അബുദാബി- യു.എ.ഇ തലസ്ഥാന നഗരിയില്‍ ഇനി കോവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പുതിയ ഹോട്ട്‌ലൈന്‍ നമ്പര്‍. 909 ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിച്ചാല്‍ കോവിഡ് രോഗികളെ മെഡിക്കല്‍ കേന്ദ്രങ്ങളിലേക്ക് എത്തിക്കാന്‍ അബുദാബി പോലീസ് സഹായിക്കും. കൂടാതെ, കൊറോണ വൈറസ് സംബന്ധമായ സംശയനിവാരണത്തിനായി വിളിക്കുന്നവരെ പുതിയ ഹെല്‍പ് ലൈന്‍ നമ്പര്‍ മുസഫ്ഫയിലെ അബുദാബി പോലീസ് ഓപ്പറേഷന്‍ സെന്ററിലേക്ക് ബന്ധിപ്പിക്കും.
കോവിഡ് 19 വ്യാപനത്തിനെതിരായ പോരാട്ടത്തിനെ പിന്തുണയ്ക്കുന്ന സെന്റര്‍, തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍, വൈറസ് കേസുകളെക്കുറിച്ചുള്ള അന്വേഷണങ്ങളും റിപ്പോര്‍ട്ടുകളും കൈകാര്യം ചെയ്യും. മുസഫ്ഫയിലെ തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായം നല്‍കാനും പുതിയ ഹെല്‍പ് ലൈന്‍ ഉപയോഗപ്പെടുത്താമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വ്യക്തിഗത കോള്‍ ചെയ്യുന്നവര്‍, കമ്പനികള്‍, മറ്റു താമസക്കാര്‍ എന്നിവരില്‍ നിന്നുള്ള ഇന്‍കമിംഗ് കോളുകള്‍ക്ക് മറുപടി നല്‍കാന്‍ തയാറായി കോള്‍ സെന്റര്‍ മുഴുസമയവും പ്രവര്‍ത്തിക്കുമെന്ന് മുസഫ്ഫ പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ ഫദല്‍ ഗദിയാര്‍ അല്‍ശംസി അറിയിച്ചു.






