അണ്ടർ-17 ലോകകപ്പിൽ ലോക ഫുട്ബോളിന്റെ മനസ്സ്
കീഴടക്കുമെന്ന് പ്രതീക്ഷിക്കുന്ന പത്ത് പ്രതിഭകൾ
അടുത്തയാഴ്ച പന്തുരുളുന്ന അണ്ടർ-17 ലോകകപ്പിന്റെ ബഹളം മൂന്നാഴ്ച കൊണ്ട് അവസാനിക്കുമായിരിക്കും. ടൂർണമെന്റ് സൃഷ്ടിക്കുന്ന പ്രതിധ്വനി പക്ഷെ വർഷങ്ങൾ നീണ്ടുനിൽക്കും. വരും കാലങ്ങളിൽ ലോകം കീഴടക്കുന്ന വമ്പൻ കളിക്കാരുടെ ആദ്യ കാഴ്ചയായിരിക്കും ഇന്ത്യയിലെ ആറ് വേദികളിൽ കാണുക. ഒട്ടനവധി കളിക്കാരാണ് അണ്ടർ-17 ലോകകപ്പിലൂടെ തങ്ങളുടെ സാന്നിധ്യമറിയിച്ചത്.
റൊണാൾഡിഞ്ഞൊ, നെയ്മാർ, ഷാവി ഹെർണാണ്ടസ്, ആന്ദ്രെസ് ഇനിയെസ്റ്റ, മാരിയൊ ഗോട്സെ, ഫെർണാണ്ടൊ ടോറസ്, ഇകർ കസിസായ്, റഹീം സ്റ്റെർലിംഗ്, അലസാന്ദ്രൊ ദെൽപിയറൊ, ടോണി ക്രൂസ്, മെംഫിസ് ഡിപേ, ജിയോവാനി ഡോസ് സാന്റോസ്, സെസ്ക് ഫാബ്രിഗാസ്, നുവാൻകൊ കാനു, ലൻഡൻ ഡൊണോവൻ, കാർലോസ് ടെവെസ്, ഹവിയർ മസ്ചെരാനൊ, ലൂയിസ് ഫിഗൊ ലോക ഫുട്ബോളിന്റെ ഉയരങ്ങളിലേക്കുള്ള വഴികളിൽ ഇവരെല്ലാം ആദ്യ ചുവട് വെച്ചത് അണ്ടർ-17 ലോകകപ്പിലാണ്.
ആരാവും ഈ ലോകകപ്പിന്റെ കണ്ണും മനവും കവരുക. പ്രവചനം അസാധ്യമാണ്. പക്ഷെ മേഖലാ ടൂർണമെന്റുകളിലും ക്ലബ് ഫുട്ബോളിലുമുള്ള പ്രകടനം ഒരു സൂചനയാണെങ്കിൽ ഈ പത്തു പേരെ സൂക്ഷിക്കുക. ഇവരിൽ പലരുടെയും പേര് ആദ്യമായാവും കേൾക്കുന്നത്. പക്ഷെ ഇനിയൊരുപാട് കാലം കേൾക്കേണ്ടി വന്നേക്കാം.

