Sorry, you need to enable JavaScript to visit this website.

ഒളിംപിക് ലെജന്റ്‌സ് പട്ടികയിലെ ഏക ഇന്ത്യക്കാരന്‍ അന്തരിച്ചു

മൊഹാലി - ഇന്ത്യന്‍ ഹോക്കിയിലെ ഇതിഹാസ താരങ്ങളിലൊരാളായ ബല്‍ബീര്‍ സിംഗ് സീനിയര്‍ (95) ഓര്‍മയായി. ആധുനിക ഒളിംപിക്‌സിലെ ഗ്രെയ്റ്റസ്റ്റ് അത്‌ലറ്റുകളായി ഇന്റര്‍നാഷനല്‍ ഒളിംപിക് കമ്മിറ്റി തെരഞ്ഞെടുത്ത 16 പേരില്‍ ഏക ഇന്ത്യക്കാരനായിരുന്നു ഈ ഹോക്കി മാന്ത്രികന്‍. ഒളിംപിക്‌സ് ഹോക്കി ഫൈനലില്‍ ഏറ്റവുമധികം ഗോളടിച്ച ബല്‍ബീറിന്റെ റെക്കോര്‍ഡ് ഇന്നും അജയ്യമായി നില്‍ക്കുന്നു. 1952 ലെ ഹെല്‍സിങ്കി ഒളിംപിക്‌സിന്റെ ഫൈനലില്‍ നെതര്‍ലാന്റ്‌സിനെതിരെ അഞ്ചു ഗോളാണ് ബല്‍ബീര്‍ സ്‌കോര്‍ ചെയ്തത്. അന്ന് ഇന്ത്യ നേടിയ ആറു ഗോളില്‍ അഞ്ചും ബല്‍ബീറിന്റെ സ്റ്റിക്കില്‍ നിന്നായിരുന്നു. 6-1 നായിരുന്നു ഇന്ത്യയുടെ ജയം. രണ്ടു പുസ്തകങ്ങളെഴുതിയിട്ടുണ്ട് അദ്ദേഹം. ഗോള്‍ഡന്‍ ഹാട്രിക് (1977) അദ്ദേഹത്തിന്റെ ആത്മകഥയാണ്. ദ ഗോള്‍ഡന്‍ യാഡ്‌സ്റ്റിക്: ഇന്‍ ക്വസ്റ്റ് ഓഫ് ഹോക്കി എക്‌സലന്‍സ് (2008) ആണ് രണ്ടാമത്തെ പുസ്തകം. 
ഒരാഴ്ചയോളമായി അബോധാവസ്ഥയിലായിരുന്നു. കടുത്ത പനിയും ന്യൂമോണിയയും ബാധിച്ച് ഈ മാസം എട്ടിന് ചണ്ഡിഗഢിലെ മൊഹാലി ഫോര്‍ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പിന്നീട് മസ്തിഷ്‌കത്തില്‍ രക്തം കട്ട പിടിച്ചു. 
ഒളിംപിക്‌സില്‍ മൂന്നു തവണ സ്വര്‍ണം നേടിയ ടീമുകളില്‍ ബല്‍ബീര്‍ കളിച്ചിരുന്നു. സുശ്ബീറാണ് ഏക മകള്‍. കന്‍വല്‍ബീര്‍, കരണ്‍ബീര്‍, ഗുര്‍ബീര്‍ എന്നീ ആണ്‍മക്കളുമുണ്ട്. 

 

Latest News