കേരളത്തിൽ ഒട്ടും മനസ്സമാധാനമില്ലാതെ വാർത്താ ലേഖകർ ജോലി ചെയ്തിരുന്ന സ്ഥലമാണ് കണ്ണൂർ. റിപ്പോർട്ടിംഗിന്റെ തുടക്ക കാലത്ത് കണ്ണൂരിന്റെ സ്വാദ് നന്നായി അനുഭവിച്ചിട്ടുണ്ട്.
ലാത്തിച്ചാർജ്, വെടിവെപ്പ്, ബോംബേറ്, സംഘർഷം തുടങ്ങിയ കലാപാരിപാടികൾ ജീവിതത്തിന്റെ അനിവാര്യ ഭാഗങ്ങളാണെന്ന് ധരിച്ച കാലമായിരുന്നു അത്. മൂന്ന് ദശകങ്ങൾപ്പുറത്തായിരുന്നു കോലത്തുനാട്ടിലെ പത്രപ്രവർത്തനം. രുചിയേറിയ ഭക്ഷ്യവിഭവങ്ങൾ ഏത് പാതിരാവിലും ലഭിക്കുമെന്നതാണ് കണ്ണൂരിന്റെ മറ്റൊരു ഹൈലൈറ്റ്. ജിദ്ദയിൽ പല കടകളിലും തവാഫ് കോഴി കണ്ടിട്ടുണ്ടെങ്കിലും കണ്ണൂർ ഫോർട്ട് റോഡിലെ ഗൾഫ് റിട്ടേണി തുടങ്ങിയ ഫാസ്റ്റ് ഫുഡ് സെന്ററിലേതിനോട് കിടപിടിക്കാവുന്ന പ്രദക്ഷിണ കോഴി വറുത്തതിനെ ഇതു വരെ ലഭിച്ചിട്ടില്ല. സുന്ദരികളുടേയും സുന്ദരൻമാരുടേയും നാട്ടിൽ രജനികാന്ത് നടിച്ച സ്റ്റണ്ട് പടം കാണും പോലെ ജീവിതം ആസ്വദിച്ച റിപ്പോർട്ടിംഗ് ഓർമകളോടെയാണ് 90കളുടെ തുടക്കത്തിൽ മലപ്പുറത്ത് ജില്ലാ ലേഖകനായെത്തിയത്. പുതിയ പേപ്പറിന്റെ പുറത്തു നിന്നെത്തിയ ലേഖകൻ എന്ന നിലയ്ക്ക് പല തരം റാഗിംഗും ഒറ്റപ്പെടുത്തലും പ്രതീക്ഷിച്ചാണ് കുന്നുമ്മൽ ലാൻഡ് ചെയ്തത്. എന്നാൽ അതിശയിപ്പിക്കുന്ന സ്വീകരണം നൽകിയ ശത്രു പത്രങ്ങളിലെ ലേഖകരും നാട്ടുകാരും ഞെട്ടിച്ചു കളഞ്ഞു. അക്കാലത്ത് മലപ്പുറത്ത് ഒരു പത്രവും എഡിഷൻ തുടങ്ങിയിട്ടില്ല. മനോരമയിലെ മാത്യു സാറും മാതൃഭൂമിയിലെ അബ്ദുല്ലാക്കയും തറവാട്ട് കാരണവൻമാരായി വാഴുന്ന പഴയ ഒരു കൂട്ടുകുടംബത്തിലെത്തിയ ഫീൽ. അബ്ദുല്ലാക്കയുടെ വീട്ടിലെ ഉച്ച ഭക്ഷണം കഴിച്ച വിവരറിഞ്ഞപ്പോൾ മാത്യു സാറിന്റെ വീട്ടിലെത്തൽ നിർബന്ധമായി. നല്ല സദ്യ. പാചക വിദഗ്ധയായ വീട്ടമ്മ. പക്ഷേ, കഴിച്ച വിഭവങ്ങളുടെ പേര് നമുക്കറിയാത്തത് പ്രശ്‌നം. ആതിഥേയൻ അന്വേഷിച്ചപ്പോൾ ആ പെരാന്തൻ പൂ വറുത്തതാണ് ഏറ്റവും നല്ല വിഭവമെന്ന് പറഞ്ഞു. വനിതാ മാഗസിനിൽ വരുന്ന പാചകക്കുറിപ്പിൽ കൂൺ വിഭവങ്ങളൊക്കെ കാണുന്നത് കാലം കുറെ കഴിഞ്ഞ്. മനോരമ രാമചന്ദ്രന്റെ വീട്ടിലെ ഓണസദ്യക്ക് മലപ്പുറം-പാലക്കാട് ടച്ച്. വൈകുന്നേരം അഞ്ചിന് മലപ്പുറം കലക്ടറേറ്റ് അടച്ചാൽ പത്രക്കാർക്ക് വീട്ടിൽ പോകാം. ആരും ആരെയും കുത്തിക്കൊല്ലില്ല. ബോംബ് സ്‌ഫോടനത്തിൽ ഏതെങ്കിലും പാർട്ടിക്കാരന്റെ കാറ്റ് പോകുമെന്ന പേടിയും വേണ്ട. സന്ധ്യയോടെ കോഴിക്കോട്ടെ വീട്ടിലെത്തിയാലും ഭയപ്പെടാനില്ല. പത്രം പ്രസിലേക്ക് പോകുന്നതിന് അൽപം മുമ്പ് ഒരു ഫോൺ കോളിലൂടെ വിശേഷം വല്ലതുമുണ്ടെങ്കിൽ അറിയാം. 12 മാസത്തിനിടക്ക് കാടാമ്പുഴയക്കടുത്ത് ഒരു ചെറിയ ബസ് അപകടം ഒഴികെ ഒന്നും അങ്ങനെ റിപ്പോർട്ട് ചെയ്യേണ്ടി വന്നിട്ടില്ല.
കേരളത്തിൽ എല്ലായിടത്തും പത്രക്കാർ കൈയിൽ നിന്ന് പണം മുടക്കി വാഹനം പിടിച്ച് ദൂരദിക്കുകളിലെ വാർത്ത കവർ ചെയ്യാറാണ് പതിവ്. മലപ്പുറത്ത് അതിന്റെ ആവശ്യമില്ല. പുതുപൊന്നാനി മുതൽ വഴിക്കടവ് വരെയും ഐക്കരപ്പടി മുതൽ അറബിക്കടൽ വരെയും നീണ്ടു കിടക്കുന്ന വലിയ ജില്ലയാണെങ്കിലും എല്ലാ വാർത്തകളും നമ്മെ തേടി കുന്നുമ്മലെത്തും. വലിയ ചടങ്ങുകളാണെങ്കിൽ സംഘാടകർ ടാക്‌സി ഏർപ്പാടാക്കി ആസ്ഥാന ലേഖകരെ എഴുന്നള്ളിക്കും. വളാഞ്ചേരിയിലൊക്കെ നിർത്തി ട്രീറ്റ് ചെയ്ത് പുത്തൻപള്ളിയിലെ ഉത്സവം കവർ ചെയ്യിക്കാൻ പണം എത്ര മുടക്കാനും മടിയില്ല. ആയിടക്കാണ് തിരൂരിൽ സംസ്ഥാന സ്‌കൂൾ യുവജനോത്സവം എത്തിയത്. കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങൾക്ക് പുറത്ത് ഏഷ്യയിലെ ഏറ്റവും വലിയ കലാമേള സംഘടിപ്പിക്കുന്നതിലൊരു കൗതുകമുണ്ട്. കലാമേള ഏറ്റെടുത്ത ഗ്രാമവാസികൾ അവരുടെ ഉത്സവമാക്കി മാറ്റി. ഒരു കട്ടിയേയും ആരും അപമാനിക്കാൻ ശ്രമിച്ചില്ല, തിരക്കിനിടയിൽ നഷ്ടപ്പെട്ട ആഭരണങ്ങളും പഴ്‌സുകളുമെല്ലാം ഉച്ചഭാഷിണിയിലെ അറിയിപ്പുകളിലൂടെ ഉടമകൾക്ക് തിരിച്ചു ലഭിക്കുകയും ചെയ്തു. സമാധാനത്തിന്റെ തുരുത്തായ മലപ്പുറത്തെ ജീവിതം അധിക കാലം നീണ്ടു നിന്നില്ല. കോഴിക്കോട്ടേക്ക് സ്ഥലം മാറ്റിയത് കരിയറിൽ ഗുണം ചെയ്തുവെന്നത് വേറെ കാര്യം.
