Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആണ്ടി നല്ല അടിക്കാരനാണ്... 

പറഞ്ഞു കേട്ട കഥയാണ്. കേരള ദിനേശ് ബീഡി എന്ന പേരിലറിയപ്പെടുന്ന കണ്ണൂർ ആസ്ഥാനമായുള്ള സഹകരണ സംരംഭം തുടങ്ങിയ കാലത്ത് ജി.കെ. പണിക്കരായിരുന്നു അതിന്റെ ചെയർമാൻ. പെട്ടിക്കടകളിലെല്ലാം മാംഗളൂർ ഗണേഷ് ബീഡി അടക്കി വാഴുന്നു. ഇതിനെ ഒന്ന് നിരപ്പാക്കി വേണം സഖാക്കളുടെ സ്വന്തം ബീഡിയ്ക്ക് ചുവടുറപ്പിക്കാൻ. ഐ.എ.എസ് ഉദ്യോഗസ്ഥനായ പണിക്കർ സാധാരണക്കാരനെ പോലെ വിസ്തൃതമായ ജില്ലയിലെ കടകളിൽ ആവശ്യക്കാരനെ പോലെ ചമഞ്ഞ് അന്വേഷിക്കുന്നു. ഇവിടെ ദിനേശ് ഉണ്ടോ. എല്ലായിടത്തും ഒരേ മറുപടി-ഇല്ലാലോ അപ്പാ.. ടെലിവിഷൻ ചാനലുകളൊന്നുമില്ലാത്ത കാലത്തെ ആദ്യ മാർക്കറ്റിംഗ് പരീക്ഷണം. ഇത് ക്ലിക്കായി. ദിനേശ് ബീഡി പടർന്നു പന്തലിച്ചു. അച്ചാർ നിർമാണമായി. അങ്ങനെ പലതും. 
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന കാലത്ത് ഇതു പോലൊരു പരീക്ഷണം ലിറ്റിൽ ഹാർട്ട്‌സ് എന്ന ബിസ്‌കറ്റും മലബാറിലെ കടകളിൽ നടത്തിയിരുന്നു. പശുവിൻ നെയ്യ് ചേർത്ത് പൊരിച്ചെടുത്തത് പോലെ ടെംപ്റ്റിംഗ് രുചിയോടെയാണ് ഈ ബിസ്‌കറ്റ് മാർക്കറ്റിലെത്തിയത്. സ്വർണ നിറമുള്ള ചെറിയ പായ്ക്കറ്റിന് ഒരു രൂപ. കോഴിക്കോട് നഗരത്തിൽ ഒരിടത്തും കിട്ടില്ല. ആവശ്യക്കാർ അന്വേഷിച്ചെത്തി നിരാശിതരായി മടങ്ങും. 
ഡിമാന്റ് കൂടിയപ്പോൾ കമ്പനി നന്നായി മാർക്കറ്റ് ചെയ്തു. ഇതു പോലെ കേരളത്തിലെ കുടിയൻമാരെല്ലാം  ഏർപ്പാട് തന്നെ മറന്നു പോയതായിരുന്നു. രണ്ട് മാസത്തിലേറെ ആയില്ലേ. അപ്പോഴതാ കോഴിക്കോട്ടുകാരനായ മന്ത്രി വീട്ടുപടിക്കൽ ഇതെത്തിക്കാവുന്ന ആപ്പിനെ വാർത്താ സമ്മേളനത്തിൽ പരിചയപ്പെടുത്തുന്നു. 
ബെവ്‌കോ ആപ്പ് വിശദീകരിക്കുന്ന പത്രസമ്മേളനത്തിൽ തിളങ്ങിയ മന്ത്രിയുടെ കുപ്പായവും അടിപൊളി. പണ്ട് കോഴിക്കോട്ട് ഓട്ടോറിക്ഷക്കാരുടെ സമരം ആഹ്വാനം ചെയ്യാൻ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിലെത്തുമ്പോൾ വെള്ള ഷർട്ടണിഞ്ഞാണ് പേരാമ്പ്രക്കാരൻ മന്ത്രിയെ കാണാറുള്ളത്. കുറച്ചു കാലത്തിനിടയ്ക്ക് മാധ്യമ പ്രവർത്തകരും പത്രസമ്മേളനം നടത്തിയ മന്ത്രിയും ചിയർഫുള്ളായി കണ്ട ഒരു വാർത്താസമ്മേളനം. നമുക്ക് അവസാനിപ്പിക്കാമെന്ന് മന്ത്രി അഞ്ചാറ് തവണ പറഞ്ഞിട്ടും ഉഭയകക്ഷി സമ്മതത്തോടെ അതങ്ങ് നീണ്ടു. അവസാനം ആപ്പ് ഇറങ്ങിയപ്പോൾ എല്ലാം കുഴപ്പത്തിലായി. ഇനി വല്ല മദ്യവിരുദ്ധ പ്രവർത്തകനെയായിരിക്കുമോ സർക്കാർ ഇതിന് ചുമതലപ്പെടുത്തിയിരിക്കുക? 

