പിറ്റേന്ന് നേരത്തേ എണീറ്റു ഞാൻ ഒന്നും നോക്കാതെ നേരേ പോയത് അടുക്കളയിലേക്കാണ്, അടുക്കളയിൽ ചെന്ന പാടെ ലൈറ്റ് ഒന്നു കൂടി ഓൺ ചെയ്തു നോക്കി, എന്തൊരത്ഭുതം, ലൈറ്റ് ഓൺ ആയിരിക്കുന്നു. ലൈറ്റ് പ്രകാശിക്കുന്നുണ്ട്, എന്റെ ആകാംക്ഷ വീണ്ടും കൂടി. ഇന്നലെ രാത്രി വെള്ള ക്കുമിളകൾ മേലോട്ടു പൊങ്ങിയപ്പോൾ മാത്രം ലൈറ്റിട്ട് നോക്കവേ, എന്തുകൊണ്ട് വെളിച്ചമുണ്ടായില്ല? ഞാൻ വിചാരിച്ചു, വല്ല ടെക്നിക്കൽ പ്രോബ്ലവും ആയിരിക്കുമെന്ന്. വീണ്ടും ചെക്ക് ചെയ്തു. ഒരു തകരാറുമില്ല.
ഞാൻ അടുക്കളയിലുള്ള കസേരയിലിരുന്നു, എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല, എന്തുകൊണ്ടാണ് വാട്ടർ ഡിസ്പെൻസറിൽ നിന്നും കുമിളകൾ രാത്രിയുടെ യാമങ്ങളിൽ മാത്രം മേൽപോട്ട് പോകുന്നുവെന്ന് ആലോചിച്ച് ഞാൻ വീണ്ടും അവിടെ തന്നെ ഇരുന്നു, അത് മാത്രവുമല്ല, എന്താണ് അതിനു കാരണമെന്നു കണ്ടുപിടിക്കാൻ ശ്രമിക്കുന്തോറും എന്തെങ്കിലും കാരണങ്ങൾ കൊണ്ട് അത് നടക്കാതെ പോകുന്നു, അതിൽ എന്തോ അസ്വാഭാവികത ഉണ്ടോ, അതോ തോന്നലുകൾ മാത്രമാണോ?
ഏതായാലും ഞാൻ ഒന്ന് തീരുമാനിച്ചു, ആരോടെങ്കിലും ഒരു അഭിപ്രായം ആരായാം. എന്റെ സുഹൃത്ത് നിർദേശിച്ച ശാസ്ത്രജ്ഞനെ തന്നെ കോൺടാക്ട് ചെയ്യാം എന്ന് മനസ്സിൽ ഉറപ്പിച്ചു, അങ്ങനെ അവനയച്ച വാട്സാപ് മെസേജ് നോക്കി മൊബൈൽ നമ്പർ തപ്പിയെടുത്ത് വിളിച്ചു. അങ്ങേത്തലക്കൽ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേൾക്കാം. പക്ഷേ മറുപടിയില്ല. അയാൾ മിസ്ഡ് കോൾ കാണുമ്പോൾ വിളിച്ചോളും എന്നു സമാധാനിച്ച് ഞാൻ മറ്റുള്ള ജോലികളിൽ മുഴുകി.
നാട്ടിൽ ചെറിയ മോളെ വിളിച്ചു. വേവലാതിയോടെ നിങ്ങൾക്ക് വേറെ എതെങ്കിലും റൂമിലേക്ക് താമസം മാറ്റിക്കൂടെ എന്ന് അവൾ ചോദിച്ചു. വാട്ടർ ഡിസ്പെൻസറിന്റെ മിസ്റ്ററി കണ്ടെത്തിയതിന്റെ ശേഷം ആലോചിക്കാം എന്ന് പറഞ്ഞ് ഫോൺ വെച്ചു,
സമയം പൊയ്ക്കൊണ്ടിരുന്നു. കുറച്ചുനേരം ടി.വിയിലും യൂട്യൂബിലും നോക്കിയിരുന്നു, സമയം രാത്രിയായിരിക്കുന്നു. ശാസ്ത്രജ്ഞന്റെ വിളിയും പ്രതീക്ഷിച്ചു. പക്ഷേ ആൾ തിരിച്ചു വിളിച്ചു കണ്ടില്ല.