മലപ്പുറത്ത് ജീവിച്ച കാലം ഇപ്പോൾ ഓർത്തെടുക്കാൻ കാരണം മേനക (അതോ മനേകയോ) ഗാന്ധി മലപ്പുറത്തിന് നൽകിയ അപൂർവ ബഹുമതി കണ്ടപ്പോഴാണ്. എബിപി ചാനലിനോട് അവർ പറഞ്ഞത് ഇന്ത്യയിൽ ഏറ്റവും ക്രിമിനൽവൽക്കരിക്കപ്പെട്ട ജില്ലയായ മലപ്പുറത്താണ് ഗർഭിണിയായ കാട്ടാനയെ ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ്. ദിവസം രണ്ടാനയെയെങ്കിലും വക വരുത്തിയില്ലെങ്കിൽ അവിടെയുള്ളവർക്ക് ഉറക്കം വരില്ല. ബീഫ് എന്നും പറഞ്ഞ് നമ്മളൊക്കെ മലപ്പുറത്ത് കഴിഞ്ഞപ്പോൾ തട്ടിയതൊക്കെ ഗജവീരന്റെ മാംസമായിരിക്കുമോ ആവോ? മലപ്പുറത്തിന് വലിപ്പം കൂടുതലാണെന്ന് കാട്ടി ജില്ല വിഭജിക്കണമെന്ന് ഒരു കൂട്ടർ മുറവിളി കൂട്ടുന്നതിനിടയ്ക്കാണ് മേനക പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് പ്രദേശങ്ങളെ കൂടി മലപ്പുറത്തിന് നൽകിയത്. കേരളത്തിലെ ബി.ജെ.പി വക്താവ് സന്ദീപ് വാരിയർ ഇതു സംബന്ധിച്ച് ആവർത്തിച്ച തെറ്റ് തിരുത്തിക്കാൻ മീഡിയ വൺ, 24 ന്യൂസ് ചാനലുകൾ ഉത്സാഹിച്ചു. ദേശീയ ചാനലുകളിൽ ക്രെഡിബിലിറ്റിയുടെ കാര്യത്തിൽ മികവ് പുലർത്താറുള്ള എൻഡിടിവിയാണ് ആനക്കാര്യം റിപ്പോർട്ട് ചെയ്ത് വഷളാക്കിയത്. ഇതിന്റെ വെബ്‌സൈറ്റിലെ മലപ്പുറം ഡേറ്റ്‌ലൈനിലെ വാർത്തയിൽ ആനയെ തീറ്റിച്ചു (ഫെഡ്) എന്നും പാലക്കാട് ഡേറ്റ് ലൈനിലെ തിരുത്തിയ വാർത്തയിൽ ആന ഭക്ഷിച്ചു (എയിറ്റ്) എന്നുമാണുള്ളത്. അടുത്ത ദിവസം ഏഷ്യാനെറ്റിലെ പ്രശാന്ത് രഘുവംശം ഉത്തരമടങ്ങിയ ചോദ്യം മേനകയോട് ഉന്നയിക്കുന്നതും കണ്ടു. ആദ്യ വാർത്തകളിലെ ഡേറ്റ് ലൈൻ മലപ്പുറമായതായിരിക്കുമല്ലേ നിങ്ങൾക്ക് അബദ്ധം പറ്റാനിടയാക്കിയതെന്നായിരുന്നു ചോദ്യം. കേന്ദ്ര മന്ത്രിസഭ വികസിപ്പിക്കുമ്പോൾ മുൻ കേന്ദ്ര മന്ത്രിയെ ഉൾപ്പെടുത്തുന്നത് പരിഗണിക്കാവുന്നതാണ്. നമുക്കാകെ അറിയുന്ന പണിയിൽ മാസ്റ്റർ ബിരുദം തനിക്കുണ്ടെന്ന് അവർ തെളിയിച്ചിരിക്കുകയാണല്ലോ.
