Sorry, you need to enable JavaScript to visit this website.

രക്തസമ്മർദം എന്ന  നിശ്ശബ്ദ കൊലയാളി

ഇന്ത്യയിൽ സർവസാധാരണയായി കണ്ടുവരുന്ന ആരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നാണ് ബ്ലഡ് പ്രഷർ അഥവാ രക്താതിസമ്മർദം. ലോകത്താകമാനം ഒരു ബില്യൺ ജനങ്ങൾ ഈ രോഗത്തിന് അടിമകളാണ്.
 120/80 mmHg യാണ് സാധാരണ ബ്ലഡ് പ്രഷർ നില. ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതിലൂടെ ഒരു പരിധിവരെ രക്താതിസമ്മർദം സാധാരണ നിലയിൽ നിലനിർത്താൻ സാധിക്കും. പ്രതിരോധിക്കുവാനും നിയന്ത്രിക്കുവാനും കഴിയുന്ന രോഗാവസ്ഥയാണ് രക്താതിസമ്മർദം. രക്തസമ്മർദം കൂടിയവരിൽ പ്രാരംഭദശയിൽ ലക്ഷണങ്ങൾ ഒന്നും പ്രത്യക്ഷപ്പെടാറില്ല. അതിനാൽ രക്താതിസമ്മർദത്തെ ലോകാരോഗ്യ സംഘടന 'നിശബ്ദ കൊലയാളി' എന്നു വിളിക്കുന്നു.
പുകവലി, അമിതവണ്ണം, വ്യായാമക്കുറവ്, മദ്യപാനം, അലസമായ ജീവിത രീതി, ഉപ്പിന്റെ അമിതോപയോഗം, ഉറക്കക്കുറവ്, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ, പാരമ്പര്യം, ചിലതരം മരുന്നുകളുടെ ഉപയോഗം, ഭക്ഷണത്തിൽ കാൽസ്യം, പൊട്ടാസ്യം എന്നിവയുടെ കുറവ് തുടങ്ങിയവയാണ് രക്തസമ്മർദം കൂടുതലാകാനുള്ള കാരണങ്ങൾ. 

ലക്ഷണങ്ങൾ 
രാവിലെ എഴുന്നേൽക്കുമ്പോഴുള്ള തലവേദന, കാഴ്ച മങ്ങൽ, ഹൃദയമിടിപ്പിലുള്ള വ്യതിയാനം, ക്ഷീണം, മൂക്കിനുള്ളിൽ രക്തം വരവ്,  നെഞ്ച് വേദന, ഛർദി, ഉത്കണ്ഠ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

സങ്കീർണതകൾ 
ഹൃദയാഘാതം, വൃക്കരോഗം, പക്ഷാഘാതം, അകാല മരണം, അന്ധത എന്നീ സങ്കീർണതകളാണ് സാധാരണയായി രക്താതിസമ്മർദ രോഗികളിൽ കാണപ്പെടുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 
ചിട്ടയായ ജീവിതം ഒരു പരിധി വരെ രക്താതിസമ്മർദത്തെ തടയുന്നു. ഭക്ഷണം, വ്യായാമം, ഉറക്കം എന്നിവ ക്രമപ്പെടുത്തണം. പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾ ഉപേക്ഷിക്കുന്നത് രക്താതിസമ്മർദം അടക്കമുള്ള ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്നു. രക്താതി സമ്മർദത്തിന്റെ ആരംഭദശയിൽ പലപ്പോഴും ജീവിത ശൈലിയിലെ മാറ്റം കൊണ്ടു മാത്രം നിയന്ത്രിക്കാൻ സാധിച്ചെന്നിരിക്കും. 
അമിതവണ്ണം നിയന്ത്രിക്കുക വഴി അവയവങ്ങളിലേക്കുള്ള രക്തയോട്ടം സുഖമമാക്കുന്നു. കൂടാതെ ഹൃദയത്തിന് ജോലി ഭാരം കുറയ്ക്കുകയും ചെയ്യുന്നു. ദിവസവും 30 മുതൽ 45 മിനുട്ട് വരെ വ്യായാമം ചെയ്യുന്നത് ശരീരഭാരം കൃത്യമായ നിലയിൽ നിലനിർത്തുവാൻ സഹായിക്കും. അതിരാവിലെയോ വൈകുന്നേരമോ വ്യായാമം ചെയ്യുന്നതാണ് നല്ലത്. എയറോബിക് വ്യായാമങ്ങളായ വേഗത്തിൽ നടത്തം, നീന്തൽ, സൈക്കിൾ സവാരി എന്നിവ ഉത്തമമാണ്.

