കുട്ടിക്കാലം തൊട്ടേ പൂക്കളോടും ചെടികളോടും കിന്നാരം പറഞ്ഞുനടന്ന പെൺകുട്ടി മുതിർന്നപ്പോൾ കൃഷിയെക്കുറിച്ച് കൂടുതലറിയാൻ ശ്രമിക്കുകയായിരുന്നു. മകൾക്ക് കൃഷിയോടുള്ള താൽപര്യത്തെമാതാപിതാക്കളായ ഭാസ്‌കരൻ മാസ്റ്ററും സരോജിനി ടീച്ചറും പ്രോത്സാഹിപ്പിച്ചു. കേരള കാർഷിക സർവകലാശാലയിൽനിന്നും കൃഷിശാസ്ത്രത്തിൽ ബിരുദം നേടി കൃഷി ഓഫീസറായി.
മണ്ണിനോട് ശരിയായ ബഹുമാനില്ലാതെ ആരോഗ്യകരവും ഊർസ്വലവുമായ ഒരു സമൂഹം ഉണ്ടാകുക അസാധ്യമാണെന്നു പറഞ്ഞത് പീറ്റർ മൗറിനാണ്. കേരളത്തിന്റെ വടക്കേ അറ്റത്ത് മണ്ണിനെയും പ്രകൃതിയെയും മനമറിഞ്ഞ് സ്‌നേഹിക്കുന്ന ഒരു സ്ത്രീരടമുണ്ട്. കൃഷി ശാസ്ത്രജ്ഞയായ ഡോ. വനജ. കൃഷിയിടങ്ങൾ ഗാർഹിക, വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തി ഭക്ഷ്യധാന്യങ്ങൾക്കായി അന്യദേശങ്ങളെ ആശ്രയിക്കേണ്ടിവരുന്ന മലയാളികൾക്കു മുന്നിൽ കാർഷിക ഗവേഷണങ്ങളിലൂടെ അവർ വികസിപ്പിച്ചെടുത്തത് രണ്ടാം ഹരിത വിപ്ലവത്തിന് കാരണമാകാവുന്ന നന്മയുടെ നെന്മണികളാണ്. കേരള കാർഷിക സർവകലാശാലയുടെ പീലിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉത്തരമേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ മേധാവിയാണ് പ്രൊഫ. ഡോ. വനജ. കേരള സർക്കാറിന്റെ കാഡ്‌സ് ഏജൻസി ഡയറക്ടർ കൂടിയാണവർ. മാത്രമല്ല, ഉപ്പുലവണ അതിജീവന ശേഷിയുള്ള നെല്ലിനങ്ങളടക്കം ആറോളം ജൈവ നെല്ലുകളും അവർ വികസിപ്പിച്ചെടുത്തു.
കുട്ടിക്കാലം തൊട്ടേ പൂക്കളോടും ചെടികളോടും കിന്നാരം പറഞ്ഞുനടന്ന പെൺകുട്ടി മുതിർന്നപ്പോൾ കൃഷിയെക്കുറിച്ച് കൂടുതലറിയാൻ ശ്രമിക്കുകയായിരുന്നു. മകൾക്ക് കൃഷിയോടുള്ള താൽപര്യത്തെ മാതാപിതാക്കളായ ഭാസ്‌കരൻ മാസ്റ്ററും സരോജിനി ടീച്ചറും പ്രോത്സാഹിപ്പിച്ചു. കേരള കാർഷിക സർവകലാശാലയിൽനിന്നും കൃഷിശാസ്ത്രത്തിൽ ബിരുദം നേടി കൃഷി ഓഫീസറായി. കുറച്ചുകാലം ഉദ്യോഗത്തിൽ കഴിഞ്ഞശേഷം ഉന്നത പഠനത്തിനായി ഇറങ്ങിത്തിരിച്ചു. കൃഷിയിൽ തന്നെ മാസ്റ്റർ ബിരുദവും പ്ലാന്റ് ബ്രീഡിംഗിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. അമേരിക്കയിലെ മേരിലാന്റ് സർവകലാശാലയിൽനിന്നും മോളിക്യുളാർ ടെക്‌നോളജിയിൽ പരിശീലനവും നേടിയാണ് വനജ തന്റെ യാത്ര തുടങ്ങുന്നത്.

