Sorry, you need to enable JavaScript to visit this website.

കഥകളിൽ നീന്തിത്തുടിച്ച രാജഹംസം

അവിശ്വസനീയമായ അനേകം കഴിവുകളുള്ള അത്ഭുത പ്രതിഭാസമാണ് ഗന്ധർവന്മാർ. ഭൂമിയിൽ അവരുടെ സാന്നിധ്യം അപൂർവമായി സംഭവിക്കുന്ന അത്ഭുതമത്രേ. പലപ്പോഴും കുറേയേറെ വർഷങ്ങളുടെ ഇടവേളകളിൽ ഒരു നിമിത്തം പോലെ മാത്രം സംഭവിക്കുന്ന ഒന്ന്. അത്തരം ഒരു അപൂർവ ഗന്ധർവ സാന്നിധ്യമായിരുന്നു പി.പത്മരാജൻ എന്ന പ്രതിഭാധനന്റേത്. 46 വർഷം മാത്രം ഈ ഭൂമിയിൽ നീണ്ടുനിന്ന ഒരു ജീവിതം. അതിനിടയിൽ സർഗ വൈഭവത്തിന്റെ സൂര്യതേജസ്സായി അദ്ദേഹം ജ്വലിച്ചു പടർന്ന മേഖലകൾ ഒട്ടനവധി. 200 ഓളം കഥകൾ, 4 നോവലെറ്റുകൾ, 12 നോവലുകൾ, 36 തിരക്കഥകൾ. കൂടാതെ 18 സിനിമകളുടെ സംവിധാനവും നിർവഹിച്ചു. തൊട്ടതൊക്കെ പൊന്നാക്കി മാറ്റാൻ കഴിഞ്ഞ മാസ്മരിക പ്രതിഭാ വിലാസം. അക്ഷരാർഥത്തിൽ ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പ് കനിഞ്ഞ് കിട്ടിയ കലാകാരൻ.
അടിസ്ഥാനപരമായി ഒരു സാഹിത്യകാരനായി അറിയപ്പെടാനായിരുന്നു പത്മരാജൻ എന്നും ആഗ്രഹിച്ചിരുന്നത്. പക്ഷേ എഴുതിയ തിരക്കഥകളിലൂടെയും സംവിധാനം ചെയ്ത സിനിമകളിലൂടെയുമായിരുന്നു അദ്ദേഹം പ്രസിദ്ധനും അനശ്വരനുമായത്. കേവലം 16 വർഷക്കാലം മാത്രമേ പത്മരാജൻ എന്ന പ്രതിഭാസം മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിൽ വിരാജിച്ചുള്ളൂ. അതിനിടയിൽ അദ്ദേഹം, മലയാളവും മലയാളിയും ഉള്ളിടത്തോളം കാലം ഓർമിക്കപ്പെടുന്ന ഒരുപിടി എണ്ണം പറഞ്ഞ ചിത്രങ്ങളുടെ സ്രഷ്ടാവായി. 
ഇനിയൊരിക്കൽ മലയാള സിനിമയുടെ ചരിത്രമെഴുതാൻ ഒരുങ്ങുന്നവർക്ക് തന്റെ നാമം തങ്കലിപികളിൽ തന്നെ കൊത്തിവെക്കാൻ കഴിയും വിധം സ്വയം അടയാളപ്പെടുത്താൻ ഈ ചിത്രങ്ങളിലൂടെ അദ്ദേഹത്തിന് കഴിഞ്ഞു.


