Sorry, you need to enable JavaScript to visit this website.

റംസാനിലെ ചന്ദ്രിക പോലൊരു പരീക്ഷ 

നാലാൾ അറിയെ ഒന്ന്  ഞെളിഞ്ഞു നടക്കാനെന്താണ് വഴി?  കൈയിൽ പണമുണ്ടോ? സംഗതി വളരെ സിംപിൾ. പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന സ്പ്രിംഗഌറിന്റെ ഏജന്റുമാർ അങ്ങാടിയിലുണ്ടാവും. കുറച്ച് പൈസ അവർക്ക് കൊടുത്താൽ ബാക്കി അവരായിക്കൊള്ളും. പിആർ ഏജൻസിയായ അവർ പറഞ്ഞാൽ കേൾക്കാത്ത പത്രങ്ങളുണ്ടോ? ചാനലുകളുണ്ടോ? സ്റ്റാർ ഗ്രൂപ്പും മർഡോക്കും ബ്ലൂം ബർഗുമെല്ലാം ചീള് കേസ്. സ്പ്രിംഗഌിനോളം വാങ്ങുന്ന കാശിന് ആത്മാർഥത പ്രകടിപ്പിക്കുന്ന മറ്റാരുണ്ട് ഇക്കാലത്ത്. അന്താരാഷ്ട്ര മാധ്യമങ്ങളിൽ വാർത്ത വായിക്കുന്ന മഹാരാജാസ്, ഗുരുവായൂരപ്പൻ, ബ്രണ്ണൻ ബാക്ക് ഗ്രൗണ്ടുള്ള പഴയ എസ്.എഫ്.ഐക്കാരാണ് ന്യൂസ് റീഡേഴ്‌സെങ്കിൽ  കാണാൻ പോകുന്ന പൂരം പറയാനുമില്ല. കഴിഞ്ഞ ദിവസം ബിബിസിയിലെ ഒരു ചേച്ചി കേരളത്തിന്റെ ആരോഗ്യമന്ത്രിയുമായി ലൈവിൽ അഞ്ച് മിനുറ്റാണ് സംസാരിച്ചത്. മദാമ്മയ്ക്കാണെങ്കിൽ ശൈലജ എന്ന് മര്യാദയ്ക്ക് ഉച്ചരിക്കാൻ പോലും വയ്യ. ആരോഗ്യ മേഖലയിലെ ഇടപെടലുകളിൽ രാജ്യാന്തരതലത്തിൽ തന്നെ ശ്രദ്ധ നേടിയ ആരോഗ്യമന്ത്രിയാണ് കെ.കെ ശൈലജ. 
ബിബിസി ചർച്ചയ്ക്കിടെ കേരളത്തിലെ കോവിഡ് മരണങ്ങളെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് നൽകിയ മറുപടിയിൽ ഗോവയുമായി ബന്ധപ്പെട്ട് നടത്തിയ തെറ്റായ പരാമർശം മന്ത്രി തൽക്ഷണം തിരുത്തുകയും ചെയ്തു. മീഡിയാ വൺ ചാനലിൽ അഭിലാഷ് മന്ത്രിയുമായി നടത്തിയ സംവാദം മികച്ചതായി. അനുവദിച്ചതിലും അഞ്ച് മിനുറ്റ് അധികം എടുത്തപ്പോൾ ആർക്കും പരിഭവമില്ല. 

