Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പോർബന്തറിലേക്കൊരു പിൻനടത്തം ഡോ. എം. ഗംഗാധരന്റെ ഗാന്ധിവിചാരം

മഹത്തുക്കളുടെ പിറവി അങ്ങനെയാണ്. അവ ഒരു നേരം കൊണ്ടൊടുങ്ങുന്നതല്ല. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ ജീവിതവും അങ്ങനെയാണ്. ഗുജറാത്തിലെ പോർബന്തറിൽ പിറന്ന് ഇന്ത്യൻ മണ്ണിൽ വേരൂന്നിയ വൈദേശിക ശക്തികളെ അഹിംസയുടെ മാർഗത്തിലൂടെ തുരത്തിയ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി. അഹിംസയുടെ ആൾരൂപമായ ബാപ്പുജിയുടെ 148-ാം ജന്മദിനമാണ് നാളെ. എല്ലാമുണ്ടായിട്ടും പാവപ്പെട്ടവരുടെ കണ്ണീരൊപ്പി ഇല്ലാത്തവനായി ജീവിച്ച് ഒടുവിൽ രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിക്കേണ്ടിവന്ന മഹാത്മാവാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി. എന്നാൽ ഗാന്ധിയുടെ ആദർശവും വീക്ഷണവും കളഞ്ഞുപോകുന്ന പുതിയ കാലഘട്ടത്തിൽ ബാപ്പുജിയുടെ ജീവിതത്തിലേക്ക് ഒരു യാത്ര നടത്തുകയാണ് പ്രമുഖ ചരിത്രകാരൻ ഡോ.എം. ഗംഗാധരൻ. ഗാന്ധിസം പിറക്കാത്ത അടഞ്ഞ ഇടങ്ങളിലേക്ക് ചരിത്രകാരൻ ചെന്നെത്തുന്നു.   വിഭാഗീയതയുടെ വിലാപങ്ങൾ ഉയരുന്ന ഓരോ പോർമുഖങ്ങളും ഇന്ന് ഒരു പോർബന്തറിന്റെ സ്പർശം കൊതിക്കുന്നുണ്ടെന്ന് പറഞ്ഞ് അദ്ദേഹം പരപ്പനങ്ങാടിയിലെ കൈലാസം വീട്ടിലിരുന്ന് മലയാളം ന്യൂസിന് വേണ്ടി മനസ്സ് തുറക്കുന്നു.

ഗാന്ധി ദർശനങ്ങൾ

ഇന്ത്യയുടെ രാഷ്ട്രപിതാവും ആധുനിക ലോക മനസ്സാക്ഷിയുടെ ആന്തരിക വെളിച്ചവുമായ മഹാത്മാ ഗാന്ധിയുടെ ദർശനങ്ങൾ എന്നും മാതൃകയാണ്. രാജഭരണം ആഭരണമണിയിച്ച ഇന്ത്യയുടെ ചരിത്രത്തിൽ നാട്ടുരാജ്യങ്ങളുടെ കലഹങ്ങൾക്കിടയിലൂടെ കച്ചവട     തന്ത്രവുമായി കടൽ കടന്നെത്തിയ വിദേശ ശക്തികളെ അഹിംസയുടെ മാർഗത്തിലൂടെ ഓടിച്ച ചരിത്രം ലോക ചരിത്രത്താളുകളിൽ എന്നും ജ്വലിച്ചു നിൽക്കുന്നുണ്ട്. മഹാത്മാ ഗാന്ധിയെ ഞാൻ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഇളം പ്രായത്തിലെ ബാപ്പുജിയെക്കുറിച്ച് അറിയാൻ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ദർശനങ്ങൾ പലതും ജീവിതത്തിൽ പുലർത്താൻ ശ്രമിച്ചിട്ടുമുണ്ട്. വർഗീയതയും തീവ്രവാദവും രാഷ്ട്രീയ വൈരവും ഭാഷാ ദേശവാദ വിവാദങ്ങളും മുറിവേൽപ്പിക്കുന്ന ഭാരതീയതയുടെ വിലാപങ്ങളിൽ ഒരു ഗാന്ധിജയന്തി എന്നും മുഴങ്ങുന്നുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
 എക്കാലത്തും മഹത്‌വൽക്കരിക്കപ്പെട്ട ജീവിതമാണ് ഗന്ധിജിയുടേത്. എല്ലാ മതങ്ങളും ഒരേ പോലെ അംഗീകരിക്കാൻ അദ്ദേഹം ഒരു മടിയും കാണിച്ചിരുന്നില്ല. ഈശ്വര ദർശനമാണ് മതങ്ങളുടെ അടിത്തറയെന്ന് അദ്ദേഹം വിശ്വസിക്കുകയും അത് പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. സത്യം, ത്യാഗം, സ്‌നേഹം, അക്രമരാഹിത്യം എന്നിങ്ങനെ സാധാരണക്കാർക്ക് മനസ്സിലാകുന്ന പ്രഭാഷണങ്ങളിലൂടെ ഗാന്ധിജി തെളിയിച്ചുകൊടുത്ത ആത്മാഭിമാനത്തിന്റെയും ആത്മത്യാഗത്തിന്റേതുമായ സമരായുധം പിൽക്കാലത്ത് ലോകത്തെമ്പാടുമുള്ള ദുഷ്ടരായ ഭരണാധികാരികളെ കെട്ടുകെട്ടിക്കാൻ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