1975 ൽ ഭരതന്റെ പ്രയാണം എന്ന ചിത്രത്തിന് തിരക്കഥ രചിച്ചുകൊണ്ടാണ് പത്മരാജൻ, ചലച്ചിത്ര ലോകത്തെ തന്റെ പ്രോജ്വലമായ പ്രയാണം ആരംഭിക്കുന്നത്. നല്ല തിരക്കഥയിലൂടെ ഒരു സംവിധായകന് അഭ്രപാളികളിൽ അത്ഭുതങ്ങൾ കാണിക്കാൻ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. തിരക്കഥയാണ് സിനിമയുടെ ബ്ലൂ പ്രിന്റ് എന്ന വലിയ സത്യം മലയാളിയെ പഠിപ്പിച്ചതിൽ പത്മരാജന് വലിയൊരു പങ്കുണ്ട്. ആ വർഷത്തെ മികച്ച തിരക്കഥക്കുള്ള കൊല്ലം ഫിലിം ഫാൻസ് അസോസിയേഷന്റെ അവാർഡ് പ്രയാണത്തിനായിരുന്നു. പിൽക്കാലത്ത് സിനിമയിൽ പത്മരാജൻ കൊയ്‌തെടുത്ത അനേകമനേകം അവാർഡുകളുടെയും അംഗീകാരങ്ങളുടെയും എളിയ തുടക്കം മാത്രമായിരുന്നു അത്.


സംവിധായകരായ ഭരതനും ഐ.വി.ശശിക്കും വേണ്ടിയായിരുന്നു ആദ്യകാലത്ത് പത്മരാജൻ കൂടുതൽ തിരക്കഥകൾ രചിച്ചത്. പ്രയാണം എന്ന ചിത്രം കൂടാതെ രതിനിർവേദം, തകര, ലോറി, ഒഴിവുകാലം എന്നിങ്ങനെ നാലു തിരക്കഥകൾ കൂടി ഭരതന് വേണ്ടി അദ്ദേഹമെഴുതി. ഭരതൻ-പത്മരാജൻ കൂട്ടുകെട്ട് അക്കാലത്ത് മലയാള സിനിമയിൽ വമ്പൻ ഹിറ്റുകളുടെ സമവാക്യമായി. ഐ.വി ശശി-പത്മരാജൻ കൂട്ടുകെട്ടായിരുന്നു അന്നത്തെ മറ്റൊരു വിജയ ഫോർമുല. 1977 ൽ ഇതാ ഇവിടെ വരെ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിക്കൊണ്ടായിരുന്നു അതിന് തുടക്കം കുറിച്ചത്. തുടർന്ന് വാടകക്കൊരു ഹൃദയം, കൈകേയി, ഈണം, കാണാമറയത്ത്, കരിമ്പിൻ പൂവിനക്കരെ തുടങ്ങി അഞ്ച് ചിത്രങ്ങളിൽ കൂടി അവർ ഒരുമിച്ചു. ഭരതനും ഐ.വി.ശശിക്കുമായി എഴുതിയ തിരക്കഥകളിൽ അദ്ദേഹം കലയും കച്ചവടവും സമമായി സമന്വയിപ്പിക്കുന്ന ഇന്ദ്രജാലം കാഴ്ചവെച്ചു. ആ തിരക്കഥകളുടെ പിൻബലത്തിൽ ആ സിനിമകൾ ബോക്‌സോഫീസിൽ വമ്പൻ ഹിറ്റുകളായി തിയേറ്ററുകളിൽ നിറഞ്ഞോടി. പത്മരാജന്റെ തിരക്കഥകൾക്ക് മിനിമം വിജയം നൽകാൻ കഴിയുമെന്ന വിശ്വാസം അദ്ദേഹത്തെ സിനിമാ നിർമാതാക്കളുടെ  പ്രിയപ്പെട്ടവനാക്കി. ഒപ്പം മധ്യവർഗ സമൂഹത്തിലെ വലിയൊരു വിഭാഗം കാഴ്ചക്കാരെ കൈയിലെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.