അതിജീവന ശേഷിയുള്ള നെല്ലിനങ്ങൾക്കായുള്ള വനജയുടെ പോരാട്ടം തുടങ്ങുന്നത് രണ്ടായിരാമാണ്ടിലാണ്. അക്കഥ വനജ തന്നെ പറയട്ടെ: ''അന്ന് ഞാൻ പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിൽ കൃഷിശാസ്ത്രജ്ഞയായി ജോലി നോക്കുകയാണ്. അക്കൊല്ലത്തെ ചിങ്ങപ്പിറവിയായ കാർഷിക ദിനത്തിൽ ഏഴോം യു.പി സ്‌കൂളിൽ ക്ലാസെടുക്കാനെത്തിയ എന്നോട് കൈപ്പാട് പാടശേഖര കൃഷി മേഖലയുടെ പ്രസിഡന്റായ ചെമ്മഞ്ചേരി ഗോവിന്ദൻ നമ്പ്യാർ പറഞ്ഞു. ഞങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന നെൽച്ചെടികൾ കതിരിട്ടാൽ നടുവൊടിഞ്ഞ് വെള്ളത്തിൽ വീഴുകയാണ്. ഓരോ വർഷവും നഷ്ടങ്ങളുടെ കണക്കാണ് ഞങ്ങൾക്കു പറയാനുള്ളത്. സർക്കാറും കാർഷിക സർവകലാശാലയും ഞങ്ങൾക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല. അതുകൊണ്ട് ഈ ക്ലാസ് ഇവിടെ വേണ്ട.' ഇതു കേട്ട് അൽപമൊന്നു പതറിയെങ്കിലും അതെന്നെ ആഴത്തിൽ സ്പർശിച്ചു. ഈ പ്രശ്‌നം തീർച്ചയായും സർവകലാശാലയെ അറിയിക്കും. അവർ അനുവദിച്ചാലും ഇല്ലെങ്കിലും പുതിയൊരു നെൽവിത്തിനായി ഞാൻ പരിശ്രമിക്കുമെന്ന് അവർക്ക് വാക്കു കൊടുത്തു. പ്ലാന്റ് ബ്രീഡിംഗിൽ ഡോക്ടറേറ്റ് നേടിയ എനിക്ക് നാടിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു. അന്നു തുടങ്ങിയ പരിശ്രമത്തിലൂടെയാണ് ആറുതരം നെല്ലിനങ്ങൾ വികസിപ്പിച്ചെടുത്തത്. ഏഴോം ഒന്ന്, രണ്ട്, മൂന്ന്, നാല്... തുടങ്ങി മിഥിലയിൽ വരെ എത്തിനിൽക്കുകയാണ് ആ പരീക്ഷണം.
കൈപ്പാട് നിലങ്ങളിലെ നെൽകർഷകർ അക്കാലത്ത് അനുഭവിച്ചിരുന്ന യാതനകൾ ചെറുതായിരുന്നില്ല. കായലിൽ നിന്നെത്തുന്ന ഉപ്പുവെള്ളത്തിന്റെ കയറ്റവും ഇറക്കവും നോക്കിയാണ് അവിടെ കൃഷിയൊരുക്കിയിരുന്നത്. വിതയ്ക്കുന്നതും നടുന്നതുമെല്ലാം വെള്ളത്തിൽ തന്നെയാണ്. നെല്ല് കൊയ്യാനെത്തുന്നതാകട്ടെ തോണിയിലും. കടലിനോടു ചേർന്നിരിക്കുന്ന ഭൂമിയായതിനാൽ യാതൊരു വളവും ആവശ്യമുണ്ടായിരുന്നില്ല.
ഉപ്പുലവണത്തെ അതിജീവിക്കുന്ന നെൽവിത്തിനുള്ള ശ്രമമാണ് പിന്നീട് കണ്ടത്. സർവകലാശാലയിലെ പരീക്ഷണത്തിനു പുറമെ സ്വന്തം വീടിന്റെ ടെറസിലും പരീക്ഷണം തുടർന്നു. നെൽക്കതിരുകളെ തമ്മിൽ പരാഗണം നടത്തിയായിരുന്നു പരീക്ഷണം. പരാഗണത്തിലൂടെ രൂപപ്പെട്ട പുതിയ വിത്തുകൾ ഏഴോം പാടങ്ങളിൽ വിതച്ചു. ഉപ്പുവെള്ളത്തെ അതിജീവിച്ചുവളർന്ന നെല്ലിന് ഏഴോം ഒന്ന് എന്ന പേരും നൽകി. പരീക്ഷണങ്ങൾ തുടർന്നുകൊണ്ടിരുന്നു.
