Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആഗോള മാധ്യമ സ്റ്റുഡിയോകളിലെ മലയാളി സാന്നിധ്യം

ഭർത്താവ് പത്രപ്രവർത്തകൻ. ഭർതൃ സഹോദരൻ അറിയപ്പെടുന്ന ഇടതുപക്ഷ ബുദ്ധിജീവി. എന്നിട്ടും മകൾ പത്രപ്രവർത്തകയാകുന്നത് ആ അമ്മ ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ, രക്തത്തിൽ അലിഞ്ഞുകിടക്കുന്ന സിദ്ധി ഏതെങ്കിലും വിധത്തിൽ പ്രത്യക്ഷപ്പെടും. ആഗ്രഹങ്ങൾക്കപ്പുറത്ത് അത് സാക്ഷാൽക്കരിക്കപ്പെടും. മകൾ ദിവ്യാ ഗോപാലൻ എന്ന ലോകപ്രശസ്ത പത്രപ്രവർത്തക പിറന്നത് ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും അപ്പുറത്തുള്ള വഴിയിൽ കൂടിയായിരുന്നു. 

ആഗ്രഹിക്കാതെ പത്രപ്രവർത്തനത്തിലേക്ക് അച്ഛൻ പെരുമ്പാവൂർക്കാരൻ എം.പി ഗോപാലൻ, അമ്മ പൊന്നാനിക്കാരി പ്രസന്നകുമാരി കൊളാടി. ദിവ്യയുടെ പിതാവിന്റെ സഹോദരന്റെ പേര് പറഞ്ഞാൽ കേരളം വളരെ പെട്ടെന്ന് തിരിച്ചറിയും. ഇടതുപക്ഷ ബുദ്ധിജീവി പി. ഗോവിന്ദപ്പിള്ള. പി ജി എന്ന രണ്ടക്ഷരത്തിൽ കേരളം ആദരിച്ച വ്യക്തി.
എം പി ഗോപാലന്റേയും പ്രസന്നകുമാരിയുടേയും മൂന്ന് മക്കളിൽ രണ്ടാമത്തേതാണ് ദിവ്യ. (എം.പി ഗോപാലൻ കഴിഞ്ഞ വർഷം അന്തരിച്ചു). മകൾ അച്ഛനെപ്പോലെ പത്രപ്രവർത്തനത്തിന് ഇറങ്ങുന്നത് അമ്മ ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ഹോങ്കോംഗിലെ ഹൈസ്‌കൂൾ പഠനം കഴിഞ്ഞയുടൻ ദിവ്യയെ ബിസിനസ് പഠനത്തിനായി കാനഡയിലെ ഡൽഹൗസി യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ചു. 
കാനഡയിൽ നിന്നും ബിരുദം നേടിയ ശേഷം ഹോങ്കോംഗിലെ വീട്ടിൽ തിരിച്ചെത്തിയ ദിവ്യ ബാങ്ക് ജോലിക്കായി ശ്രമം തുടങ്ങി. പ്രസ്തുത ജോലി ശരിയാകാൻ കൂടുതൽ സമയമെടുക്കുമെന്ന് മനസ്സിലാക്കിയതോടെ താൽക്കാലികമായി മറ്റെന്തെങ്കിലും തൊഴിൽ ചെയ്യാമെന്നായി തീരുമാനം. ഈ തീരുമാനമാണ് ദിവ്യയെന്ന ബിസിനസ് ബിരുദധാരിയെ മാധ്യമ ലോകത്തേക്കെത്തിച്ചത്. ദിവ്യ തന്റെ ജീവിത വഴിയിൽ കയറിയത് അങ്ങനെയാണ്. 
സി എൻ ബി സി ചാനൽ ആയിടെയാണ് ഹോങ്കോംഗിൽ പ്രവർത്തനം തുടങ്ങിയത്. ദിവ്യ അവിടേക്ക് അപേക്ഷ അയച്ചു. ചൈനീസ് ഭാഷ വശമുണ്ടായിരുന്ന ഈ മലയാളി പെൺകുട്ടിക്ക് ചാനലിൽ നിയമനം ലഭിച്ചത് വളരെ പെട്ടെന്നായിരുന്നു. അസിസ്റ്റന്റ് പ്രൊഡ്യൂസറായി ആയിരുന്നു നിയമനം. സി എൻ ബി സിയിൽ ജോലി ചെയ്യുമ്പോഴും ബാങ്കിലേക്കുള്ള തൊഴിൽവീഥി തുറക്കുമെന്ന് ദിവ്യ പ്രതീക്ഷിച്ചിരുന്നു. എന്നാൽ രണ്ടുവർഷത്തെ സി എൻ ബി സി ജീവിതം തന്റെ തൊഴിൽ മേഖല ഏതെന്ന് ദിവ്യയ്ക്ക് പഠിപ്പിച്ചുകൊടുത്തു. സി എൻ ബി സി ചാനലിനു പിന്നാലെ ഹോങ്കോംഗ് സി എൻ എന്നിൽ പ്രവർത്തിക്കുകയും അതിനു പിന്നാലെ ഹോങ്കോംഗ് എ ടി വിയിൽ ചേരുകയും ചെയ്തു ദിവ്യ. ഹോങ്കോംഗ് എ ടി വിയിലായിരിക്കെയാണ് സ്‌പോർട്‌സ് റിപ്പോർട്ടിംഗിലേക്കും സ്‌പോർട്‌സ് വാർത്താ അവതരണത്തിലേക്കും ദിവ്യ പ്രവേശിച്ചത്. പിന്നീട് ലണ്ടനിലേക്ക് പറന്ന ദിവ്യയ്ക്ക് ലോക ടെലിവിഷൻ മാധ്യമ രംഗത്തെ മുൻനിരക്കാരായ ബി ബി സി ചാനലിൽ നിയമനം ലഭിച്ചു. ബി ബി സിയിലെ ജോലിയും അവിടുത്തെ പരിശീലനങ്ങളുമാണ് ദിവ്യയ്ക്ക് മുമ്പോട്ടേക്കുള്ള പ്രയാണത്തിന് ഏറെ പ്രയോജനം ചെയ്തത്. പ്രൊഡ്യൂസറായും റിപ്പോർട്ടറായും മൂന്ന് വർഷത്തോളം ബി ബി സിയിൽ സേവനമനുഷ്ഠിച്ചു. 2005 ലാണ് ദിവ്യയ്ക്ക് അൽ ജസീറ ഇംഗ്ലീഷ് ചാനലിലേക്കുള്ള ക്ഷണം ലഭിച്ചത്. ക്വാലാലംപൂർ പ്രക്ഷേപണ കേന്ദ്രത്തിൽ വാർത്താവതാരക ആയിട്ടായിരുന്നു നിയമനം. ഒമ്പത് വർഷത്തോളമായി തുടരുന്ന ജോലിയിൽ താൻ ഏറെ സംതൃപ്തയാണെന്ന് ദിവ്യ പറയുന്നു. ഇന്ത്യയിലെ നിരവധി പ്രധാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ ദിവ്യയ്ക്ക് സാധിച്ചിട്ടുണ്ട്. 2008 ലെ കശ്മീർ തെരഞ്ഞെടുപ്പ്, 2008 ലെ മുംബൈ തീവ്രവാദി ആക്രമണം എന്നിവ അവയിൽ ചിലത് മാത്രം. 'സ്ട്രീറ്റ് ഫുഡ്' എന്ന പ്രോഗ്രാമിന് വേണ്ടിയും ദിവ്യ ഇന്ത്യയുടെ പല ഭാഗത്തും കറങ്ങിയിട്ടുണ്ട്.