***    ***    ***

അഭിനേത്രിയും നിർമാതാവുമായ അനുഷ്‌ക ശർമക്കെതിരെ പരാതിയുമായി ഗൂർഖ സമുദായം. അടുത്തിടെ റിലീസ് ചെയ്ത പാതൽ ലോക് എന്ന വെബ് സിരീസിൽ സമുദായത്തിലെ അംഗങ്ങൾക്കെതിരെ ലൈംഗിക പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി. ഓൾ അരുണാചൽ പ്രദേശ് ഗൂർഖ യൂത്ത് അസോസിയേഷനാണ് മെയ് 18ന് മനുഷ്യാവകാശ കമ്മീഷനിൽ ഓൺലൈനായി പരാതി നൽകിയത്. 
വെബ്‌സിരീസിലെ ഒരു പ്രത്യേക സീനിനെതിരെ ഗൂർഖ യുവ പരിസംഗാണ് ഓൺലൈനിൽ കാമ്പയിൻ ആരംഭിച്ചത്. ഈ സീൻ നിശ്ശബ്ദമാക്കണമെന്നും ചെയ്യണമെന്നും ഇത് സംബന്ധിച്ച സബ് ടൈറ്റിൽ പരിഷ്‌കരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. അനുഷ്‌ക പറഞ്ഞാൽ കേൾക്കുന്നില്ലെങ്കിൽ അതിനുള്ള മറുമരുന്നും ബി.ജെ.പി നേതാക്കൾക്കറിയാം. ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലി ഭാര്യ ബോളിവുഡ് താരം അനുഷ്‌ക ശർമയുമായുള്ള വിവാഹ ബന്ധം വേർപെടുത്തണമെന്നാണ് ഉത്തർപ്രദേശ് ബിജെപി എംഎൽഎ നന്ദ കിഷോർ ഗുർജ ഉപദേശിച്ചത്. എന്തൊരെളുപ്പവഴി. മുത്തലാഖ് നീണാൾ വാഴട്ടെ. 

***    ***    ***

ഇറാനിൽ വ്യാപകമായ പ്രതിഷേധം തുടരുകയാണ്. റൊമിന അശ്‌റഫി എന്ന 14കാരിയുടെ കൊലപാതകമാണ് വിഷയം. ബിബിസിയുൾപ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇത് വലിയ വാർത്തയായിരുന്നു. ഈ കുട്ടിയെ പിതാവ് കിടപ്പുമുറിയിൽ ആക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തി. ശേഷം ഇയാൾ പോലീസിൽ കീഴടങ്ങുകയും ചെയ്തു, 
മകൾ 35കാരനെ പ്രണയിച്ചതും വിവാഹം ചെയ്യാൻ തീരുമനിച്ചതും ആ പിതാവിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇറാനിലെ ഗിലാൻ പ്രവിശ്യയിലാണ് റൊമിനയും കുടുംബവും താമസിക്കുന്നത്. 35കാരനെ പെൺകുട്ടി പ്രണയിച്ചു. വിവാഹം ചെയ്യാനും തീരുമാനിച്ചു. യുവാവിനൊപ്പം പെൺകുട്ടി ഒളിച്ചോടുകയും ചെയ്തു. പിതാവ് പോലീസിൽ പരാതി നൽകി. പോലീസ് വ്യാപക തിരച്ചിൽ നടത്തി യുവാവിനെയും റൊമീനയെയും കണ്ടെത്തി. പോലീസ് സ്‌റ്റേഷനിൽ ഏറെ നേരം ചർച്ച നടന്നു. ഒടുവിൽ റൊമീനയെ കുടുംബത്തിനൊപ്പം വിട്ടു. കുടുംബത്തിനൊപ്പം തന്നെ വിടരുതെന്നും റൊമീന ആവശ്യപ്പെട്ടിരുന്നു. പോലീസ് ചെവികൊണ്ടില്ല.
റൊമീന അശ്‌റഫി എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ തരംഗമായിട്ടുണ്ട്. ഇറാൻ നമ്മളൊന്നും കരുതിയത് പോലുള്ള നാടല്ലെന്ന് ചുരുക്കം. കോവിഡ് പടർന്നു പിടിച്ച കാലത്ത് രോഗം മാറുമെന്ന വിശ്വാസത്തിൽ വിഷ മദ്യം കുടിച്ച്  മുപ്പതിലേറെ പേർ മരിച്ച വാർത്ത അടുത്തിടെ  ഇറാനിൽ നിന്നാണ് കേട്ടത്. 

