ദുബായ് എയര്‍പോര്‍ട്ടില്‍ പി.പി.ഇ കിറ്റുകള്‍ വിതരണം ചെയ്യാന്‍ വെന്‍ഡിംഗ് മെഷീന്‍

ദുബായ്- വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ (പി.പി.ഇ) അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്യാന്‍ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിച്ച് ദുബായ് എയര്‍പോര്‍ട്ട്. കോവിഡ് 19 വ്യാപനം തടയാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ എയര്‍പോര്‍ട്ട് ടെര്‍മിനലുകളില്‍ പി.പി.ഇ കിറ്റുകള്‍ക്ക് വെന്‍ഡിംഗ് മെഷീന്‍ വഴി വിതരണം ചെയ്യുന്നത്. രണ്ട് പി.പി.ഇ വെന്‍ഡിംഗ് മെഷീനുകള്‍ ഡി.എക്സ്.ബിയുടെ ടെര്‍മിനല്‍ രണ്ട്, ടെര്‍മിനല്‍ മൂന്ന് എന്നിവയുടെ ഡിപ്പാര്‍ച്ചര്‍ ഏരിയകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഒരു മാസ്‌കും ഒരു ജോഡി കയ്യുറകളും രണ്ട് തരം സാനിറ്ററുകളുമാണ് ഈ കിറ്റുകളിലുള്ളത്. ആറ് ദിര്‍ഹം ഈടാക്കി ഈ പി.പി.ഇ കിറ്റ് യാത്രക്കാര്‍ക്കിടയില്‍ വിതരണം ചെയ്യും. യൂറോപ്യന്‍ നിര്‍മിതവും പുനരുപയോഗിക്കുന്നതുമായ ഫെയ്സ് മാസ്‌കുകള്‍ ഉള്‍പ്പെടെ കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള കൂടുതല്‍ ഉല്‍പന്നങ്ങള്‍ വരും ദിവസങ്ങളില്‍ എത്തുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.
മാര്‍ച്ച് 24 നാണ് കോവിഡ് 19 വ്യാപനം തടയാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി എയര്‍പോര്‍ട്ട് അടച്ചത്. എന്നാല്‍ കാര്‍ഗോ, ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ മെയ് 21 മുതല്‍ സര്‍വീസ് പുനരാരംഭിച്ചിരുന്നു.

 

Latest News