ദുബായ്- ഫെബ്രുവരി മധ്യം മുതല്‍ ഇതുവരെ ദുബായില്‍ രക്തദാനം നടത്തിയത് 22,000 പേര്. 150 വ്യത്യസ്ത രാജ്യങ്ങളില്‍നിന്നുള്ളവരാണ് ഇവരെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റിയും ദുബായ് ബ്ലഡ് ഡൊണേഷന്‍ സെന്ററും അറിയിച്ചു. ഇവരില്‍നിന്നായി 20,000 യൂനിറ്റ് രക്തവും 1737 പ്ലേറ്റ്ലെറ്റ്സും പ്ലാസ്മയും ശേഖരിച്ചു.
ലോക രക്തദാന ദിനമായ ഇന്ന് നിരവധി രക്തദാതാക്കളെ ബ്ലഡ് ഡൊണേഷന്‍ സെന്റര്‍ ആദരിച്ചു. 53 തവണ രക്തദാനം നടത്തിയ 40 കാരനായ സ്വദേശി ആദില്‍ അലി ഹുസൈനും ആദരമേറ്റുവാങ്ങിയവരില്പെടും.
രക്തദാതാക്കളിലെ ഏറ്റവും പ്രായം കുറഞ്ഞ, പതിനേഴുകാരനായ പാക് വിദ്യാര്‍ഥി അര്മാന് അമീറും രക്തദാതാക്കളില്‍ ഉള്‍പ്പെടുന്നു. തന്റെ മാതാവാണ് തന്റെ പ്രചോദനമെന്നും ജോലി ചെയ്യുന്ന സ്കൂളില്‍ മാതാവ് നിരവധി രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും അര്മാന് പറഞ്ഞു.