അപ്പോഴാണ് ഓർമ വന്നത്, ഇന്നലെ വൈകുന്നേരം ലോക്ഡൗൺ സമയം തീരുന്നതിന്റെ മുമ്പേ വാങ്ങിവെച്ച സാധനങ്ങൾ വണ്ടിയിൽ ഇരിപ്പുെണ്ടന്ന്, അത് കരുതിക്കൂട്ടി വണ്ടിയിൽ 24 മണിക്കൂർ വെച്ചതാണ്. കൊറോണ വൈറസ് ഉണ്ടെങ്കിൽ പോയ്ക്കോട്ടെ എന്ന് കരുതി വെച്ചതാണ്.
അങ്ങനെ ഞാൻ വാതിൽ തുറന്നു താഴോട്ട് പോയി കാർ തുറന്ന് സാധനങ്ങളെല്ലാം എടുത്തു. തിരിച്ചുവരുമ്പോൾ സാധാരണ ലിഫ്റ്റ് ഉപയോഗിക്കാറില്ല. കാരണം ഞാൻ താമസിക്കുന്നത് ആദ്യത്തെ നിലയിലാണ്. പക്ഷേ സാധനങ്ങൾ കൈയിലുള്ളത് കൊണ്ട് ലിഫ്റ്റ് ഉപയോഗിക്കാമെന്ന് തീരുമാനിച്ചു. കൊറിഡോറിൽ ലിഫ്റ്റിന്റെ അടുത്തേക്ക് നടന്നു വരുന്ന ഭാഗത്ത് ഒരു 60-65 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ നിൽപുണ്ടായിരുന്നു. കണ്ടപ്പോൾ ഏതോ അറബ് സ്ത്രീയാണെന്ന് തോന്നി. മെലിഞ്ഞ് വെളുത്തു സുന്ദരിയായ ഒരു അമ്മൂമ്മ. എന്നെ കണ്ടപ്പോൾ ആ സ്ത്രീ ആശ്ചര്യത്തോടെ ചോദിച്ചു: നീ എവിടുന്നാണ് ഈ സാധനങ്ങൾ ഈ സമയത്ത് വാങ്ങിക്കൊണ്ടു വരുന്നത്, ആദ്യം അറബിയിലാണ് ചോദിച്ചത്. അറബിയിൽ തന്നെ ഉത്തരം പറയാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ അവർക്കു തോന്നിക്കാണും, ചോദിക്കാൻ നല്ലത് ഇംഗ്ലീഷ് ആയിരിക്കുമെന്ന്. അങ്ങനെ ആ സ്ത്രീ എന്നോട് ഇംഗ്ലീഷിൽ ആരാഞ്ഞു. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു: ഈ സമയത്ത് എവിടെനിന്ന് കിട്ടാനാ സാധനങ്ങൾ, സിറ്റി ഒന്നായി ലോക്ഡൗൺ അല്ലേ. ആ സ്ത്രീയും ചിരിച്ചുകൊണ്ട് പറഞ്ഞുഛ എനിക്കറിയാം, അതുകൊണ്ടാണ് ഞാൻ ആശ്ചര്യത്തോടെ ചോദിച്ചത്. ഇന്നലെ വാങ്ങി വണ്ടിയിൽ വെച്ചിട്ടു എടുക്കാൻ മറന്നതായിരുന്നുവെന്നു ഞാൻ പറഞ്ഞു. എന്റെ വീട്ടിൽ നാപ്കിൻസ് കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ എവിടുന്നെങ്കിലും കിട്ടുമോ എന്ന് നോക്കാൻ വേണ്ടി ഇറങ്ങിയതാണെന്ന് സ്ത്രീ എന്നോട് പറഞ്ഞു. എന്റെ വീട്ടിൽ ഇരിപ്പുണ്ടെന്നും അതിൽനിന്നും ഒന്നോ രണ്ടോ ബോക്സ് തരാമെന്ന് പറഞ്ഞപ്പോൾ താങ്ക്സ് പറഞ്ഞ് എന്റെ കൂടെ ഫഌറ്റിലേക്ക് വന്നു.
ഞാൻ വാതിൽ തുറന്ന് സാധനങ്ങളെല്ലാം മേശപ്പുറത്തു വെച്ചുകൊണ്ട് ആംഗ്യഭാഷയിൽ സോഫയിൽ ഇരിക്കാൻ പറഞ്ഞു. ആ സ്ത്രീ നല്ല പെർഫ്യൂം ആണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് എനിക്ക് തോന്നി. നല്ല സുഗന്ധം പരത്തുന്നുണ്ടായിരുന്നു. വീട്ടിൽ ഒരു അതിഥി വന്നതല്ലേ, എന്തെങ്കിലും കുടിക്കാൻ കൊടുക്കണ്ടേ എന്ന് മനസ്സിൽ വിചാരിച്ചു, ഞാൻ നേരേ ചെന്ന് ഫ്രിഡ്ജ് തുറന്നു നോക്കി, അതിൽ ആകെ അൽമറായിയുടെ മോര് ബോട്ടിൽ മാത്രമേ ഉള്ളൂ. ഞാൻ ഒരു ഗ്ലാസ് എടുത്തു കഴുകി വൃത്തിയാക്കി അതിൽ മോര് ഒഴിച്ചു ടീപോയിൽ വെച്ചു കൊടുത്തു.
