രോഗബാധിതനായി ഷെഡില്‍ കഴിഞ്ഞ മലയാളി ഒമാനില്‍ മരിച്ച നിലയില്‍

മസ്‌കത്ത്- അസുഖ ബാധിതനായി ദുരിതത്തില്‍ കഴിഞ്ഞ മലയാളി ഒമാനില്‍ മരിച്ച നിലയില്‍.  കൊല്ലം ചാത്തന്നൂര്‍ പൂതക്കുളം സ്വദേശി സന്തോഷ് (40) ആണ് ഒമാനിലെ ഇബ്രിക്ക് സമീപം മുഖ്‌നിയാത്തില്‍ മരിച്ചത്. വിസയും പാസ്‌പോര്‍ട്ടും കാലാവധി കഴിഞ്ഞിരുന്നു.

കാലില്‍ ആണി കയറി അണുബാധ ഉണ്ടായി ഏറെ നാളായി പ്രയാസം അനുഭവിക്കുന്ന സന്തോഷ് പ്രദേശത്ത് പണി നടക്കുന്ന പള്ളിയോട് ചേര്‍ന്നുള്ള ഷെഡിലാണ് കഴിഞ്ഞിരുന്നത്. മുഖ്‌നിയാത്തില്‍ ഹോട്ടല്‍ നടത്തുന്ന കുറ്റിയാടി സ്വദേശി പ്രകാശന്‍ എത്തിച്ചു നല്‍കിയ ഭക്ഷണം കഴിച്ചാണ് സന്തോഷ് ദിവസങ്ങള്‍ കഴിച്ചുകൂട്ടിയത്.

നിര്‍മാണ തൊഴിലാളിയായിരുന്ന സന്തോഷിന് അപകടം പറ്റിയെങ്കിലും ചികിത്സ ലഭിച്ചില്ല. ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമായതോടെ ജീവിതം ദുരിതപൂര്‍ണമായി. പാസ്‌പോര്‍ട്ടും വിസയും കാലാവധി കഴിഞ്ഞതിനാല്‍ നാട്ടിലേക്ക് മടങ്ങാനും അവസരമില്ലായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി ഭക്ഷണവുമായി ചെന്നപ്പോള്‍ സന്തോഷ്  ക്ഷീണിതനായിരുന്നുവെന്ന് പ്രകാശന്‍ പറഞ്ഞു. അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ടപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടത്തവെയാണ് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Latest News