***    ***    ***

ജാർഖണ്ഡിലെ ദുംക,സിഡോ കൻഹു മുർമു സർവകലാശാലയുടെ വൈസ് ചാൻസലറായി പ്രൊഫ. സോനാചാര്യ മിൻസ് നിയമിതയായപ്പോൾ അത് സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയ സംഭവമായി. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു സർവകലാശാലയുടെ വൈസ് ചാൻസലറായി പട്ടികവർഗവിഭാഗത്തിൽപെട്ട ഒരു വനിത നിയമിക്കപ്പെടുന്നത്. ആദിവാസി ഗോത്രത്തിൽ നിന്ന് വന്ന പെൺകുട്ടിയായതിനാൽ നീയൊരിക്കലും നന്നാവില്ലെന്നായിരുന്നു കണക്ക് സാറിന്റെ ആദ്യത്തെ അനുഗ്രഹം എന്ന് സോനാചാര്യ പഴയകാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ  വേദനയോടെ പറയുന്നു. ഇടിവി ജാർഖണ്ഡിലാണ് ഇവരുടെ നേട്ടം വിശദമായി സംപ്രേഷണം ചെയ്തത്. കണക്ക് നിനക്ക് ഒരിക്കലും പറ്റിയ വിഷയമല്ലെന്ന് വിധിയെഴുതിയ കണക്ക് മാസ്റ്ററോടുള്ള വാശി ആ പെൺകുട്ടിയെ പിന്നീട് എത്തിച്ചത്  കണക്കിൽ ഉപരിപഠനത്തിലാണ്. അതേ അദ്ധ്യാപകന്റെ മുൻപിൽ മൂന്നു തവണയും കണക്കിന് നൂറിൽ നൂറു വാങ്ങാൻ സോനാചാര്യക്ക് കഴിഞ്ഞു. 
ആദിവാസിയായതിനാൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പ്രവേശനം കിട്ടിയിരുന്നില്ല. പിന്നീട് ഹിന്ദി മീഡിയം സ്‌കൂളായ സെന്റ് മാർഗരറ്റിലായിരുന്നു പഠനം. സത്യവും നീതിയുമെന്ന രണ്ടു തത്വങ്ങളിലാണ് തനിക്ക് വിശ്വാസമെന്ന് സോനാചാര്യ പറയുന്നു. 1992ലാണ് സോനാചാര്യ അധ്യാപികയായി ജെഎൻയുവിലെത്തുന്നത്. 2018-19 കാലയളവിൽ ജെഎൻയു ടീച്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ആയിരുന്നു. ഈ വർഷം ജനുവരിയിൽ നടന്ന ആക്രമണത്തിൽ പരിക്കേറ്റ അദ്ധ്യാപകരിൽ സോനാചാര്യയുമുണ്ട്. ആത്മവിശ്വാസം കൊണ്ട് ഉയരങ്ങൾ കീഴടക്കിയ സോനാചാര്യയുടെ ജീവിതം പുതിയ തലമുറയ്ക്ക്  പ്രചോദനമാവുമെന്നതിൽ സംശയമില്ല. 

