Sorry, you need to enable JavaScript to visit this website.

ലോക്ഡൗൺ / കഥ

നേരം പുലരുന്നതേയുള്ളൂ. വഴികളിൽ വെളിച്ചം വീണ് തുടങ്ങിയിട്ടില്ല. മങ്ങിയ കാഴ്ചയിൽ അയാൾ കൈകൾ ആഞ്ഞ് വീശി വളരെ വേഗത്തിൽ നടക്കുകയാണ്. എത്രയും പെട്ടെന്ന് തന്നെ നോക്കിനിൽക്കുന്ന പൂനത്തിന്റെ കാഴ്ചയിൽനിന്നും അപ്രത്യക്ഷനാവണം എന്ന ചിന്തയിൽ കാലടികൾ വളരെ വേഗത്തിൽ മുന്നോട്ട് ചവിട്ടി വഴികൾ കവച്ചു വെക്കുകയാണ്. വ്യദ്ധരായ മാതാപിതാക്കളെയും നാല് പിഞ്ചുകുഞ്ഞുങ്ങളെയും പൂനത്തിനെ ഏൽപ്പിച്ച് ആ വീട്ടിൽനിന്നും രക്ഷപ്പെടുകയാണ്.


പൂനം, നീയെന്നെ വെറുക്കരുത്, ഇതല്ലാതെ വേറെ ഒരു വഴിയും എന്റെ മുന്നിലില്ല. ഞാൻ പോകുന്നതോടെ ചിലപ്പോൾ എല്ലാം ശരിയായേക്കാം. നമ്മുടെ കുട്ടികൾ മൂന്നുനേരം ഭക്ഷണം കഴിക്കേണ്ടേ, അമ്മയ്ക്കും അച്ഛനും മരുന്ന് വാങ്ങാൻ കാശ് വേണ്ടേ. ഞാനെന്ത് ചെയ്യും പൂനം? നമ്മളെല്ലാവരും പട്ടിണി കിടന്ന് മരിക്കുന്നത് പരസ്പരം കാണേണ്ടി വരുന്ന കാഴ്ചയിൽ നിന്നും ഞാൻ രക്ഷപ്പെടട്ടെ. പാവം നമ്മുടെ മക്കൾ. അവർ ദരിദ്രനായ ഒരച്ഛന് പിറന്നു പോയല്ലോ. എന്റെ മാതാപിതാക്കൾ... എന്നെ വിശ്വസിച്ച അവരെയും നിന്നെയും ഞാൻ ചതിക്കുകയാണല്ലോ.
ഇതെല്ലാം മനസ്സിലിട്ട് നടക്കുമ്പോൾ ദുഃഖഭാരത്താൽ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. കണ്ണീർ നിറഞ്ഞ കണ്ണുകളിൽ വഴികൾ തെളിയാതെയായെങ്കിലും നിർത്താതെ വേഗത്തിൽ അയാൾ നടക്കുക തന്നെയാണ്. കാരണം അതയാൾ തീരുമാനിച്ചുറച്ചതാണ്.


