മനുഷ്യനെ നന്മയിലേക്ക് വഴി നടത്തുന്ന വേദഗ്രന്ഥങ്ങളെല്ലാം രചിക്കപ്പെട്ടത് കാവ്യരൂപത്തിലാണ്. കവിതകൾക്ക് മനുഷ്യ മനസ്സിലേക്ക് ഇറങ്ങിച്ചെന്ന് അവിടെ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. വ്യക്തികളെയും സമൂഹത്തെയും പരിവർത്തനപ്പെടുത്താൻ ശക്തിയുള്ളവയാണ് കവിതകൾ. വലിയ ആശയങ്ങളെ ചെറിയ വരികളിൽ ഗർഭം ധരിപ്പിക്കാൻ കഴിവുള്ളയാളാണ് കവി. കവി ഒരേ സമയം ഉന്മാദിയും ജ്ഞാനിയുമായി മാറുന്നു.
ഇത്തരത്തിൽ വാക്കുകൾ കൊണ്ട് വലിയ ആശയപ്രപഞ്ചം സൃഷ്ടിക്കുന്നവയാണ് ബഹിയ രചിച്ച കസായിപ്പുരയിലെ ആട്ടിൻകുട്ടികൾ എന്ന കവിതാ സമാഹാരം. കവിതയുടെ സൗന്ദര്യ ശാസ്ത്രം തിരിച്ചറിഞ്ഞ ഈ കവി, കൃത്യമായ പദസംയോജനത്തിലൂടെയാണ് ഇതിലെ ഓരോ കവിതകളും രചിച്ചിരിക്കുന്നത്. ജീവിതത്തിന്റെ നശ്വരതയും പ്രണയത്തിന്റെ അനശ്വരതയും ആവിഷ്കരിക്കുന്നവയാണ് ഇതിലെ പല കവിതകളുമെങ്കിലും ചിലത് മനുഷ്യ സമൂഹത്തിന്റെ കപട മുഖാവരണം വലിച്ചു കീറുന്നു. മറ്റു ചില കവിതകൾ പാരതന്ത്ര്യത്തിന്റെ കയ്പ്നീരു വലിച്ചു കുടിക്കുമ്പോൾ ചിലത് പെൺജീവിതത്തെയും പെണ്ണെഴുത്തിനെയും സാക്ഷ്യപ്പെടുത്തുന്നു.
ഒറ്റക്കാകുന്നവർ എന്ന കവിതയിൽ ജീവിതത്തിലും ജീവിതാനന്തരവും മനുഷ്യനെ പുതച്ചുമൂടുന്ന ഏകാന്തതയുടെ വ്യഥയാണ് കവി വരച്ചിടുന്നത്. ഏകാന്തതയുടെ തോടിനകത്ത് വിഷപ്പാമ്പിന്റെ ഭ്രൂണമായി മാറുന്ന ജീവിതങ്ങളെക്കുറിച്ചും മറ്റു ചിലപ്പോൾ വളർച്ചയെത്താതെ വിരിഞ്ഞ ഉറുമ്പരിച്ച ജീവിതങ്ങളെക്കുറിച്ചുമെല്ലാം കവി ഏകാന്ത നിമിഷത്തിൽ വ്യാകുലപ്പെടുന്നു.
മറവുചെയ്ത് തോറ്റുപോയ പ്രണയത്തിന്റെ ഉണങ്ങാത്ത മുറിവുകളിലൂടെയുള്ള യാത്രയാണ് പ്രണയിച്ചവൻ എന്ന കവിതയിൽ. മോഹങ്ങളെല്ലാം വരണ്ടുപോയ ചുണ്ടുകളിൽ വേദനകളുടെ മുറിവുകളായി മാറുന്നതെങ്ങനെയെന്ന് കൃത്യമായി വരച്ചിടുന്നുണ്ട് ഈ കവിതയിൽ. പ്രണയത്തെ മറവ് ചെയ്യുമ്പോൾ മനുഷ്യൻ സ്നേഹിക്കുന്നില്ലെന്ന നാട്യത്തെ കടമെടുക്കുന്നു.

കഥ പറയുന്ന മീസാൻകല്ലുകൾ എന്ന കവിതയിൽ ജീവിതത്തിന്റെ നിരർത്ഥകതയും വെറുപ്പിന്റെയും പകയുടെയും അനാവശ്യകതയും അനാവരണം ചെയ്യുന്നുണ്ട് കവി. അതിരുകൾക്ക് വേണ്ടി തർക്കിച്ച് ബഹളം കൂട്ടിയ മനുഷ്യന്റെ ഖബറിന്റെ ഉപരിതലത്തിലൂടെ ഒരു വള്ളിച്ചെടി അതിര് നോക്കാതെ പടർന്നു പോകുമ്പോൾ നാം മത്സരിക്കുന്നതൊക്കെയും വെറുതെയാണെന്ന പ്രപഞ്ച സത്യം വായനക്കാരന്റെ മനസ്സിലേക്ക് തുറന്നിടുന്നു. 'കോങ്കണ്ണിച്ചി കറുത്ത പാത്തുവിന്റെ മുച്ചിറിച്ചിരിയിലേക്ക് മാത്രം മമ്മദാജീന്റെ പെരയിലെ കുടമുല്ല പൂക്കൊഴിച്ച്' എന്ന് പറയുന്നിടത്ത് പ്രണയത്തിന്റെ അനശ്വരതയാണ് ബഹിയ എഴുതിച്ചേർത്തത്.
