അതിജീവനത്തിന്റെ ചിത്രക്കൂട്

ഒരു അതിജീവനത്തിന്റെ കഥയാണിത്. യാഥാർത്ഥ്യങ്ങളോടു പൊരുതി ജീവിതവിജയം നേടിയ സ്ത്രീയുടെ കഥ. പ്രകൃതിയും ജീവിതാവസ്ഥകളും തനിക്കുനേരെ തിരിഞ്ഞുനിന്നപ്പോൾ അവയെ നിഷ്പ്രഭമാക്കാൻ അവർ ചായപ്പാത്രവും ബ്രഷും കൈയിലേന്തി. മനസ്സിൽ തോന്നിയതെല്ലാം വരച്ചുകൂട്ടി. അവ ജനങ്ങൾക്കുമുന്നിൽ പ്രദർശിപ്പിച്ചു. അവയിലെല്ലാം ജീവിതാവസ്ഥയുടെ തീക്ഷ്ണനിറങ്ങളുണ്ടായിരുന്നു. കല്ലായിക്കാരിയായ ശാന്ത എന്ന ചിത്രകാരിക്കു മുന്നിൽ സുമനസ്സുകൾ സ്‌നേഹം ചൊരിഞ്ഞു. ആ സ്‌നേഹത്തിന്റെ ബാക്കിപത്രമെന്നോണം വെള്ളം കയറാത്ത, ചോർന്നൊലിക്കാത്ത ഒരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി.
ചിത്രകലയുടെ ലോകത്ത് ശാന്തചേച്ചി എന്നും ഒറ്റയ്ക്കായിരുന്നു. വയസ്സ് അൻപതു കഴിഞ്ഞാണ് അവർ ചായപ്പാത്രം കൈയിലെടുത്തത്. തനിക്കു ചുറ്റും കാണുന്ന പക്ഷികളും മൃഗങ്ങളും മനുഷ്യാവസ്ഥയുമെല്ലാം അവർക്ക് വിഷയങ്ങളായി. കോഴിയേയും താറാവിനെയും പശുവിനെയും വളർത്തി, അവയുടെ മുട്ടയും പാലും വിറ്റു കിട്ടുന്ന കാശുകൊണ്ട് ചായവും കാൻവാസും വാങ്ങി. അവയിൽ മനസ്സിലെ ഭാവനകൾക്കനുസരണമായ നിറം നൽകി. അപ്പോഴും അവർക്ക് ഒരു ദുഃഖം മാത്രമാണുണ്ടായിരുന്നത്. ഇങ്ങനെ വരച്ച ചിത്രങ്ങൾ സൂക്ഷിക്കാൻ സുരക്ഷിതമായൊരിടം. പലതും നശിച്ചുപോയെങ്കിലും ബാക്കിയായവ സുരക്ഷിതമായി സൂക്ഷിക്കാൻ അവർക്ക് ഇടം ലഭിച്ചിരിക്കുന്നു.
കല്ലായിക്കടുത്ത പയ്യാനക്കലിലെ മുണ്ടങ്ങാട്ടുവയൽ. ഇപ്പോഴത് പക്കാജി പറമ്പായി മാറിയിരിക്കുന്നു. മഴ പെയ്താൽ വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശം. വീടിനുള്ളിൽ വെള്ളം കയറി സർവ്വതും നശിച്ചുപോയിരുന്ന കാലം. മഴക്കാലത്ത് താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളം കയറും.