കൊച്ചൗസേപ്പ് ഉച്ചയുറക്കം കഴിഞ്ഞെഴുന്നേറ്റു. അടുപ്പിൽ നിന്നും തിളപ്പിച്ച് കടുപ്പിച്ച കട്ടൻ നേരേ ഒരു കപ്പിലേക്ക് ചൂടൊട്ടും കുറയ്ക്കാതെ പകർന്ന്, പതയ്ക്കുന്ന കപ്പ് തോൾമുണ്ടിൽ കൂട്ടിപ്പിടിച്ച് ത്രേസ്യാമ്മ ഹാജരായി. കല്യാണം കഴിഞ്ഞ നാൾ മുതലുള്ള ശീലമാണ്. ഉറക്കം കഴിഞ്ഞ് വായും മുഖവും കഴുകി, ഈശോക്ക് ഒരു കുരിശു വരച്ച് വരുമ്പോഴേക്കും ആവി പറക്കുന്ന ചൂടുള്ള കട്ടനുമായി ത്രേസ്യാമ്മ മുന്നിലുണ്ടാവണം. ഇന്നേവരെ നീയത് തെറ്റിച്ചില്ലല്ലോ എന്ന് മനസ്സിലോർത്ത് ത്രേസ്യാമ്മയ്ക്ക് നന്ദി സൂചകമായി നല്ല നിറഞ്ഞചിരി സമ്മാനിച്ച് കൊച്ചൗസേപ്പ് ചായക്കപ്പുവാങ്ങി. ത്രേസ്യാമ്മയെ നോക്കി കട്ടൻ ചൂടു ആവിയോട് കൂടി ഒന്ന് രുചിച്ചു. ശേഷം സോഫയിലിരുന്ന് ടി.വി ഓണാക്കി റിസീവർ റിമോട്ട് നീട്ടി ദിശ ഒപ്പിച്ച് ചാനൽ മാറ്റിക്കൊണ്ടേയിരുന്നു. എല്ലാ ചാനലിലും പരസ്യം തന്നെ. മുറുമുറുത്ത് ഓസേപ്പ് ചാനൽ മാറ്റിക്കൊണ്ടേയിരുന്നു. പ്രത്യേകിച്ച് ഒരു പാർട്ടിക്കാരനും അല്ലാത്തോണ്ട് ചാനൽ മാറ്റാൻ ആരേയും പേടിക്കേണ്ടല്ലോ എന്നാണ് ഔസേപ്പിന്റെ ന്യായം. പെട്ടെന്ന് കൊച്ചൗസേപ്പ് ചാനൽ മാറ്റൽ നിർത്തി ശബ്ദം കൂട്ടിവെച്ച്  ഗൗരവത്തോടെ കണ്ണും കാതും കൂർപ്പിച്ചിരുന്നു.


തകര ഷീറ്റുകൾ മേൽക്കൂരയായും ചുമരുകളായും നീളത്തിൽ മുളകൊണ്ട് കൂട്ടി കെട്ടിയ കുഞ്ഞുകുഞ്ഞു വീടുകൾ, അവിടെ ഒരു വീട്ടിൽ (വീടെന്ന് പറയാമോ എന്ന്തന്നെ സംശയം) പ്രദേശത്തുകാരെല്ലാം തടിച്ച് കൂടിയിരിക്കുന്നു.
'എന്ത് പറഞ്ഞാണ് മുകേഷ് മന്ദൽ വീട്ടിൽനിന്നും പോയത്' ചാനൽ റിപ്പോർട്ടർ പൂനത്തിനോടായി ചോദിച്ചു. കേവലം ഒന്നോ രണ്ടോ വയസ്സ് പ്രായ വ്യത്യാസം തോന്നിക്കുന്ന കുഞ്ഞുകുഞ്ഞു കുട്ടികൾ, കുട്ടികളെ നെഞ്ചോട് ചേർത്ത് പൊട്ടിക്കരയുന്ന പൂനം, കുറേ സമയമെടുത്ത് പാടുപെട്ട് കരച്ചിലൊന്നടക്കി മറുപടി പറഞ്ഞു: 'മുകേഷ് പുലർച്ചെ എഴുന്നേറ്റു ഒരാൾ ഒരു ജോലി തന്നിട്ടുണ്ടെന്നും വേഗം പോകണമെന്നും പറഞ്ഞു. ഞാൻ ചിലപ്പോൾ രണ്ട് ദിവസം കഴിഞ്ഞേ വരൂ നീ പേടിക്കേണ്ട വിഷമങ്ങളെല്ലാം മാറുമെന്നും പറഞ്ഞു.' 'ഇപ്പോ രാജ്യം ലോക്ഡൗണിലാണ്, ജോലിക്കൊന്നും പോകാൻ കഴിയുന്ന സാഹചര്യമല്ലല്ലോ? ചാനൽ റിപ്പോർട്ടറുടെ അടുത്ത ചോദ്യം കേൾക്കുമ്പോൾ തന്നെ അവശതയോടെ തലയാട്ടി ശരിവെച്ച് പൂനം പറഞ്ഞു: 'ഹാ ദീദീ ജീ.. ഞാനും അത് ചോദിച്ചതാണ്, അന്ന് രാത്രി  മുകേഷ് ഉറങ്ങിയതേയില്ല. പൂനം ഏങ്ങലോടെ കാര്യങ്ങൾ വിവരിച്ചു.