തിരക്കഥയുടെ മർമമറിഞ്ഞ എഴുത്തുകാരനായിരുന്നു പത്മരാജൻ. കാഴ്ചവട്ടങ്ങളെ കാണികളുടെ കണ്ണുകളിൽ കാവ്യാത്മകമായി കോരിനിറയ്ക്കുന്നതാവണം തിരക്കഥ എന്നദ്ദേഹം വിശ്വസിച്ചു. അതേസമയം താൻ തിരക്കഥ എഴുതുന്ന ഓരോ സംവിധായകരുടെയും മനസ്സും മാനറിസവും കൃത്യമായി മനസ്സിലാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഭരതന് വേണ്ടി എഴുതിയതു പോലെയല്ല അദ്ദേഹം ഐ.വി.ശശിക്ക് വേണ്ടി എഴുതിയത്. അതിൽ നിന്നും വ്യത്യസ്തമായിരുന്നു മോഹനു വേണ്ടിയുള്ള രചന. കെ.ജി. ജോർജിനും എൻ. ശങ്കരൻ നായർക്കും സേതുമാധവനും ജോഷിക്കും വേണ്ടി രചിച്ച തിരക്കഥകളും ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു. തിരക്കഥകളിൽ വൈവിധ്യം ഒരു ശാഠ്യം പോലെ അദ്ദേഹം അനുഷ്ഠിച്ചു. സംവിധായകൻ എന്ന നിലയിലും അതു തന്നെയാണ് അദ്ദേഹം അനുവർത്തിച്ചത്. തിരക്കഥാകൃത്തായും സംവിധയകനായും പ്രേക്ഷകരെ പിടിച്ചിരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞത് അതുകൊണ്ടാണ്. മലയാള സിനിമയിൽ പത്മരാജൻ വിജയിക്കുകയും വെന്നിക്കൊടി പാറിക്കുകയും ചെയ്തതിന്റെ രഹസ്യവും മറ്റൊന്നല്ല.
1978 ലാണ് എൻ. ശങ്കരൻ നായർക്കു വേണ്ടി പത്മരാജൻ സത്രത്തിൽ ഒരു രാത്രി എന്ന തിരക്കഥ രചിക്കുന്നത്. അതേ വർഷം തന്നെ കെ.ജി. ജോർജിന് വേണ്ടി രാപ്പാടികളുടെ ഗാഥ, സേതുമാധവന് വേണ്ടി നക്ഷത്രങ്ങളേ കാവൽ എന്നീ തിരക്കഥകളും പിറന്നു. ഭരതന് വേണ്ടി രതിനിർവേദവും ഐ.വി.ശശിക്ക് വേണ്ടി വാടകക്കൊരു ഹൃദയവും ആ വർഷം തന്നെ ഒരുക്കി. ഒരേ വർഷം അഞ്ച് സിനിമകൾക്ക് തിരക്കഥ രചിച്ച് അദ്ദേഹം ചലച്ചിത്ര ലോകത്തെ തന്റെ ജൈത്രയാത്ര തുടർന്നു. പത്മരാജന്റെ രാപ്പാടികളുടെ ഗാഥക്കായിരുന്നു ആ വർഷത്തെ മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാർഡ്. 
