കാലം കൈ കൂപ്പിയ കൽപ്പാത്തി

ചരിത്രത്തിന്റെ രഥതുരഗങ്ങളോടിയ പാലക്കാട്ടെ പഴയ അഗ്രഹാരങ്ങൾ 

ഇത് പലായന കാലം. ജന്മപുണ്യങ്ങളുടെ ധരണി ഉപേക്ഷിച്ച് പാലക്കാടിന്റെ ശാരദാകാശങ്ങൾക്കു താഴെ തമ്പടിച്ച തമിഴ് ബ്രാഹ്മണരുടെ കഥയും പലായനങ്ങളിൽ പെടും. ചേര, ചോള രാജാക്കന്മാരുടെ പോരുവഴികളിലൂടെ പതറാത്ത പ്രകൃതവും പകയ്ക്കാത്ത മനസ്സുമായി കടന്നുവന്ന് പാലിൽ പഞ്ചസാര പോലെ പാലക്കാടൻ ജൈവ ധമനികളിൽ അവർ അലിഞ്ഞു. ഈ മണ്ണിന്റെ പൈതൃകങ്ങളിൽ ഒരു യുഗപരിണാമത്തിന് ഹരിശ്രീ കുറിച്ചു. അന്നത്തെ അഗ്രഹാരങ്ങളിന്ന് പുതുകാലത്തിന്റെ വിപ്ലവത്തിന് വഴിമാറിക്കൊടുത്തിരിക്കുന്നു: ആ കഥകളിലേക്ക്...

എ.ഡി ആറാം നൂറ്റാണ്ടിൽ പാലക്കാട്ടുശ്ശേരി ദേശം ഭരിച്ചിരുന്ന ഇട്ടിക്കോമ്പിയച്ചൻ പന്ത്രണ്ട്്് ബ്രാഹ്മണ കുടുംബങ്ങളെ ക്ഷേത്ര പൂജകൾക്കായി മധുരയിൽ നിന്നും ക്ഷണിച്ചു വരുത്തി ഇന്നത്തെ കൽപാത്തിയിലെ പന്ത്രണ്ടാം തെരുവിൽ പാർപ്പിച്ചതാണ് പലായനത്തിന്റെ പ്രാരംഭമായി കണക്കാക്കപ്പെടുന്നത്. വീടുകളുടെ ഇടച്ചുമരുകൾ അതിരുകളാക്കി മധുരയുടെ ആതുര സ്മരണകൾ അയവിറക്കി ശിഷ്ടജന്മം അവർ ഇവിടെ ജീവിച്ചു. ശിവഭക്തനായിരുന്ന ഇട്ടിക്കോമ്പിയച്ചന് കാശിവിശ്വനാഥൻ സ്വപ്‌നത്തിൽ ദർശനം കൊടുത്ത കഥ പാലക്കാട്ടുശ്ശേരിക്കാർ കാതോടു കാതോരം പറഞ്ഞു നടന്ന കാലം. ഏതാനും ശിവഭക്തർ ഭജന സായൂജ്യം തേടി കാശിയിലെത്തി വരഗതിക്കായി വിശ്വനാഥനെ ഉള്ളുരുകി വിളിച്ചു. സംഘത്തിലുണ്ടായിരുന്ന 'ലക്ഷ്മിയമ്മാൾ' ക്ക് വരാണസിയിൽ വെച്ചുകിട്ടിയ ശിവലിംഗം പാലക്കാട്ടുശ്ശേരിയെലെത്തിച്ച് പുഴയോരത്തു ക്ഷേത്രം നിർമിച്ച് പ്രതിഷ്ഠ നടത്തി. കാശിയിലെ പകുതി കൽപാത്തിയിലാണെന്ന വിശ്വാസത്തിൽ 'കൽപാത്തി' എന്നിവിടം അറിയപ്പെട്ടു.