*** *** ***
വിക്ടേഴ്‌സ് ചാനലിന്റെ പിതൃത്വം സംബന്ധിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുകയായണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്കായി വിക്ടേഴ്‌സ് ചാനലിലൂടെ ഓൺലൈൻ ക്ലാസുകൾ തുടങ്ങിയത് അനുഗ്രഹമായി. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ട്രയൽ ക്ലാസുകൾ ആരംഭിച്ചപ്പോൾ മുതൽ തുടങ്ങിയതാണ് ടീച്ചർമാർക്കെതിരെയുള്ള സൈബർ ആക്രമണം. കുട്ടികൾക്ക് ക്ലാസെടുക്കാനെത്തിയ ടീച്ചറുടെ ഫോട്ടോ ഉപയോഗിച്ച് നിരവധി ഗ്രൂപ്പുകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. വിദ്യ പറഞ്ഞുതരുന്ന അധ്യാപകരെ അവഹേളിക്കുന്ന രീതിയിലാണ് ഗ്രൂപ്പുകൾ ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് പോലീസ് പറയുന്നത്. ക്ലാസെടുക്കുന്ന അധ്യാപകരെ കളിയാക്കിയുള്ള ട്രോളുകളും അശ്ലീല ചുവയുള്ള കമന്റുകളും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഇതിനു പിന്നാലെയാണ് അശ്ലീല ചുവയുള്ള പോസ്റ്റുകളും ഗ്രൂപ്പുകളും സമൂഹ മാധ്യമങ്ങളിൽ വന്നു തുടങ്ങിയത്.
ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കുന്നതിന്റെ ഭാഗമായി മിട്ടു പൂച്ചയുടെയും തങ്കു പൂച്ചയുടെയും കഥ പറഞ്ഞു നൽകിയ ശ്വേത ടീച്ചറാണ് സമൂഹ മാധ്യമങ്ങളിലെ താരം. നിരവധി പേരാണ് ടീച്ചറെ ട്രോളി രംഗത്തെത്തിയത്. തന്നെ ട്രോളിയവർക്ക് നന്ദിയറിയിച്ച് ശ്വേത ടീച്ചർ പിന്നീട് രംഗത്തെത്തിയിരുന്നു. മാതൃഭൂമി ന്യൂസിന്റെ ഗുഡ് മോണിംഗ് കേരളയിലും ഏഷ്യാനെറ്റിന്റെ ന്യൂസ് അവറിലും ടീച്ചറെ കണ്ടിരുന്നു. വലിയ സൈബർ ആക്രമണം നേരിടേണ്ടി വന്നത് മറ്റൊരു അധ്യാപികക്കാണ്. പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ക്ലാസെടുക്കാൻ നീല സാരിയിൽ എത്തിയ ടീച്ചറെ ബ്ലൂ ടീച്ചർ ആക്കിയായിരുന്നു സൈബർ ആക്രമണം. ബ്ലൂ ടീച്ചർ എന്ന പേരിൽ ഗ്രൂപ്പുകളുണ്ടാക്കി അതിൽ അശ്ലീല ചുവയുള്ള കമന്റുകളും പോസ്റ്റുകളും ഇടുകയായിരുന്നു. ടീച്ചർ ക്ലാസെടുക്കുന്ന വീഡിയോയുടെ സ്‌ക്രീൻഷോട്ടുകൾ ഉപയോഗിച്ചായിരുന്നു ഗ്രൂപ്പുകൾ.
*** *** ***
പാലക്കാട് ജില്ലയിൽ ഗർഭിണിയായ കാട്ടാന സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിൾ കഴിച്ച് കൊല്ലപ്പെട്ട സംഭവത്തിലും തുടർന്ന് സംഭവം നടന്നത് മുസ്‌ലിം പ്രാതിനിധ്യം കൂടുതലുള്ള മലപ്പുറത്താണെന്ന തരത്തിൽ ജില്ലക്കെതിരെ ചിലർ ഉയർത്തിയ വിദ്വേഷ പ്രചാരണത്തിലും പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. യഥാർത്ഥ പ്രശ്‌നത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ ഈ സംഭവത്തെ ഒരു മുസ്‌ലിം വിരുദ്ധ, വിദ്വേഷ പ്രചാരണമാക്കി മാറ്റുന്ന തരത്തിലേക്കുള്ള ചിലരുടെ ഇടപെടലുകൾ യഥാർത്ഥത്തിൽ ആശ്ചര്യപ്പെടുത്തുന്നതാണെന്ന് പാർവതി ട്വിറ്ററിൽ കുറിച്ചു.