ശാന്തയുടെ വീട് ഇപ്പോൾ ഉയർന്നുനിൽക്കുന്നു. മുറ്റത്തു വിരിച്ച കരിങ്കൽ ജെല്ലിയും അതിനുമീതെ പാകിയ നടക്കല്ലുകളും ചവിട്ടിയെത്തുമ്പോൾ ആദ്യം നമ്മെ സ്വീകരിക്കുക ആർട്ട് ഗാലറിയാണ്. ചുടുകട്ടയിൽ പണിത് മുകളിൽ ഓടുപാകിയ ഒരു ചെറിയ മുറി. തൊട്ടുമുന്നിൽതന്നെയുണ്ട് ചീനിക്കൽ ഹൗസ് എന്നെഴുതിയ കുഞ്ഞുവീട്. അതും ചുടുകട്ട കൊണ്ട് ചുമരുണ്ടാക്കി ഓടുമേഞ്ഞ രണ്ടു മുറികളും അടുക്കളയും വരാന്തയുമെല്ലാമുള്ള വീട്. ടൈൽസ് പാകിയ നിലം. പുറത്തേയ്ക്കിറങ്ങിയാൽ നീണ്ട വഴിയെത്തുന്നത് ആർട്ട് ഗാലറിയിലേയ്ക്കാണ്.
ശാന്തചേച്ചിയുടെ ആദ്യചിത്രപ്രദർശനമാണ് ഓർമ്മയിലെത്തുന്നത്. പത്തുവർഷം മുൻപ് 2007 ലായിരുന്നു ആർട്ട് ഗാലറിയിൽ ആദ്യപ്രദർശനമൊരുക്കിയത്. അന്ന് ജീവിതാവസ്ഥ ഇങ്ങനെയായിരുന്നില്ല. ചോർന്നൊലിക്കുന്ന കൊച്ചുവീട്. വെളിച്ചം കയറാത്ത ഇരുട്ടുമൂടിക്കിടന്ന അകത്തളം. ചിത്രം വരയ്ക്കാനും കിടക്കാനും പെയിന്റിങ്ങുകൾ സൂക്ഷിക്കാനുമൊന്നും ഇടമില്ലാത്ത അവസ്ഥ. അന്നൊക്കെ ശാന്തചേച്ചി ചിത്രങ്ങൾ കാണാനെത്തുന്നവരോടെല്ലാം സ്വന്തം വീടിന്റെ ദുരവസ്ഥ വിവരിക്കുമായിരുന്നു. സ്വസ്ഥമായിരുന്ന് ചിത്രം വരയ്ക്കാനും അവയെല്ലാം സൂക്ഷിച്ചുവയ്ക്കാനും പറ്റിയ ഒരിടം. ചോർന്നൊലിക്കാത്ത, മഴ പെയ്യുമ്പോൾ പായും തലയിണയും ചുരുട്ടിക്കൂട്ടി മറ്റിടങ്ങളിൽ അഭയം തേടാതെ കഴിയാനുള്ള ഒരു സുരക്ഷിത താവളം. ആ ആഗ്രഹമാണിപ്പോൾ സാർത്ഥകമായിരിക്കുന്നത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റിന്റെ കോഴിക്കോട് ചാപ്റ്ററും ഗുഡ് എർത്ത് എന്ന സംഘടനയും ചേർന്നാണ് ശാന്തയുടെ ദീർഘകാല സ്വപ്നം യാഥാർത്ഥ്യമാക്കിയത്. വീടും ആർട്ട് ഗ്യാലറിയുമെല്ലാം ഈ കൂട്ടായ്മയാണ് നിർമ്മിച്ചുനൽകിയത്.
''വലിയൊരു സഹായമാണിത്. എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. മരിച്ചാലും ഈ ഉപകാരം മറക്കില്ല.'' കൈകൾ കൂപ്പി ശാന്തചേച്ചി പറഞ്ഞുതുടങ്ങുന്നു.
കല്ലായിപാലം കടന്നുചെന്ന് ചിത്രകാരി ശാന്തയെ അന്വേഷിച്ചാൽ ശാന്തേടത്തിയുടെ വീടല്ലേ എന്നു ചോദിക്കും. കൃത്യമായി വഴി പറഞ്ഞുതരികയും ചെയ്യും. വീട്ടിൽ ശാന്തചേച്ചിക്ക് കൂട്ട് ചേച്ചി പത്മാവതിയാണ്. സംസാരിച്ചുതുടങ്ങിയാൽ ദുരിതങ്ങളേറെ ഏറ്റുവാങ്ങിയ പഴയ കാലത്തേയ്ക്കാണ് നമ്മെ കൂട്ടിക്കൊണ്ടുപോകുക.