പതിമൂന്നാം നൂറ്റാണ്ടിൽ ചോള രാജാക്കന്മാർ പരാജയങ്ങളുടെ പാദപതനങ്ങൾ കേട്ടു തുടങ്ങിയപ്പോൾ കാവേരി തീരത്തെ തമിഴ് ബ്രാഹ്മണരുടെ ശിരോലിഖിതങ്ങളിലും ധൂപക്കൂട്ടിന്റെ പുക നിറഞ്ഞ് ഇരുൾ മൂടി. ഇവിടെ പാലക്കാട്ടുശ്ശേരിയിലെ അന്നത്തെ അരചൻ ശേഖരീ വർമ്മയായിരുന്നു. (ഇന്നത്തെ ശേഖരീപുരമായിരുന്നു അദ്ദേഹത്തിന്റെ ആസ്ഥാനം എന്നൊരു വാദമുണ്ട്). ചാതുർവർണ്യത്തിന്റെ വിത്തുകൾ കൊച്ചിശീമയിലും തിരുവിതാംകൂർ ദേശത്തും നൂറുമേനി വിളഞ്ഞു നിൽക്കുന്ന കാലം. പാലക്കാട്ടെ ക്ഷേത്രങ്ങളും കൊട്ടാര സദസ്സുകളും നമ്പൂതിരി സമുദായത്തിന്റെ ഔദ്ധത്യതാപങ്ങൾ അടക്കിവാണു പോന്നു. അപ്പോഴാണ് പൗരോഹിത്യത്തിന്റെ വരാസനങ്ങളിലിരിക്കുന്ന നമ്പൂതിരി കുലത്തോട് കൊമ്പുകോർക്കേണ്ട ദശാസന്ധി ശേഖരീ വർമ്മയുടെ ശാന്തജാതകത്തിൽ വന്നു പെട്ടത്. 
ഇംഗ്ലണ്ടിലെ ഹെൻട്രി എട്ടാമൻ രാജാവ് ഭാര്യ കാതറിനെ മൊഴി ചൊല്ലാൻ മാർപാപ്പയോട് അനുവാദം ചോദിച്ച കഥയുമായി ഈ പാലക്കാടൻ പുരാണത്തിന് സമാനതയുണ്ട്. മാർപാപ്പ കാത്തലിക് നിയമ പ്രകാരം അനുവാദം നിരസിച്ചപ്പോൾ ഹെൻട്രി എട്ടാമൻ മാർപാപ്പയെ ആദ്യം മൊഴി ചൊല്ലി പിന്നെ കാതറിനെ മൊഴി ചൊല്ലി. ഒരു ആദിവാസി പെൺകുട്ടിയിൽ ശേഖരിവർമ്മ അനുരാഗ വിലോചനനായതാണ് പാലക്കാടൻ സീരിയലിന്റെ തുടക്കം. ആദിവാസി യുവതിയുമായുള്ള പാണിഗ്രഹണം വരേണ്യ വർഗമൊന്നടങ്കം എതിർത്തു. നമ്പൂതിരി ശ്രേഷ്ടർ സംഘം ചേർന്ന് വേളിപൂജകൾ ബോയ്‌ക്കോട്ട് ചെയ്യുമെന്ന് ഭീഷണി മുഴക്കി. പക്ഷേ വിധുരനായ തമ്പുരാന് അപ്പോഴേക്കും ആദിവാസി രാഗം കലശലായി.


രാജകോപം ഏറ്റുവാങ്ങിയ നമ്പൂതിരിമാരെ രാജതിരസ്‌കാരത്തിന് വിധേയരാക്കി നാടുകടത്താൻ കൽപന പുറപ്പെടുവിച്ചു. ക്ഷേത്രഭരണത്തിന്റെ ഘടികാര ചക്രങ്ങൾ നിലക്കുമെന്ന അവസ്ഥയിൽ പരിഹാരം തേടി ദൂതന്മാർ കാവേരി തീരത്തെ തമിഴ് ബ്രാഹ്മണരുടെ അടുത്തെത്തി. വൃദ്ധിക്ഷയം സംഭവിച്ച ചോള നഗരങ്ങളിലെ ബ്രാഹ്മണർ ചകിത കാലം മുന്നിൽ കണ്ട് ക്ഷണം സ്വീകരിച്ച് പാലക്കാട്ടെത്തി. ആൽകെമിസ്റ്റുകളെ പോലെ സർവപാപ മുക്തൃർത്ഥം വേദവൈഖരികൾ മുഴക്കി ആദിവാസി പാണിഗ്രഹണം നടത്തി മംഗളസ്‌തോത്രം ചൊല്ലിയപ്പോൾ രാജാവിന് 'ക്ഷ'യായി. 


