കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുളള ഇടത് മന്ത്രിസഭ അധികാരത്തിലേറിയ ശേഷം വരുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് വേങ്ങരയിലേത്.ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് മാസങ്ങൾക്ക് മുമ്പാണ് മലപ്പുറം ലോക്‌സഭാ പതെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് ചരിത്രത്തിൽ മലപ്പുറം ജില്ല രൂപീകരണത്തിന് മുമ്പും ശേഷവുമായി മേഖലയിൽ ഒമ്പത് തവണ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിട്ടുണ്ട്.
മഴയുടെ തണുപ്പിലേക്കാണ് മലപ്പുറം ജില്ലയിലെ വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ ചൂടും ചൂരും അരിച്ചിറങ്ങുന്നത്. മഴവകവെക്കാതെയുളള തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുകയാണ് രാഷ്ട്രീയ പാർട്ടികൾ. 2008-ലെ നിയമസഭാ പുനർ നിർണയത്തിൽ രൂപം കൊണ്ട വേങ്ങര മണ്ഡലത്തിൽ 2016 ൽ നിയമസഭാ സാമാജികനായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടി രാജിവെച്ച് മലപ്പുറം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് വേങ്ങരയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇടത് മുന്നണി അധികാരത്തിൽ വന്നതിന് ശേഷമുളള ആദ്യ നിയമസഭാ ഉപതെരഞ്ഞെടുപ്പിനാണ് വേങ്ങരയിൽ കളമൊരുങ്ങുന്നത്. മുസ്‌ലിം ഭൂരിപക്ഷമുള്ള, ഗൾഫ് കുടിയേറ്റം ശക്തമായ, കടലുണ്ടിപ്പുഴയോരത്തെ മണ്ഡലത്തിൽ അടുത്ത മാസം 11 നാണ് ഉപതെരഞ്ഞെടുപ്പ്.
യു.ഡി.എഫ് ഉരുക്കു കോട്ടയെന്ന് അവകാശപ്പെടുന്ന വേങ്ങര മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിലൂടെ വിള്ളൽ വീഴ്ത്താൻ അരയും തലയും മുറുക്കുകയാണ് എൽ.ഡി. എഫ്. ഒപ്പം ശക്തി പരീക്ഷിക്കാൻ ബി.ജെ.പിയും എസ്.ഡി.പി.ഐ ഉൾപ്പടെയുളള പാർട്ടികളും സ്ഥാനാർത്ഥികളുമായി രംഗത്തുണ്ട്. തെരഞ്ഞെടുപ്പിനപ്പുറത്ത് വേങ്ങരയുടെ നാട്ടിടവഴികളിലൂടെ നടന്നാൽ നാടിന്റെ സ്വാതന്ത്ര്യ സമരങ്ങളുടേയും മത രാഷ്ട്രീയ സാംസ്‌കാരികതയുടെയും ചരിത്രശേഷിപ്പുകൾ ഇന്നും കണ്ടെത്താനാകും. വേങ്ങരയുടെ ചരിത്രം രക്തപങ്കിലമാണ്. തെരഞ്ഞെടുപ്പ് ചൂടിനിടയിലും അവയിൽ ചിലത് ഓർമയിലേക്ക് കൊണ്ടുവരികയാണിവിടെ. ഒപ്പം വേങ്ങരയുടെ തെരഞ്ഞെടുപ്പ് ചരിത്രവും പടക്കളപ്പോരാട്ടത്തിന്റെ നേർക്കാഴ്ചയും.
മലമടക്കുകൾക്കകത്ത് കിടന്ന ഊര്
ഭൂമിശാസ്ത്ര സവിശേഷതകളാൽ സമ്പുഷ്ടമാണ് വേങ്ങര. ഉയർന്ന മലമ്പ്രദേശങ്ങളും, സമതലങ്ങളും പാടശേഖരങ്ങളും നിറഞ്ഞ വേങ്ങര ഇന്ന് കടലോരം താണ്ടിപ്പോയ പ്രവാസികളാലും സമ്പുഷ്ടമാണ്. കടലുണ്ടിപ്പുഴ അതിരിട്ടൊഴുകുന്ന വേങ്ങര മണ്ഡലത്തിലാണ് കാഴ്ചക്കാർക്ക് മനം കവരുന്ന മലപ്പുറത്തിന്റെ പ്രധാന ടൂറിസ്റ്റു കേന്ദ്രമാകുന്ന ഊരകം മലയുമുള്ളത്. മലബാർ കലാപ കാലത്ത് കലാപകാരികൾ ഒളിത്താവളമാക്കിയിരുന്നത് ഊരകം മലയായിരുന്നു.