അഹിംസയുടെ വേദപുസ്തകം
ലോക മനസ്സാക്ഷിക്ക് മുമ്പിൽ മഹാത്മാഗാന്ധി പ്രതിഷ്ഠിച്ച ഏറ്റവും ശ്രേഷ്ഠമായ മൂല്യവത്തായ ദീപഗോപുരം അഹിംസ തന്നെയാണ്. നിന്റെ എതിരാളിയെ നീ സ്‌നേഹം കൊണ്ട് കീഴടക്കുക എന്ന ഗാന്ധിസൂക്തം അഹിംസയുടെ താക്കോലാണ്. സത്യഗ്രഹമായിരുന്നു ഗാന്ധിയുടെ സമരമുറ. സത്യത്തെ ഗ്രഹിക്കുക എന്നതാണ് ഗാന്ധിജി ആ സമര മുറകൊണ്ട് ഉദ്ദേശിച്ചത്. യുദ്ധങ്ങളിലൂടെ ചോര ചിന്തുന്ന സമരമുറ അദ്ദേഹത്തിന്റെ ആശയമായിരുന്നില്ല. സത്യഗ്രഹത്തിലൂടെ ശത്രുവിനെ കീഴടക്കാനാണ് ഗാന്ധിജി ശ്രമിച്ചിരുന്നത്.     അഹിംസ എന്നാൽ കൊല്ലാതിരിക്കൽ മാത്രമല്ല മനസ്സിലോ, ശരീരത്തിലോ ഒരു പോറൽ പോലും ഏൽക്കാതെ അപരന് കാവലാവുക എന്നതാണ് അദ്ദേഹം അർത്ഥം വെച്ചിരുന്നത്.  
 നെഞ്ചിൽ ചവിട്ടിയ സായിപ്പിനോട് നിങ്ങളുടെ കാല്് വേദനിച്ചോ. എന്ന് ചോദിച്ച മഹാൻ തന്നെയാണ് ഒരു കവിളത്തടിച്ചവന് മറുകവിളും കാണിച്ചു നൽകിയത്. ഇവിടെയാണ് ഗാന്ധിജിയെ നാം അടിവരയിട്ട് വായിക്കേണ്ടതും പഠിക്കേണ്ടതും. ഇന്ത്യയിൽ ചൂഷകരും ദുഷ്ടരുമായ ഭരണാധികാരികളെ കെട്ടുകെട്ടിക്കുകയും അടിയറവ് പറയിക്കുകയും ചെയ്തത് അഹിംസ എന്ന തത്ത്വത്തിലൂടെയാണ്. ലോകത്ത് ഈ വിധത്തിൽ വിപ്ലവം വിജയിപ്പിച്ച വേറെ ഒരു മഹാനുമില്ല. ജനാധിപത്യ സമൂഹങ്ങളിലെ മധ്യവർഗസമരങ്ങൾ മുതൽ ഫാസിസ്റ്റ് പിന്തിരിപ്പൻ ശക്തികൾക്കെതിരെയുളള ഗൂഢതന്ത്രങ്ങളിൽ വരെ ഗാന്ധിമാർഗം പ്രധാന കർമപരിപാടിയായി ഇന്നു മാറുന്നതും അത്
കൊണ്ടാണ്. ആയുധം കയ്യിലുള്ളവന്റെ അക്രമത്വരയേയും അധികാരമുളളവന്റെ മേലാള ധാർഷ്ട്യത്തേയും അഹിംസ എന്ന വിശ്വാസ സാഹോദര്യ മൂല്യം കൊണ്ട് നിർവീര്യമാക്കിയ മഹാനാണ് ഗാന്ധി. അത് കൊണ്ടാണ് എല്ലാവരും ഗാന്ധിയുടെ ജീവിതം പകർത്തണമെന്ന സന്ദേശമായി 2007 മുതൽ ഐക്യരാഷ്ട്ര സംഘടന ഗാന്ധിജയന്തിദിനം അന്താരാഷ്ട്ര അഹിംസാ ദിനം കൂടിയായി ആചരിക്കുന്നത്.