'എന്തെങ്കിലും ചെയ്യാതെ പറ്റില്ല പൂനം, ഈ ലോക്ഡൗൺ വേഗം ശരിയാവില്ല ജോലിയില്ലാതെ എത്രനാൾ.. എത്രനാൾ പട്ടിണി സഹിക്കും, എത്ര ദിവസം നമ്മുടെ മക്കൾക്ക് പച്ചവെള്ളം കൊടുക്കും. വയസ്സായ എന്റച്ഛനും അമ്മയും വിശന്നു അവശരായി കിടക്കുന്നത് എത്ര ദിവസം ഞാൻ കണ്ട് സഹിക്കും. ഇങ്ങനെ പോയാൽ പട്ടിണി കിടന്ന് നമ്മളോരോരുത്തര് മരിക്കുന്നത് പരസ്പരം കാണേണ്ടി വരും എന്തെങ്കിലും ചെയ്‌തേ പറ്റു.. എന്തെങ്കിലും ചെയ്‌തേ പറ്റൂ' മുകേഷ് പൂനത്തെ കെട്ടിപ്പിടിച്ച് കുട്ടികളെപ്പോലെ പൊട്ടിക്കരഞ്ഞു.
എട്ട് വർഷം ഒരുമിച്ചുള്ള ജീവിതത്തിൽ പ്രയാസങ്ങളും സങ്കടങ്ങളും ഏറെ ഉണ്ടായെങ്കിലും മുകേഷ് ഇതുപോലെ കരയുന്നത് പൂനം കണ്ടിട്ടില്ല. അച്ഛന് സ്‌ട്രോക്ക് വന്ന് ജോലി ചെയ്യാൻ കഴിയാതെ തളർന്ന് കിടന്നപ്പോഴും, അച്ഛന്റെ അവസ്ഥയിൽ മനംനൊന്ത് ആധിപിടിച്ച് അമ്മ ഒരു നിത്യരോഗിയായി മാറിയപ്പോഴും മുകേഷ് തളർന്നില്ല. സങ്കടപ്പെട്ടില്ല. ആ മുകേഷാണ് പ്രതീക്ഷ കൈവിട്ട് ധൈര്യം ചോർന്ന് നിരാശനായി കാണുന്നത്, കുട്ടികളെപ്പോലെ പൊട്ടിക്കരയുന്നത്. പൂനം എന്ത് പറയണമെന്നറിയാതെ മിഴിച്ച് നിൽക്കുകയാണ്.