മലമടക്കുകൾക്കകത്ത് കിടന്ന ഊര് ആയതുകൊണ്ടാണ് ഈ പ്രദേശം ഊരകം എന്ന പേരിൽ അറിയപ്പെടുന്നതെന്ന് ചരിത്രകാരന്മാർ പറയുന്നു. സമുദ്ര നിരപ്പിൽനിന്നും 2000 അടി മുകളിലാണ് ഊരകം മല. ഇവിടെ സ്ഥിതിചെയ്യുന്ന, കാലങ്ങളുടെ കഥപറയുന്ന ക്ഷേത്രവും ഇന്നും ആത്മീയ കേന്ദ്രം കൂടിയാണ്. ചെങ്കുത്തായ വഴികളിലൂടെയാണ് തിരുവർച്ചനാം കുന്നിൽ ഭക്തരെത്തുന്നത്. ചുറ്റപാടും മലകളാൽ ചുറപ്പെട്ടു കിടക്കുന്ന ക്ഷേത്രം കൂടിയാണിത്. കൊണ്ടോട്ടി നഗരസഭയോട് അതിരിടുന്ന ചെരിപ്പടിക്കുന്ന് മലയും, അരിമ്പ്ര മിനിഊട്ടിയും ഇതിനോട് ചേർന്നാണ്. മമ്പുറം തങ്ങളുടെ കാൽപ്പാട് പതിഞ്ഞതു കൊണ്ടാണ് ചെരിപ്പടി മലയെന്ന പേര് കിട്ടിയത്.
ചേറൂർ ചിന്തിന്റെ നാട്ടിൽ
സ്വാതന്ത്ര്യചരിത്ര പോരാട്ടങ്ങളുടെ നേർക്കാഴ്ച അടയാളപ്പെടുത്തുന്ന ഓർമകളും വേങ്ങരയുടെ മണ്ണിനുണ്ട്. മമ്പുറം സെയ്തലവി തങ്ങളുടെ നേതൃത്വത്തിൽ ഏഴു മാപ്പിളമാർ അഞ്ചാം മദിരാശിപ്പടയിലെ അറുപതിലേറെ വരുന്ന കമ്പനി പട്ടാളക്കാരുമായി നടത്തിയ പോരാട്ടത്തിന്റെ ചരിത്രമാണ്. 20 പട്ടാളക്കാരെ വധിച്ച് ഏഴുപേർ രക്തസാക്ഷികളായി. ചോരയിലെഴുതിയ ആ ചരിത്രമാണ് ചേറൂർ ചിന്ത്. വെന്നിയൂരിലെ പുരാതന ജന്മികുടുംബമായിരുന്ന കപ്രാട്ട് പണിക്കരുടെ അടിച്ചുതളിക്കാരി ചക്കി മതം മാറി. ആയിശ എന്ന പേര് സ്വീകരിച്ചു. ചക്കി മുസ്‌ലിമായത് കപ്രാട്ട് പണിക്കരുടെ സവർണ ആഢ്യബോധത്തെ പ്രകോപിപ്പിച്ചു. മതം മാറി 'അയിത്തപ്പെടുത്തി'യതിന് ശിക്ഷയേൽക്കാൻ ആയിശയെ അയാൾ നിർബന്ധിച്ചു. എന്നാൽ തന്റെ പുതുവിശ്വാസത്തേയും വേഷവിധാനങ്ങളേയുമെല്ലാം സാക്ഷിനിർത്തി താൻ പഴയ ചക്കിയല്ലെന്ന് അവർ പറഞ്ഞു. ആയിശയുടെ മേൽക്കുപ്പായം വലിച്ചു ചീന്തി പണിക്കർ അവളുടെ മുല അരിഞ്ഞെടുത്തു. അക്കാലത്ത് അധഃസ്ഥിതവിഭാഗങ്ങൾക്ക് മാറുമറക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നില്ല.