സ്‌ഫോടനാത്മകമായ കെണികൾ ഉപയോഗിച്ച് മൃഗങ്ങളെ വേട്ടയാടുന്ന ക്രൂരമായ നടപടികൾ നിർബന്ധമായും അവസാനിപ്പിക്കേണ്ടതാണ്. ശിക്ഷാർഹമായ കുറ്റമാണ് ഇത്. എന്നാൽ, യഥാർത്ഥ സംഭവത്തെ മറ്റൊരു രീതിയിൽ വളച്ചൊടിക്കുമ്പോൾ വിസ്മരിക്കപ്പെടുന്നത് യഥാർത്ഥ പ്രശ്‌നങ്ങളാണെന്നും അതുകൊണ്ട് തന്നെ യഥാർത്ഥ പ്രശ്‌നത്തെ കുറിച്ച് സംസാരിക്കൂവെന്നും പാർവതി ചൂണ്ടിക്കാട്ടി. സംഭവിച്ച കാര്യം കേട്ട് തകർന്നുപോയി. എന്നാൽ ഇപ്പോൾ ഇത് സംഭവിച്ച ജില്ല തിരഞ്ഞ് പുതിയ വിദ്വേഷമുണ്ടാക്കാൻ ശ്രമിക്കുകയാണ് ചിലർ. ഇത്തരക്കാരെയോർത്ത് ലജ്ജിക്കുന്നു -അവർ പറഞ്ഞു. പാർവതി സാമൂഹ്യ വിഷയങ്ങളിൽ ഇടപെടുന്നത് ഇതാദ്യമായിട്ടല്ല. അതേ പോലെ ടൊവിനോ തോമസ് എന്ന യുവനടനും. മലപ്പുറത്തെ ദേവികയുടെ ആത്മഹത്യയെ തുടർന്ന് ടിവിയും മൊബൈലും ഇല്ലാത്ത കുട്ടികളെ സഹായിക്കാൻ ടൊവിനോ സന്നദ്ധത അറിയിച്ചു. കഴിഞ്ഞ വർഷം പ്രളയ കാലത്ത് സ്വന്തം വീട് ഭവനരഹിതർക്ക് ഒഴിഞ്ഞു കൊടുക്കാൻ സന്നദ്ധനായതും ടൊവിനോ തോമസാണ്. കാലടിയിലെ സിനിമാ സെറ്റ് തീവ്രവാദികൾ തകർത്തപ്പോഴും ബിഗ് ബ്രദേഴ്‌സ് കണ്ട ഭാവം നടിക്കാതെ ഇരിക്കുമ്പോഴാണ് പുതിയ തലമുറയിലെ താരങ്ങൾ മാതൃകയാവുന്നത്.
*** *** ***
ഈ കൊറോണ കാലത്തും കൈരളിയുടെ എന്റർടെയ്ൻമെന്റ് ചാനലുകൾ കുറച്ചൊന്നുമല്ല ആശ്വാസം പകരുന്നത്. ജെ.ബി ജംഗ്ഷനിൽ ജോൺ ബ്രിട്ടാസ് സിനിമാ താരം ജഗദീഷിനെ ഇന്റർവ്യൂ ചെയ്യുന്നു. കോളേജ് ലക്ചറർ വഴി മാറി സിനിമാ ഫീൽഡിലെത്തിയതാണ്. അഭിമുഖത്തിനിടെ രണ്ടു മൂന്ന് തവണ ജഗദീഷ് കണ്ണീരണിഞ്ഞു. ബ്രിട്ടാസ് കർച്ചീഫുകൾ കരുതി വെച്ചത് ആശ്വാസമായി. മാധവി അഭിനയിച്ച ആകാശദൂത് സിനിമ കണ്ട് കണ്ണീർ വാർത്ത പ്രേക്ഷകർക്കായി തിയേറ്ററുകളിൽ ബക്കറ്റ് കരുതി വെച്ചിരുന്നുവെന്ന് ഒരു വിരുതൻ പറഞ്ഞതോർത്തു പോയി.