വിനീഷ്യസ് ജൂനിയർ (ബ്രസീൽ)
വിനീഷ്യസിനായി റയൽ മഡ്രീഡ് ഇപ്പോൾ തന്നെ നാലരക്കോടി യൂറോ (350 കോടിയോളം രൂപ) ചെലവിട്ടു കഴിഞ്ഞു. കരാറൊപ്പിട്ടുവെങ്കിലും 2018-2019 വരെ ബ്രസീലിലെ ഇപ്പോഴത്തെ ക്ലബ് ഫഌമംഗോക്ക് ലോണിന് പയ്യനെ വിട്ടുകൊടുത്തിരിക്കുകയാണ് റയൽ. 2002 ലെ ലോകകപ്പ് ജേതാവ് റൊണാൾഡോക്കായി 2002 ൽ റയൽ ചെലവിട്ടതിന്റെ ഏതാണ്ട് അടുത്തു വരും ഈ തുക. അണ്ടർ-17 തലത്തിൽ ബ്രസീലിനായി 22 മത്സരങ്ങൾ കളിച്ചിട്ടുണ്ട് വിനീഷ്യസ്. 19 ഗോളടിച്ചു. അതിൽ ഏഴെണ്ണം ലാറ്റിനമേരിക്കൻ യോഗ്യതാ ടൂർണമെന്റിലായിരുന്നു. ബ്രസീലായിരുന്നു ചാമ്പ്യന്മാർ. വിനീഷ്യസ് മികച്ച കളിക്കാരനും.
ലോകകപ്പിൽ ബ്രസീലും സ്പെയിനും ഒരേ ഗ്രൂപ്പിലാണ്. കൊച്ചിയിൽ നടക്കുന്ന ഇവർ തമ്മിലുള്ള പോരാട്ടം രണ്ട് ഭാവി താരങ്ങളുടെ മുഖാമുഖമാവും. ഇവരായേക്കാം ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെയും ലിയണൽ മെസ്സിയുടെയും പിൻഗാമികൾ.

ആബെൽ റൂയിസ് (സ്പെയിൻ)
ബാഴ്സലോണയുടെ ലാ മാസിയ അക്കാദമിയിൽ മെസ്സിയുടെ പിൻഗാമിയായി വളർന്നു വന്ന കളിക്കാരനാണ് റൂയിസ്. ഡാവിഡ് വിയക്കു ശേഷം സ്പെയിനിന്റെ ഏറ്റവും മികച്ച ഫോർവേഡ് എന്നാണ് റൂയിസ് ഇപ്പോൾ തന്നെ വിശേഷിപ്പിക്കപ്പെടുന്നത്. അണ്ടർ-17 സ്പെയിൻ ടീമിനു വേണ്ടി 29 കളികളിൽ 19 ഗോളടിച്ചിട്ടുണ്ട് പതിനേഴുകാരൻ. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ നാലെണ്ണമുൾപ്പെടെയാണ് ഇത്. കരുത്തുറ്റ ഇംഗ്ലണ്ട് ടീമിനെ യൂറോപ്യൻ യോഗ്യതാ റൗണ്ടിന്റെ ഫൈനലിൽ തോൽപിച്ച സ്പെയിൻ ടീമിന്റെ നായകനായിരുന്നു റൂയിസ്. ടൂർണമെന്റിലെ മികച്ച രണ്ടാമത്തെ കളിക്കാരനുള്ള സിൽവർ ബൂട്ട് റൂയിസിനായിരുന്നു. ടൂർണമെന്റിന്റെ ബെസ്റ്റ് ഇലവനിൽ സ്ഥാനം നേടി. ഓഗസ്റ്റിൽ ബാഴ്സലോണ ബി ടീമിൽ റൂയിസ് അരങ്ങേറി. ഗ്രാനഡക്കെതിരെ ആദ്യ ഗോളടിക്കുകയും ചെയ്തു.