***    ***    ***

ദേശീയ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന ദൃശ്യങ്ങളിൽ ചിലത് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ഇന്ത്യക്കാരിൽ സങ്കടവുമുണർത്തുന്നതാണ്. പലതും നാണക്കേടിന്റെ നേർ ചിത്രവും. ദൽഹിയിലെ മനുഷ്യൻ വിശപ്പടക്കിയ ദൃശ്യം രണ്ടാമത് നോക്കാനാവില്ല.  അത് കഴിഞ്ഞപ്പോഴതാ വെള്ളിയാഴ്ച മറ്റൊരു ദൃശ്യം. വഴിവാണിഭക്കാരൻ വിൽക്കാൻ കൊണ്ടുവന്ന ആയിരക്കണക്കിന് രൂപ വില വരുന്ന മാമ്പഴം ദൽഹിയ്ക്കടുത്ത് ജനക്കൂട്ടം മോഷ്ടിച്ചെടുത്ത് വിശപ്പടക്കുന്നു. ദൽഹി കത്തിയെരിഞ്ഞപ്പോൾ മഹാത്മാ സമാധിയിലെത്തിയ ഒരു മഹാനുണ്ടായിരുന്നല്ലോ. അദ്ദേഹമിപ്പോൾ എന്തെടുക്കുകയാണാവോ? 

ബി.ആർ. ചോപ്രയുടെ മഹാഭാരതം ദൂരദർശന്റെ പ്രതാപ കാലത്തു മെഗാ ഹിറ്റായ പരമ്പരയാണ്. ഈ ലോക്ഡൗൺ കാലത്ത് രണ്ടാം വരവിലും പരമ്പര വൻ ഹിറ്റായിരുന്നു. ഈ പരമ്പരയിൽ ദേവേന്ദ്രനായി വേഷമണിഞ്ഞ സതീഷ് കൗൾ എന്ന നടനെ ആരും തന്നെ മറക്കാനിടയില്ല. അന്ന് വളരെ മികച്ച രീതിയിൽ ജീവിച്ച കൗളിന്റെ ഇന്നത്തെ ജീവിതം ഏറെ ദുരിതത്തിലാണ്. ഒരു കാലത്ത് പഞ്ചാബി സിനിമയിലും ടെലിവിഷനിലും നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം.
'പഞ്ചാബി സിനിമയിലെ അമിതാഭ് ബച്ചൻ'എന്നായിരുന്നു ഇദ്ദേഹത്തെ വിളിച്ചിരുന്നത്. നേരത്തെ വിവാഹമോചനം നേടിയ ഭാര്യ മകനോടൊപ്പം യു.എസ്.എയിലാണ് ഇപ്പോൾ താമസം. 2011ൽ പഞ്ചാബിൽ നിന്ന് മുംബൈയിലേയ്ക്ക് ചേക്കേറിയ കൗൾ ഒരു അഭിനയപാഠശാല ആരംഭിച്ചു. അവിടെ മുതലാണ് ജീവിതത്തിൽ പരാജയങ്ങൾ തുടങ്ങിയത്. സമ്പാദിച്ച പണമത്രയും സ്‌കൂളിനുവേണ്ടി നഷ്ടപ്പെടുത്തി. ഇതോടെ വൻ സാമ്പത്തിക പ്രതിസന്ധിയിലായി. തുടർന്ന് പാട്യാലയിലെ ഒരു കോളേജിൽ ജോലി ചെയ്തു. അഞ്ച് വർഷം മുൻപ് ഒരു അപകടത്തിൽപ്പെട്ട് ഇടുപ്പെല്ല് തകർന്ന് കിടപ്പിലായതോടെ ഈ ജോലിയും അതിൽനിന്നുള്ള വരുമാനവും നിലച്ചു. രണ്ട് വർഷം മുൻപ് വരെ സർവകലാശാലയിൽ നിന്നുള്ള പെൻഷൻ ലഭിച്ചിരുന്നു. പിന്നീട് അതും കിട്ടാതായി. എഴുപത്തിമൂന്നുകാരനായ സതീഷ് കൗൾ അടുത്ത കാലം വരെ ലുധിയാനയിലെ ഒരു വൃദ്ധസദനത്തിലായിരുന്നു താമസം. സത്യദേവി എന്ന സ്ത്രീയുടെ സഹായത്തോടെ ഒരു കൊച്ചുവാടക വീട്ടിലേക്ക് താമസം മാറിയ സതീഷിന് ലോക്ഡൗൺ ആയതോടെ ഭക്ഷണത്തിനോ മരുന്നിനോ വകയില്ലാതായി. പഞ്ചാബ് സർക്കാർ നൽകിയ സാമ്പത്തിക സഹായം കൊണ്ടാണ് ഇതുവരെ പിടിച്ചുനിന്നിരുന്നത്. എന്നാൽ, ഇപ്പോൾ ആ പണവും തീർന്നു. ഇതിനിടെ ലോക്ഡൗൺ കൂടി വന്നതോടെ ജീവിതം ശരിക്കും പ്രതിസന്ധിയിലായി. ആളുകൾ തന്നെ മറന്നിട്ടില്ലെങ്കിൽ വീണ്ടും അഭിനയിക്കാൻ ഒരുക്കമാണെന്ന്  സതീഷ് കൗൾ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. സിനിമകളിൽ നിറഞ്ഞുനിന്ന് മലയാളത്തിന്റെ മാധവേട്ടന്റെ ഇപ്പോഴത്തെ അവസ്ഥ മാതൃഭൂമിയിൽ രവി മേനോൻ വിവരിക്കുന്നു. മോഹൻലാലിന്റെ നായികയായി വിയറ്റ്‌നാം കോളനിയിൽ പാതിരാവായ നേരം പാടിയെത്തിയ കനകയെ കുറിച്ചും സമൂഹ മാധ്യമങ്ങളിലുണ്ടായിരുന്നു. 

