ദുബായ്- യു.എ.ഇയില്‍ കോവിഡ് 19 നെ അതിജയിച്ച് വയോധികരായ ദമ്പതികള്‍ അത്ഭുതമായി. 89 കാരനും 72 വയസുള്ള ഭാര്യയുമാണ് സുഖം പ്രാപിച്ച് ആശുപത്രി വിട്ടതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എമിറേറ്റിലെ അല്‍ കുവൈത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും.
പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കാര്‍ഡിയോ മിയോപ്പതി തുടങ്ങി നിരവധി കേസുകളില്‍ മാരകമാണെന്ന് തെളിയിക്കപ്പെട്ട ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കിയതിന് ശേഷം തുടര്‍ന്ന് നടന്ന രണ്ട് ടെസ്റ്റുകളിലും നെഗറ്റീവ് ആയിരുന്നു ഇരുവരുടെയും ഫലം. ആരോഗ്യ-പ്രതിരോധ മന്ത്രിയും ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്‍റഹ്മാന്‍ അല്‍ഉവൈസ് ഇരുവരെയും കുടുംബത്തെയും അഭിനന്ദിച്ചു.
അതേസമയം, രാജ്യത്ത് 50 വയസ്സിനു മുകളിലുള്ള താമസക്കാര്‍ക്ക് സൗജന്യ കോവിഡ് പരിശോധന നല്‍കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു.






