മസ്‌കത്ത്- ആധുനികവല്‍ക്കരണത്തിലേക്ക് പൂര്‍ണമായി മാറുമ്പോഴും സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധരാണ് ഒമാനികള്‍. ഇതിന്റെ ഭാഗമായാണ് അധികൃതര്‍ അല്‍ദാഖിലിയ്യ ഗവര്‍ണറേറ്റിലെ പഴയ നഗരമായ അല്‍ഹംറയില്‍ ബനീ സുബ്ഹ് ഗ്രാമത്തിലെ ഒമാനി പരമ്പരാഗത ടൗണ്‍ ഹാളായ അല്‍ഷര്‍ സബ്‌ലാ അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിച്ചത്.
പഴമ നിറഞ്ഞ് നില്‍ക്കുന്ന ഇടവഴികളാണ് അല്‍ ഹംറയിലെ പ്രധാന സവിശേഷത. സുല്‍ത്താനേറ്റിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മുഖ്യ അജണ്ടയിലുള്‍പ്പെടുത്തി നിര്‍മിച്ച ചെളി വീടുകള്‍ അതിന്റെ സാംസ്‌കാരിക ചിഹ്നങ്ങളായി നിലനില്‍ക്കുന്നു. പരമ്പരാഗത ഒമാനി ജീവിതത്തിന്റെ പ്രതീകമാണ് പുനര്‍നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന സബ്‌ലാ പട്ടണം.
ഇപ്പോള്‍ വിവിധ പട്ടണങ്ങളില്‍ സബ്‌ലകള്‍ പുനഃസൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. മുകളില്‍ മേല്‍ക്കൂര അടച്ച് എല്ലാ വശത്ത് നിന്നും തുറന്ന ഒരു ചെറിയ കുടില്‍ രൂപത്തിലാണ് പണ്ട് ഏറെ ജനകീയമായിരുന്ന ടൗണ്‍ ഹാളുകളുടെ നിര്‍മാണം.
ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് സബ്‌ലകള്‍ നിര്‍മിച്ചിരുന്നത്. മതപരവും സാംസ്‌കാരികവുമായ ചടങ്ങുകള്‍ സബ്‌ലകളിലായിരുന്നു നടന്നിരുന്നത്. ആവി പറക്കുന്ന ഒമാനി കാപ്പിയുടെ അകമ്പടിയോടെ ഒമാനിലെ പഴമക്കാര്‍ ദിനേന രാഷ്ട്രീയവും പ്രാദേശിക പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ ഒത്തുകൂടിയിരുന്ന ഇടം കൂടിയാണ് സബ്‌ലകള്‍.
രാഷ്ട്രത്തിന്റെ പാരമ്പര്യവും ചരിത്രവും സംസ്‌കാരവും ഒട്ടും ചോരാതെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന രീതിയില്‍ പുതിയ വികസന പ്രവര്‍ത്തനങ്ങളാണ് ഒമാനില്‍ പുരോഗമിക്കുകയാണ്.