അമ്മാ വിശക്കുന്നമ്മാ...
മൂത്തകുട്ടി കരഞ്ഞുകൊണ്ട് എഴുന്നേറ്റുവന്നു. വിശന്നു കരഞ്ഞ കുട്ടികളെ ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്കും റൊട്ടിയുണ്ടാക്കിത്തരാമെന്ന് പറഞ്ഞ് കൊതിപ്പിച്ചുറക്കിയതാണ്. വിണ്ടും വിശന്ന് കരഞ്ഞ മക്കളെ കണ്ടപ്പോൾ മുകേഷ് നിയന്ത്രണം വിട്ട് ഒരു ഭ്രാന്തനെ പോലെ കുഞ്ഞിനെയെടുത്ത് മോളേ.. എന്ന് അലറി വിളിച്ച് തുരുതുരാ ഉമ്മ കൊടുത്തു. അച്ഛൻ നിസ്സഹായനാണ് മോളേ.. നിങ്ങൾക്ക് അന്നം തരാൻ അച്ഛന് കഴിയുന്നില്ല മോളേ.. മുകേഷ് അലമുറയിട്ട് കരഞ്ഞു. ഇതെല്ലാം കണ്ട് കൊണ്ടിരിക്കുന്ന മുകേഷിന്റെ അച്ഛനും അമ്മയും കണ്ടുസഹിക്കാൻ വയ്യാതെ നെഞ്ചത്തടിച്ച് കരഞ്ഞുകൊണ്ട് ദൈവത്തിനോട് പരാതി പറഞ്ഞു. പെട്ടെന്ന് മുകേഷ് കുഞ്ഞിനെ താഴെയിറക്കി ഒന്നും ഉരിയാടാതെ കണ്ണുകൾ തുടച്ച് ഇറങ്ങി നടന്നു. വീടാകെ കണ്ണീർ കൊണ്ടുള്ള സങ്കടക്കടൽ. ഭക്ഷണത്തിന് വേണ്ടി കരയുന്ന മക്കൾക്ക് എന്തെങ്കിലും കിട്ടുമോ എന്ന് അന്വേഷിച്ച് പൂനം പരിസരത്തുള്ള വീടുകൾ കയറിയിറങ്ങി. എവിടുന്നോ എന്തോ കുട്ടികളുടെ വായ നനയ്ക്കാൻ കിട്ടി, വിശപ്പു മാറാനല്ല.

 

നേരംഏറെ ഇരുട്ടി, വിഷമിച്ച് പോയ മുകേഷിനെയും കാത്ത് അമ്മയും പൂനവും മുറ്റത്ത് തന്നെയിരിപ്പാണ്. തമാശ കളിച്ചും, കുട്ടികളെ കളിപ്പിച്ചും ചിരിച്ച് കണ്ട അച്ഛന്റെ ഇതുവരെ കാണാത്ത ഒരു മുഖം കണ്ടതിലുണ്ടായ ഭയത്താൽ കുട്ടികൾ പേടിച്ചിരിക്കുകയാണ്. മോളെ, അവൻ ഇനിയും എത്തിയില്ലല്ലോ അമ്മ ആധി പറഞ്ഞു. അവൻ എവിടെക്കാ ഇറങ്ങിപ്പോയേ എന്നോ മറ്റോ വ്യക്തമല്ലാത്ത ഭാഷയിൽ അച്ഛൻ പറയുന്നുണ്ട്. സ്‌ട്രോക്കിന് ശേഷം അച്ഛന്റെ സംസാരം വ്യക്തമല്ല. ഇമവെട്ടാതെ വഴിയിലേക്ക് നോക്കിയിരിക്കുന്ന പൂനം നീണ്ട ഒരു നെടുവീർപ്പിട്ടു. പെട്ടെന്ന് ദൂരേയ്ക്ക് കാഴ്ചപിടിച്ചു, വരുന്നത് മുകേഷാണെന്ന് ഉറപ്പു വരുത്തി അവൾ ചാടി എണീറ്റു അച്ഛാ മുകേഷ് വരുന്നുണ്ട്. അമ്മാ.. അച്ഛാ.. മക്കളെ.. കയ്യിൽ എന്തോ സാധനങ്ങളും കാണുന്നുണ്ട്. അവൾ സന്തോഷം അടക്കാനാവാതെ തുള്ളിച്ചാടി. ഞാൻ കുട്ടികളെ വിളിച്ചുണർത്തട്ടെ, അവർക്കുള്ള ഭക്ഷണമാവും മുകേഷിന്റെ കയ്യിൽ.

 