മാഡം ഏതു നാട്ടുകാരിയാണ,് വീട്ടിൽ ആരൊക്കെയുണ്ട്, ഏത് ഫ്ളോറിൽ ആണ് താമസിക്കുന്നത് എന്ന് ചോദിച്ചു. ഞാൻ നാലാം നിലയിൽ ആണ് താമസിക്കുന്നത് മൊറോക്കൊയാണ് എന്റെ നാട്. എനിക്കൊരു മകൻ ഉണ്ട.് അവൻ ഓസ്ട്രേലിയയിലാണ് താമസിക്കുന്നത് എന്നെല്ലാം അവർ പറഞ്ഞു. എന്തുകൊണ്ടാണ് മകൻ അമ്മയെ ഓസ്ട്രേലിയയിലേക്ക് കൊണ്ടു പോകാത്തതെന്നു ചോദിക്കാൻ തോന്നിയെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി ചോദിച്ചില്ല,
ഈ ഫഌറ്റിൽ നിങ്ങൾ വരുന്നതിന് രണ്ടു വർഷം മുമ്പ് താമസിച്ചിരുന്നത് ഒരു മൊറോക്കൻ ഫാമിലി ആയിരുന്നു, പിന്നെ ഫഌറ്റ് രണ്ടു വർഷം അടച്ചിട്ടിരുന്നു. ഞങ്ങൾ തൊട്ടടുത്ത റൂമിൽ താമസിക്കുന്ന കാലത്ത് ഈ റൂമിൽ നിന്നും ആൾപ്പെരുമാറ്റം കേട്ടിരുന്നതായി അവർ പറഞ്ഞപ്പോൾ ഞാനൊന്നു നടുങ്ങി.
അപ്പോഴാണ് മൊബൈൽ റിംഗ് ചെയ്തത്. ഞാൻ ഫോൺ എടുക്കാൻ വേണ്ടി ഡൈനിങ് ടേബിളിന്റെ അടുത്തേക്ക് നടന്ന് ഫോണെടുത്തു. ഓഫീസിൽ നിന്നാണ് ഫോൺ. അവർക്ക് ഒരു ശല്യമാേകണ്ട എന്ന് കരുതി ഞാൻ സ്വൽപം മാറി നിന്നാണ് സംസാരിച്ചിരുന്നത.് അപ്പോൾ കിച്ചണിൽ നിന്നും വെള്ളക്കുമിളകൾ പൊങ്ങുന്ന ശബ്ദം കേട്ടു.
പെട്ടെന്ന് ഞാൻ ഫോൺ ഡിസ്കണക്റ്റ് ചെയ്തു കിച്ചണിലേക്ക് ചെന്നു നോക്കി. വെള്ളക്കുമിളകൾ പോകുന്നത് കാണാനില്ല. മേരി സീറ്റിൽ തന്നെ ഇരിക്കുന്നുണ്ട് കൊടുത്ത മോര് അവർ കുടിച്ചിട്ടില്ല. എനിക്ക് നേരിയ ഭയം തോന്നി. എന്റെ പരിഭ്രാന്തി കണ്ടിട്ടാവാം. മേരി സോഫയിൽ നിന്നും എണീറ്റ് ഞാൻ പിന്നെ വരാം എന്നു പറഞ്ഞു പോയി.
ഞാൻ വേവലാതിയോടെ സോഫയിൽ അമർന്നിരുന്നു. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു. ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു. സാധാരണ ആരെങ്കിലും വരാറുണ്ടങ്കിൽ കാളിങ് ബെല്ലടിക്കാറാണ് പതിവ്, ആരാണ് വാതിലിൽ മുട്ടുന്നത്, ഞാൻ വാതിലിനടുത്തേക്ക് പോയി ഹോളിലൂടെ നോക്കി.
ബിൽഡിംഗിൽ ഒന്നാകെ കറണ്ട് പോയിട്ടുണ്ടായിരുന്നു, നല്ല ഇരുട്ടാണ്. ഞാൻ ധൈര്യം സംഭരിച്ച് വാതിൽ തുറന്നു, അതാ മേരി മുന്നിൽ ഒരു കത്തിച്ച മെഴുക് തിരിയുമായി.