മലയാളിത്തം വിടാതെ 
മലയാളിയാണെന്ന് പറയുന്നതിൽ ഏറെ അഭിമാനിക്കുന്ന ഈ പെൺകുട്ടിക്ക് ബ്രിട്ടീഷ് പൗരത്വമാണുള്ളത്. കേരളത്തെ മാത്രമല്ല, നമ്മുടെ നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തേയും അതിരറ്റു സ്‌നേഹിക്കുന്നുണ്ട് ദിവ്യ. ഓണവും വിഷുവുമെല്ലാം ഹോങ്കോംഗിലെ വീട്ടിൽ ഇവർ ആഘോഷിക്കാറുണ്ട്. മാത്രമല്ല, സദ്യയിലെ പല വിഭവങ്ങളും ഇവർക്ക് ഏറെ പ്രിയങ്കരങ്ങളാണ്. എല്ലാ വർഷവും അവധിക്ക് ദിവ്യയും കുടുംബവും കേരളം സന്ദർശിക്കാറുണ്ട്. കേരളത്തിന്റെ പ്രകൃതി ഭംഗി ഇവർ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. മലയാള സിനിമകൾ കാണാൻ ഇഷ്ടപ്പെടുന്നുവെന്ന് മാത്രമല്ല, ഇഷ്ട അഭിനേതാക്കളുടെ പട്ടികയിൽ മമ്മൂട്ടിയും മോഹൻലാലും ആദ്യ സ്ഥാനങ്ങളിലുണ്ട്. തന്റെ ഭാഷാ പരിമിതിമൂലം മലയാള സിനിമയിലെ ചില രംഗങ്ങൾ മനസ്സിലാക്കാൻ കഴിയാതെ വരുമ്പോൾ അമ്മയുടെ സഹായം തേടിയാണ് ഈ വാർത്താ അവതാരക തന്റെ ഇഷ്ട ചിത്രങ്ങൾ കണ്ടുപൂർത്തിയാക്കുന്നത്. 

