ജീവിത സാഹചര്യങ്ങൾ കൊണ്ടും മറ്റു ദുരിതങ്ങളാലും കഷ്ടതയനുഭവിക്കുന്നവർക്ക് ഒരു സ്‌നേഹസ്പർശമോ, തുണയാകുന്ന ഒരു പുഞ്ചിരിയോ അവർക്ക് നൽകാവുന്ന അൽപം കരുതലും മാനവികത മാത്രമല്ല, സ്‌നേഹ സാമ്രാജ്യം തന്നെ തീർക്കാനാവുമെന്ന് തെളിയിക്കുകയാണ് ജിദ്ദാ തമിഴ് സംഘം.
തങ്ങളുടെ ജന്മനാട്ടിലെ അശരണർക്കും ആലംബഹീനർക്കും ജീവകാരുണ്യ പ്രവർത്തനങ്ങളും സഹായങ്ങളും നൽകി ജിദ്ദാ തമിഴ് സംഘം അംഗങ്ങൾ സംഘടനയുടെ പ്രഖ്യാപിത മുദ്രയെ അർപ്പിത മനസ്സോടെ സാർത്ഥകമാക്കുകയാണ്.
കോവിഡ്19 ന്റെ വ്യാപന പ്രതിരോധവുമായി ഏർപ്പെടുത്തിയ ലോക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട് അന്നം മുട്ടിയവരും യാത്രക്കിടയിൽ റെയിൽവേ സ്റ്റേഷനുകളിലും മറ്റും കുടുങ്ങിയവരും ഉൾപ്പെടെ ദയനീയമായ ഒരു നിശ്ചലാവസ്ഥയായിരുന്നു തമിഴ്‌നാടിന്റെും പല പ്രദേശങ്ങളും നേരിട്ടത്.
ജെ.ടി.എസ് സ്ഥാപിതമായതു മുതൽ എന്നും കൈത്താങ്ങാകുന്നതു പോലെ തങ്ങളുടെ നാട്ടുകാരുടെ ദയനീയാവസ്ഥയിൽ ആവതും സഹായിക്കുക എന്ന ലക്ഷ്യവുമായി മുന്നേറുകയാണ് ജിദ്ദയിലെ പ്രമുഖ സാംസ്‌കാരിക സംഘടന കൂടിയായ ജിദ്ദാ തമിഴ് സംഘം. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ജെ.ടി.എസ് രൂപം നൽകിയിട്ടുള്ളതും ചെയ്തു പോന്നിട്ടുള്ളതും. അന്നവും അഭയവും ആവശ്യമായിട്ടുള്ള നിരവധിയാളുകൾക്ക് ഭക്ഷണം, വസ്ത്രം, മരുന്ന് വെള്ളം, നിർധനരായ വിദ്യാർത്ഥികൾക്ക് പഠനസഹായം എന്നിവ നിർവഹിക്കുവാൻ സാധിക്കുന്നത് തങ്ങളുടെ അംഗങ്ങളുടെയും സുമനസ്‌കരായ പലരുടെയും നിർലോഭമായ സഹായത്താലാണ്.

ജെ.ടി.എസ് അംഗമായ കോവൈ ഗണേശിന്റെ നേതൃത്വത്തിൽ കോവിഡ് ലോക്ഡൗണിൽ തൊഴിൽ പ്രതിസന്ധി നേരിട്ട ഇതര സംസ്ഥാന തൊഴിലാളികൾക്കും സർക്കാറിന്റെ നിർദേശങ്ങൾ നടപ്പിലാക്കാൻ കൊടുംചൂടിലും ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കും ഭക്ഷണവും വെള്ളവുമെത്തിച്ചു. അബ്ദുൽ അസീസ്, തിരുവൈക്യർ ജില്ലാ കൗൺസിലർ വിജയൻ പ്രേംനാഥ്, സേവകൻ, ഡോ. ജറാൾഡ്' എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷണപ്പൊതികൾ/ ഭക്ഷ്യസാധനങ്ങൾ, മാസ്‌കുകൾ, സാനിറ്റൈസറുകൾ തുടങ്ങി നിരവധി സഹായങ്ങൾ പ്രാദേശിക ഭരണകൂടങ്ങളുടെയും സർക്കാറിന്റെ പിന്തുണയോടെയും തമിഴ്‌നാട്ടിന്റെ വിവിധ സ്ഥലങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു.
റഫിയുടെ നേതൃത്വത്തിൽ കോവിഡ്19 ന്റെ വ്യാപനം തടയുന്നതിനാവശ്യമായ മുൻകരുതലുകളെപ്പറ്റി അവബോധം നൽകുവാൻ സോപ്പുപയോഗിച്ച് കൈ കഴുകൽ, മാസ്‌ക് ധാരണം, സാമൂഹ്യ അകലം പാലിക്കുന്നതിന്റെ അത്യന്താപേക്ഷികത എന്നിവയുടെ പ്രചാരണ കാമ്പയിൻ നടത്തി. ചെന്നൈയിൽ ഗോൾഡ് ഹാർട്ട് ഫൗണ്ടേഷനുമായി സഹകരിച്ച് അവശ്യവസ്തുക്കളുടെ വിതരണവും നിർവഹിച്ചു.
നമുക്ക് എല്ലാവരെയും സഹായിക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും എല്ലാവർക്കും ആരെയെങ്കിലുമൊക്കെ സഹായിക്കാൻ കഴിയും. ആ ബോധ്യത്തിൽ തന്നെ സഹജീവികൾക്ക് സാന്ത്വനവും സഹായവുമായി 2000 മാർച്ച് 29 നു തുടങ്ങിയ പ്രവർത്തനങ്ങൾ 2020 മെയ് 31 വരെ 64 ദിനരാത്രങ്ങൾ ഇടതടവില്ലാതെ സർക്കാറിന്റെയും ആരോഗ്യ സുരക്ഷാ വകുപ്പുകളുടെയും നിർദേശങ്ങൾ പൂർണമായി പാലിച്ച് നിർവഹിച്ചു. ഈ മഹത്തായ കാരുണ്യ വേളയിൽ സേവനം നൽകുവാൻ പ്രവർത്തിച്ചവരോടും സഹായിച്ചവരോടും ജിദ്ദാ തമിഴ് സംഘം പ്രസിഡന്റും ജിദ്ദയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനുമായ സിറാജ് നന്ദിയും കടപ്പാടും രേഖപ്പെടുത്തി.






