ദോഹ- കോവിഡ് മഹാമാരി അനുഗൃഹീതനായ ഒരു ചിത്രകാരന്റെ ജീവന്‍ കവര്‍ന്നു. കഴിഞ്ഞ ദിവസമാണ് കോവിഡ് 19 ബാധിച്ച് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കീഴില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ കേച്ചേരി വലിയകത്ത് വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (68) എന്ന ജബ്ബാര്‍ കേച്ചേരി നിര്യാതനായത്. 40 വര്‍ഷത്തിലധികമായി ഖത്തര്‍ പ്രവാസിയായിരുന്നു.
അന്നം നല്‍കുന്ന രാജ്യത്തോടുള്ള ചിത്രകാരന്റെ സമര്‍പ്പണമായിരുന്നു ഖത്തറിന്റെ നേര്‍ക്കാഴ്ച ഒരുക്കിയുള്ള ജബ്ബാറിന്റെ ഓരോ ചിത്രങ്ങളും. ദോഹയിലെ നഗരസഭയിലെ ജീവനക്കാരനായിരുന്ന ജബ്ബാര്‍ ജോലിയില്‍നിന്ന് വിരമിച്ച ശേഷമാണ് കലാപ്രവര്‍ത്തനത്തില്‍ സജീവമായത്.
1982 ഫെബ്രുവരി 22ന് ഖത്തര്‍ സര്‍ക്കാര്‍ 10 വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ വലിയ ടാംബ്ലോ പ്രദര്‍ശനത്തില്‍ അന്നത്തെ ഭരണാധികാരിയായിരുന്ന അമീര്‍ ശൈഖ് ഖലീഫ ബിന്‍ ഹമദ് അല്‍ഥാനിയുടേയും പിതൃ അമീര്‍ ശൈഖ്് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയുടേയും വലിയ ചിത്രങ്ങള്‍ ഓയില്‍ പെയിന്റില്‍ വരച്ച് നല്‍കാനുള്ള ഭാഗ്യം ലഭിച്ച കലാകാരന്‍ കൂടിയായിരുന്നു ജബ്ബാര്‍. ജബ്ബാറിന്റെ ചിത്രങ്ങള്‍ക്ക് ഭരണാധികാരികളുടെ പ്രശംസയും ലഭിച്ചിരുന്നു.
ഖത്തറിന്റെ ചരിത്രവും സംസ്‌കാരവും പൈതൃകവും ജീവിതശൈലിയും കോര്‍ത്തിണക്കിയുള്ള ചിത്രങ്ങളാണ് ജബ്ബാര്‍ വരച്ചിരുന്നത്.
ഷാജിതയാണ് ഭാര്യ. മക്കള്‍: റീജ (ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, ദോഹ), ഷീജ (ദുബായ്), അജ്‌നാസ് (ആംബുലന്‍സ് വിഭാഗം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, ദോഹ), അജ്മല്‍ (എച്ച്ആര്‍ വിഭാഗം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, ദോഹ), ഹനാന്‍ (എംഇഎസ് സ്‌കൂള്‍ വിദ്യാര്‍ഥിനി, ദോഹ). മൃതദേഹം കോവിഡ് 19 പ്രോട്ടോകോള്‍ പ്രകാരം കെ.എം.സി.സി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അബുഹമൂറിലെ ഖബറിസ്ഥാനില്‍ ഇന്ന് ഖബറടക്കും.