1979 ലാണ് പത്മരാജൻ സിനിമാ സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. ചിത്രം പെരുവഴിയമ്പലം. കലയെ കച്ചവടവുമായി കൈകോർത്തു നിർത്തുന്ന മുൻകാല രചനാ തന്ത്രങ്ങളിൽ നിന്നുള്ള അദ്ദേഹത്തിന്റെ വ്യക്തമായ ചുവടുമാറ്റമായിരുന്നു ഈ ചിത്രം. അതിലൂടെ കലാമൂല്യമുള്ള സമാന്തര സിനിമകളും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. നാട്യങ്ങളില്ലാത്ത ഗ്രാമ്യ ജീവിതത്തെ കലയുടെ കരുത്തിൽ കോർത്തിണക്കി കഥ പറയാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. അതു തന്നെയായിരുന്നു പത്മരാജൻ എന്ന കന്നി സംവിധായകന്റെ വിജയ രഹസ്യവും. കളർച്ചിത്രങ്ങളുടെ തള്ളിക്കയറ്റത്തിനിടയിലും വീഴാതെ പിടിച്ചുനിൽക്കാൻ പെരുവഴിയമ്പലം എന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിന് കഴിഞ്ഞത് അത് കാത്തു സൂക്ഷിച്ച കറകളഞ്ഞ കലാമൂല്യത്തിന്റെ പിൻബലം ഒന്നു കൊണ്ടു മാത്രമായിരുന്നു. ആ വർഷത്തെ സംസ്ഥാന സർക്കാറിന്റെ മികച്ച രണ്ടാമത്തെ ചിത്രം, മികച്ച തിരക്കഥ എന്നീ ബഹുമതികൾ പെരുവഴിയമ്പലം കരസ്ഥമാക്കി. കേന്ദ്ര സർക്കാറിന്റെ മികച്ച സിനിമക്കുള്ള രജതകമലവും അക്കുറി ഈ സിനിമ തന്നെയാണ് നേടിയെടു ത്തത്. കൂടാതെ മനേം, കാർലോ-വി-ഖാരി തുടങ്ങിയ വിദേശ മേളകളിലും ചിത്രം ഇടം നേടി.
രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തുകൊണ്ടാണ് പത്മരാജൻ 1981 എന്ന വർഷത്തെ വരവേറ്റതും ആഘോഷമാക്കിയതും -കള്ളൻ പവിത്രനും ഒരിടത്തൊരു ഫയൽവാനും. ഗ്രാമീണ മനുഷ്യ ജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങളെയാണ് തികഞ്ഞ കൈയടക്കത്തോടെ ഈ ചിത്രങ്ങളിൽ അദ്ദേഹം അവതരിപ്പിച്ചത്. പത്മരാജൻ എന്ന സംവിധായകന്റെ ശക്തിയും സാന്നിധ്യവും കൃത്യമായി അടയാളപ്പെടുത്തിയ ചിത്രമായിരുന്നു ഒരിടത്തൊരു ഫയൽ വാൻ. ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം ചിത്രത്തിന് ലഭിച്ചു. 27 ാമത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ നല്ല ചിത്രത്തിനും തിരക്കഥക്കുമുള്ള സ്വർണ കിരീടവും ആ സിനിമക്കായിരുന്നു. അങ്ങനെ അന്താരാഷ്ട്ര തലത്തിലും പത്മരാജൻ എന്ന ചലച്ചിത്ര പ്രതിഭ ശ്രദ്ധേയനായി.
പത്മരാജനെ ഒരു ജനപ്രിയ സിനിമാ സംവിധായകനാക്കി മാറ്റിയ ചിത്രമായിരുന്നു നവംബറിന്റെ നഷ്ടം. 1982 ൽ ഇറങ്ങിയ ഈ ചിത്രത്തിലൂടെ മനുഷ്യ മനസ്സിന്റെ നിഗൂഢതകളിലേക്കാണ് അദ്ദേഹം ക്യാമറ തിരിച്ചത്. ആ വർഷത്തെ കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയെഷന്റെ നല്ല തിരക്കഥക്കുള്ള അവാർഡ് ആ ചിത്രം കരസ്ഥമാക്കി. ഗൾഫ് മലയാളി അസോസിയേഷന്റെ മികച്ച ചിത്രത്തിനുള്ള അംഗീകാരവും നവംബറിന്റെ നഷ്ടത്തിന് ലഭിച്ചു. തുടർന്ന് പത്മരാജൻ സംവിധാനം ചെയ്ത കൂടെവിടെ എന്ന ചിത്രം മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റി. സംസ്ഥാന സർക്കാറിന്റെ ജനപ്രിയ ചിത്രത്തിനുള്ള അംഗീകാരം അതുകൊണ്ടു തന്നെ ആ സിനിമക്കായിരുന്നു.