കല്ലായിലെ ഈർച്ചപ്പണിക്കാരനായ ചിദംബരത്തിന്റെയും ദേവകിയുടെയും അഞ്ച് മക്കളിൽ ഇളയ മകളാണ് ശാന്ത. തൃശൂരിൽനിന്നാണ് അച്ഛന്റെ പൂർവ്വികർ കോഴിക്കോട്ടെത്തിയത്. ജോലി കഴിഞ്ഞെത്തിയാൽ അച്ഛൻ ഞങ്ങളെയെല്ലാം പഠിപ്പിക്കും. എന്നിട്ടും എട്ടാം ക്ലാസുവരെയേ പഠിക്കാൻ കഴിഞ്ഞുള്ളു. എട്ടാം ക്ലാസിലെത്താൻതന്നെ പതിമൂന്നു കൊല്ലം പഠിക്കേണ്ടിവന്നു. കാരണം കണക്കിലെ കളികൾ തലയിൽ കയറുകയില്ലായിരുന്നു. എട്ടാം ക്ലാസ് തോറ്റതോടെ പഠനം നിർത്തി.
അക്കാലംതൊട്ടേ ചിത്രം വരയ്ക്കാൻ ഇഷ്ടമായിരുന്നു. മുറ്റത്തെ മണലിൽ വരച്ചുകളിക്കും. സ്ലേറ്റിലും വരയ്ക്കും. കരിക്കട്ടകൊണ്ട് പേപ്പറിൽ വരയ്ക്കും. കൂടാതെ തുണികൊണ്ട് പാവകളുണ്ടാക്കും. അവയ്ക്ക് ഉടുപ്പ് തുന്നിയിടും. മണ്ണുകൊണ്ട് ചെറിയ പാത്രങ്ങളുമുണ്ടാക്കും. അന്നേ കോഴിയേയും താറാവിനെയുമെല്ലാം വളർത്തുമായിരുന്നു. മുട്ട വിറ്റുകിട്ടിയ പണവുമായി ചേച്ചിമാരുമൊത്ത് കല്ലായി ലക്ഷ്മി ടാക്കീസിൽ സിനിമ കാണുവാൻ പോകുമായിരുന്നു.
ചി്രതരചനയോടുള്ള അടങ്ങാത്ത താൽപര്യമാണ് മദ്രാസിലെ ശന്തനൂസ് ചിത്രവിദ്യാലയത്തിൽനിന്നും തപാൽ മാർഗം ചിത്രരചന അഭ്യസിക്കാനുള്ള പ്രേരണയായത്. പത്രപരസ്യം കണ്ട് അപേക്ഷിച്ചു. മാസംതോറും പതിനാലു രൂപ അയച്ചുകൊടുത്ത് രണ്ടുവർഷത്തോളം ചിത്രരചന അഭ്യസിച്ചു. അതിനുള്ള പണം കണ്ടെത്തിയതും മുട്ട വിറ്റുകിട്ടുന്നതിൽനിന്നായിരുന്നു.
വർഷങ്ങൾ കടന്നുപോവുകയായിരുന്നു. ഇതിനിടയിൽ ജനാധിപത്യ മഹിളാ അസോസിയേഷനിൽ സജീവ പ്രവർത്തകയായി. സാക്ഷരതാ പ്രവർത്തനങ്ങളിലും മുൻപന്തിയിലുണ്ടായിരുന്നു. എട്ടാം ക്ലാസുവരെ പഠിച്ചിട്ടുള്ളുവെങ്കിലും അക്ഷരത്തിന്റെ ശക്തി അറിയാവുന്നതുകൊണ്ടാണ് സാക്ഷരതാ പ്രവർത്തനത്തിൽ പങ്കാളിയായത്. ഇതിനിടയിൽ കുറച്ചുകാലം ബീവറേജസ് കോർപ്പറേഷനിൽ സ്റ്റിക്കറൊട്ടിക്കുന്ന ജോലിയും നോക്കി.
