പതിനാറുകാരിയെ ദുബായിലെത്തിച്ച് വേശ്യാവൃത്തിക്ക് ഉപയോഗിച്ച പ്രതികള്‍ക്ക് ശിക്ഷ

ദുബായ്- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴിഞ്ഞവര്‍ഷം വേശ്യാവൃത്തിക്കായി ദുബായിലേക്ക് കടത്തികൊണ്ടുവന്ന മൂന്നംഗസംഘത്തെ ദുബായ് പ്രാഥമിക കോടതി ശിക്ഷിച്ചു. അഞ്ച് വര്‍ഷം ജയില്‍വാസവും ശിക്ഷാകാലാവധി അവസാനിച്ചാല്‍ യു.എ.ഇ യില്‍ നിന്ന് നാടുകടത്തണമെന്നും  കോടതി വ്യക്തമാക്കി. 24 നും 31 നുമിടെ പ്രായമുള്ള പ്രതികള്‍ അനധികൃതമായാണ് 16 കാരിയെ ബംഗ്ലാദേശില്‍നിന്ന് കൊണ്ടുവന്ന് അല്‍റിഫ ഏരിയയിലെ വ്യഭിചാരശാലയില്‍ എത്തിച്ചത്.
കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ പെണ്‍കുട്ടി തന്നെ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പ്രതികള്‍ അറസ്റ്റിലായത്.
നാട്ടില്‍ തന്റെ വീടിനടുത്ത് താമസിക്കുന്ന സ്ത്രീ ദുബായില്‍ മാന്യമായ ഒരു ജോലി തരപ്പെടുത്തി തരാമെന്ന് വാഗ്ദത്തം വിശ്വസിച്ചാണ് താന്‍ പാസ്‌പോര്‍ട്ടും വിസിറ്റ് വിസയുമെടുത്ത് യു.എ.ഇയില്‍ എത്തിയതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. എന്നാല്‍ ഷാര്‍ജ വിമാനത്താവളത്തില്‍ തന്നെ സ്വീകരിക്കാനെത്തിയ ഒന്നാം പ്രതി ദുബായില്‍ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ എത്തിക്കുകയും വേശ്യാവൃത്തി ചെയ്യാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു.
 കുറച്ച് മാസങ്ങള്‍ക്ക് ശേഷം അടിയന്തിര ആവശ്യങ്ങള്‍ക്കായി തന്നെ ബന്ധപ്പെടാന്‍ ആവശ്യപ്പെട്ട് 24 കാരനായ പ്രതി മൊബൈല്‍ ഫോണ്‍ നല്‍കിയതാണ് കേസില്‍ നിര്‍ണായകമായത്.
ഈ ഫോണില്‍ ദുബായ് പോലീസില്‍ ബന്ധപ്പെട്ട പെണ്‍കുട്ടി എങ്ങിനെയെങ്കിലും തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
അനാശാസ്യത്തിന് പുറമെ, മനുഷ്യക്കടത്തും പ്രതികള്‍ക്കെതിരെ രേഖപ്പെടുത്തിയതായി ദുബായ് പോലീസ് അറിയിച്ചു.

 

Latest News