 'സാധനങ്ങൾ വാങ്ങാൻ മുകേഷിന് പണം കിട്ടിയതെവിടുന്നാണ്'? ചാനൽ റിപ്പോർട്ടർ ചോദ്യവുമായി പൂനത്തിന് നേരേ മൈക്ക് നീട്ടി. 'മൊബൈൽ വിറ്റു. രണ്ടായിരത്തഞ്ഞൂറു രൂപ കിട്ടി. കുറച്ച് ഭക്ഷണസാധനങ്ങൾ വാങ്ങി, സാധനങ്ങളും ബാക്കി കാശും എന്നെ ഏൽപിച്ചു. വേഗം റോട്ടിയും ദാലും ഉണ്ടാക്കി ഒരുമിച്ച് ഭക്ഷണം കഴിക്കണം എന്ന് പറഞ്ഞു'. 'പിന്നീടെപ്പോഴാണ് മുകേഷ് വീട്ടിൽനിന്നും പോയത്'? ചാനൽ റിപ്പോർട്ടറിന്റെ അടുത്ത ചോദ്യം. പിറ്റേന്ന് പുലർച്ചേ. പൂനം മറുപടി പറഞ്ഞു.   'മുകേഷിന് എത്ര വയസ്സുണ്ടാവും' ? റിപ്പോർട്ടർ ചോദിച്ചത് പൂനത്തിനോടാണെങ്കിലും, 'മുപ്പത് വയസ്സ് മാത്രമേ എന്റെ മകനായുള്ളൂ, അവന്റെ വിയോഗം കാണാൻ ഞാൻ ജീവിച്ചിരുന്നല്ലോ ഈശ്വരാ...' മുകേഷിന്റെ അമ്മ നെഞ്ചത്തടിച്ച് വിലപിക്കുകയാണ്.
ചാനൽ റിപ്പോർട്ടർ ക്യാമറക്ക് അഭിമുഖമായി നിന്നു,


'പെയിന്റിങ്ങ് ജോലിക്ക് പോയി നാലു പിഞ്ചുകുട്ടികളും മാതാപിതാക്കളുമടങ്ങുന്ന ഏഴംഗ കുടുംബത്തെ പോറ്റുന്ന മുകേഷ് എന്ന യുവാവാണ് രണ്ട് ദിവസം മുമ്പ് ആത്മഹത്യ ചെയ്തതായി കാണപ്പെട്ടത്. ലോക്ഡൗൺ കാരണം ജോലിയില്ലാതെ ദിവസങ്ങളോളം പട്ടിണിയിലായ കുടുംബത്തിന് തന്റെ കയ്യിലുണ്ടായിരുന്ന മൊബൈൽ രണ്ടായിരത്തഞ്ഞൂറ് രൂപക്ക് വിറ്റ് കാശ് കുടുംബത്തെ ഏൽപ്പിച്ചാണ് മുകേഷ് പോയത്. ഇത് ഒരു മുകേഷിന്റെ മാത്രം അവസ്ഥയല്ല. ഈ ചേരിയിൽ താമസിക്കുന്ന ദിവസക്കൂലിക്ക് പണിയെടുത്ത് നിത്യവൃത്തി നടത്തുന്ന ധാരാളം കുടുംബങ്ങളുണ്ട്. അവരൊക്കെയും ഭക്ഷണ സാധനങ്ങൾ കണ്ണ് കൊണ്ട് കണ്ടിട്ടെങ്കിലും മൂന്ന് ദിവസമായി എന്നാണ്  പറയുന്നത്. എപ്പോഴെങ്കിലും വലിച്ചു നീട്ടുന്ന സർക്കാറിന്റെ സഹായം അവർക്ക് വേണ്ടത്ര മതിയാവുന്നില്ല. കുഞ്ഞു മക്കളും രോഗബാധിതരായ വൃദ്ധരായ മാതാപിതാക്കളും ഇവരിലുണ്ട്. ഈ കാഴ്ച ഞാൻ നിങ്ങളിലേക്ക് വിടുകയാണ്. ഈ കുടുംബങ്ങൾ പൊരുതുന്നത് കോവിഡിനോടല്ല... മറിച്ച് പട്ടിണിയോടാണ്. ലോക് ഡൗൺ തളർത്തിയ ഈ കുടുംബങ്ങൾ സുമനസ്സുള്ളവരുടെ കരുണയ്ക്കായി കാത്തിരിക്കുകയാണ്. ഹരിയാനയിലെ സരസ്വതികൂഞ്ചിൽ നിന്നും ആലിയ ഭട്ട്.