വർഷങ്ങൾ കഴിഞ്ഞാണ് ചിത്രരചനയിൽ വീണ്ടും സജീവമാകുന്നത്. എസ്.കെ. പൊറ്റെക്കാട് സാംസ്‌കാരിക കേന്ദ്രത്തിൽ ചിത്രരചന അഭ്യസിക്കാൻ പോയി. കുട്ടികൾക്കൊപ്പമിരുന്ന് രണ്ടുവർഷത്തോളം പഠിച്ചു. ചിത്രകലാ അധ്യാപകരായ മഹേഷും സുധീഷുമാണ് സഹായമായത്. ആർട്ട് ഗാലറിയിലെ എല്ലാ ചിത്രപ്രദർശനങ്ങളും കാണുമായിരുന്നു. അങ്ങനെയാണ് തനിക്കുമൊരു ചിത്രപ്രദർശനം നടത്തിയാലോ എന്ന ചിന്ത വന്നത്. അധ്യാപകർ വീണ്ടും സഹായത്തിനെത്തി. 2007 ഡിസംബർ 23 ന് ആദ്യചിത്രപ്രദർശനം കോഴിക്കോട് ആർട്ട് ഗാലറിയിൽ അരങ്ങേറി.
ഇപ്പോൾ പ്രായം അറുപതു കഴിഞ്ഞു. നാലു ചിത്രപ്രദർശനങ്ങൾ നടത്തി. മൂന്നെണ്ണം കോഴിക്കോട്ടും ഒന്നു മലപ്പുറത്തും. രണ്ട് പ്രദർശനങ്ങൾക്ക് ലളിതകലാ അക്കാദമിയുടെ സാമ്പത്തിക സഹായമുണ്ടായിരുന്നു. ഇനിയും കുറേ വരയ്ക്കണം. ചിത്രപ്രദർശനം നടത്തണം. സ്വസ്ഥമായിരുന്ന് വരയ്ക്കാൻ ഒരു ഇടമായല്ലോ. അതിന് അക്കാദമിയുടെ ഗ്രാന്റിന് അപേക്ഷിക്കണം. കിട്ടുമോയെന്ന് അറിയില്ല. കാരണം ഒട്ടേറെ അപേക്ഷകരുണ്ടാകും. എങ്കിലും ശ്രമിച്ചുനോക്കണം. ശാന്തചേച്ചി നെടുവീർപ്പിടുന്നു.
മുട്ടയും പാലുമൊക്കെ വിറ്റാണ് ജീവിച്ചിരുന്നതെങ്കിലും ഇന്ന് ശാന്തചേച്ചിയുടെ വീട്ടിലുള്ളത് ആകെ മൂന്നു കോഴികൾ. തെരുവുനായ്ക്കൾ കൂടുപൊളിച്ച് എല്ലാത്തിനേയും കൊണ്ടുപോയി. ബാക്കിയുള്ളവ മഴവെള്ളം കയറിയപ്പോൾ ചത്തു. പശുവും ആടുമൊന്നും ഇപ്പോഴില്ല.
മുട്ടയും പാലുമൊന്നും വിൽക്കാനില്ലാത്തതുകൊണ്ട് ദൈനംദിന ജീവിതത്തിൽ ബുദ്ധിമുട്ടുകളുണ്ടാകാറുണ്ട്. എങ്കിലും ഇടയ്ക്ക് ചിലർ വരും. ചിത്രങ്ങൾ വാങ്ങും. കണക്കു പറഞ്ഞ് ഇതുവരെ പ്രതിഫലം വാങ്ങിയിട്ടില്ല. തരുന്നത് സ്വീകരിക്കും. ഈയിടെ ചില ചിത്രങ്ങൾ വിറ്റുപോയതിനാൽ ബുദ്ധിമുട്ടില്ലാതെ കഴിയുന്നു.