ആഹാര രീതികൾ 
ഡാഷ് ഡയറ്റ് (Dietry Approaches to Stop Hypertension) എന്നറിയപ്പെടുന്ന ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ആഹാരക്രമം രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും. മുഴു ധാന്യങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ, പയറ് വർഗങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാലും പാലുൽപന്നങ്ങളും, ഉണങ്ങിയ പഴങ്ങൾ, മത്സ്യങ്ങൾ, മുട്ട തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തണം. പൊട്ടാസ്യം ധാരാളമടങ്ങിയ വാഴപ്പഴം, ഓറഞ്ച്, തക്കാളി എന്നിവയും ഉൾപ്പെടുത്തുക. പൂരിത എണ്ണകൾക്ക് പകരം ഒലീവ് ഓയിൽ പോലുള്ള അപൂരിത എണ്ണകൾ ഉപയോഗിക്കുന്നതാണ് ഉത്തമം. അമിത രക്തസമ്മർദം കുറയ്ക്കാൻ ആദ്യപടിയായി ഉപ്പിന്റെ ഉപയോഗം കുറയ്‌ക്കേണ്ടതാണ്. ഒരാൾക്ക് ഒരു ദിവസം ശരാശരി അഞ്ച് ഗ്രാം ഉപ്പ് മാത്രമേ ഉപയോഗിക്കാവൂ. ഉപ്പ് ധാരാളമടങ്ങിയ പപ്പടം, അച്ചാർ, ഉണക്ക മത്സ്യങ്ങൾ, ഉപ്പിലിട്ടത്, ബേക്കറി സാധനങ്ങൾ എന്നിവ ഒഴിവാക്കിയാൽ ഒരു പരിധി വരെ രക്താതിസമ്മർദം നിയന്ത്രണ വിധേയമാകും. ചെറുപ്പം മുതൽ തന്നെ കുട്ടികൾക്ക് ഉപ്പിന്റെ ഉപയോഗം കുറച്ച് ശീലിപ്പിക്കുക.


വൃക്കരോഗികളും മറ്റു ജീവിതശൈലി രോഗങ്ങളുമുള്ളവരും അതിനനുസരിച്ച ആഹാരക്രമം സ്വീകരിക്കേണ്ടതാണ്.  
പുകയിലയിലെ നിക്കോട്ടിൻ ഹൃദയങ്ങളിലേക്കുള്ള ഓക്‌സിജന്റെ അളവ് കുറയ്ക്കുന്നു. ആയതിനാൽ രക്തസമ്മർദവും ഹൃദയമിടിപ്പും കൂടുന്നു. പുകവലി നിർത്തുന്നത് മൂലം 10 mm Hg പ്രഷർ കുറയ്ക്കാൻ സാധിക്കും. കാപ്പി പോലെയുള്ള ഉത്തേജക പാനീയങ്ങൾ ഉപേക്ഷിക്കുന്നതാണ് നല്ലത്. 
രക്തസമ്മർദം കൂടുന്നതിന് മാനസിക പിരിമുറുക്കത്തിന് വലിയ പങ്കുണ്ട്. ഇപ്പോഴത്തെ ജീവിത സാഹചര്യത്തിലുള്ള മാനസിക പിരിമുറുക്കം ശരീരത്തിൽ വലിയ തോതിലുള്ള ജൈവ മാറ്റത്തിന് ഇടയാക്കുന്നുണ്ട്. യോഗ, ധ്യാനം, പ്രാർഥന എന്നിവയിലൂടെ മനസ്സിന് ആനന്ദവും ഉല്ലാസവും ലഭിക്കുന്നു.
ചിട്ടയായ ആരോഗ്യ പരിപാലനത്തിലൂടെ നല്ലൊരു ജീവിതശൈലി നിലനിർത്താൻ സാധിക്കും.

(കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷനാണ് ലേഖിക)


 

Latest News