അസഹിഷ്ണുതക്കിരയായ ആയിശ സഹായം തേടിയെത്തിയത് മമ്പുറം തങ്ങളുടെ അടുത്തായിരുന്നു. ജന്മിത്തത്തിനെതിരായ ഒരു ജനകീയ മുന്നേറ്റത്തിനു മതിയായ കാരണമായിരുന്നു ഈ സംഭവം. ഈ സംഭവത്തിന് ശേഷമാണ് ഏഴംഗ മാപ്പിള സംഘം കപ്രാട്ട് പണിക്കരുടെ വീട്ടിലെത്തി അയാളെ വധിച്ചത്. ഇതിന് പ്രതികാരമെന്നോണം ബ്രിട്ടീഷ് ക്യാപ്റ്റൻ ലീഡന്റെ നേതൃത്വത്തിൽ 60 പേരടങ്ങുന്ന ആയുധധാരികളായ സൈന്യം ഇവരെ തുരത്താൻ രംഗത്തെത്തി. പട്ടാളത്തെ കണ്ടപാടെയുള്ള പോരാളികളുടെ മുന്നേറ്റത്തിൽ ഭയന്ന് ആദ്യം ബ്രിട്ടീഷ് പട്ടാളം പിന്തിരിഞ്ഞോടി. എന്നാൽ ആയുധ സന്നാഹങ്ങളുടെ അകമ്പടിയുള്ള സൈന്യം വൈകാതെ പോരാളികളെ കീഴടക്കി. ഈ പോരാട്ടത്തിലാണ് ഏഴ് പേർ രക്തസാക്ഷികളായത്.
ചരിത്രത്തിൽ ഇടം നേടിയ പറപ്പൂർ സമ്മേളനം
കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ മാത്രമല്ല കമ്യൂണിസ്റ്റ് പാർട്ടിയുടേയും വളർച്ചയിലും നിർണായക സ്വാധീനം അവകാശപ്പെടുന്ന സമ്മേളനമാണ് വേങ്ങര മണ്ഡലത്തിലെ പറപ്പൂരിൽ 1940 മെയ് നാലിന് നടന്ന രാഷ്ട്രീയ സമ്മേളനം. രാജ്യത്ത് ദേശീയപ്രസ്ഥാനം ശക്തിയാർജിച്ച ഘട്ടത്തിൽ ബ്രിട്ടീഷ് നയത്തിനെതിരെ ബഹുജന സമരത്തിന് കേരളത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിൻെറ ഭാഗമായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്. മലബാറിൽ ദേശീയ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ച മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് കെ.പി.സി.സി പ്രസിഡന്റായുള്ള മൂന്നാമത്തേയും അവസാനത്തേയും സമ്മേളനം കൂടിയാണിത്. സോഷ്യലിസ്റ്റ് പക്ഷവും ഗാന്ധിസംഘവും തമ്മിലുള്ള പരസ്യ ഭിന്നതമൂലം കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ചരിത്ര സന്ധികൂടിയായി പറപ്പൂർ സമ്മേളനം. അബ്ദുറഹ്മാൻ സാഹിബായിരുന്നു സോഷ്യലിസ്റ്റ് പക്ഷത്തെ പ്രമുഖൻ. പാർട്ടി സെക്രട്ടറിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് സോഷ്യലിസ്റ്റ്, ഇടത് ചിന്താധാരക്കൊപ്പമായിരുന്നു. ഒളിവിലായതിനാൽ ഇ.എം.എസ് സമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ല.
കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഐക്യത്തിന്റെ ശത്രു, സമരത്തിൻെറ ശത്രു എന്ന തലക്കെട്ടിലുള്ള ആദ്യ ലഘുലേഖ വിതരണം ചെയ്യപ്പെട്ടത് ഈ സമ്മേളനത്തിലാണ്. ഒളിവിലിരിക്കുന്ന ഇ.എം.എസ് ആണ് ലഘുലേഖ തയാറാക്കിയത്. കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി പത്മഭൂഷൺ ഡോ. പി.കെ. വാര്യരുൾപ്പെട്ട സംഘമായിരുന്നു ഇത് സമ്മേളന നഗരയിൽ വിതരണം ചെയ്തത്. സമ്മേളനത്തിന്റെ ഭാഗമായി ഒരു മാസം മുമ്പ് തന്നെ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് പറപ്പൂരിലെത്തിയിരുന്നു. സമ്മേളനത്തിൽ കോൺഗ്രസിലെ രണ്ടു പക്ഷവും പങ്കടുത്തു. അബ്ദുറഹ്മാൻ സാഹിബ് മറുപക്ഷത്തെ രൂക്ഷമായി വിമർശിച്ചു. മലബാർ സമര ശേഷമുള്ള ബ്രിട്ടീഷുകാരോടുള്ള വിരോധം മൂലം സമ്മേളന ജാഥയിൽ കൂടുതലും പങ്കെടുത്തത് മുസ്‌ലിംകളായിരുന്നു. പ്രമേയത്തെക്കുറിച്ചുനടന്ന ചർച്ച അഭിപ്രായത്തിലും നിസ്സഹകരണത്തിലും കലാശിച്ചു. ഒടുവിൽ മുഹമ്മദ് അബ്ദുറഹ്മാന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പക്ഷവും കേളപ്പന്റെ നേതൃത്വത്തിലുള്ള ഗാന്ധിസംഘവും തമ്മിൽ ഈ സമ്മേളനത്തിൽവെച്ച് അകലുകയായിരുന്നു. കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഒരു ചരിത്രസന്ധിയായിരുന്നു ഇത്.