ചേച്ചിക്കും എനിക്കും ലഭിക്കുന്ന അവിവാഹിത പെൻഷനാണ് മുഖ്യവരുമാനം. ജീവിതം ഇങ്ങനെയൊക്കെയാണെങ്കിലും ഞങ്ങൾ വരുമാനപരിധിയിൽ മുകളിലാണ്. ബി.പി.എൽ റേഷൻ കാർഡായിരുന്നു ഞങ്ങളുടേത്. പുതിയ കാർഡ് വന്നപ്പോൾ അവിവാഹിത പെൻഷൻ മാത്രം വാങ്ങുന്ന ഞങ്ങൾ എ.പി.എൽ കാർഡുകാരായി. അതോടെ കിട്ടിക്കൊണ്ടിരുന്ന അരിയും ഗോതമ്പുമെല്ലാം പോയി. അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. ബി.പി.എൽ കാർഡായി മാറ്റിത്തരുമെന്ന പ്രതീക്ഷയിലാണിപ്പോൾ.
പണ്ടുകാലത്ത് ഏറെ ദുരിതപർവ്വങ്ങൾ താണ്ടിയതുകൊണ്ടാവാം ശാന്തചേച്ചിക്ക് ഇതൊന്നും വലിയ പ്രശ്‌നമല്ല. ചില്ലറ അസുഖങ്ങൾ വേട്ടയാടുന്നുണ്ടെങ്കിലും ഇപ്പോഴത്തെ ആരോഗ്യം നിലനിന്നുപോയാൽ മതി. മനസ്സിന്റെ ധൈര്യമാണ് പ്രധാനം. മനോബലമുണ്ടെങ്കിൽ എന്തിനേയും നേരിടാൻ ഈ ചിത്രകാരി ഒരുക്കമാണ്.
ഗുഡ് എർത്തിന്റെ ചീഫ് ആർക്കിടെക്റ്റ് വിനോദ് സിറിയക്കിനും ഇത് സന്തോഷത്തിന്റെ നിമിഷങ്ങളാണ്. കലാകാരന്മാരെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്.  പത്തുവർഷം മുൻപാണ് ശാന്തചേച്ചിയെ പരിചയപ്പെട്ടത്. മുട്ടയും പാലും വിറ്റാണ് ചിത്രരചനയ്ക്കുള്ള സാധനങ്ങൾ വാങ്ങുന്നത് എന്നറിഞ്ഞപ്പോൾ ബഹുമാനം തോന്നി. പിന്നീട് പലപ്പോഴും അവരുടെ ചിത്രങ്ങൾ വാങ്ങിക്കാറുണ്ട്. അങ്ങനെയാണ് ആർക്കിടെക്റ്റുകളുടെ സമ്മേളനത്തിൽ അവരുടെ ചിത്രങ്ങൾ പ്രദർശനത്തിനൊരുക്കിയത്. പരസ്പരം കാണുമ്പോൾ പലപ്പോഴും വീടിനെക്കുറിച്ചായിരുന്നു അവർ സംസാരിച്ചത്. ക്രമേണ അവർക്കൊരു വീട് നിർമ്മിച്ചുനൽകുക എന്നതായി ലക്ഷ്യം. പത്തുലക്ഷത്തോളം രൂപയാണ് ചെലവായത്. ഞങ്ങളുടെ ഓരോ ജീവനക്കാരനും നൽകിയ സംഭാവനകൾ ചേർത്ത് പകുതി പണം സ്വരൂപിച്ചു. ബാക്കി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റാണ് നൽകിയത്. ആറുമാസംകൊണ്ട് പണി പൂർത്തിയാക്കുകയും ചെയ്തു. വെള്ളം കയറാത്ത വീടും ചിത്രങ്ങൾ വരയ്ക്കാനും പ്രദർശിപ്പിക്കാനുമുള്ള ഒരിടവും. ഇത്രയേ ഉദ്ദേശിച്ചുള്ളു. കാരണം കലാകാരന്മാർ ആദരിക്കപ്പെടേണ്ടവരാണ് -വിനോദ് പറഞ്ഞുനിർത്തി.

Latest News