ബഹ്‌റൈനില്‍ സ്‌കൂളുകള്‍ സെപ്റ്റംബര്‍ 16ന് തുറക്കും

മനാമ- കൊറോണ വൈറസിനെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ, ബഹ്‌റൈനില്‍ സെപ്റ്റംബര്‍ 16ന് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ ആറ് മുതല്‍ സ്‌കൂളിലേക്ക് ജീവനക്കാര്‍ വന്നുതുടങ്ങുമെന്നും പത്ത് ദിവസത്തിന് ശേഷം വിദ്യാര്‍ഥികള്‍ക്കും പ്രവേശനം അനുവദിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി മാജിദ് ബിന്‍ അലി അറിയിച്ചു.
സ്വകാര്യ സ്‌കൂളുകള്‍ പക്ഷേ, ഓഗസ്റ്റ് പകുതി പിന്നിട്ടത് മുതല്‍ സെപ്റ്റംബര്‍  ആദ്യം വരെ വ്യത്യസ്ത തിയതികളായിരിക്കും തുറക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് 19 വ്യാപനം തടയാന്‍ ശക്തമായ മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ അധ്യയന വര്‍ഷത്തില്‍ സാമൂഹിക അകലം പാലിക്കല്‍ തുടരുകയും ഇത് പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. കോവിഡ് കേസുമായി ബന്ധപ്പെട്ട അസാധാരണ സാഹചര്യങ്ങളുണ്ടായില്ലെങ്കില്‍ ഈ രീതി രണ്ടാമത് സെമസ്റ്ററിലും പ്രയോഗവല്‍കരിക്കും. ലോകവ്യാപകമായി കോവിഡ് 19 പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് ബഹ്‌റൈനില്‍ സ്വകാര്യ, പൊതു മേഖലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചത്.

 

Latest News