***    ***    ***

കംപ്ലീറ്റ് ആക്ടറുടെ വയസ്സറിയിക്കുന്ന തിരക്കിലായിരുന്നു ചാനലുകൾ. ഇത് കുറച്ച് ഓവറായില്ലേയെന്ന് ചിലർക്കൊക്കെ സംശയം. ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന രാജീവ് ഗാന്ധി, നിപ്പ സീസണിൽ ബലിയർപ്പിച്ച കോഴിക്കോട്ടെ നഴ്‌സ് ലിനി എന്നിവരെ എന്തു കൊണ്ട് ഇതുപോലെ അനുസ്മരിച്ചില്ലെന്ന് ചോദിക്കുന്നവർ ടെലിവിഷൻ ചാനലുകൾ വാണിജ്യ സംരംഭമാണെന്നത് മറക്കുന്നു. കോൺഗ്രസിന്റെ ചാനലിൽ പോലും രാജീവ് ഗാന്ധിയുടെ ഓർമപ്പെടുത്തലുകൾ കാര്യമായി കണ്ടില്ല. പാർട്ടി ചാനലായ കൈരളിയെ കണ്ടുപഠിക്കണം. ഇ.കെ നായനാർ ദിനം വന്നപ്പോൾ ജി.എസ് പ്രദീപിന്റെ റിവേഴ്‌സ് ക്വിസിന്റെ ആദ്യ എപ്പിസോഡിൽ നായനാർ എത്തിയതിന്റെ പുനഃസംപ്രേഷണമുണ്ടായി. എന്തിനേറെ, രാഷ്ട്രീയ എതിരാളികളെ പരിഹസിക്കാനുള്ള കോക്ക്‌ടെയ്‌ലിൽ പോലും നായനാരെ ഉൾപ്പെടുത്തി. പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ഇ.കെ നായനാർ ഉത്തരം പറയുന്നത് എന്നും കേട്ടിരിക്കാൻ രസവുമാണ്. 
ലോകം മുഴുവനും ആശംസകൾ അറിയിച്ച് മോഹൻലാലിന്റെ അറുപതാം ജൻമദിനം ആഘോഷമാക്കുകയാണ്. ആശംസ നേർന്ന എല്ലാവർക്കും നന്ദി അറിയിച്ചാണ് മോഹൻലാലിന്റെ പുതിയ ബ്ലോഗ്. കലാപരമായ യാതൊരു പശ്ചാത്തലവുമില്ലാത്ത കുടുംബത്തിൽനിന്നു വന്ന താൻ എങ്ങനെയാണ് സിനിമ എന്ന മായാപ്രപഞ്ചത്തിൽ അകപ്പെട്ടതെന്ന് മോഹൻലാൽ പറയുന്നു.
നവോദയ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലേക്ക് എന്നെ എത്തിക്കുന്നതും എന്റെ സുഹൃത്തുക്കളാണ്. അപേക്ഷ അയച്ചതുപോലും അവരാണ്. തിരഞ്ഞെടുക്കപ്പെട്ട ഞാൻ അഭിനയിക്കാൻ വിധിക്കപ്പെടുകയായിരുന്നു. നായകനൊന്നുമല്ലായിരുന്നു. വില്ലനായിരുന്നു. നായകനാവാൻ പോന്ന സൗന്ദര്യമൊന്നും എനിക്കില്ലായിരുന്നു (അന്നും ഇന്നും). എന്തായാലും ആ വില്ലൻ നരേന്ദ്രനെ ജനങ്ങൾക്ക് ഇഷ്ടപ്പെട്ടു. അതോടെ ഞാൻ സിനിമയുടെ മായാപ്രപഞ്ചത്തിൽ അകപ്പെട്ടു. ചുറ്റുമിരുന്ന് ആളുകൾ നോക്കിക്കൊണ്ടേയിരുന്നു. എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യുകയല്ലാതെ വഴിയില്ലായിരുന്നു-ലാൽ പിന്നിട്ട വഴികളെ കുറിച്ച് വാചാലനായി.  മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നായകൻ കഴിഞ്ഞ ദിവസം ഒരു എന്റർടെയ്ൻമെന്റ് ചാനലിലെ കോമഡി ഷോയിൽ പഴയ നായികയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നത്  കണ്ടിരുന്നു. 