ഡോ. എം. ഗംഗാധരൻ

കേരളത്തിലെ മികച്ച ചരിത്രപണ്ഡിതനും സാംസ്‌കാരിക വിമർശകനും ഗ്രന്ഥകാരനുമാണ് ഡോ. എം. ഗംഗാധരൻ. ഏറ്റവും മികച്ച വിവർത്തന കൃതിക്കുള്ള 1999 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അർഹനായിട്ടുണ്ട്.    മലബാർ കലാപത്തെ കുറിച്ചു കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് പി.എച്ച്.ഡി നേടിയിട്ടുള്ള അദ്ദേഹം മലബാറിലെ മാപ്പിളമാരെ കുറിച്ചു സവിശേഷമായി പഠനം നടത്തി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഗാന്ധിയൻ ആദർശത്തിൽ വിശ്വസിച്ച് ഗാന്ധി ഒരു അന്വേഷണം എന്ന പുസ്തകം എഴുതിയിട്ടുണ്ട്. പി.കെ. നാരായണൻ നായരുടേയും മുറ്റയിൽ പാറുകുട്ടിയമ്മയുടേയും മകനായി മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ 1933 ൽ ജനനം. 1954 ൽ മദ്രാസ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബി.എ (ഓണേഴ്‌സ്) കരസ്ഥമാക്കി. മദിരാശിയിൽ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഓഡിറ്ററായിരുന്നു. പിന്നീട് ചരിത്രാധ്യാപകനായി. 1986 ൽ മലബാർ കലാപത്തെ കുറിച്ച പ്രബന്ധത്തിനു കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി. ആറുവർഷക്കാലം കോട്ടയം സർവകലാശാലയിൽ വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ടിച്ചു. 1970 മുതൽ 75 വരെ തവനൂർ റൂറൽ ഇൻസ്റ്റിറ്റിയൂട്ടിൽ.
1975 മുതൽ 88 വരെ കോഴിക്കോട് ആർട്ട്‌സ് ആൻഡ് സയൻസ് കോളേജിൽ അധ്യാപകനായിരുന്നു.ആനുകാലികങ്ങളിൽ ചരിത്രം, സംസ്‌കാരം തുടങ്ങിയ വിഷയങ്ങൾ എഴുതുന്നു. ചരിത്രപണ്ഡിതനായ എം.ജി.എസ്. നാരായണൻ ഗംഗാധരന്റെ സഹോദരിയുടെ മകനാണ്. ഭാര്യ:മുനാദേവി. മകൻ: നാരായണൻ. മകൾ: നളിനി