ചാക്കീരിയുടെ കർമമണ്ഡലം
മാപ്പിളപ്പാട്ട് ശാഖയിൽ രചനാ കൗശലവും, നൂതന വൃത്താവിഷ്‌ക്കാരങ്ങളും, വിഷയ ഉളളക്കടത്തിന്റെ പ്രാമാണികത കൊണ്ടും പ്രതിഭാധനനായ കവി ചാക്കീരി മൊയ്തീൻകുട്ടിയും അദ്ദേഹത്തിന്റെ മകനും കേരളത്തിന്റെ നിയമ സഭ സ്പീക്കറും, വിദ്യാഭ്യാസ മന്ത്രിയുമായി ശ്രദ്ധേയനായിരുന്ന ചാക്കീരി അഹമ്മദ് കുട്ടിയും വേങ്ങര ചേറൂർ സ്വദേശികളാണ്. അറബി, സംസ്‌കൃതം, മലയാളം, തമിഴ് ഭാഷകളിൽ പരിജ്ഞാനം നേടിയ പ്രതിഭയായിരുന്നു കവി ചാക്കീരി മൊയ്തീൻകുട്ടി. മാപ്പിളപ്പാട്ട് ശാഖയിൽ ശ്രദ്ധേയമായ ചാക്കീരി ബദർ (ഗസ്‌വത്ത് ബദറുൽഖുബ്‌റ) എന്ന കാവ്യം രചിച്ചത് ചാക്കീരി മൊയ്തീൻകുട്ടിയാണ്. ചെറിയ തുഹ്ഫത്തുൽ ഖാരി, വലിയ തുഹ്ഫത്തുൽ ഖാരി എന്നീ ഗദ്യങ്ങളും, ഭാഷാഭൂഷണം എന്ന പര്യായ നിഘണ്ടുവും ചാക്കീരി രചിച്ചിട്ടുണ്ട്. ചാക്കീരി അഹമ്മദ് കുട്ടി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ അനുയായി ആയാണ് പൊതുപ്രവർത്തനം ആരംഭിച്ചത്.
പിന്നീട് പാർട്ടിയിലെ അഭിപ്രായ സംഘട്ടനങ്ങൾ മൂർച്ഛിച്ചതിനെ തുടർന്ന് 1939 ൽ കോൺഗ്രസ് വിട്ട് അദ്ദേഹം മുസ്‌ലിം ലീഗിൽ ചേർന്നു. 1957 ൽ കുറ്റിപ്പുറം മണ്ഡലത്തിൽ നിന്ന് ചാക്കീരി കേരള നിയമസഭയിലെത്തി. അച്യുതമേനോൻ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ്‌കോയ പാർലമെന്റ് അംഗമായതിനെ തുടർന്ന് ചാക്കീരി കേരളത്തിന്റെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി. മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിക്ക് ചാക്കീരിയുടെ ഇടപെടൽ ശ്രദ്ധേയമാണ്. വിദ്യാലയങ്ങൾക്ക് കൂടുതൽ കെട്ടിടം അനുവദിച്ചത് ഇക്കാലത്തായിരുന്നു. സംസ്ഥാനത്ത് ആദ്യമായി അംഗൻവാടികളുള്ള ഐ.സി.ഡി.എസ് പ്രൊജക്ട് 1975 ൽ നടപ്പിലാക്കിയതും ചാക്കീരിയായിരുന്നു. നാല് മന്ത്രിസഭകളിൽ ചാക്കീരി നിയമ സഭാ സ്പീക്കറായിരുന്നു. 1975-ൽ ഒപ്പന എന്ന മാപ്പിള കലയെ ആദ്യമായി സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ മൽസര ഇനമായി ഉൾപ്പെടുത്തിയത് ചാക്കീരി മന്ത്രിയായപ്പോഴാണ്.