ജെയ്ദൻ സാഞ്ചൊ (ഇംഗ്ലണ്ട്)
അണ്ടർ-17 ലോകകപ്പിലും തൊട്ടടുത്ത സീനിയർ ലോകകപ്പിലും ഏതെങ്കിലും കളിക്കാരൻ ഇതുവരെ കളിച്ചിട്ടുണ്ടോ? സാഞ്ചൊ ഒരുപക്ഷെ ആ ബഹുമതി നേടിയെടുത്തേക്കാം. ഇതുവരെ പ്രൊഫഷനൽ അരങ്ങേറ്റത്തിന് അവസരം കിട്ടിയിട്ടില്ലെങ്കിലും വൻ പ്രതീക്ഷകളാണ് പയ്യനെക്കുറിച്ച്. വാറ്റ്ഫഡ് ക്ലബ്ബിന്റെ യൂത്ത് ഡവലപ്മെന്റ് പദ്ധതിയിലൂടെ കഴിവ് തേച്ചുമിനുക്കിയ സാഞ്ചൊ 2015 ൽ മാഞ്ചസ്റ്റർ സിറ്റിയുടെ എലീറ്റ് ഡവലപ്മെന്റ് ടീമിൽ അംഗമായി. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിനുവേണ്ടി അഞ്ചു ഗോളടിച്ചു. ടൂർണമെന്റിന്റെ ഫൈനലിൽ സ്പെയിനിനോട് ഷൂട്ടൗട്ടിലാണ് ഇംഗ്ലണ്ട് കീഴടങ്ങിയത്. ടൂർണമെന്റിലെ മികച്ച കളിക്കാരനായിരുന്നു സാഞ്ചൊ. കരാർ സംബന്ധിച്ച് തർക്കമില്ലായിരുന്നുവെങ്കിൽ മാഞ്ചസ്റ്റർ സിറ്റി സീനിയർ ടീമിനൊപ്പം യൂറോപ്യൻ പര്യടനത്തിന് പോയേനേ സാഞ്ചൊ. ഈ സീസണിൽ ബൊറൂഷ്യ ഡോർട്മുണ്ടിൽ ചേർന്നു. ബാഴ്സലോണയിലേക്ക് പോയ ഉസ്മാൻ ദെംബെലെയുടെ ഏഴാം നമ്പർ ജഴ്സിയാണ് ക്ലബ് സാഞ്ചോക്ക് നൽകിയത്. സാഞ്ചൊ ഇംഗ്ലണ്ട് ഫുട്ബോളിന്റെ ഭാവിയാണ്.

ജോഷ് സാർജന്റ് (അമേരിക്ക)
കോൺകകാഫ് യോഗ്യതാ ടൂർണമെന്റിൽ അഞ്ചു ഗോളടിച്ചാണ് ജോഷ് സാർജന്റ് അമേരിക്കക്ക് ലോകകപ്പ് ബെർത്ത് നേടിക്കൊടുത്തത്. രണ്ടു ദിവസത്തിനു ശേഷം അണ്ടർ-20 ടീമിലേക്ക് പതിനേഴുകാരന് വിളി വന്നു. ഒരേ വർഷം അണ്ടർ-17, അണ്ടർ-20 ലോകകപ്പ് കളിച്ച മറ്റൊരു കളിക്കാരനേയുള്ളൂ, ഫ്രെഡി അഡു. അണ്ടർ-20 അമേരിക്കൻ ടീമിനു വേണ്ടി ഗോളടിച്ച പ്രായം കുറഞ്ഞ കളിക്കാരനായി സാർജന്റ്. അണ്ടർ-20 ലോകകപ്പിൽ നാലു ഗോളടിച്ചു. അണ്ടർ-17 തലത്തിൽ 18 ഗോളടിച്ചിട്ടുണ്ട് ഇതുവരെ. പതിനെട്ട് തികയാൻ കാത്തിരിക്കുകയാണ് സാർജന്റ്. ജർമൻ ലീഗിൽ വെർദർ ബ്രേമനിൽ ചേരാൻ കരാറൊപ്പിട്ടു കഴിഞ്ഞു.

