അണ്ടർ -17 ലോകകപ്പിന് വരുന്ന ജർമനിയുടെ ഒമ്പതാം നമ്പറാണ് യാൻ ഫീറ്റ് ആർപ്. ചില്ലറക്കാരനല്ല കക്ഷി. ഒരു കളിയിൽ 16 ഗോളടിച്ചിട്ടുണ്ട്. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്‌സ്പറിന്റെ ഹാരി കെയ്‌നാണ് ആർപിന്റെ ഹീറോ. ഇന്ത്യയിൽ കിരീടം നേടുകയാണ് പതിനേഴുകാരന്റെ സ്വപ്നം. സെൻട്രൽ ഫോർവേഡായ ആർപിന്റെ ചുമലിലാണ് ആ സ്വപ്നത്തിന്റെ ഭാരം. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ പ്രതീക്ഷക്കൊത്തുയരാൻ കഴിഞ്ഞു.
ജർമൻ ലീഗിലെ മുൻനിര ക്ലബ്ബായ എസ്.വി ഹാംബർഗിന്റെ കളിക്കാരനാണ് ഇപ്പോൾ തന്നെ ആർപ്
? മുൻനിര ക്ലബ്ബുകൾ കാത്തിരിക്കുമ്പോൾ എന്തിനാണ് ഹാംബർഗുമായി രണ്ടു വർഷത്തെ കരാറൊപ്പിട്ടത്
= പതിനേഴാം വയസ്സിൽ ടീമിലെ പ്രായം കുറഞ്ഞ കളിക്കാരനാണ് ഞാൻ. എന്നിട്ടും മുൻനിര താരങ്ങൾക്കൊപ്പം പരിശീലിക്കാൻ ക്ലബ് അവസരം തന്നിട്ടുണ്ട്. അടുത്ത വർഷം എനിക്ക് ഡ്രൈവിംഗ് ലൈസൻസ് നേടണം, ഹൈസ്‌കൂൾ ഡിപ്ലോമ പൂർത്തിയാക്കണം. അത് വളരെ പ്രധാനമാണ്. മറ്റൊരു ക്ലബ്ബിലേക്ക് ഇപ്പോൾ മാറുന്നത് ഗുണകരമല്ല. മാത്രമല്ല, ഹാംബർഗ് എന്റെ പ്രിയപ്പെട്ട ക്ലബ്ബാണ്.
2000 ജനുവരി ആറിന് ഷ്‌ലെസ്‌വിഗ് ഹോൾസ്റ്റെയ്‌നിലാണ് ജനനം
? എവിടെയാണ്, ആരുടെ കീഴിലാണ് കളി തുടങ്ങിയത്
= നാലാം വയസ്സിൽ എസ്.വി വാൾസ്റ്റെറ്റ് ക്ലബ്ബിലാണ് കളിയാരംഭിച്ചത്. തോമസ് നാഗെലാണ് ആദ്യ കോച്ച്. പത്തു വയസ്സായപ്പോൾ എസ്.വി ഹാംബർഗിലേക്ക് കൊണ്ടുവന്നതും അദ്ദേഹം തന്നെ. 186 സെ.മീ ഉയരമുണ്ട് ആർപിന്
? ഇത്ര ഉയരമുള്ളതിന്റെ ഗുണങ്ങളെന്തൊക്കെയാണ്
= രണ്ട് കളിക്കാർ വായുവിൽ പന്തിനായി പൊരുതുമ്പോൾ ഉയരക്കൂടുതലുള്ള കളിക്കാരന് ഒരുപാട് മുൻതൂക്കമുണ്ട്. എന്നാൽ പല സെൻട്രൽ ഡിഫന്റർമാരും ഉയരമുള്ളവരാണ്. അതിനാൽ ടൈമിംഗോടെ ചാടേണ്ടത് സുപ്രധാനമാണ്. അക്കാര്യത്തിൽ കുറേ കൂടി മെച്ചപ്പെടേണ്ടതുണ്ട്.
61 ആണ് ആർപിന്റെ ഭാഗ്യ നമ്പർ
? എന്തുകൊണ്ട് 61
= അതെന്റെ ജന്മദിനം കൂട്ടിയാൽ കിട്ടുന്ന അക്കമാണ്. ജർമൻ ഭാഷയിൽ എന്റെ ഇനിഷ്യലുകൾ കൂട്ടിയാലും ഇതേ നമ്പർ കിട്ടും.