***    ***    ***

തമിഴ് വാർത്ത ചാനലിലെ  ഏതാനും മാധ്യമ പ്രവർത്തകർക്ക് കോവിഡ് ബാധിച്ചത് ചാനലിന്റെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. ഒട്ടും സുരക്ഷിതത്വമില്ലാതെ വെല്ലുവിളി നിറഞ്ഞ ജോലി ചെയ്യുന്നവരാണ് ഫീൽഡിലെ മാധ്യമ പ്രവർത്തകർ. അതിലേറെ വിഷമിപ്പിക്കുന്നതാണ് രാജ്യ തലസ്ഥാനത്ത് നിന്ന് പിന്നിട്ട വാരത്തിൽ കേട്ടത്.  ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനെത്തുടർന്ന് ന്യൂസ് റൂമും സ്റ്റുഡിയോകളും അടച്ചുപൂട്ടി പ്രമുഖ ഹിന്ദി ചാനൽ സീ ന്യൂസ്. ചാനലിലെ 28 ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. സീന്യൂസ് എഡിറ്റർ ഇൻ ചീഫ് സുധിർ ചൗധരി വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. 2500 ജീവനക്കാരാണ് സീ മീഡിയാ കോർപറേഷൻ ലിമിറ്റഡിന് കീഴിൽ ജോലി ചെയ്യുന്നത്. രോഗം സ്ഥിരീകരിച്ചതിൽ ഭൂരിഭാഗവും ലക്ഷണങ്ങളില്ലാത്തവരും അസ്വസ്ഥതകൾ നേരിടാത്തവരുമായിരുന്നുവെന്നും രോഗനിർണയവും അനുകൂലമായ ഇടപെടലും പെട്ടെന്ന് നടത്തിയതുകൊണ്ടാണ് വ്യാപനം കുറയ്ക്കാൻ കഴിഞ്ഞതെന്നും സുധിർ ചൗധരി പറയുന്നു. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ മാധ്യമ സ്ഥാപനമാണ് സീന്യൂസ്. ടൈംസ് ഗ്രൂപ്പ് പോലും ഇതിന് താഴെയേ വരൂ. 