അമ്പല പൂജാരിമാരുടെ ഒഴിവുകളിലേക്ക് നമ്പൂതിരിമാർക്കു പകരം തമിഴ് ബ്രാഹ്മണൻമാരെ നിയമിക്കാൻ കൽപനയുണ്ടായി. അവർ ചോളമണ്ണിലെ ശിഥിലമായ ശിലാശിൽപങ്ങളുപേക്ഷിച്ച് സംഗീതത്തിന്റെ, കലകളുടെ അഭ്രത്തരികൾ നിറഞ്ഞ മനസ്സുമായി പാലക്കാട്ടേക്ക് കൂട്ടത്തോടെ കുടിയേറാൻ തുടങ്ങി.. പാലക്കാട്ടുകാർക്ക് അപരിചിതമായ ഒരു നവനാഗരികത 96 അഗ്രഹാരങ്ങളിലായി കുംഭകോണത്തു നിന്നും മായാവാരത്തു നിന്നും തഞ്ചാവൂരിൽ നിന്നും അവർ പറിച്ചുനട്ടു. അതിൽ കൽപാത്തി, നൂറണി, രാമനാഥപുരം, ചാത്തപുരം തിരുനെല്ലായി, ഗോവിന്ദരാജപുരം, പള്ളിപ്പുറം എന്നിങ്ങനെ സമൃദ്ധിയുടെയും യശസ്സിന്റെയും അഗണ്യകോടിയിലെത്തിയ 18 അഗ്രഹാരങ്ങൾ പാലക്കാട് നഗരത്തിന്റെ പ്രാന്ത പ്രദേശത്തായി നിലകൊള്ളുന്നു. ഉപകാരസ്മരണാർത്ഥം രാജാവ് പതിച്ചു നൽകിയ അളവില്ലാത്ത നെൽപാടങ്ങൾ അവർ കുടിയാന്മാർക്ക് പാട്ട വ്യവസ്ഥയിൽ കൃഷി ചെയ്യാൻ കൊടുത്തു. വിഭാതങ്ങളിൽ കോലങ്ങളും സായന്തനങ്ങളിൽ പഞ്ചരത്‌ന കീർത്തനാലാപനവും നിറഞ്ഞ തമിഴകത്തിന്റെ ആന്തര ചാരുതയുടെ നിലവിളക്ക് നൂറ്റാണ്ടുകൾക്കു മുൻപ് പാലക്കാടൻ ജീവിതത്തിലും അവർ കൊളുത്തിവെച്ചു.   