***    ***    ***

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വായ്‌മൊഴി വഴക്കവും നാടൻ പ്രയോഗവും ഒന്നും പുത്തരിയല്ല.
ഷൊർണൂരിലെ ശശി മുമ്പേ ഫെയ്മസാണ്. ഇപ്പോഴിതാ ചില സത്യങ്ങൾ അദ്ദേഹം ക്യമാറയ്ക്ക് മുമ്പിൽ വെളിപ്പെടുത്തിയിരിക്കുന്നു. ലീഗിൽ നിന്ന് മാനസാന്തരപ്പെട്ട് പാർട്ടിയിലെത്തിയവർക്ക് നൽകിയ സ്വീകരണത്തിലാണ് പ്രപഞ്ച സത്യങ്ങൾ ഒന്നൊന്നായി വലിയ സഖാവ് വ്യക്തമാക്കിയത്. 
മനോരമ ന്യൂസിൽ ഇത് വാർത്തയായി. പാലക്കാട്  ജില്ലാ കമ്മിറ്റിയംഗവും ഷൊർണൂർ എംഎൽഎയുമാണ് പികെ ശശി.  ചതിച്ചാൽ ദ്രോഹിക്കുന്നതാണ് പാർട്ടി നയമെന്ന് അദ്ദേഹം  പറഞ്ഞു. 
പാലക്കാട് കരിമ്പുഴയിൽ മുസ്‌ലിം ലീഗിൽ നിന്ന് രാജിവെച്ച് സിപിഎമ്മിൽ ചേർന്നവരോട് ആയിരുന്നു പികെ ശശി എംഎൽഎ പാർട്ടി നിലപാട് വിശദീകരിച്ചത്. ഇത് വിവാദമായതിന് പിന്നാലെ പികെ ശശി എംഎൽഎ തനിക്ക് നാവ് പിഴ പറ്റിയതാണ് എന്ന് പറഞ്ഞു രംഗത്ത് വരികയും  ചെയ്തു. 
കഴിഞ്ഞ ദിവസം നിര്യാതനായ എം.പി വീരേന്ദ്രകുമാറിന്റെ പല മഹത്വങ്ങളും ചാനലുകളിൽ കേട്ടു. തീരെ വിശ്വസനീയമല്ലാത്ത കാര്യങ്ങളും ഇതിൽ കടന്നു കൂടി. 1987ലെ ഇ.കെ നായനാർ മന്ത്രിസഭയിൽ നിന്ന് 48 മണിക്കൂറിനകം അദ്ദേഹത്തിന് രാജിവെച്ചൊഴിയേണ്ടി വന്നത് മരം മുറിക്കെതിരെ ആദ്യ ഉത്തരവിറക്കിയതിനാലാണെന്ന്. ഹൗ. ജനതാ പാർട്ടിയിലെ പി.ആർ കുറുപ്പിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് കുഴപ്പമുണ്ടാക്കിയതൊക്കെ നമുക്ക് വെറുതെ തോന്നിയതാവും. 

***    ***    ***

ബിഹാറിലെ മുസഫർപൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റുഫോമിൽ മരിച്ചു കിടക്കുന്ന അമ്മയെ വിളിച്ചുണർത്താൻ ശ്രമിക്കുന്ന രണ്ടു വയസ്സുകാരന്റെ ഹൃദയ സപർശിയായ ചിത്രം എൻഡിടിവിയാണ് ആദ്യം സംപ്രേഷണം ചെയ്തത്. ഗുജറാത്തിൽ നിന്ന് പുറപ്പെട്ട കുടിയേറ്റ തൊഴിലാളി കുടുംബത്തിലെ അംഗമാണ് ദുരന്ത നായിക. പട്ടിയുടെ മാംസത്തിനായി കടിപിടി കൂടുന്ന പാവങ്ങളെ കുറിച്ചും ദേശീയ ചാനലുകളിൽ വാർത്ത വന്നു തുടങ്ങി. 
അതിനിടയ്ക്കാണ് ഇന്നലെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ കിടിലൻ പ്രസ്താവന സീ ന്യൂസിൽ കേട്ടത്. നരേ്രന്ദമോഡിയെ പോലൊരു പ്രധാനമന്ത്രിയെ ലഭിച്ചത് ഇന്ത്യക്കാരുടെ ഭാഗ്യമാണ്. പ്രത്യേകിച്ച് കൊറോണ പോലൊരു മഹാമാരിയുടെ കാലത്ത്. അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോഴാണ് മോഡിയുടെ ഇന്ത്യയുടെ മികവ് മനസ്സിലാവുകയെന്നും അദ്ദേഹം പറഞ്ഞു. 

***    ***    ***

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയ സംഭവം ക്രൈംബ്രാഞ്ച് പുനരന്വേഷിക്കാൻ തീരുമാനിച്ചു. 
മലയാള പ്രേക്ഷകരുടെ ഭാഗ്യം. ഓഗ്‌മെന്റഡ് റിയാലിറ്റിയിലൂടെ ഇതിന്റെ പുനരാവിഷ്‌കാരത്തിന് ഒരു ചാനലുകാരനും മുതിർന്നില്ലല്ലോ.
 

Latest News