2016 ല്‍ നടക്കേണ്ട ദേശീയ ഗെയിംസ് നീട്ടാന്‍ പുതിയ കാരണമായി

ന്യൂദല്‍ഹി - ഗോവയില്‍ നിശ്ചയിച്ച മുപ്പത്താറാമത് ദേശീയ ഗെയിംസിന്റെ ശനി ദശ മാറുന്നില്ല. പലതവണ നീട്ടിവെച്ച ഗെയിംസ് കൊറോണ കാരണം അനിശ്ചിതമായി നീട്ടി. സെപ്റ്റംബര്‍ അവസാനം ദേശീയ ഗെയിംസ് സംഘാടക സമിതി യോഗം ചേര്‍ന്ന് പുതിയ തിയ്യതി തീരുമാനിക്കുമെന്ന് ഗോവ ഉപ മുഖ്യമന്ത്രിയും സ്‌പോര്‍ട്‌സ് മന്ത്രിയുമായ മനോഹര്‍ അജ്‌ഗോങ്കര്‍ അറിയിച്ചു. ഗെയിംസ് നടത്താന്‍ നാലു മാസത്തെയെങ്കിലും സമയം അനുവദിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ നാല് വരെ നടത്താനായിരുന്നു ഏറ്റവുമൊടുവില്‍ തീരുമാനിച്ചിരുന്നത്. 
2011 ല്‍ ഝാര്‍ഖണ്ഡിലാണ് അവസാനം ദേശീയ ഗെയിംസ് അരങ്ങേറിയത്. മുപ്പത്താറാമത് ദേശീയ ഗെയിംസ് 2016 നവംബറില്‍ ഗോവയില്‍ നടത്താനായിരുന്നു തീരുമാനം. പലതവണ ഗെയിംസ് നീട്ടി. ഒടുവില്‍ ഗോവയില്‍ ഗെയിംസ് നടത്തേണ്ടെന്ന് തീരുമനിച്ചു. ആ തീരുമാനവും പിന്നീട് മാറ്റി. ജനുവരിയില്‍ ദേശീയ ഗെയിംസ് പ്രഖ്യാപനം അരങ്ങേറിയതോടെ ഒക്ടോബറില്‍ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. 

Latest News