അബ്ദുറഹിമാൻ നഗർ
സ്വാതന്ത്ര്യസമരനായകൻ അബ്ദുറഹിമാൻ സാഹിബിന്റെ ഓർമ്മയിൽ ഒരു പഞ്ചായത്തുള്ളതും വേങ്ങര മണ്ഡലത്തിലാണ്. കോൺഗ്രസ് പ്രസ്ഥാനത്തിന് വളക്കൂറുണ്ടായിരുന്ന കൊടുവായൂർ ഗ്രാമമാണ് പിൽക്കാലത്ത് എ.ആർ.നഗർ എന്ന അബ്ദുറഹിമാൻ നഗറായത്. 1962 ലാണ് കൊടുവായൂരിന്റെ പേര് അബ്ദുറഹിമാൻ നഗർ എന്നാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്. തുടർന്ന് സമീപത്തെ വി.കെ.പടി പോസ്‌റ്റോഫീസ് അബ്ദുറഹിമാൻ നഗർ പോസ്റ്റാഫീസാക്കി മാറ്റി. 1969 കാലഘട്ടം വരെ വില്ലേജിന്റെ പേര് കൊടുവായൂർ ആയിരുന്നെങ്കിലും സർക്കാർ പിന്നീടത് അബ്ദുറഹിമാൻ നഗർ എന്നാക്കി മാറ്റി.
പഞ്ചായത്തിന് പേര് അബ്ദുറഹിമാൻ സാഹിബിന്റേത് തന്നെ എന്നതിൽ കോൺഗ്രസിനും മുസ്‌ലിംലീഗിനും തർക്കമുണ്ടായിരുന്നില്ല. കൊടുവായൂരിലെ കോൺഗ്രസ് നേതാവും എ.ആർ.നഗറിലെ പ്രഥമ പ്രസിഡന്റുമായിരുന്ന വി. അഹമ്മദ് ആസാദാണ് (വി.എ. ആസാദ്) ഈ ആശയം മുന്നോട്ട് വെച്ചത്. ഇത് അംഗീകരിക്കപ്പെടുകയും ചെയ്യുകയായിരുന്നു. ദേശീയ പാത 17 നോട് ഓരം ചേർന്നാണ് എ.ആർ.നഗർ എന്ന അബ്ദുറഹിമാൻ നഗർ.
ജില്ലയുടെ ചരിത്രത്തിൽ പത്താം ഉപതെരഞ്ഞെടുപ്പ്
കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുളള ഇടത് മന്ത്രിസഭ അധികാരത്തിലേറിയ ശേഷം വരുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് വേങ്ങരയിലേത്. ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് മാസങ്ങൾക്ക് മുമ്പാണ് മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് ചരിത്രത്തിൽ മലപ്പുറം ജില്ല രൂപീകരണത്തിന് മുമ്പും ശേഷവുമായി മേഖലയിൽ ഒമ്പത് തവണ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിട്ടുണ്ട്. വേങ്ങരയിലെത്തുമ്പോൾ ഉപതെരഞ്ഞെടുപ്പ് ചരിത്രം പത്താവും.
