Sorry, you need to enable JavaScript to visit this website.

സ്വപ്‌നച്ചിറകിൽ പറന്നുയർന്ന്...

'നഷ്ടപ്പെടാനുള്ളതല്ല ജീവിതം. നേടാനുള്ളതാണ്. ജീവിതത്തിൽ തിരിച്ചടികളുണ്ടാകാം. അത് തളർത്താനുള്ളതല്ല. മുന്നോട്ടുള്ള കുതിപ്പിന് കരുത്താകാനുള്ളതാണ്. വേദനകൾ മനസ്സിലെ നെരിപ്പോടിൽ കരിയിച്ചുകളയുക. ആ ചാരത്തിൽനിന്നും ഉയർന്നുവരുന്ന നാമ്പുകൾ ഏതു വെയിലത്തും വാടാതെ നിലകൊള്ളും. ലക്ഷ്യങ്ങൾ മനസ്സിൽ സ്വയം കുറിച്ചിടുക. അതിനായി ചിറകടിച്ചുയരുക...''
കണ്ണൂർ ജില്ലയിലെ പയ്യന്നൂരുകാരനായ സജേഷ് കൃഷ്ണന് ജീവിതം പഠിപ്പിച്ച പാഠമിതാണ്. വിധി തനിക്കുമുന്നിൽ ചോദ്യചിഹ്നമായി നിന്നപ്പോൾ സജേഷ് പതറിയില്ല. തികഞ്ഞ ആത്മവിശ്വാസവും തളരാത്ത ധൈര്യവുമായി സജേഷ് ജീവിതത്തെ നേരിട്ടു. ഇന്ന് കേരളത്തിലെ ആദ്യത്തെ ബ്‌ളേഡ് റണ്ണറാണിദ്ദേഹം. എന്നാൽ അതിനായി അദ്ദേഹം ഓടിത്തീർത്ത വഴികൾ ഒരിക്കലും എളുപ്പമായിരുന്നില്ല.


പയ്യന്നൂർ ശ്രീനാരായണഗുരു കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയിൽ ഒന്നാം വർഷ ബി.ടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരിക്കേയാണ് ഒരു ടിപ്പർ ലോറിയുടെ രൂപത്തിൽ വിധി സജേഷിനോട് ക്രൂരമായി പെരുമാറിയത്. കൂട്ടുകാരന്റെ ബൈക്കിനുപിറകിൽ സഞ്ചരിക്കവേ അമിതവേഗത്തിലെത്തിയ ടിപ്പറിനെ വെട്ടിച്ചപ്പോൾ ബൈക്ക് മറിഞ്ഞു. പിന്നാലെയെത്തിയ ടിപ്പറിന്റെ ടയറുകൾ സജേഷിന്റെ കാൽപാദത്തിലൂടെ കയറിയിറങ്ങി.

അഞ്ചുമാസക്കാലം ആശുപത്രിക്കിടക്കയിൽ വേദന കടിച്ചമർത്തി സജേഷ് കിടന്നു. പാദം മുറിച്ചുമാറ്റുകയല്ലാതെ പോംവഴിയില്ലെന്നു ഡോക്ടർ പറഞ്ഞപ്പോൾ ആ മനസ്സ് നീറി. പാദം മുറിച്ചുമാറ്റുകയാണെങ്കിൽ ഊന്നുവടിയുടെ സഹായത്താൽ മാത്രമേ നടക്കാനാകൂ എന്നായിരുന്നു ഡോക്ടറുടെ ഉപദേശം. മുട്ടിന് താഴെെവച്ച് മുറിച്ചുമാറ്റിയാൽ കൃത്രിമ കാൽവെച്ച് നടക്കാമെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ സജേഷ് സമ്മതിക്കുകയായിരുന്നു. കാലിലുറച്ച് നടക്കണമെന്ന് അപ്പോഴേയ്ക്കും സജേഷ് മനസ്സിനെ പറഞ്ഞുപഠിപ്പിച്ചിരുന്നു.


