ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയുടെ അമ്മയ്ക്ക് പറയാനുള്ളത് എന്ന നാടകമാണ് കാണികളുടെ മനസ്സിൽ തീ കോരിയിടുന്ന അനുഭവം പകർന്ന് അരങ്ങുകൾ കീഴടക്കി നിരവധി വേദികൾ പിന്നിട്ടത്.
പീഡനത്തിനിരയായ മകളെ കൊല്ലാനുള്ള വഴികൾ തേടി പരാജയപ്പെട്ട് മനഃസംഘർഷങ്ങളാൽ ആടി ഉലയുന്ന അമ്മമനസ്സിനെ വികാര തീവ്രമായി ചിത്രീകരിക്കുന്ന കുട്ടികളുടെ നാടകം. ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയുടെ അമ്മയ്ക്ക് പറയാനുള്ളത് എന്ന നാടകമാണ് കാണികളുടെ മനസ്സിൽ തീ കോരിയിടുന്ന അനുഭവം പകർന്ന് അരങ്ങുകൾ കീഴടക്കി നിരവധി വേദികൾ പിന്നിട്ടത്.
പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ കൊല്ലേണ്ടതെങ്ങനെ എന്ന കവിതയെ നാടകരൂപത്തിലാക്കി സംവിധാനം ചെയ്തത് സജീവൻ ഇടയിലെക്കാടാണ്. സമകാലിക ലോകത്ത് പീഡന വാർത്തകൾ നിറയുമ്പോൾ ഇരകളുടെ കുടുംബം അനുഭവിക്കുന്ന അന്തഃസംഘർഷങ്ങളെ വികാര തീവ്രതയോടെ അരങ്ങിലെത്തിക്കുകയാണ് കൊച്ചു കലാകാരന്മാർ. കുട്ടികളുടെ നാടകത്തിന്റെ കയ്യടക്കവും പൊതു നാടകങ്ങളുടെ സാധ്യതകളും പരമാവധി ഉൾച്ചേർത്തിരിക്കുന്ന ഈ കലാസൃഷ്ടി 40 മിനിറ്റ് നീളുന്നതാണ്. നവോദയ ബാലവേദിയുടെ മൂന്നാമത് നാടകമാണിത്. കഴിഞ്ഞവർഷം ലൈബ്രറി കൗൺസിലിന്റെ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡും മികച്ച നടനുള്ള പുരസ്‌കാരവും നേടിയ 'മുജീബ് ഓടിക്കൊണ്ടിരിക്കുന്നു', ഈ വർഷം രംഗത്തെത്തിച്ച കാവാലം നാരായണപ്പണിക്കരുടെ പ്രശസ്തമായ 'വെച്ചുമാറ്റം' എന്നിവയാണ് മറ്റ് നാടകങ്ങൾ.
ഇത്തവണ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ നാടകത്തിനുള്ള അവാർഡ് ലഭിച്ച ഗിരീഷ് സോപാനമാണ് വെച്ചുമാറ്റം സംവിധാനം ചെയ്തത്. മുജീബ് ഓടിക്കൊണ്ടിരിക്കുന്നു എന്ന നാടകത്തിന്റെ സാക്ഷാൽക്കാരം നിർവഹിച്ചത് സജീവൻ ഇടയിലെക്കാട് തന്നെയാണ്. ആര്യാ എം. ബാബുവാണ് നാടകത്തിലെ മുഖ്യ കഥാപാത്രമായ അമ്മയായി വേഷമിടുന്നത്. ഫിദൽ, സംവൃത, അതുൽ, അഭിജിത്ത്, അഞ്ജലി രാജീവൻ, അക്ഷദ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സാന്ദ്രാ സജീവൻ, മനു പയ്യന്നൂർ, പി. വി രവീന്ദ്രൻ, എം. ബാബു, കെ. വി രാജൻ എന്നിവരാണ് അണിയറയിൽ.