രണപ്പാടുകൾ നിറഞ്ഞ കാവേരി തീരം വിട്ടുപോന്നവരുടെ പിൻതലമുറ ഇന്ത്യയുടെ ഭൂപടത്തിൽ പാലക്കാടിനെ സിന്ദൂര തിലകമണിയിച്ചു. അവരിൽ ഒരാളത്രേ തിരുനെല്ലായ നാരായണ അയ്യർ ശേഷൻ എന്ന ടി.എൻ ശേഷൻ. രാഷ്ട്രീയത്തിൽ ഇടതുപക്ഷ സഹയാത്രികനും 1957 ലെ ഇ.എം.എസ് മന്ത്രിസഭാംഗവുമായിരുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ കൽപാത്തിക്കാരനായിരുന്നു. സോഷ്യലിസ്റ്റ് പാർട്ടി നേതാവും മന്ത്രിയുമായ സി.എം. സുന്ദരത്തിന്റെയും ഭരണ യന്ത്രത്തിന്റെ പൾസ് അറിഞ്ഞ മലയാറ്റൂർ രാമകൃഷ്ണന്റെയും ജന്മഭൂമി പാലക്കാടൻ അഗ്രഹാരങ്ങളാണ്. നിരവധി രാഗപുരന്ദരന്മാരുടെ കൂടി സംഗീത കളരിയായിരുന്ന അഗ്രഹാരങ്ങളിൽ അഗ്രിമ സ്ഥാനം കൽപാത്തിക്കു തന്നെ.
കർണാടക സംഗീതത്തിന്റെ നാദമഹിമയുടെ സ്വരസ്ഥായികൾ പാലക്കാട്ടുകാർ പരിചയപ്പെട്ടത് കൽപാത്തി വഴിയായിരുന്നു. കൽപാത്തിയിലെ ആദ്യത്തെ സംഗീത ഗുരുകുലം സി.എസ്. കൃഷ്ണയ്യരാണ് സ്ഥാപിച്ചത്. മൃദംഗത്തിൽ വിരലുകൾ കൊണ്ട് വിദ്യുത്തരംഗങ്ങൾ സൃഷ്ടിച്ച വിശ്വവിഖ്യാതനായ മണി അയ്യർ ജന്മം കൊണ്ട് തിരുവില്വാമലക്കാരനായിരുന്നെങ്കിലും  കർമം കൊണ്ട് കൽപാത്തിക്കാരനായിരുന്നു. പാദരക്ഷകളണിയാതെ പ്രസിഡന്റിൽ നിന്നും പത്മഭൂഷൺ സ്വീകരിച്ച മണി അയ്യരെ പോലെ വേറെ ഇന്ത്യക്കാർ ഉണ്ടോ? പ്രശസ്ത കർണാടക സംഗീതജ്ഞൻ കെ.വി. നാരായണ സ്വാമി കാല്ലങ്കോട്ടുകാരനാണെങ്കിലും കർമ ക്ഷേത്രം കൽപാത്തിയിലായിരുന്നു. കേരളീയരുടെ സ്ഥാവര ജംഗമ സ്വത്തെന്ന് നാം കരുതുന്ന കഥകളിപ്പദങ്ങൾ 90 ശതമാനവും കർണാടക രാഗാധിഷ്ഠിതമാണ്. ഇതു ചിട്ടപ്പെടുത്തിയതാകട്ടെ കർണാടക സംഗീതജ്ഞനായിരുന്ന പാലക്കാട്ടുകാരൻ വെങ്കിച്ചൻ സ്വാമികൾ. മഞ്ഞപ്ര ദേവേശരാമനാഥൻ എന്ന വിഖ്യാതനായ പദ്മശ്രീ എം.ഡി. രാമനാഥനും ബാല്യത്തിൽ തന്റെ നാദത്തിന് തങ്കത്തിളക്കം കൈവരിച്ചത് പാലക്കാട്ടെ അഗ്രഹാരങ്ങളിൽ നിന്നായിരുന്നു. 