വാർധക്യത്തിലെ ഒറ്റപ്പെടലിന്റെ അനാഥത്വം ശരണാലയത്തിൽ എത്തിക്കുന്ന ഒരമ്മയുടെ കഥയാണ് തിങ്കളാഴ്ച നല്ല ദിവസം എന്ന സിനിമ. മാതാപിതാക്കളുടെ സ്‌നേഹ പരിചരണങ്ങൾ കിട്ടാതായിപ്പോകുന്ന, കുട്ടികൾ വഴിതെറ്റിപ്പോകുന്നതെങ്ങനെ എന്ന ശക്തമായ പ്രമേയമാണ് ദേശാടനക്കിളി കരയാറില്ല എന്ന ചിത്രം കൈകാര്യം ചെയ്തത്. ഒരൊഴിവു കാലത്ത് വന്ന് തനിക്കൊപ്പം ആഹ്ലാദത്തിന്റെ ആരവം പങ്കിട്ട കൊച്ചുമകനെ കടലിൽ നഷ്ടപ്പെടുന്ന മുത്തച്ഛന്റെ ഹൃദയം പൊട്ടുന്ന നിലവിളിയുടെ മാറ്റൊലിയാണ് മൂന്നാം പക്കം. വിങ്ങുന്ന മനസ്സുമായല്ലാതെ ഈ ചിത്രങ്ങളൊന്നും പ്രേക്ഷകർക്ക് കണ്ടു തീർക്കാനാവില്ല.
ഏതു പ്രമേയവും വഴങ്ങുന്ന കൃതഹസ്തതയാണ് പത്മരാജൻ എന്ന എഴുത്തുകാരന്റെ പ്രധാന പ്രത്യേകത. അവയെ പ്രേക്ഷകർക്കിഷ്ടപ്പെടും വിധം ആത്മാവു നഷ്ടപ്പെടാതെ ആവാഹിച്ച് ആകർഷകമാക്കി സിനിമകൾ ചെയ്യാൻ അദ്ദേഹം അസാധാരണ മിടുക്കു കാട്ടി. കുറ്റാന്വേഷണ കഥയിലെ അദ്ദേഹത്തിന്റെ പ്രാവീണ്യം അറിയണോ? കരിയിലക്കാറ്റു പോലെ എന്ന ചിത്രം കണ്ടാൽ മതിയാകും. ജോഷിക്ക് വേണ്ടി അദ്ദേഹം എഴുതിയ ഈ തണുത്ത വെളുപ്പാൻ കാലത്ത് എന്ന ചിത്രവും അതേ വിഷയം കൈകാര്യം ചെയ്യുന്ന മികച്ച ചിത്രമാണ്. ഒരു നല്ല ത്രില്ലർ സിനിമയാണോ വേണ്ടത്? സീസൺ ആ ഗണത്തിൽ പെടും. ഇനി ഒരു നല്ല റൊമാന്റിക് ചിത്രമാണോ നിങ്ങൾക്ക് കാണേണ്ടത്? നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ അല്ലെങ്കിൽ ഇന്നലെ എന്നീ ചിത്രങ്ങൾ തെരഞ്ഞെടുത്താൽ മതി.

മലയാള സിനിമയിൽ കാലാതിവർത്തിയായി നിൽക്കുന്ന അതിമനോഹരമായ ഒരു പ്രണയ കാവ്യമാണ് പത്മരാജന്റെ തൂവാനത്തുമ്പികൾ. ഇനി ഒരു ഫാന്റസി സിനിമ കാണണോ? ഞാൻ ഗന്ധർവൻ അതിന് സർവഥാ അനുയോജ്യമാണ്. അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, അപരൻ എന്നിവയും പ്രമേയ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായ പത്മരാജൻ ചിത്രങ്ങളാണ്.
