Sorry, you need to enable JavaScript to visit this website.

കാവ്യനിരതമായ കഥകൾ

ഭാവനയുടെയും അനുഭവത്തിന്റെയും രാസലായനിയിൽ നിന്നും ഉരുവം കൊള്ളുന്നവയാണ് കഥകൾ. ശിൽപി ശിൽപം ഉണ്ടാക്കുന്നത് പോലെ സൂക്ഷ്മതയോടെയാണ് ഓരോ എഴുത്തുകാരനും കഥകൾ സൃഷ്ടിക്കുന്നത്. ഇബ്രാഹിം മൂർക്കനാട് എന്ന കഥാകാരൻ എഴുത്തിന്റെ ആമുഖത്തിൽ കോറിയിട്ട ഈ കാഴ്ചപ്പാട് 'മംഗളൂരൂ എക്‌സ്പ്രസ്' എന്ന കഥാ സമാഹാരത്തെ അനശ്വരമാക്കിയിട്ടുണ്ട്.
കവിയും കഥാകൃത്തുമാണ് ഇബ്രാഹിം മൂർക്കനാട്. അരീക്കോടിനടുത്ത് ഊർങ്ങാട്ടിരി ഗ്രാമത്തിൽ ജനനം. അധ്യാപകനായി ഔദ്യോഗിക ജീവിത തുടക്കം. ട്രഷറി ഓഫീസറായി വിരമിച്ചു. പുരോഗമന കലാ സാഹിത്യ സംഘം സാരഥിയാണ്. എഴുത്തിലും കലാ-സാംസ്‌കാരിക മണ്ഡലങ്ങളിലും സജീവമായ ഇബ്രാഹിം മൂർക്കനാട് ഏറെ അർത്ഥാന്തരമുള്ള
വർണരേണുക്കളാണ് 'മംഗളൂരൂ എക്‌സ്പ്രസ്' എന്ന പുതിയ കഥാ സമാഹാരത്തിൽ ലയിപ്പിച്ചിട്ടുള്ളത്. സാമൂഹിക യാഥാർത്ഥ്യങ്ങളിലേക്ക് കൈപിടിച്ചു കൊണ്ടു പോകുന്ന ഈ കഥകൾ വായിക്കുന്നവർക്ക് നാട്ടുജീവിതത്തെയും, പിന്മടക്കത്തെയും തൊട്ടറിയാനാകും.

 

കഥയുടെ ആശയമനുസരിച്ച് പശ്ചാത്തലങ്ങളിൽ മാറ്റം വരുത്തി, അനുവാചകരിൽ അവരുടെ ഭാവന ഉണർത്താനുള്ള ശ്രമമാണ് എഴുത്തുകാരൻ നടത്തിയിരിക്കുന്നത്. 

പകലറുതിയിൽ ജീവിതം എത്തിനിൽക്കുന്നവരുടെ ആകുലതകളും ഉത്കണ്ഠകളും ഏകാന്തതയും അനാഥത്വവും കണ്ണുനീരും ഈ കഥാ സമാഹാരത്തിൽ വിഷയമാകുന്നുണ്ട്. നാം ഇതുവരെ
അറിയാൻ താൽപര്യം കാണിച്ചിട്ടില്ലാത്ത നമ്മുടെ ചുറ്റുമുള്ള കുറേ സാധാരണ മനുഷ്യരുടെ ജീവിതങ്ങൾ ഹൃദയഹാരിയായി അവതരിപ്പിക്കുന്നു 'വിശന്നു പൊരിയുന്ന പന്തി' എന്ന കഥയിൽ. ഭാവിയിൽ നല്ലൊരു മനുഷ്യനാകണം എന്നുമാത്രം ആഗ്രഹമുള്ള 'നിങ്ങൾക്ക് ആരാകണം'?
എന്ന കഥയിലെ വിദ്യാർത്ഥിയും ശ്രീദേവി ടീച്ചറും സമകാലിക ജീവിതത്തിന്റെ പ്രതികാരവും ആവലാതിയും തന്നെയാണ്. മാനവികത വെടിഞ്ഞ് മൃഗീയത വാഴുമ്പോൾ കാലത്തിന്റെ
അടരുകളും സ്വപ്നങ്ങളും വിറങ്ങലിച്ചു പോകുന്നതായി 'ചുവപ്പുരാശി' സാക്ഷ്യപ്പെടുത്തുന്നു. 'മംഗളൂരൂ എക്‌സ്പ്രസ്' 'അക്ഷരങ്ങൾ ഇല്ലാത്ത കവിത' ഈ രണ്ട് കഥയും ഹൃദയത്തെ നയിക്കപ്പെടുന്നതായി വായനക്കാർ അഭിപ്രായപ്പെട്ടിരിക്കുന്നു. 