നെല്ലിനു പുറമെ കുരുമുളകിലും തെങ്ങിലുമെല്ലാം വനജയുടെ പരീക്ഷണങ്ങൾ നീണ്ടുചെന്നു. കുരുമുളകിനെ ബാധിക്കുന്ന ദ്രുതവാട്ടത്തെ പ്രതിരോധിക്കുന്ന തരത്തിലുള്ള വള്ളികൾ രൂപപ്പെടുത്താനായിരുന്നു ശ്രമം. ഇതിനായി ബ്രസീലിയൻ തിപ്പലിയുമായി കുരുമുളകിന്റെ സങ്കരണം നടത്തി. രണ്ടു വ്യത്യസ്ത വർഗത്തിലുള്ള ചെടിയായതിനാൽ ഫലപ്രാപ്തി കുറവായിരുന്നു. എങ്കിലും ആശ വെടിഞ്ഞില്ല. സുഹൃത്തുക്കൾ പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരീക്ഷണത്തിൽ തന്നെ ഉറച്ചുനിന്നു. ഒടുവിൽ ഫലമുണ്ടായി. ദ്രുതവാട്ടത്തെ ചെറുക്കുന്ന തരത്തിലുള്ള ഇന്റർ സ്പീഷിസ് ഹൈബ്രിഡ് ഇനത്തിലുള്ള കുരുമുളക് വികസിപ്പിച്ചെടുത്തു. തെങ്ങിന്റെ ജനിതക സംരക്ഷണത്തിനായി എല്ലാ ജില്ലകളിലും കൂട്ടായ്മകളുണ്ടാക്കുകയും കേരളത്തിലങ്ങോളമിങ്ങോളം യാത്ര ചെയ്യുകയുമുണ്ടായി. വിവിധ തരം തെങ്ങിനങ്ങൾ ശേഖരിച്ച് അവയിൽ പരീക്ഷണം നടത്താനുള്ള ഒരുക്കത്തിലാണിപ്പോൾ.
വനജയുടെ ആഭിമുഖ്യത്തിൽ രൂപം കൊടുത്ത മലബാർ കൈപ്പാട് ഫാർമേഴ്‌സ് സൊസൈറ്റി മികച്ച നിലയിലാണ് പ്രവർത്തനം കാഴ്ച വെച്ചിരുന്നത്. കഴിഞ്ഞ വർഷം സർക്കാർ ഈ സൊസൈറ്റി ഏറ്റെടുത്ത് കൈപ്പാട് ഏരിയാ ഡെവലപ്‌മെന്റ് സൊസൈറ്റി എന്ന് പുനർനാമകരണം ചെയ്തിരിക്കുകയാണ്. വനജയെ സൊസൈറ്റിയുടെ ഡയറക്ടറുമായി നിയമിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ അൻപത്തഞ്ച് പഞ്ചായത്തുകളാണ് സൊസൈറ്റിയുടെ പരിധിയിലുള്ളത്. സൊസൈറ്റിയുടെ നേതൃത്വത്തിൽ തൊഴിൽ സേനക്കും രൂപം നൽകിയിട്ടുണ്ട്. പാടത്തേക്ക് എന്ന പരിപാടിയിലൂടെ നെൽവിത്ത് വിതരണവും പത്തായത്തിലേക്ക് എന്ന പരിപാടിയിലൂടെ ജൈവ അരി സംഭരണവും കൊയ്ത്തുത്സവവും ഇവിടെ അരങ്ങേറുന്നു. മാത്രമല്ല, പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പൈതൃക നെൽവിത്ത് ഗ്രാമപദ്ധതിയിൽ നൂറിലേറെ നെല്ലിനങ്ങൾ ഇവർ സംരക്ഷിക്കുന്നുണ്ട്.