സ്ത്രീകളോട് പുരുഷ സമൂഹത്തിനുള്ള മനോഭാവത്തെ തുറന്നുകാട്ടുകയാണ് പലരെ പ്രണയിക്കുന്നവൾ എന്ന കവിതയിൽ. ചിരിക്കുന്ന, നോക്കുന്ന, സ്നേഹിക്കുന്ന പെണ്ണിനെ തേവിടിശ്ശിയെന്ന് വിളിക്കുന്ന സമൂഹത്തിനു നേരെ അസ്ത്രം എയ്യുകയാണ് കവി. സ്ത്രീ പലപ്പോഴും ഉടലാഴങ്ങളതിനേക്കാൾ കണ്ണാഴങ്ങളിൽ നിന്നാണ് പ്രണയം നുണഞ്ഞിറക്കുന്നതെന്ന യാഥാർത്ഥ്യം കവി നമ്മെ ബോധ്യപ്പെടുത്തുന്നു. ആണെഴുത്തിനും പെണ്ണെഴുത്തിനുമിടയിലെത്തുമ്പോൾ പെണ്ണ് എന്തെഴുതണമെന്ന് പുരുഷൻ നിശ്ചയിച്ചു കഴിഞ്ഞു. അവൾ ഉടലിനെപ്പറ്റിയോ, രതിയെപ്പറ്റിയോ അടുക്കളപ്പുരയിൽ വറ്റിപ്പോയ കണ്ണീരിനെപ്പറ്റിയോ എഴുതട്ടെ. അവൾ രാഷ്ട്രീയം പറയരുത്, എഴുതരുത്. അവൾ അധികാരത്തിന്റെ നാലയലത്ത് പോലും വന്നേക്കരുത്. ഈ അനീതിയെയാണ് കവി ചോദ്യം ചെയ്യുന്നത്.
ആരുടെയൊക്കെയോ മാംസക്കൊതി തീർക്കാൻ തോലുരിക്കപ്പെട്ട് നഗ്നയായി കെട്ടിത്തൂക്കപ്പെടേണ്ട പാൽമണം മാറാത്ത കുഞ്ഞാടിന്റെ ജീവിതത്തിന്റെ അവസാന നിമിഷത്തിലൂടെ, പെൺജീവിതത്തിന്റെ ക്ഷണികതയാണ് കസായിപ്പുരയിലെ ആട്ടിൻകുട്ടികൾ എന്ന കവിതയിൽ ചേർത്തുവെച്ചത്. സമൂഹത്തിൽ പിച്ചിച്ചീന്തപ്പെടുന്ന പെൺകൗമാരങ്ങളുടെ ഒരു നേർചിത്രം കൂടിയാണ് ഈ കവിത. കൗതുകക്കണ്ണുകളാൽ നിരത്തിലെ തിരക്കിലേക്ക് നോക്കി വാടിയ ഇലകൾ കടിക്കുന്ന ആട്ടിൻകുട്ടികൾ സമൂഹത്തിലെ പെൺബാല്യങ്ങളുടെ പ്രതീകങ്ങളാണ്.
ദാർശനികമായും കാൽപനികമായും ഒരുപാട് ദൂരം സഞ്ചരിക്കാൻ കഴിയുന്നവയാണ് ബഹിയയുടെ കവിതകൾ. ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെ വളരെ അടുക്കും ചിട്ടയോടും കൂടിയാണ് ബഹിയ ഈ സമാഹാരത്തിൽ ചേർത്തുവെച്ചത്.
കരിയെഴുതിയ ഉണ്ടക്കണ്ണുകൾ കൊണ്ട് ആരെയും ആകർഷിക്കുന്ന ഒരു കുഞ്ഞുപെണ്ണിനെപ്പോലെ ഇതിലെ കവിതകൾ വായനക്കാരെ ആകർഷിക്കുമെന്നത് തീർച്ചയാണ്. നശ്വരമായ സന്തോഷങ്ങൾ തേടി കുതിച്ചു പായുന്ന മനുഷ്യന് നേരേ ശക്തമായ വാക്ശരങ്ങളാണ് ബഹിയ തൊടുത്തു വിടുന്നത്. ഒരു പുലരിയിൽ പൊട്ടി വിടരുന്ന പുഷ്പങ്ങളല്ല കവികൾ.
ഒരു ജന്മം മുഴുവൻ മേയാൻ വിട്ടിട്ടാണ്, മനനം ചെയ്തിട്ടാണ് ഒരു കവി ജനിക്കുന്നത്. പിഴച്ചുപെറ്റ മോഹത്തിന്റെ സന്തതികൾക്ക് തൊടാനുള്ളതല്ല കവിയുടെ വാക്കുകൾ എന്ന് കവി ശാഠ്യം പിടിക്കുന്നു. പെൻഡുലം ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 80 രൂപ.