ഭാവനയിലേക്ക് മിഴിതുറക്കുന്ന 46 കഥകളുടെ സമാഹാരമാണ് ഇബ്രാഹിം മൂർക്കനാടിന്റെ മംഗളൂരൂ എക്‌സ്പ്രസിൽ ഉള്ളത്. 
ഇന്ന് എന്റെ അമ്മയുടെ വിവാഹമാണ്, തോളിലുറങ്ങിയ സുന്ദരി, കറുത്ത മൊഞ്ചത്തി തുടങ്ങിയ കഥകൾ മനുഷ്യബന്ധങ്ങളുടെ അവസ്ഥാന്തരത്തിനപ്പുറം, മനുഷ്യാവസ്ഥയോട് സംവദിക്കുന്ന രസനീയവും കൗതുകവുമായ കഥകളാണ്. അതിജീവനം എന്ന ശീർഷക കഥയിൽ ജീവിതത്തിന്റെ സമർപ്പണവും ആധികളും ആശങ്കകളും ഒളിഞ്ഞിരിക്കുന്നു. 'എഴുതാത്ത കഥ' എന്ന കഥയിലൂടെ എഴുതി തീരാത്ത ഒരു കഥയും മൊബൈലിൽ ബന്ധിച്ചു പോകുന്ന ഒരു ജീവിതവും സമർഥമായി അനാവരണം ചെയ്തിരിക്കുന്നു. 


അസാധാരണമായ പുതുമ പുലർത്തുന്നവയാണ് മോഹാലസ്യം, രാജി തുടങ്ങിയ കഥകൾ. കഥാകൃത്തിന്റെ ചിരകാലങ്ങൾ ഈ കഥകൾക്കൊപ്പം സഞ്ചരിക്കുമ്പോഴും വാക്കുകളിൽ നിന്നുതിരുന്ന നേർവെളിച്ചം അനുവാചകരിൽ മനഃപരിവർത്തനം ഉറപ്പാക്കുകയാണ്. നിഷ്‌കളങ്കമായ ഒരു ധർമ്മബോധം ഓരോ വാക്കിലും കാത്തുസൂക്ഷിക്കുന്ന എഴുത്തുകാരനാണ് ഇബ്രാഹിം.
ഈ സമാഹാരത്തിലെ ചില കഥകൾ പ്രതിഷേധത്തിന്റെയും സാമൂഹ്യ നിലപാടിന്റെയും അടയാളവുമാണ്. ഉണ്ണി ഉഗ്രപുരത്തിന്റെ കവർഡിസൈൻ കഥാ സമാഹാരത്തിന്റെ പേരും പ്രമേയവും
പ്രതിനിധീകരിക്കുന്നു. വേറെയും ഓർമ്മക്കുറിപ്പുകളും കഥ-കവിതാ സമാഹാരവും ഇദ്ദേഹത്തിന്റേതായുണ്ട്. 'എന്റെ വർത്തമാന കഥകൾ' എന്ന കഥാസമാഹാരത്തിന് 2018 - ലെ ഇന്ദുലേഖ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ചിത്രരശ്മിയാണ് മംഗളൂരു എക്‌സ്പ്രസ് പ്രസാധനം ചെയ്തിരിക്കുന്നത്.
വില: 150 രൂപ 


 

Latest News