ഓപ്പറേഷനും മരുന്നുമെല്ലാമായി നാളുകൾ നീണ്ട ആശുപത്രിവാസം. ഒടുവിൽ സുഹൃത്തുക്കളും മാതാപിതാക്കളും അനുജത്തിയുമെല്ലാം തുണയായെത്തി. ആശുപത്രിയിൽനിന്ന് ഇറങ്ങിയ സജേഷിന് ലോണെടുത്ത് നല്ല വിലയുള്ള കൃത്രിമകാൽ നൽകിയത് അച്ഛനായിരുന്നു. വീണിടത്തുനിന്നും എഴുന്നേൽക്കാൻ പഠിപ്പിച്ചതും നടക്കാൻ പഠിപ്പിച്ചതുമെല്ലാം അച്ഛനായിരുന്നു. അച്ഛൻ നൽകിയ കരുത്താണ് എന്നെ ഈ നിലയിലാക്കിയത്. ഒരിക്കലും നിരുത്സാഹപ്പെടുത്തിയില്ല. നിനക്ക് സാധിക്കുമെന്നു പറഞ്ഞ് ഓടാനും മലകയറാനുമെല്ലാമുള്ള ധൈര്യം പകർന്നുനൽകിയത് അച്ഛനായിരുന്നു. അച്ഛനില്ലായിരുന്നെങ്കിൽ ഒരുപക്ഷേ, ഞാനീ നിലയിൽ എത്തുമായിരുന്നില്ല. പറയുമ്പോൾ സജേഷിന്റെ കണ്ണുകളിൽ കടപ്പാടിന്റെ തിരയിളക്കം.


അച്ഛന്റെ പ്രതീക്ഷ അസ്ഥാനത്തായില്ല. ഇന്ന് ബാംഗ്ലൂരിലെ റിസംമ്പിൾ സിസ്റ്റംസ് കമ്പനിയുടെ എച്ച്.ആർ. മാനേജരാണ് സജേഷ്. കൂടാതെ കേരളത്തിലെ ആദ്യത്തെ ബ്‌ളേഡ് റണ്ണർ, കൃത്രിമകാലുപയോഗിച്ച് കർണ്ണാടകയിലെ ഏറ്റവും വലിയ മൂന്നാമത്തെ മലയായ തടിയന്റമോൾ കയറിയിറങ്ങിയ സാഹസികൻ, പാരാ ആംപ്യൂട്ട് ഫുട്ബാളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കളിക്കാരൻ, ബാഡ്മിന്റൺ താരം.... തുടങ്ങി ആത്മവിശ്വാസത്തിന്റെ മറ്റൊരു പേരായി മാറുകയായിരുന്നു സജേഷ് കൃഷ്ണൻ.


തളർന്നപ്പോൾ പ്രതീക്ഷിക്കാത്തവർ പോലും പിന്തുണയുമായി ഒപ്പംനിന്നു. നടക്കാനും പഠിപ്പിക്കാനും പരീക്ഷയെഴുതിക്കാനുമെല്ലാം അവർ കൂടെനിന്നു. കൂട്ടുകാരുടെ സഹായത്തോടെ പരീക്ഷകൾ ഒന്നൊന്നായി എഴുതിയെടുത്തു. നല്ല മാർക്കോടെതന്നെ ബി.ടെക് പാസായി. കണ്ണൂർ ഗവൺമെന്റ് ഐ.ടി.ഐയിലും പഴയങ്ങാടിയിലെ മാടായി ഗവൺമെന്റ് ഐ.ടി.ഐയിലും ഗസ്റ്റ് അധ്യാപകനായി. ഹിമാചൽ പ്രദേശിലും കോയമ്പത്തൂരിലും ബാംഗ്ലൂരിലുമെല്ലാം ജോലി നോക്കി. ബാംഗ്ലൂരിൽ പൈപ്പ്‌ലൈൻ കമ്പനിയിൽ സൈറ്റ് എൻജിനീയറായാണ് ജോലി നോക്കിയത്. ഒമാനിലെ ഒരു കമ്പനിയിൽ ജോലി ലഭിച്ചെങ്കിലും മെഡിക്കൽ ഫിറ്റ്‌നസ് ലഭിക്കാത്തതിനാൽ നിരസിക്കപ്പെട്ടു. അതോടെ ഉള്ള ജോലിയുംപോയി. പുതിയ ജോലി കിട്ടിയതുമില്ല. അതുകൊണ്ടുണ്ടായ മനഃപ്രയാസം അകറ്റാനാണ് സ്വന്തം കരുത്ത് എവിടെയെങ്കിലും പ്രകടമാക്കണമെന്ന ചിന്തയുണ്ടായത്.