1961 ൽ കുറ്റിപ്പുറത്താണ് ആദ്യം ഉപതെരഞ്ഞെടുപ്പ് നടന്നത്. മുസ്‌ലിംലീഗ് എം.എൽ.എ ആയിരുന്ന പി.സീതി സാഹിബിന്റെ നിര്യാണത്തെ തുടർന്നായിരുന്നു അത്. മൽസരത്തിൽ കെ.പി.സി.സി അംഗമായിരുന്ന കുഞ്ഞിമുഹമ്മദിനെ കമ്യൂണിസ്റ്റ് പാർട്ടി പിന്തുണച്ചിട്ടും മുസ്‌ലിംലീഗ് സ്ഥാനാർത്ഥി മൊഹ്‌സിൻ ബിൻ അഹമ്മദ് വിജയിച്ചു. 1962 ൽ താനൂരിലായിരുന്നു രണ്ടാം ഉപതരഞ്ഞെടുപ്പ്. താനൂർ എം.എൽ.എ ആയിരുന്ന സി.എച്ച് മുഹമ്മദ് കോയ കോഴിക്കോട്ട് നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. മുസ്‌ലിം ലീഗിലെ ഡോ.സി.എം. കുട്ടിയാണ് കോൺഗ്രസിലെ പി. മൊയ്തീൻകുട്ടിയെ പരാജയപ്പെടുത്തിയത്. 1968ൽ എം.പി.എം അഹമ്മദ് കുരിക്കൾ മരണപ്പെട്ടതിനെ തുടർന്ന് മലപ്പുറം മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വേങ്ങരക്കാരൻ കൂടിയായ മുസ്‌ലിംലീഗിലെ ചാക്കീരി അഹമ്മദ് കുട്ടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
നിലമ്പൂരിൽ എം.എൽ.എ ആയിരുന്ന കെ. കുഞ്ഞാലി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എം.പി. ഗംഗാധരനായിരുന്നു ജയം. കൊണ്ടോട്ടി എം.എൽ.എ ആയിരുന്ന സി.എച്ച് മുഹമ്മദ് കോയ രാജിവെച്ച ഒഴിവിലേക്ക് വന്ന ഉപതെരഞ്ഞടുപ്പിൽ ലീഗിലെ എം.പി.എം അബ്ദുല്ലക്കുട്ടി കുരിക്കളാണ് വിജയിച്ചത്. നിലമ്പൂരിൽ സി. ഹരിദാസ് രാജിവെച്ച ഒഴിവിലേക്കാണ് പിന്നീട് തെരഞ്ഞെടുപ്പ് നടന്നത്. ഇടതിന്റെ പിന്തുണയോടെ ആര്യാടൻ മുഹമ്മദാണ് അന്ന് തെരഞ്ഞെടുക്കപ്പെട്ടത്. മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു അന്നത്തെ ആര്യാടന്റെ എതിർ സ്ഥാനാർത്ഥി. 1983ൽ സി.എച്ച് മുഹമ്മദ് കോയയുടെ നിര്യാണത്തെ തുടർന്ന് മഞ്ചേരിയിൽ മുസ്‌ലിംലീഗിലെ എം.പി.എം ഇസ്ഹാഖ് കുരിക്കളാണ് വിജയിച്ചത്.1991 ൽ താനൂരിൽ പി. സീതിഹാജിയുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞടുപ്പിൽ ലീഗിലെ കുട്ടി അഹമ്മദ് കുട്ടിയും വിജയിച്ചു. 1995ൽ തിരൂരങ്ങാടിയിൽ യു.എ.ബീരാൻ എം.എൽ.എ സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് സീറ്റ് കോൺഗ്രസിന് നൽകിയ മുസ്‌ലിംലീഗ് എ.കെ.ആന്റണിയെ മൽസരിപ്പിച്ചാണ് വിജയിപ്പിച്ചത്. ആന്റണി മുഖ്യമന്ത്രിയാവുകയും ചെയ്തു.
വേങ്ങര മണ്ഡലത്തിലേക്ക്
1956 ൽ കേരള സംസ്ഥാനം നിലവിൽ വരുന്ന കാലഘട്ടം വരെ വേങ്ങര ഉൾപ്പെട്ട പ്രദേശങ്ങൾ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. മദിരാശി അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞടുപ്പിൽ ഗ്രാമവാസികൾ കോട്ടക്കൽ ഫർക്കയിലായിരുന്നു ഉൾപ്പെട്ടിരുന്നത്. മണ്ഡലങ്ങൾ വീണ്ടും വിഭജിക്കപ്പെട്ടതോടെ മലപ്പുറം, തിരൂരങ്ങാടി, താനൂർ മണ്ഡലങ്ങളിൽ ഉൾപ്പെട്ടു. ജനസാന്ദ്രത വർധിച്ചതോടെ വീണ്ടും വിഭജനം നടത്തിയപ്പോഴാണ് 2008 ൽ വേങ്ങര നിയോജക മണ്ഡലം രൂപീകരിച്ചത്. വേങ്ങര, കണ്ണമംഗലം, എ.ആർ നഗർ, ഊരകം, പറപ്പൂർ, ഒതുക്കുങ്ങൽ എന്നീ ആറ് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് വേങ്ങര മണ്ഡലം. രാഷ്ട്രീയമായി മുസ്‌ലിം ലീഗിനും യു.ഡി.എഫിനും കരുത്തുളള മണ്ഡലമാണ് വേങ്ങര. 2011 ലെ പ്രഥമ തെരഞ്ഞെടുപ്പിൽ ലീഗിലെ പി. കെ. കുഞ്ഞാലിക്കുട്ടി ഐ.എൻ.എല്ലിലെ കെ. പി. ഇസ്മായിലിനെ 38,237 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.പിന്നീട് 2016 ൽ പി. കെ. കുഞ്ഞാലിക്കുട്ടി എൽ.ഡി.എഫിലെ പി.പി. ബഷീറിനെതിരെ 38,057 വോട്ടുകളുടെ ഭൂരിപക്ഷം നേടി വെന്നിക്കൊടി പാറിച്ചു.