 

'ത്രേസ്യേ.. ത്രേസ്യക്കുട്ടീ..  ടീ... ത്രേസ്യാമ്മോ.. ' കൊച്ചൗസേപ്പ് നിർത്താതെ നീട്ടി വിളിച്ചു. കൊച്ചൗസേപ്പ് അങ്ങനാ വിളിച്ചാൽ വിളി കേൾക്കും വരെ അല്ല, മുന്നിലെത്തുംവരെയാ വിളി. 'എന്താ മനുഷ്യനേ' നിർത്താതെയുള്ള വിളിയിൽ ദേഷ്യത്തോടെയുള്ള ചോദ്യവുമായി ത്രേസ്യാമ്മ മുന്നിലെത്തി. 'ടീ.. നീയാ ടി.വിയിൽ കാണുന്ന നമ്പർ ദേ ഇതിൽ ഒന്ന്‌ഫോട്ടോ എടുത്തേ'. തന്റെ മൊബൈൽ ഫോണിൽ ക്യാമറ ഓണാക്കി ഔസേപ്പ് ത്രേസ്യാമ്മക്ക് കൊടുത്തു. ത്രേസ്യാമ്മ പതിവ് പോലെ ടി.വിക്ക് അടുത്ത് പോയി മൊബൈലിൽ ഫോട്ടോ എടുത്തു ഫോൺ തിരികെ നൽകുമ്പോൾ പതിയെ ചോദിച്ചു: 'ഇതിപ്പോ ഏതാ കേസ്' ? 'എന്നാ പറയാനാ നമ്മുടെ ഭരണകർത്താക്കളുടെ പിടിപ്പ് കേട്' മൊബൈലിൽ അങ്ങോട്ടും ഇങ്ങോട്ടും കുത്തുന്നതിനിടയിൽ കൊച്ചൗസേപ്പ് മറുപടി പറഞ്ഞു. ശേഷം മൊബൈൽ ചെവിയോടടുപ്പിച്ചു.
'ഹലോ... ടാ.. രമേശനല്ലെ'? അതെ എന്ന മറുപടി മറുവശത്തു നിന്നും കേട്ടു. കൊച്ചൗസേപ്പ് തുടർന്നു: 'ടാ.. ഞാനേ.. നിന്റെ ഫോണിലോട്ട് ഒരു നമ്പറയച്ചിട്ടുണ്ട്, നമ്മുടെ ചാരിറ്റി ഫണ്ടീന്ന് ഒരു ഇരുപത്തയ്യായിരം അയച്ചേക്ക്'.
'ശരി സാറേ' 


'ടാ... പിന്നേയ് ആ നമ്പറൊന്ന് നോട്ട് ചെയ്‌തേക്ക് മറക്കേണ്ട'. 'ശരി സാറെ'..രമേശൻ അനുസരണയോടെ മറുപടി പറഞ്ഞു. എന്നാ ശെരി എന്ന് പറഞ്ഞ് ചെവിയിൽ നിന്നും ഫോണെടുക്കുമ്പോൾ മുകളിലോട്ട് നോക്കി ചുണ്ടുകൾ ഒരു വശത്തേക്ക് കോട്ടിപ്പിടിച്ച്  കൈകളുയർത്തി പറഞ്ഞു: 'ഈശോയെ രണ്ട് മാസമായി അഞ്ചിന്റെ പൈസ നീയെനിക്ക് തന്നിട്ട്, എന്നിട്ടാപ്പൊ ഇരുപത്തയ്യായിരം പിടിച്ചേക്കണത്. ഒന്നുച്ചാ നല്ല ഭരണാധികാരികള്.. അല്ലാച്ചാ എത്രേം പെട്ടെന്ന് ഈ രോഗത്തെ നീ ഇല്ലാണ്ടാക്കുക. ഇല്ലാച്ചാ.. കഴിയൂലാട്ടാ..' ഇത്രേം പറഞ്ഞ് കൊച്ചൗസേപ്പ് ഫോണിൽ നോക്കി ചൂണ്ടുവിരൽ കൊണ്ട് ഫോണിലെ ചുവന്ന ബട്ടനമർത്തി.

Latest News