***    ***    ***

പണ്ടു കാലത്ത് പെരുന്നാളിനിറങ്ങുന്ന മലയാള പടത്തിന്റെ പോസ്റ്ററിൽ കാണുന്ന വാചകമാണ് വമ്പിച്ച റംസാൻ പ്രോഗ്രാം. മുപ്പത് ദിവസവും നോമ്പ് പിടിച്ചത്  റംസാൻ കാലത്ത്. അത് കഴിഞ്ഞ് മാനത്ത് പുതിയ ചന്ദ്രക്കല തെളിയുമ്പോഴാണ് ശവ്വാൽ മാസത്തിലെ ആദ്യ ദിനം പെരുന്നാളായി ആഘോഷിക്കുന്നത്. ഈദ് എന്നും പറയും. അക്കാലത്ത് പാവം കൃഷ്ണൻ നായർ മാത്രമാണ് മുസ്‌ലിം സബ്ജക്റ്റുമായി സിനിമയെടുക്കാറുള്ളത്. സിനിമാ ജിഹാദും ടെലിവിഷൻ ജിഹാദുമായപ്പോൾ മുസ്‌ലിം സംരംഭകർ വളരെ പെരുകി. കാര്യങ്ങൾ ഇങ്ങനെയൊക്കെയെങ്കിലും ശനിയാഴ്ച ഉച്ചയ്ക്ക് 24 ന്യൂസിലെ ഒരു വാർത്ത ഇങ്ങനെയാണ്-റമദാൻ പ്രമാണിച്ച് ഇളവുകൾ പ്രഖ്യാപിച്ചു. ഞായറാഴ്ചയിലെ സമ്പൂർണ ലോക് ഡൗണിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇളവ് അനുവദിച്ചതിനെ  കുറിച്ചാണ് വാർത്ത. ഇത്തരമൊരു ഇളവ് അനാവശ്യമായിരുന്നുവെന്നത് വേറെ കാര്യം. പെരുന്നാൾ ദിവസം കോവിഡ് ലീവെടുത്ത് പോകുമെന്ന് കരുതിയോ?  തൊട്ടടുത്ത ദിവസം കേരളത്തിലെ ലക്ഷക്കണക്കിന് കുട്ടികളാണ് എസ്.എസ്.എൽ.സി -പ്ലസ് ടു പരീക്ഷ എഴുതാൻ പോകുന്നത്. സിബിഎസ്ഇ-ഐസിഎഎസ്ഇ പരീക്ഷകൾ ജൂലൈയിലേ നടത്തുന്നുള്ളു. അത് കഴിയാതെ ഉയർന്ന ക്ലാസുകളിലേക്ക് തൽക്കാലം പ്രവേശനം നടത്താനാവില്ല. ധൃതി പിടിച്ച് പരീക്ഷ നടത്തുന്ന സർക്കാരിനെ ന്യായീകരിക്കാൻ ജനം ടിവി ഡിബേറ്റിൽ എസ്.എഫ്.ഐക്കാരൻ കഷ്ടപ്പെടുന്നത് കണ്ടു. മാതൃഭൂമി ന്യൂസിലെ ചർച്ചയിൽ ഇതേ വിഷയത്തിൽ പി.സി വിഷ്ണുനാഥിന്റെ പ്രതികരണവും ശ്രദ്ധേയമായി. പ്രശസ്ത മാധ്യമ പ്രവർത്തകൻ പ്രണോയ് റോയ് മുഖ്യമന്ത്രിമാർക്കായി നടത്തിയ ടൗൺഹാളിൽ മാൻ ഓഫ് ദ മാച്ചായി മുഖ്യമന്ത്രി പിണറായി വിജയനെ പ്രഖ്യാപിച്ചു.  പ്രകാശ് കാരാട്ടിന്റെ ഭാര്യയ്ക്ക് ഈ ചാനലുമായുള്ള ബന്ധം സംഘികൾ അന്വേഷിക്കുന്നുണ്ട്. 

Latest News