Sorry, you need to enable JavaScript to visit this website.

ആടുജീവിതം; ചെലവ് കൂടിയെന്ന് സംവിധായകൻ

പൃഥ്വിരാജ് തിരിച്ചെത്തിയ ആഹ്ലാദത്തിൽ നൃത്തം ചെയ്യുന്ന മാളവിക മേനോൻ

ഏറെ അനിശ്ചിതത്വങ്ങൾക്കും ആശങ്കക്കുമൊടുവിൽ ആടുജീവിതം ഷൂട്ടിംഗ് സംഘം ജോർദാനിൽ രണ്ട് മാസം നീണ്ട ഷൂട്ടിംഗ് ഷെഡ്യൂളിനുശേഷം നാട്ടിൽ തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് മലയാള സിനിമാ ലോകം. എന്നാൽ ലോക്ഡൗൺമൂലം ഷൂട്ടിംഗ് നീണ്ടതിനാൽ ചെലവ് വൻതോതിൽ വർധിച്ചുവെന്ന് സംവിധായകൻ ബ്ലെസ്സി പറയുന്നു.
നാട്ടിൽ ചെലവാകുമായിരുന്ന തുകയുടെ രണ്ടിരട്ടിയാണു ഷൂട്ടിംഗിനു വേണ്ടി വന്നത്. ഒരിക്കലും നേരിടാത്ത സാഹചര്യത്തിലൂടെ ലോകം കടന്നു പോകുന്നതിന്റെ എല്ലാ ആകുലതകളും സെറ്റിലുണ്ടായിരുന്നു. വ്യവസായിയായ തിരുവനന്തപുരം സ്വദേശി സനൽകുമാറാണു ഷൂട്ടിംഗ് അനുമതി ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും സഹായിച്ചത്. അടുത്ത ഷൂട്ട് നമീബിയയിലാണെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.


എയർ ഇന്ത്യ, ദൽഹി വഴി നടത്തിയ പ്രത്യേക സർവീസിലാണ് നായകൻ പൃഥ്വിരാജ് അടക്കം ആടുജീവിതം ടീമിലെ 58 പേരും കൊച്ചിയിൽ തിരിച്ചെത്തിയത്. വിമാനത്താവളത്തിൽനിന്ന് പൃഥ്വി ഫോർട്ട് കൊച്ചിയിലെ ഒരു ഹോട്ടലിൽ ഏർപ്പെടുത്തിയ പെയ്ഡ് ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് പോയി. 
എന്തായാലും പൃഥ്വിരാജ് തിരിച്ചു വന്നതിന്റെ സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ ആരാധകർ. നടിയും പൃഥ്വിയയുടെ കടുത്ത ആരാധികയുമായ മാളവിക മേനോൻ ഈ സന്തോഷത്തിൽ നൃത്തം ചെയ്യുന്ന വീഡിയോ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തു. പൃഥ്വിരാജ് നായകനായ ഉറുമിയിലെ ആരാന്നേ ആരാന്നേ ഗാനത്തിനൊത്താണ് മാളവിക ചുവട് വെച്ചത്.

 

Latest News