കാർഗിൽ യോദ്ധാവും ഇന്ത്യയുടെ ബ്‌ളേഡ് റണ്ണറുമായ മേജർ ഡി.പി.സിങ് രൂപം നൽകിയ ദ ചലഞ്ചിംഗ് വൺസ് എന്ന ഫേസ് ബുക്ക് കൂട്ടായ്മയെക്കുറിച്ച് അപ്പോഴായിരുന്നു അറിഞ്ഞത്. കൃത്രിമകാലുമായി മാരത്തണിൽ പങ്കെടുക്കുന്നവരുടെ വാർത്തകളും വീഡിയോകളുമെല്ലാം ഇതിൽ ഉൾക്കൊള്ളിച്ചിരുന്നു. അതോടെ മാരത്തൺ മാത്രമായി സ്വപ്‌നം. സ്‌കൂൾപഠനകാലത്തുപോലും ഓട്ടത്തിലൊന്നും പങ്കെടുക്കാത്തവന് കാലില്ലാതായപ്പോൾ ഓടണമെന്ന മോഹം. ഓടുന്നതും മല കയറുന്നതുമെല്ലാം സജേഷ് സ്വപ്‌നം കാണാൻ തുടങ്ങി.
മോഹസാഫല്യം വൈകാതെ പൂവണിഞ്ഞു. 2015ൽ കൊച്ചിയിൽ നടന്ന സ്‌പൈസ് കോസ്റ്റ് മാരത്തണിൽ ഫേസ് ബുക്ക് കൂട്ടായ്മയിലെ പതിനെട്ടുപേർക്ക് അവസരം ലഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി അയ്യായിരത്തോളം പേർ പങ്കെടുക്കുന്ന പ്രശസ്തമായ മാരത്തണായിരുന്നു അത്. അക്കൂട്ടത്തിൽ ഏകമലയാളിയായിരുന്നു സജേഷ്. സുഹൃത്തിന്റെ ഗെറ്റുഗദർ എന്നുപറഞ്ഞാണ് വീട്ടിൽനിന്നും മുങ്ങിയത്. അഞ്ചുകിലോമീറ്റർ നീണ്ട ആ മിനി മാരത്തൺ അൻപതു മിനിട്ടുകൊണ്ട് പൂർത്തിയാക്കിയപ്പോൾ പ്രതിസന്ധികളെ അനുകൂലമാക്കി പൊരുതിജയിച്ച ഒരു യോദ്ധാവിനെപ്പോലെ സജേഷ് ചിരിച്ചു. അന്ന് ലോകം കീഴടക്കിയ സന്തോഷമായിരുന്നു.