44 ആണ് ഷൂവിന്റെ സൈസ്
? വലതു കാലാണ് കരുത്തുറ്റത്. ഇരു കാലുകളും കൊണ്ട് ഗോളടിക്കാനാവുമോ.
= രണ്ടു കാലുകളും ഒരുപോലെ ഉപയോഗിക്കാനാവുമെന്ന് പറയാനാവില്ല. ഇടതു കാലു കൊണ്ട് കളിക്കാനും ഗോളടിക്കാനും സാധിക്കും. എങ്കിലും വലതു കാലാണ് പ്രിയം. ഫ്രീകിക്കാണ് എന്റെ കരുത്ത്. ഫ്രീകിക്ക് പരിശീലിക്കുന്നതാണ് ഹരം.
ഒരു കളിയിൽ 16 ഗോളടിച്ചിട്ടുണ്ട്
? എപ്പോഴായിരുന്നു ഈ അമ്പരിപ്പിക്കുന്ന നേട്ടം
= ഹാംബർഗ് എസ്.വിയുടെ അണ്ടർ-12 ടീമിൽ കളിക്കുമ്പോഴായിരുന്നു അത്. 22-0 ആയിരുന്നു ആ മത്സരത്തിലെ സ്‌കോർ. പതിനാറ് ഗോളും എന്റെ വകയായിരുന്നു.
13 മിനിറ്റിലാണ് യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഹാട്രിക് നേടിയത്, റെക്കോർഡായിരുന്നു ഇത്.
? ഈ മത്സരത്തെക്കുറിച്ച ഓർമകൾ
= ഒരേ സമയം ഹാട്രിക് നേടുകയും റെക്കോർഡ് സ്വന്തമാക്കുകയും ചെയ്യുകയെന്നത് വലിയ കാര്യമാണ്. പക്ഷെ സ്‌ട്രൈക്കർമാർക്ക് മികവു കാട്ടണമെങ്കിൽ ടീം ഒന്നടങ്കം നന്നായി കളിക്കണം. ഇതുപോലെ സ്‌പെഷ്യൽ മത്സരങ്ങളിൽ പോലും.
ഒമ്പതാം നമ്പർ ആവുകയെന്നത് ചെറുപ്പം മുതലുള്ള സ്വപ്നമായിരുന്നു
? എന്താണ് ഒമ്പതാം നമ്പറിനോട് ഇത്ര പ്രിയം
= ചെറുപ്പം മുതൽ ഒമ്പതാം നമ്പർ ജഴ്‌സിയാണ് ധരിച്ചിരുന്നത്. ഏതു ടീമിലായാലും ആ നമ്പർ വേണമായിരുന്നു. ഗോളടിക്കുന്നയാൾ ഒമ്പതാം നമ്പർ ആവണമെന്നായിരുന്നു ധാരണ. സമീപകാലത്ത് ക്ലബ്ബിൽ എനിക്ക് പത്താം നമ്പറാണ് കിട്ടുന്നത്. കൂടുതൽ സെൻട്രൽ ഫോർവേഡായി കളിക്കുന്നതിനാലാണ് ഇത്. ഹാരി കെയ്‌നാണ് ഇഷ്ട താരം. ഹോട്‌സ്പറിന്റെ യൂത്ത് ടീം മുതൽ സ്ഥാനക്കയറ്റം നേടിവന്ന കളിക്കാരനാണ് കെയ്ൻ. രണ്ടു തവണ പ്രീമിയർ ലീഗിൽ ടോപ്‌സ്‌കോററായി.
ഒന്നാം നമ്പർ ഫോർവേഡാവുകയാണ് ലക്ഷ്യം
? എന്താണ് ജർമനിക്കു വേണ്ടി ലോകകപ്പിൽ കളിക്കുമ്പോൾ തോന്നുന്നത്
= യൂറോ കപ്പ് ചാമ്പ്യന്മാരായതിന്റെ ആഹ്ലാദവും ആഘോഷവും മനസ്സിലുണ്ട്. അതിനാൽ ലോകകപ്പിനെ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഈ പ്രായത്തിൽ കളിക്കാനാവുന്ന ഏറ്റവും വലിയ ടൂർണമെന്റാണ് അത്. ജർമനിയെ സംബന്ധിച്ചിടത്തോളം കിരീടം നേടാമെന്ന ന്യായമായ പ്രതീക്ഷയുണ്ട്.






