Sorry, you need to enable JavaScript to visit this website.

ഒടുവില്‍ ഇന്ത്യ ട്രയ്‌നിംഗ് തുടങ്ങി, പട്യാലയില്‍ ക്യാമ്പ് സജീവം

ന്യൂദല്‍ഹി - കൊറോണ കാരണം രണ്ടു മാസത്തോളം വിട്ടുനിന്ന ശേഷം ഇന്ത്യന്‍ അത്‌ലറ്റുകള്‍ പരിശീലനം പുനരാരംഭിച്ചു. കഴിഞ്ഞയാഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ക്കശമായ നിബന്ധനകളോടെ ഔട്ട്‌ഡോര്‍ ട്രയ്‌നിംഗിന് അനുമതി നല്‍കിയത്. പട്യാലയിലെയും ബംഗളൂരുവിലെയും നാഷനല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ (എന്‍.സി.ഒ.ഇ) നിരവധി ഇനങ്ങളിലെ കായികതാരങ്ങള്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. 
ഒളിംപിക് ക്വാട്ട നേടിയ വെയ്റ്റ്‌ലിഫ്റ്റര്‍മാരും ട്രാക്ക് ആന്റ് ഫീല്‍ഡ് അത്‌ലറ്റുകളുമാണ് പ്രധാനമായും പട്യാലയിലുള്ളത്. ബംഗളൂരുവില്‍ പുരുഷ, വനിതാ ഹോക്കി കളിക്കാരും 10 ട്രാക്ക് ആന്റ് ഫീല്‍ഡ് അത്‌ലറ്റുകളും ക്യാമ്പ് ചെയ്യുന്നു. രണ്ട് ഹോക്കി ടീമും ഒളിംപിക്‌സിന് യോഗ്യത നേടിയിട്ടുണ്ട്. 
പരിശീലനത്തില്‍ ശുചിത്വ മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിക്കുമെന്ന് സായ് അറിയിച്ചു. ഒരേ ഉപകരണം രണ്ട് അത്‌ലറ്റുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഉപകരണങ്ങളും ഷൂവും പരിശീലനത്തിനു ശേഷം കളിക്കാര്‍ സ്വയം അണുനശീകരണം നടത്തണം.  
ബംഗളൂരു സായ് സെന്ററിലെ ഒരു പാചകക്കാരന് ഹൃദയസ്തംഭനംമൂലം മരണപ്പെട്ട ശേഷം നടത്തിയ പരിശോധനയില്‍ കൊറോണ സ്ഥിരീകരിച്ചത് അങ്കലാപ്പ് സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് അവിടെയുള്ള മുഴുവന്‍ പേരെയും പരിശോധിക്കുകയും സെന്ററില്‍ അണുനശീകരണം നടത്തുകയും ചെയ്തു. 

Latest News