ഗാന്ധിയുടെ സമത്വജീവിതം 
അഹിംസാ വാദിയായിരുന്ന ഗാന്ധിയുടെ പലതീരുമാനങ്ങൾക്കും അക്കാലത്ത് തന്നെ തീവ്രത പോരായെന്ന് പറഞ്ഞ് സുഭാഷ് ചന്ദ്രബോസ് അടക്കം എതിർത്തിരുന്നു. എന്നാൽ പിൽക്കാലത്ത് ഗാന്ധിയായിരുന്നു ശരിയെന്ന് അവർക്കെല്ലാം ബോധ്യപ്പെടുകയും ചെയ്തു.   ഉണ്ണാവ്രതവും ഉപ്പുസത്യഗ്രഹവും അടക്കം സഹനസമരം നടത്തി ലോകത്ത് സ്വാതന്ത്ര്യം നേടിയ ഏക രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ കൊള്ളരുതായ്മക്കെതിരെ പോരാടാനുള്ള ഉറച്ച മനസ്സുമായാണ് ഗാന്ധിജിയുടെ രാഷ്ട്രീയ ജീവിതം സജീവമായത്. സഹന സമരങ്ങൾ നടത്തുന്നതിനിടെ ജാലിയൻവാലാബാഗ് പോലെയുള്ള കൂട്ടക്കൊല ഗാന്ധിജിയെ ഏറെ വേദനിപ്പിച്ചിരുന്നു. ഇതിന് അതെ നാണയത്തിൽ മറുപടി നൽകാതെ അദ്ദേഹം ബ്രിട്ടീഷുകാർ നൽകിയ കൈസർ എ ഹിന്ദ് ബഹുമതി തിരിച്ചുനൽകുകയാണ് ചെയ്തത്. ഒരു പക്ഷെ ബ്രിട്ടീഷുകാർക്ക് അതായിരിക്കും വലിയ തിരിച്ചടിയായി തോന്നിയിട്ടുണ്ടാവുക. അതുകൊണ്ടാണ് ഗാന്ധിയൻ മാർഗങ്ങളുടെ പ്രസക്തി ഇന്നും നഷ്ടപ്പെടാതിരിക്കുന്നത്.  
ദേശീയ പ്രസ്ഥാനത്തിന്റെ സമരമുഖം ഗാന്ധിജി തുടങ്ങുന്നത് ആദ്യം ദക്ഷിണാഫ്രിക്കയിലാണ്. കറുത്ത വർഗക്കാരുടെ നീതിനിഷേധത്തിനെതിരെയാണ് ഗാന്ധിജി ആദ്യമായി ശബ്ദമുയർത്തിയത്. ഇതിനാണ് ആദ്യം അദ്ദേഹം ജയിൽ വാസം അനുഷ്ഠിച്ചത്. ഇതിലൂടെ പാകപ്പെടുത്തിയ സമരമുറകളുമായാണ് അദ്ദേഹം ഇന്ത്യൻ സ്വതന്ത്ര്യ സമരത്തിന് ദക്ഷിണാഫ്രിക്കയിൽ നിന്ന് ജന്മനാട്ടിലെത്തിയത്. മതവും ജാതിയും നോക്കാതെയാണ് ഗാന്ധിജി ഓരോ പ്രവൃത്തികളും ചെയ്തിരുന്നത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ ഗാന്ധിജി ഒരു ഭരണഘടന എഴുതാൻ ഏൽപ്പിച്ചത് ഡോ.അംബേദ്ക്കറെയാണ്. അദ്ദേഹം താഴ്ന്ന ജാതിയിൽപ്പെട്ടയാളായിരുന്നു. ഇന്ത്യയിൽ എല്ലാ മതസ്ഥർക്കും ഒരേ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ കഴിയണമെന്ന സമത്വ ചിന്തയിൽ നിന്നാണ് ഗാന്ധിജി ഭരണഘടന എഴുതിച്ചത്. അക്കാലത്ത് പാക്കിസ്ഥാന് വേണ്ടി മുറവിളി നടന്നപ്പോൾ ഗാന്ധിജി മനസ്സില്ലാ മനസ്സോടെ അതിന് സമ്മതം നൽകി. എന്നാൽ പാക്കിസ്ഥാനേക്കാളും ബഹുസ്വരതയോടെയുളള ജീവിതം ഇന്ന് ഇന്ത്യയിലാണ്. അത് തന്നെയാണ് ഗാന്ധി കണ്ട സ്വപ്‌നവും.