ഭൂതകാല സന്ധ്യകളിൽ സംഗീത ലോകത്തിലെ കുലപതികൾ സാരസ്വത സാകല്യം തേടാൻ കൽപാത്തിയിൽ ഒത്തുകൂടുക പതിവായിരുന്നു. രാവേറെ ചെല്ലുമ്പോൾ വീഥികളിലെ ആൽമരത്തിന്റെ ശാഖകൾ പുഴക്കാറ്റിൽ മംഗളം പാടി കൽപാത്തിക്കാരെ ഉറക്കി. നൂറ്റാണ്ടുകളോളം ഈ സംഗീത മഹിമ കൽപാത്തി കാത്തു സൂക്ഷിച്ചു. 
പിന്നെ, പിന്നെ പുഴയോരത്തെ മണൽ തുരന്നെടുത്ത്  കൽപാത്തി പുഴയെ കുഴിനഖക്കുഴികളാക്കി വർത്തമാന കാലം. ആ കുഴികളിൽ കുറ്റിക്കാടും കുപ്പമണ്ണും നിറഞ്ഞു. അഗ്രഹാരങ്ങളുടെ മേൽ അശനിപാതമായി പതിച്ചു 1970 കളിലെ ഭൂപരിഷ്‌കരണ നിയമം. ക്ഷയിച്ച ജന്മി കുടുംബങ്ങളിലെ പുത്തൻ തലമുറ ജോലി തേടി അന്യനാടുകളിലേക്ക് ചേക്കേറി. അതോടെ തലമുറകൾ അനസ്യൂതമായി പിന്തുടർന്ന സംഗീതത്തിന്റെ ഭാവധാരകൾ തരളഗാഥകളായി മാറാൻ തുടങ്ങി. 70 കളിൽ പിറ്റ് മാന്റെ ഷോർട്ട്ഹാന്റ് പഠിച്ചായിരുന്നു വെങ്കിൽ, ഇപ്പോൾ ബി.ടെക് ബിരുദവും കൈയിലേന്തി അഗ്രഹാരങ്ങളിലെ യുവതീയുവാക്കൾ വാളയാർ ചുരം താണ്ടി അതിജീവനത്തിന്റെ പുതിയ തീരങ്ങൾ തേടുന്നു. കൽപാത്തിയിൽ അടച്ചിട്ട വീടുകൾ കൂടിക്കൊണ്ടിരിക്കുന്നു. 
അങ്ങകലെ ചെമ്പൂരിലെ, വൈറ്റ് ഫീൽഡിലെ, അമേരിക്കയിലെ സിലിക്കോൺ വാലിയിലെ അപ്പാർട്ടുമെന്റുകളുടെ മെയിൻ ഡോറിനു മുന്നിലെ ചെറുചതുരങ്ങളിലേക്ക് കളം വരച്ചെഴുതുന്ന കോലങ്ങൾ ചുരുങ്ങുന്നു. പക്ഷേ വൃശ്ചികപ്പൂനിലാവിലെ രഥോത്സവത്തിന്, ദേവരഥ സംഗമങ്ങൾക്ക് സാക്ഷിയാവാൻ പ്രവാസികളായ പുത്തൻ തലമുറ മുടങ്ങാതെ പാലക്കാട്ടെത്തുന്നു. 


കർണാടക സംഗീതകുലപതി ചെമ്പൈ വൈദ്യനാഥ ഭാഗവതരും പാലക്കാടുമായി ജൈവികമായ ഒട്ടേറെ വിനിമയങ്ങൾ നടന്നു.
തലമുറകളായി കൈമാറി വന്ന ഗോത്രമഹിമയുടെ യോഗ്യത പാലക്കാടൻ അഗ്രഹാരങ്ങളെ വിട്ട് അകലങ്ങളിൽ കൂടുവെച്ചവർക്കും പകർന്നു കിട്ടിയിട്ടുണ്ട്. അമേരിക്കൻ കോർപറേറ്റ് ലോകത്തെ രാജ്ഞിയായ ഇന്ദ്രാനൂയിയുടെ പൂർവികർ പാലക്കാട്ടെ നൂറണിയിൽ നിന്നു പോയവരാണത്രേ. ബോളിവുഡ്ഡിലെ താരഹാരങ്ങൾ നിറഞ്ഞ ആകാശത്ത് സോമബിംബം പോലെ തിളങ്ങുന്ന വിദ്യാ ബാലൻ, രാമനാഥപുരം അഗ്രഹാരത്തിനടുത്തുള്ള പുത്തൂരിലെ പി.ആർ. ബാലന്റെയും സരസ്വതിയുടെയും മകളാണ്. ശങ്കർ മഹാദേവൻ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലെ സിനിമാഗാന രംഗത്ത് ബ്രീത്ത്‌ലെസ് ശാഖയുടെ ശതദളങ്ങൾ വിരിയിക്കുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ പാലക്കാട്ടുനിന്ന് ചെമ്പൂരിലേക്ക് കുടിയേറിയവരാണ്. അഗ്രഹാരങ്ങളിലെ പുത്തൻ തലമുറ പുത്തൻ മേച്ചിൽപുറങ്ങളിൽ സംഗീതത്തെ ബ്രീത്ത്‌ലെസാക്കുമ്പോൾ പഴയ കൽപാത്തിയിലെ അരുണോദയങ്ങൾ ഇന്നും സുബ്ബലക്ഷ്മിയുടെ വെങ്കടേശ സുപ്രഭാത വന്ദനം- ''കൗസല്യാ സുപ്രജാ രാമ പൂർവാ....'' കേട്ടുണരുന്നു. ഉവ്വ്്്, പലായനങ്ങൾ ജൈവ പരിണാമങ്ങൾ കൂടിയാണ്. 

Latest News