കൃത്രിമകാൽ ഉപയോഗിച്ചുള്ള ഓട്ടപരിശീലനം ദുർഗമമായിരുന്നു. ദിവസവും മണിക്കൂറുകൾ തന്നെയായിരുന്നു ഇതിനായി ചെലവഴിച്ചത്. കാലുകളുടെ വേദന ശരീരം മുഴുവൻ വ്യാപിച്ചപ്പോഴും പിൻമാറിയില്ല. വേദനകൾ കടിച്ചമർത്തി പരിശീലനം തുടർന്നു. കൃത്രിമകാൽ തളർന്നപ്പോൾ പലതവണ മാറ്റിവെച്ചു. 2016ൽ കോഴിക്കോട്ടു നടന്ന മാരത്തണിലും പങ്കെടുത്തു.
2017ൽ കൊച്ചിയിൽ നടന്ന മാരത്തണാണ് സജേഷിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. ഡോക്ടർമാരുടെ സംഘടനയായ വാസ്‌കുലർ സൊസൈറ്റി ഓഫ് ഇന്ത്യ സംഘടിപ്പിച്ച റൺ ഫോർ യുവർ ലെഗ്‌സ് മാരത്തണിലേയ്ക്ക് സജേഷ് ക്ഷണിതാവായി എത്തുകയായിരുന്നു. പ്രമേഹബാധിതരായി കാലു മുറിച്ചുമാറ്റപ്പെടുന്നവരുടെ നടത്തം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ മാരത്തൺ സംഘടിപ്പിച്ചത്. പത്തുകിലോമീറ്റർ മാരത്തൺ ഒന്നര മണിക്കൂർ കൊണ്ടാണ് പൂർത്തിയാക്കിയത്. ക്ഷണം സ്വീകരിച്ച് അവിടെയെത്തിയപ്പോഴാണ് വാസ്‌കുലർ സൊസൈറ്റി ഓഫ് ഇന്ത്യ തനിക്ക് സൗജന്യമായി ബ്‌ളേഡ് വച്ചുതരുന്ന വാർത്ത അറിയിക്കുന്നത്. ഭാരം കുറഞ്ഞ കാർബൺ ഫൈബറിൽ നിർമ്മിക്കുന്ന ബ്‌ളേഡ് എന്ന കൃത്രിമകാൽ സജേഷിന്റെ സ്വപ്‌നങ്ങളിലുണ്ടായിരുന്നെങ്കിലും ആറു ലക്ഷത്തോളം രൂപ ചെലവു വരുമെന്നതിനാൽ മോഹം ഉപേക്ഷിക്കുകയായിരുന്നു. വേഗത്തിൽ ഓടാൻ കഴിയുന്ന ബ്‌ളേഡ് ഫൂട്ടായിരുന്നു അവർ സമ്മാനിച്ചത്.


2017 ഡിസംബറിൽ പയ്യന്നൂരിലെ ഏഴിമല നേവൽ അക്കാദമിയുടെ റണ്ണിംഗ് അംബാസഡറായി അവരുടെ മാരത്തണിൽ പങ്കെടുത്തു. പത്തുകിലോമീറ്റർ മാരത്തൺ ഒന്നേകാൽ മണിക്കൂർ കൊണ്ടാണ് പൂർത്തിയാക്കിയത്. ആ മാരത്തൺ സജേഷിനെ ആദ്യ മലയാളി ബ്‌ളേഡ് റണ്ണറാക്കുകയായിരുന്നു; അതും സ്വന്തം നാട്ടിൽെവച്ച്. ഇപ്പോഴും കേരളത്തിൽ ബ്‌ളേഡ് വെച്ച് ഓടുന്ന ഒരാളേയുള്ളു. അത് സജേഷ് കൃഷ്ണൻ മാത്രം.
''ഇതിനകം ഇരുപത്തിയെട്ടോളം മാരത്തൺ പൂർത്തിയാക്കിയിട്ടുണ്ട്. അഞ്ചും പത്തും പതിനഞ്ചും ഇരുപതും കിലോമീറ്ററുകൾ നീളുന്ന മാരത്തൺ സാധാരണ മനുഷ്യർ ഓടുന്ന സമയംകൊണ്ട് ബ്‌ളേഡ് വെച്ച് ഓടി  പൂർത്തിയാക്കാൻ കഴിഞ്ഞതാണ് എന്റെ വിജയം. മാരത്തണിനെ ഒരു മത്സരമായിട്ടല്ല, ഒരു പാഷനായാണ് കാണുന്നത്. ഓടുമ്പോൾ കിട്ടുന്ന ഊർജ്ജം വല്ലാത്തൊരു ആത്മവിശ്വാസമാണ് നൽകുന്നത്. കൊറോണ ഭീതിയിൽ മാരത്തണുകൾ നിർത്തിവെച്ചതുകൊണ്ട് ഇപ്പോൾ ഓട്ടം കുറവാണ്. ഇപ്പോൾ നാട്ടിലാണുള്ളതെങ്കിലും ദിവസവും അഞ്ചു കിലോമീറ്ററോളം ഓടി പരിശീലനം തുടരുന്നു. മാത്രമല്ല, സുഹൃത്തുക്കൾക്കൊപ്പം ബാഡ്മിന്റൺ കളിക്കാറുമുണ്ട്.'' സജേഷ് പറയുന്നു.