പത്മരാജൻ ചിത്രങ്ങളുടെ വിജയങ്ങളിൽ ചെറുതല്ലാത്തൊരു പങ്ക് പാട്ടുകൾക്കുണ്ട് എന്നത് വാസ്തവമാണ്. എന്നാൽ സ്വയം സംവിധാനം ചെയ്ത ആദ്യകാല ചിത്രങ്ങളിൽ പത്മരാജൻ ഗാനങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല. പെരുവഴിയമ്പലവും കള്ളൻ പവിത്രനും ഒരിടത്തൊരു ഫയൽ വാനും അത്തരം സിനിമകളായിരുന്നു. പിന്നീട് ജനപ്രിയ സംവിധായകനായതോടെ സിനിമയിൽ ഏറ്റവും അനുയോജ്യ ഘട്ടങ്ങളിൽ മാത്രം അദ്ദേഹം ഗാനങ്ങൾ ഉപയോഗിച്ചു. അർഥവത്തായ ഗാനങ്ങൾ എഴുതുന്നവരെയും അവക്ക് ഹൃദ്യമായ സംഗീതം പകരുന്നവരെയും മാത്രം അദ്ദേഹം തന്റെ സിനിമകളിൽ സഹകരിപ്പിച്ചു. കാവാലവും എം.ഡി. രാജേന്ദ്രനും ഒ.എൻ.വിയും ശ്രീകുമാരൻ തമ്പിയും പൂവച്ചൽ ഖാദറും ചുനക്കര രാമൻ കുട്ടിയും കൈതപ്രവും അദ്ദേഹത്തിന് വേണ്ടി നല്ല ഗാനങ്ങളെഴുതി. ദേവരാജനും ജോൺസനും പെരുമ്പാവൂർ ജി. രവീന്ദ്രനാഥും ശ്യാമും എം.ജി. രാധാകൃഷ്ണനും അവക്ക് മനം മയക്കുന്ന സംഗീതം നൽകി. 


ഉയരങ്ങളുടെ കൊടുമുടി കീഴടക്കി ചലച്ചിത്ര രംഗത്ത് നിറസാന്നിധ്യമായി മാറാൻ പത്മരാജന് 16 വർഷമേ വേണ്ടിവന്നുള്ളൂ. ആ ഉയർച്ചയിലും പക്ഷേ, പത്മരാജൻ എന്ന മനുഷ്യൻ നിന്നു കിതച്ചു. തനിക്കൊപ്പം നിഴലു പോലെ മരണമുണ്ടെന്ന ഭീതി അദ്ദേഹത്തെ നിരന്തരം വേട്ടയാടി. അവിചാരിത മരണങ്ങൾ അദ്ദേഹത്തിന്റെ കുടുംബത്തിൽ തുടർക്കഥ പോലെ സംഭവിച്ചിരുന്നു. അടുത്ത ഇര താനാണോ എന്നദ്ദേഹം സദാ സന്ദേഹിച്ചു. 1991 ജനുവരി 23 ന് സന്ദേഹിച്ചത് സത്യമായി. എല്ലാ ആഗ്രഹങ്ങളും ബാക്കി വെച്ച്, ജീവിച്ചു കൊതി തീരാതെ ആ ഗന്ധർവൻ ഈ ഭൂമിയിൽ നിന്നും യാത്രയായി. തന്റെ അവസാന ചിത്രമായ ഞാൻ ഗന്ധർവനിൽ ആ മരണം മുൻകൂട്ടി കണ്ടിട്ടെന്ന പോലെ അദ്ദേഹം ഇങ്ങനെ കുറിച്ചിരുന്നു-
'നിനക്കിനി ആകെയുള്ളത് ഇന്നത്തെ ഈ രാത്രി മാത്രം. ഇന്നത്തെ രാത്രി, രാത്രിയുടെ പതിനേഴാമത്തെ കാറ്റു വീശാൻ തുടങ്ങുമ്പോൾ നീ ഈ ഭൂമിയിൽ നിന്നും യാത്രയാകും. ഒരിക്കലും തിരിച്ചു വരവില്ലാത്ത യാത്ര. ഒന്നിനും നിന്നെ തിരികെ വിളിക്കാനാവില്ല.'    
 

Latest News