ഗാന്ധിയൻ ആശയത്തെ അവഗണിക്കുന്നവർ

ഗാന്ധിയൻ ആശയം രാജ്യത്ത് പ്രചരിക്കുന്നതിൽ അസഹിഷ്ണുത പൂണ്ടതിനാലാണ് സ്വാതന്ത്ര്യം നേടിയ രാജ്യത്ത് ജീവിക്കാനുളള അവകാശം ഗാന്ധിക്ക് നിഷേധിക്കപ്പെട്ടത്.    സൂര്യനസ്തമിക്കാത്ത രാജ്യത്തിന്റെ പ്രതിനിധികളല്ല ബാപ്പുജിയെ വെടിവെച്ചു കൊന്നത്.     ഇന്ത്യയിൽ ജനിച്ച നാഥുറാം വിനായക് ഗോഡ്‌സെ എന്ന ആയുധ ധാരിയാണ്. ആയുധമുള്ളവൻ അപരനെ നിരായുധനാക്കി നിരന്തരം വേട്ടയാടപ്പെടുമെന്ന സത്യമാണ് ഗാന്ധി തുറന്ന് പറഞ്ഞിരുന്നത്. ഇന്ന് എല്ലാ രാഷ്ട്രീയ പാർട്ടിക്കാർക്കും ഗാന്ധിജിയെ അറിയാം.   എന്നാൽ മനപ്പൂർവ്വം പലരും ഗാന്ധിജീവിതം മറക്കുന്നു.  മറന്നില്ലെങ്കിൽ അവർക്ക് ജീവിക്കാൻ കഴിയില്ലെന്ന ഉത്തമ ബോധ്യം അവർക്ക് തന്നെയുണ്ട്. അത് കൊണ്ടാണ് നാട്ടിൽ അസഹിഷ്ണുത ഉടലെടുക്കുന്നത്. അവർ ജാതിയുടേയും മതത്തിന്റെയും പേരിൽ ആളുകളെ വേർതിരിച്ചു കാണാൻ ശ്രമിക്കുന്നു.
ഇന്ത്യയിൽ മനുഷ്യ ശക്തി (ഹ്യൂമൻ റിസോഴ്‌സ്) ധാരാളമാണ്. അതിനെ വേണ്ടവിധത്തിൽ ഉപയോഗിക്കാനാണ് കഴിയേണ്ടത്.എന്നാൽ മാത്രമെ സമത്വമുണ്ടാവുകയുളളൂ.യന്ത്രങ്ങളും വികസന തന്ത്രങ്ങളുമുണ്ടായത് മുതലാളിമാർക്ക് പണമുണ്ടാക്കാനാണ്.ജനാധിപത്യമെന്ന് പറയുന്നത് മുതലാളിത്തത്തിന്റെ ഭരണകൂടമാണ്. അത് എല്ലാകാലത്തും പണക്കാരാൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്.അടുത്ത കാലത്തായി ഇന്ത്യയിൽ പണത്തോടൊപ്പം, മതം, ജാതി എന്നിവ കൂടി സ്വാധീനിക്കപ്പെടുന്നുണ്ട്.
ജനാധിപത്യം അവകാശപ്പെടുന്ന പാർട്ടികൾക്ക് പോലും ഇന്ന് പണത്തിന്റെയും അധികാരത്തിന്റെയും അഹന്തയാണ്. അതുകൊണ്ട് സാധാരണക്കാരന് നീതിനിഷേധിക്കപ്പെടുന്നത്.
ഈ കാലഘട്ടത്തിലാണ് ഗാന്ധിയൻ ആദർശങ്ങൾ മുഴങ്ങേണ്ടതും പ്രചരിപ്പിക്കേണ്ടതും.

Latest News