വേങ്ങരയിൽ ആറ് പഞ്ചായത്തുകളിലായി 1.55 ലക്ഷം വോട്ടർമാരാണുളളത്. പഞ്ചായത്തുകളിൽ ഊരകം, എ.ആർ.നഗർ, ഒതുക്കുങ്ങൽ പഞ്ചായത്തുകളിൽ യു.ഡി.എഫ് മുന്നണിയായും, വേങ്ങരയിൽ മുസ്‌ലിംലീഗ് ഒറ്റക്കും, കണ്ണമംഗലത്ത് മുസ്‌ലിംലീഗും ഒരു വിഭാഗം കോൺഗ്രസും, പറപ്പൂരിൽ സി.പി.എം-കോൺഗ്രസ് കൂട്ടുകെട്ടിലെ മുന്നണിയുമാണ് ഭരണം നടത്തുന്നത്. ഏറ്റവും ഒടുവിൽ നടന്ന മലപ്പുറം പാർലമെന്റ് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മൽസരിച്ച പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വേങ്ങര മണ്ഡലത്തിൽനിന്ന് മാത്രം 40,529 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.
പോർക്കളം തെളിഞ്ഞപ്പോൾ
വേങ്ങരയിൽ പോർക്കളത്തിൽ മുന്നണികൾ കച്ചമുറുക്കിയതോടെ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചു തുടങ്ങി. യു.ഡി.എഫിന് വേണ്ടി മുസ്‌ലിം ലീഗിലെ അഡ്വ.കെ.എൻ.എ ഖാദറാണ് സീറ്റ് നിലനിർത്താൻ രംഗത്തുള്ളത്. കെ.പി.എ മജീദ്, യു.എ.ലത്തീഫ് എന്നിവരുടെ പേരും പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അവസാനം അഡ്വ.കെ.എൻ.എ ഖാദറിന് നറുക്ക് വീഴുകയായിരുന്നു. നേരത്തെ 2001 ൽ കൊണ്ടോട്ടിയിലും 2011ൽ വളളിക്കുന്ന് നിന്നും നിയമസഭാ സാമാജികനായി തെരഞ്ഞെടുക്കപ്പെട്ട ഖാദറിന് 2016-ൽ മൽസരിക്കാൻ സീറ്റ് ലഭിച്ചിരുന്നില്ല. തുടർന്ന് പാർട്ടിയുടെ മലപ്പുറം ജില്ലാ സെക്രട്ടറിയായി നിയമിച്ചു. ഖാദർ വേങ്ങര ഉപതരഞ്ഞെടുപ്പിൽ മൽസരിക്കാനിറങ്ങിയിരിക്കുന്നത് മൂന്നാം അങ്കത്തിനാണ്. സി.പി.ഐ വിട്ട് ലീഗിൽ ചേക്കേറിയ ഖാദർ പ്രഭാഷകൻ, എഴുത്തുകാരൻ, അഭിഭാഷകൻ എന്നീ നിലകളിലും ശ്രദ്ധേയനാണ്. ലീഗ് മുൻ സംസ്ഥാന സെക്രട്ടറിയും എസ്.ടി.യു സംസ്ഥാന പ്രസിഡണ്ടുമായിരുന്നു. അഡ്വ. പി.പി. ബഷീറാണ് ഇടത് സ്ഥാനാർഥി. മൽസര രംഗത്ത് എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായി അഡ്വ.കെ.സി നസീറും ബി.ജെ.പിക്ക് വേണ്ടി മുൻ ജില്ലാ പ്രസിഡണ്ട് ജനചന്ദ്രൻ മാസ്റ്ററും രംഗത്തുണ്ട്.






