കുവൈത്തില്‍ സ്‌കൂളുകള്‍ ഈ മാസം ഒഴിപ്പിക്കില്ല

കുവൈത്ത് സിറ്റി- കുവൈത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് താല്‍ക്കാലിക താമസ കേന്ദ്രങ്ങളായി ഉപയോഗിക്കുന്ന സ്‌കൂളുകള്‍ ഈ മാസം ഒഴിപ്പിക്കാന്‍ സാധ്യതയില്ലെന്ന് വിദ്യഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസിനെ നേരിടുന്നതിനുള്ള മുന്‍ കരുതലുകളുടെ ഭാഗമായി കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാര്‍ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളിലും ക്ലാസുകള്‍ നിര്‍ത്തിവെച്ചിരുന്നു. രാജ്യത്തെ 370 ഓളം സ്‌കൂളുകളില്‍ സര്‍ക്കാര്‍ ജീവനക്കാരെ പാര്‍പ്പിക്കാന്‍ ഉപയോഗിച്ചിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
തൊഴിലാളികള്‍ക്ക് ബദല്‍ സംവിധാനം കണ്ടെത്താന്‍ സര്‍ക്കാര്‍ ഏജന്‍സികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കോവിഡുമായി ബന്ധപ്പെട്ട് കര്‍ഫ്യൂവും ലോക്ഡൗണും ഏര്‍പ്പെടുത്തിയത് കാരണം എല്ലാ ബദല്‍ സാധ്യതകളും തടസ്സപ്പെട്ടുകിടക്കുകയാണെന്ന് അധികൃതര്‍ വെളിപ്പെടുത്തി. അതിനാല്‍ ജൂലൈക്ക് മുമ്പ് ആ സ്‌കൂളുകള്‍ ഒഴിപ്പിച്ച് വിദ്യഭ്യാസ മന്ത്രാലയത്തിന് കൈമാറുന്നത് വളരെ ബുദ്ധിമുട്ടാണ്. സ്‌കൂളുകള്‍ ഒഴിപ്പിക്കുന്നതിനുള്ള കാലതാമസം മന്ത്രാലയത്തിന്റെ കര്‍മപദ്ധതിയെ പ്രതികൂലമായി ബാധിക്കും. മിക്ക സ്‌കൂളുകളും തകരാറിലായതിനാല്‍ നവീകരിക്കാന്‍ സമയം ആവശ്യമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News