വെള്ളവും ചെളിയും നിറഞ്ഞ വയലുകളിൽ കൃഷിക്കാർക്കൊപ്പം നിന്ന് നിർദേശങ്ങൾ നൽകാനും അവരോടൊപ്പം വിതയ്ക്കാനും കൊയ്യാനുമെല്ലാം വനജയുണ്ട്. കൈപ്പാട് ഗ്രാമത്തിന്റെ പോറ്റമ്മയെന്നാണ് നാട്ടുകാർ വനജയെ വിളിക്കുന്നത്. കാരണം ഇരുപതു വർഷത്തോളമായുള്ള തന്റെ ഗവേഷണ സപര്യക്കിടെ ലോകമറിയപ്പെടുന്ന കൃഷിശാസ്ത്രജ്ഞയായി ഈ മഹതി വളർന്നുകഴിഞ്ഞിരിക്കുന്നു. പുരോഗമനം എത്തിനോക്കാത്ത ഒരു ഗ്രാമത്തിൽ ജനിച്ചുവളർന്ന് പരിശ്രമത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ആ ഗ്രാമത്തെ ഉന്നതിയിലേക്കു നയിക്കാനുള്ള നിയോഗവും വനജയിൽ നിക്ഷിപ്തമായിരുന്നു.
ഒരു നാടിന്റെ കാർഷികക്കുതിപ്പിന് കരുത്തു പകർന്നതിനുള്ള അംഗീകാരമായാണ് പോയ വർഷത്തെ സംസ്ഥാന സർക്കാറിന്റെ വനിതാരടം പുരസ്‌കാരത്തിന് വനജ അർഹയായത്. കൂടാതെ മികച്ച കൃഷിശാസ്ത്രജ്ഞക്കുള്ള കൃഷിവിജ്ഞാൻ അവാർഡ്, യുവശാസ്ത്രജ്ഞക്കുള്ള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ അവാർഡ്, മദർ തെരേസാ സദ്ഭാവനാ അവാർഡ് എന്നിവയും വനജയെ തേടിയെത്തിയിട്ടുണ്ട്. ആറോളം ശാസ്ത്ര പുസ്തകങ്ങളും അറുപത്തഞ്ചോളം ഗവേഷണ പ്രബന്ധങ്ങളും കൈപ്പാട് നെൽകൃഷിയെ ആധാരമാക്കിയൊരുക്കിയ കായൽക്കണ്ടം എന്ന ഡോക്യുമെന്ററിയടക്കം രണ്ട് ഡോക്യുമെന്ററികളും ആനുകാലികങ്ങളിൽ നിരവധി കാർഷിക ലേഖനങ്ങളും വനജയുടേതായുണ്ട്.
പയ്യന്നൂരിനടുത്ത ഏച്ചിലാം വയലിലെ വീട്ടിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത് നിറയെ ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും നിറഞ്ഞ ഒരു സസ്യോദ്യാനമാണ്. പ്രകൃതിയുടെ സുഗന്ധമാണിവിടെയെങ്ങും. വിദ്യാഭ്യാസ കാലത്ത് തന്റെ ജീവിതത്തിന് കൂട്ടായെത്തിയതാണ് ഭർത്താവ് ചെല്ലട്ടോൻ ബാലകൃഷ്ണൻ. അമേരിക്കയിൽ പ്രതിരോധ വകുപ്പിൽ എൻജിനീയറാണ് അദ്ദേഹം. മൂത്ത മകൻ ജിതിനും അമേരിക്കയിൽ എൻജിനീയറാണ്. ഇളയ മകൻ ഹൃഷികേശ് ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റിയൂട്ടിൽ ബിരുദ വിദ്യാർത്ഥിയാണ്. മരുമകൾ ചാന്ദ്‌നിയും അമേരിക്കയിൽ ജോലി ചെയ്യുന്നു. ഭർത്താവിന്റെയും മക്കളുടെയും അകമഴിഞ്ഞ പ്രോത്സാഹനമാണ് തന്റെ വിജയത്തിനു പിന്നിലെന്നും അവർ പറയുന്നു. ഔദ്യോഗികമായ ഉത്തരവാദിത്തങ്ങൾക്കിടയിലും പുതിയ പരീക്ഷണങ്ങൾക്കായി മനസ്സും ശരീരവും സമർപ്പിച്ചു കഴിയുകയാണ് ഈ കൃഷിശാസ്ത്രജഞ.






