചാം നൂറ്റാണ്ടിൽ തുടങ്ങിയ സ്‌നേഹബന്ധത്തിന്റെ ഇങ്ങേ തലക്കൽ നിൽക്കാൻ സൗഭാഗ്യം കിട്ടിയ ഭരണ നേതാക്കളാണിന്ന് പി. ശ്രീരാമകൃഷ്ണനും, പിണറായി വിജയനുമൊക്കെ.അവരുടെ രാഷ്ട്രീയ ജീവിതത്തിൽ ലഭിച്ച മഹാ സൗഭാഗ്യം. -കുഞ്ഞമ്മദ്