യാൻ ഫീറ്റ് ആർപ് (ജർമനി)
ജർമനിയിൽ ഏറ്റവും മികച്ച യുവ കളിക്കാരന് ലഭിക്കുന്ന ഫ്രിറ്റ്സ്വാൾടർ മെഡൽ ഇത്തവണ ആർപിനായിരുന്നു. ടിമൊ വേണർ, ലിയോൺ ഗൊരറ്റ്സ്ക, മാരിയൊ ഗോട്സെ തുടങ്ങി മുമ്പ് ഈ ബഹുമതി ലഭിച്ചവരെല്ലാം സീനിയർ ടീമിൽ കളിച്ചിട്ടുണ്ട്.
ചെൽസിയിൽ ചേരാൻ ക്ഷണം ലഭിച്ചിട്ടും വേണ്ടെന്നു വെക്കുകയായിരുന്നു ആർപ്. ഹാംബർഗിൽ കളിക്കുകയും പഠനം പൂർത്തിയാക്കുകയും വേണമെന്ന വാശിയിലാണ് ഈ യുവപ്രതിഭ. ഇംഗ്ലണ്ട് സ്ട്രൈക്കർ ഹാരി കെയ്നിനെ പോലെ ഗോളടി യന്ത്രമാവണമെന്നാണ് ആർപിന്റെ സ്വപ്നം. കെയ്നിനെ പോലെ അതികായനാണ് ആർപും. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഏഴ് ഗോളടിച്ചിട്ടുണ്ട് ആർപ്. സെമിയിൽ ഇംഗ്ലണ്ടിനോട് തോൽക്കുകയായിരുന്നു ജർമനി. എന്നിട്ടും ടൂർണമെന്റിലെ ടോപ്സ്കോറർമാരിൽ രണ്ടാമതെത്തി.

അമീൻ ഗൂരി (ഫ്രാൻസ്)
കീലിയൻ എംബാപ്പെ, ഉസ്മാൻ ദെംബെലെ തുടങ്ങി നിരവധി യുവ കളിക്കാരുണ്ട് ഫ്രഞ്ച് ടീമിൽ. ഒളിംപിക് ലിയോൺ താരം അമീൻ ഗൂരി വൈകാതെ ആ പട്ടികയിൽ സ്ഥാനം പിടിച്ചേക്കും. യൂറോപ്യൻ അണ്ടർ-17 ചാമ്പ്യൻഷിപ്പിൽ പ്രതിരോധ നിരകൾക്കെല്ലാം പേടിസ്വപ്നമായിരുന്നു അമീൻ. നാലു കളികളിൽ എട്ടു ഗോളടിച്ചു. യൂറോപ്പിലെ അവസാന ബെർത്ത് നിശ്ചയിക്കാനുള്ള ഹംഗറിക്കെതിരായ പ്ലേഓഫിലും അമീൻ സ്കോർ ചെയ്തു.

ജിബ്രീൽ ടൂറെ (ഗ്വിനി)
അണ്ടർ-17 ലോകകപ്പിൽ ഗ്വിനിയുടെ പ്രതീക്ഷകളെല്ലാം ജിബ്രീലിന്റെ ചുമലിലാണ്. ആഫ്രിക്കൻ ചാമ്പ്യൻഷിപ്പിൽ ടോപ്സ്കോററാണ് ജിബ്രീൽ. ഗാബോണിനെതിരായ ഉദ്ഘാടന മത്സരത്തിൽ ഹാട്രിക് നേടി. നൈജറിനെതിരായ ലൂസേഴ്സ് ഫൈനലിൽ ഇരട്ട ഗോളടിച്ചു. ജിബ്രീൽ ഗോളടിക്കാതിരുന്ന മത്സരങ്ങളിലൊക്കെ ഗ്വിനി പരുങ്ങി. വിംഗിലാണ് ടൂറെ കളിക്കാറ്. കളിക്കിടെ ജിബ്രീലിനെ മധ്യത്തിലേക്ക് കൊണ്ടുവന്ന് സ്കോർ ചെയ്യിക്കുന്നതാണ് ടീമിന്റെ തന്ത്രം.