ബ്‌ളേഡ് റണ്ണർ എന്ന നിലയിൽ പത്രങ്ങളിലും ചാനലുകളിലും വാർത്ത വന്നപ്പോഴാണ് പാരാ ആംപ്യൂട്ട് ഫുട്‌ബോളിൽ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള അവസരം വന്നുചേർന്നത്. കെനിയയിലെ നെയ്‌റോബിയിൽ നടന്ന ഏഷ്യൻ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനെ പ്രതിനിധാനം ചെയ്ത് കളിക്കാനുള്ള അവസരമാണ് വന്നുചേർന്നത്. മൂന്നു കളികൾ കളിച്ച് ഒടുവിൽ റണ്ണറപ്പാവുകയും ചെയ്തു. ഇന്ത്യൻ ഫുട്‌ബോളറാകുക എന്ന സ്വപ്‌നമാണ് ഇതോടെ പൂവണിഞ്ഞത്. കൃത്രിമകാലുകൊണ്ടുള്ള ഫുട്‌ബോൾ കളിയിൽ അപകടങ്ങളേറെയാണെന്ന തിരിച്ചറിവിൽ മാരത്തണിൽതന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
തടിയന്റമോൾ മലകയറ്റം സജേഷിന്റെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്നുണ്ട്. സുഹൃത്തുക്കളോടൊപ്പം മഞ്ഞുമൂടിക്കിടക്കുന്ന കാപ്പിത്തോട്ടങ്ങളിലൂടെ നടന്ന് മൂന്നു മണിക്കൂറു കൊണ്ടാണ് ആറായിരം അടി ഉയരുമുള്ള മലമുകളിലെത്തിയത്. പ്രകൃതിയെ തൊട്ടറിഞ്ഞ യാത്ര. മുക്കാൽ മണിക്കൂറോളം മലമുകളിൽ ചെലവഴിച്ചു. കയറുന്നതിനേക്കാൾ ബുദ്ധിമുട്ടായിരുന്നു ഇറക്കം. ഓരോ ചുവടുവെപ്പും വളരെ ശ്രദ്ധയോടെയായിരുന്നു. ഒരു കാലിൽ ശരീരഭാരം നിയന്ത്രിച്ചുകൊണ്ടുള്ള ഇറക്കത്തിൽ പാറകൾ ഇളകിയിരിക്കുന്നതിനാൽ പലപ്പോഴും ചുവടുകൾ തെറ്റി. എങ്കിലും വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. ഒടുവിൽ ജീവിതത്തിലെ ആദ്യത്തെ ട്രക്കിംഗ് പൂർത്തിയാക്കിയപ്പോൾ മനസ്സിൽ ലോകം കീഴടക്കിയ സന്തോഷമായിരുന്നു.