ദേശീയതകളുടെ സംഗമം
ദൽഹിയിൽ പത്രപ്രവർത്തകനായി ജീവിതം തുടങ്ങിയ എം പി ഗോപാലൻ സിംഗപ്പൂരിലേക്ക് തന്റെ കർമ മണ്ഡലം മാറ്റിയതോടെയാണ് സംഭവബഹുലമായ ജീവിതത്തിന് തുടക്കമായത്. സിംഗപ്പൂരിൽ നിന്നും അവധിക്ക് വന്ന് പ്രസന്ന കുമാരിയെ വിവാഹം ചെയ്ത് അവരേയും കൂട്ടി ഗോപാലൻ മലേഷ്യയിലേക്കാണ് പോയത്. പിന്നീട് ഹോങ്കോംഗ്  തന്റെ ഇടമായി തെരഞ്ഞെടുക്കുകയായിരുന്നു. 
ഇന്ത്യയും സിംഗപ്പൂരും മലേഷ്യയും ഹോങ്കോംഗുമൊക്കെ ജീവിത ഇടങ്ങളായപ്പോൾ എം പി ഗോപാലന്റെ കുടുംബം മൂന്ന് വ്യത്യസ്ത ദേശീയതകളുടെ സംഗമ സ്ഥാനമായി. എം പി ഗോപാലനും പ്രസന്ന കുമാരി കൊളാടിയ്ക്കും ഇന്ത്യൻ പൗരത്വമാണെങ്കിൽ ദിവ്യയ്ക്കും മൂത്ത സഹോദരിക്കും ബ്രിട്ടീഷ് പൗരത്വമാണുള്ളത്. ഇളയ സഹോദരിക്കാകട്ടെ ചൈനീസ് പൗരത്വവും! മാത്രമല്ല, മലയാളത്തിന് പുറമേ ഇംഗ്ലീഷ്, ഫ്രഞ്ച്, ചൈനീസ് എന്നീ ഭാഷകളും ഇവർ വീട്ടിൽ സംസാരിക്കുന്നു. ദിവ്യ ഗോപാലൻ അവിവാഹിതയാണ്. വിവാഹശേഷം ഇന്ത്യയിൽ കുറച്ചുകാലം ജോലി ചെയ്യാൻ ഇവർ ആഗ്രഹിക്കുന്നുണ്ട്. 
ദോഹയിൽ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന മലയാളികളെ കണ്ടുമുട്ടുമ്പോൾ തന്റെ നാട്ടിൽ നിന്നും വരുന്നവരോട് പ്രശ്‌നങ്ങൾ ചോദിച്ചു മനസ്സിലാക്കാറുണ്ട് ദിവ്യ. ഏറെ സാധ്യതകളുള്ള കേരളത്തിൽ തന്നെ തൊഴിൽ കണ്ടെത്താൻ കഴിയാത്തതുകൊണ്ടാണ് പലരും കടൽ കടക്കുന്നതെന്ന് ദിവ്യ മനസ്സിലാക്കിയിട്ടുണ്ട്. ഭാവിയിലെങ്കിലും ഈ അവസ്ഥയ്ക്ക് മാറ്റം വരുമെന്ന് അവർ പ്രതീക്ഷിക്കുന്നുണ്ട്. 
മലയാളിത്തത്തിന്റെ ശ്രീത്വമുള്ള മുഖവുമായി ദിവ്യ ഗോപാലൻ എന്ന പേര് സ്‌ക്രീനിൽ തെളിയുമ്പോഴെല്ലാം അവരെ പരിചയപ്പെടാനും സംസാരിക്കാനും ആഗ്രഹിച്ചിരുന്നു. ആറ് വർഷത്തോളം പഴക്കമുള്ള ആ ആഗ്രഹം പൂർത്തീകരിച്ചത് ഏതാനും ദിവസങ്ങൾക്ക് മുമ്പ്. സംസാരത്തിന്റെ തുടക്കത്തിൽ തന്നെയുള്ള മലയാളം അറിയുമോ എന്ന എന്റെ ചോദ്യത്തിന് രസകരമായിരുന്നു മറുപടി. 'മലയാളം കേട്ടാൽ മനസ്സിലാവും, സംസാരം മോശമാണ്' എന്ന് ഇംഗ്ലീഷ് ചുവയുള്ള മലയാളത്തിൽ അവർ മറുപടി നൽകി. പിന്നീട് ഒഴുക്കുള്ള ഇംഗ്ലീഷിൽ അവർ മനോഹരമായി സംസാരിച്ചു. ലോക ടെലിവിഷൻ മാധ്യമ രംഗത്തെ അതുല്യരായ അൽ ജസീറയുടെ അവതാരക നിരയിലെ താരമായ ദിവ്യാ ഗോപാലൻ എന്ന, ലോക ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ മലയാളി പെൺകുട്ടി, ഔപചാരികതകൾ ഏതുമില്ലാതെ സംസാരിച്ചു.  
 

Latest News