റിയാൻ ബ്രൂസ്റ്റർ (ഇംഗ്ലണ്ട്)
ലിവർപൂൾ അക്കാദമിയിൽ ഏറ്റവും പ്രതീക്ഷയർപ്പിക്കപ്പെടുന്ന യുവ താരമാണ് റിയാൻ. ചെൽസിയുടെ അക്കാദമിയിൽ തുടങ്ങിയ റിയാനെ ലിവർപൂൾ റാഞ്ചുകയായിരുന്നു. പതിനേഴാം വയസ്സിൽ ലിവർപൂളിന്റെ അണ്ടർ-23 ടീമിൽ അംഗമാണ് എന്നറിയുമ്പോൾ റിയാന്റെ വില മനസ്സിലാക്കാം. മാത്രമല്ല അണ്ടർ-23 ടീമിനുവേണ്ടി നിരവധി ഗോളുകൾ നേടിക്കഴിഞ്ഞു. ലിവർപൂൾ കോച്ച് യൂർഗൻ ക്ലോപ് ഇപ്പോൾ തന്നെ റിയാനെ നോട്ടമിട്ടു കഴിഞ്ഞു. സീനിയർ ടീമിനൊപ്പം പരിശീലനം നടത്താൻ റിയാനെ ക്ഷണിച്ചിരിക്കുകയാണ് ക്ലോപ്. കഴിഞ്ഞ സീസണിന്റെ അവസാന ഘട്ടത്തിൽ സീനിയർ ടീമിന്റെ റിസർവ് നിരയിൽ സ്ഥാനം പിടിക്കുകയും ചെയ്തു.

മുഹമ്മദ് ദാവൂദ് (ഇറാഖ്)
ദാവൂദ് ഇന്ത്യയിൽ ഇതിനകം കരുത്തു കാട്ടിക്കഴിഞ്ഞു. ഗോവയിൽ നടന്ന അണ്ടർ-16 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇറാഖിനെ കിരീടത്തിലേക്ക് നയിച്ചത് ദാവൂദായിരുന്നു. തെക്കൻ കൊറിയ, ജപ്പാൻ, ഇറാൻ തുടങ്ങിയ കരുത്തുറ്റ ടീമുകളെയൊക്കെ ടൂർണമെന്റിൽ ഇറാഖ് തോൽപിച്ചു. ടൂർണമെന്റിൽ ദാവൂദ് ആറ് ഗോളടിച്ചു. ജപ്പാനെതിരായ സെമി ഫൈനലിൽ ഹാട്രിക് നേടി. ടൂർണമെന്റിലെ മികച്ച കളിക്കാരനും ടോപ്സ്കോററുമായിരുന്നു. 2007 ൽ ഇറാഖ് അധിനിവേശവും ഭീകരവാദവും കൊണ്ട് പൊറുതിമുട്ടുന്ന കാലത്ത് ടീമിനെ സീനിയർ ഏഷ്യൻ കപ്പിൽ കിരീടത്തിലേക്ക് നയിച്ച യൂനുസ് മഹ്മൂദാണ് ദാവൂദിന്റെ ഹീറോ. ആ ഏഷ്യൻ കപ്പിൽ ടോപ്സ്കോററും മികച്ച കളിക്കാരനുമായിരുന്നു യൂനുസ്.

യൂസുഫ് കോയ്റ്റ (മാലി)
ഈ വർഷത്തെ ആഫ്രിക്കൻ യോഗ്യതാ റൗണ്ടിലെ ഹീറോ ആയിരുന്നു കോയ്റ്റ. അഞ്ചു കളികളിൽ മൂന്നിലും കോയ്റ്റ ഗോൾ വഴങ്ങിയില്ല. ആകെ വഴങ്ങിയത് രണ്ടു ഗോൾ മാത്രം. മാലി പ്രതിരോധത്തിലെ ഉരുക്കുഭിത്തിയാണ് കോയ്റ്റ. ഗ്വിനിക്കെതിരായ സെമി ഗോൾരഹിത സമനിലയിൽ അവസാനിച്ച ശേഷം ഷൂട്ടൗട്ടിൽ കോയ്റ്റ എതിരാളികളുടെ നാലു പെനാൽട്ടികളും രക്ഷിച്ചു.
ടൂർണമെന്റിലെ ടോപ്സ്കോറർ ജിബ്രീ ൽ ടൂറെയുടേതുൾപ്പെടെ. അഞ്ചാമത്തെ കിക്ക് വേണ്ടിവന്നില്ല.