മനസ്സുകൊണ്ട് ഒരുപാട് ആഗ്രഹിച്ചാൽ ഏതുകാര്യവും ഫലപ്രാപ്തിയിലെത്തും എന്ന പാഠമാണ് സജേഷ് പകർന്നുനൽകുന്നത്. സൈക്കിൾ ചവിട്ടാനും ബൈക്കും കാറും ഓടിക്കാനും സജേഷിന് ബുദ്ധിമുട്ടില്ല. ബാംഗ്ലൂരിൽനിന്നും ബൈക്കിലാണ് പലപ്പോഴും നാട്ടിലേയ്ക്കു മടങ്ങുന്നത്.
പുതിയൊരു സ്വപ്‌നത്തിന്റെ പാതയിലാണിപ്പോൾ ഈ യുവാവ്. എവറസ്റ്റിന്റെ ബേസ്‌മെന്റ് ക്യാമ്പുവരെ കയറണം. 5364 മീറ്റർ ഉയരത്തിലാണ് ബേസ്‌മെന്റ് ക്യാമ്പ്. രണ്ടുകാലുള്ളവനുതന്നെ അപ്രാപ്യമായി തോന്നുന്ന ആ ലക്ഷ്യത്തിനായി പരിശീലനം ഏറെ വേണം. ഇന്നോ നാളെയോ കഴിഞ്ഞില്ലെങ്കിലും കയറിയിരിക്കും എന്ന ആത്മവിശ്വാസമാണ് സജേഷിനുള്ളത്. മാത്രമല്ല, അൻപതു കിലോമീറ്റർ അൾട്രാ മാരത്തൺ എന്നൊരു സ്വപ്‌നവും മനസ്സിൽ സൂക്ഷിക്കുന്നുണ്ട് ഈ മുപ്പത്തിരണ്ടുകാരൻ.


ജീവൻ ടി.വി സംപ്രേഷണം ചെയ്ത കാഴ്ചക്കപ്പുറം എന്ന പരിപാടി കണ്ടാണ് ബാംഗ്ലൂരിലെ റിസമ്പിൾ സിസ്റ്റം എന്ന മൾട്ടിനാഷണൽ കമ്പനിയുടെ സി.ഇ.ഒയും മലയാളിയുമായ നസീർ സജേഷിനെ എച്ച്.ആർ. മാനേജരായി നിയമിച്ചത്. ജീവനക്കാർക്ക് ആത്മവിശ്വാസം പകരുകയാണ് അദ്ദേഹത്തിന്റെ നിയോഗം. എന്നാലിപ്പോൾ സജേഷിന്റെ മലകയറ്റത്തിനും ഓട്ടത്തിനുമെല്ലാം പ്രചോദനമായി നസീറും കമ്പനിയും കൂടെയുണ്ട്. കൂടാതെ ലയൺസ് ഇന്റർനാഷണലിന്റെ 2019ലെ എക്‌സലൻസ് ഇൻ സ്‌പോർട്‌സ് എന്ന അവാർഡിനും സജേഷ് അർഹനായിരുന്നു.
അച്ഛൻ കൃഷ്ണനും അമ്മ സതിയും സഹോദരി സജ്‌നയും സഹോദരീഭർത്താവ് സാജനുമടങ്ങുന്നതാണ് സജേഷിന്റെ കുടുംബം. അച്ഛൻ കൃഷ്ണൻ ഏറെക്കാലം ഇറാക്കിലും സൗദിയിലുമെല്ലാം കൺസ്ട്രക്ഷൻ സൂപ്പർവൈസറായിരുന്നു.
''സ്വപ്‌നം കാണുക. നേടുവോളം പരിശ്രമിക്കുക. ആദ്യശ്രമത്തിൽ ഫലം കണ്ടില്ലെങ്കിൽ നിരാശപ്പെടരുത്. പരിശ്രമം തുടരുക. സഹാനുഭൂതിയിൽ മനസ്സ് പതറാതിരിക്കണം. വിജയംവരെ പരിശ്രമിക്കണം. എവറസ്‌റ്റോളം സ്വപ്‌നം കാണുകയാണ് ഞാനിപ്പോൾ.'' ആത്മവിശ്വാസത്തിന്റെ കരുത്തിൽ സജേഷ് പറഞ്ഞുനിർത്തി.
സജേഷിന്റെ ഫോൺ നമ്പർ: 9847084009.

Latest News